ഇന്ത്യൻ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള യാത്രാ സംവിധാനം “മെട്രോ റെയിൽവേ “.കേവലം 25 കിലോമീറ്റർ മാത്രം ഉള്ള ലൈനുമായി കേരളവും സാന്നിധ്യം അറിയിച്ചു.
2017 ജൂണിൽ സർവീസ് ആരംഭിച്ചു 2019 സെപ്റ്റംബറിൽ ഒരു ദിവസം യാത്ര ചെയ്യുന്ന യാത്രികരുടെ എണ്ണം 1,01,000 എന്നതിൽ എത്തിച്ചേർന്നു. 25 കിലോമീറ്റർ ദൂരത്തിൽ ഉള്ള ലൈൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മെട്രോ റെയിൽവേ ആയി നമ്മുടെ കൊച്ചി മെട്രോ മാറി. ഇന്ന് ശരാശരി ദിവസേന യാത്രികരുടെ എണ്ണം 70,000, നിത്യ ചിലവുകൾ കഴിഞ്ഞു ലാഭത്തിൽ. വിജയത്തിന് പിന്നിൽ ഒരു കാര്യം റെയിൽവേ, റോഡ് ഗതാഗതം, ജല ഗതാഗതം എന്നിവ ഒത്തുചേർന്ന് നിൽക്കുന്നു എന്നതാണ്.
5000 കോടിയിൽ അധികം മുടക്കുമുതൽ ഉള്ള ഈ ബ്രിഹത് പദ്ധതിയിൽ ദീർഘ വീക്ഷണം ഉള്ള ആരോ നഗരത്തിലെ സ്വകാര്യ സിറ്റി സർവീസ് ബസുകൾക്ക് പരിഗണന നൽകി. ഒരുകാലത്തു “ചുവന്ന കൊലയാളികൾ” എന്ന് മാധ്യമങ്ങൾ നിരന്തരം വിശേഷിപ്പിച്ചവർ ഇന്ന് യാത്രാനുകൂല്യങ്ങൾ നൽകികൊണ്ട് മെട്രോയിലേക്ക് യാത്രക്കാരെ നിറക്കുന്നു, പരിമിതികളിൽ നിന്ന് കൊണ്ട്.
ആലുവ, കലൂർ, വൈറ്റില എന്നീ മൂന്ന് ബസ് സ്റ്റാൻഡുകളിലൂടെ മെട്രോ കുതിക്കുന്നു. എന്നാൽ നമ്മുടെ ബസ് സർവീസ് 6 AM -8PM ൽ ഒതുങ്ങുന്നു, മെട്രോ 11 PM വരെയും. നഗരം ഉറക്കത്തിലേക്ക് എത്തിയിട്ടുണ്ടാവില്ല ആ സമയം. രാത്രി 8 ന് ശേഷം മെട്രോയിൽ നിന്ന് ഇട റൂട്ടുകളിലേക്കുള്ള യാത്ര ചിലവേറിയത് തന്നെ. സ്വകാര്യ ബസുകൾക്ക് പ്രത്യേക പരിഗണന നൽകി രാത്രി യാത്രാ നിരക്ക് ഈടാക്കാവുന്ന തരത്തിൽ സർവീസ് നടത്തുന്ന രീതിയിലേക്ക് മാറണം.
വൈകുന്നേരം 3 PM ആരംഭിച്ചു രാത്രി 1 വരെ പ്രത്യേക നിരക്കിൽ സർവീസ് നടത്തുന്ന ചെറിയ ബസുകൾ നഗര യാത്ര സുഗമമാക്കും, മെട്രോയിലേക്ക് ആളുകൾ എത്തും. സ്ഥിരതയാർന്ന പ്രവർത്തന ലാഭം ഉറപ്പ് വരുത്തിയാൽ മെട്രോ ലൈൻ 25 കിലോമീറ്റർ എന്നത് ഉയരും, ആലുവ അങ്കമാലിയാകും. വൈറ്റില അരൂർ ആകും. തൃപ്പൂണിത്തുറ വൈക്കം ആകും. കാക്കനാടും പറവൂരുമൊക്ക ഭാവിയിൽ മെട്രോ ലൈനിൽ കൂടി ചേരും.
രാത്രിയാത്ര ഇഷ്ടപെടുന്ന, ഷോപ്പിങ് ആസ്വദിക്കുന്ന പുതു തലമുറക്ക് പൊതു ഗതാഗതം മികച്ച സേവനം നൽകിയാൽ അവർ സ്വീകരിക്കും. സുരക്ഷിത യാത്ര ഒരുക്കുവാൻ പോലീസ്, മോട്ടോർ വാഹന വകുപ്പുമായി ലിങ്ക് ചെയ്ത GPS, CCTV ക്യാമറകൾ, വിരൽ തുമ്പിൽ എത്തുന്ന യാത്രാ സമയ വിവരങ്ങൾ ഒക്കെ കാലത്തിനു അനുസരിച്ചു വേഗത്തിൽ നടപ്പിലായാൽ മികച്ച ഗതാഗത സംവിധാനം നമുക്ക് ആവിഷ്കരിക്കാം. വലിയ അളവിൽ അന്തരീക്ഷത്തെ മാലിന്യ മുക്തമാക്കാം.
ലേഖനത്തിനു കടപ്പാട് – പ്രൈവറ്റ് ബസ് കേരള, ചിത്രം – ജെനിറ്റ് കുന്നത്ത്.