എഴുത്ത് – പ്രകാശ് നായർ മേലില.
ഒരു രൂപയ്ക്ക് ഇഡ്ഡലി ,തേങ്ങാചട്ടിണിയും സാമ്പാറും ഫ്രീ ! ഇതാണ് ” ഇഡ്ഡലി പാട്ടി” അഥവാ ‘ഒരു രൂപായ് ഇഡ്ഡലി പാട്ടി’. സേവനത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് ഈ മുത്തശ്ശി. പേര് കമലാത്താൾ.
30 വർഷമായി ‘കമലാത്താൾ’ കോയമ്പത്തൂരിനടുത്തുള്ള ‘വടിവേലംപാളയം’ ഗ്രാമത്തിലെ സ്വന്തം കുടിലിൽ മിക്സിയുടെയും ഗ്രൈൻഡറിന്റെയും സഹായമില്ലാതെ ആട്ടു കല്ലിൽ സ്വയം അരിയാട്ടി വിറകടുപ്പിൽ വച്ച് മീഡിയം വലുപ്പമുള്ള ഇഡ്ഡ്ലിപ്പാത്രത്തിൽ വേവിച്ചാണ് ഒരു ഇഡ്ഡലി ഒരു രൂപ നിരക്കിൽ സാമ്പാറും തേങ്ങാ ചട്ട്ണിയും ഉൾപ്പെടെ വിൽക്കുന്നത്.
10 കൊല്ലം മുൻപുവരെ 50 പൈസയ്ക്കായിരുന്നു ഇഡ്ഡലി വിറ്റിരുന്നത്. 10 വർഷമായി ഇഡ്ഡലിയുടെ വില 1 രൂപയാണ്. തേങ്ങാ ചമ്മന്തിയും സാമ്പാറും അന്നുമിന്നും സൗജന്യം.
പാട്ടിക്ക് സ്വന്തക്കാരാരുമില്ല. 500 ഇഡ്ഡലി ശരാശരി വില്പനയുണ്ട്. ചിലപ്പോൾ അത് മുൻ ഓർഡർ പ്രകാരം 700 വരെയാകും. 1000 ഇഡ്ഡലി വിറ്റ ദിവസങ്ങളുമുണ്ട്. വെളുപ്പിന് 5.30 മുതൽ ഉച്ചവരെയാണ് വ്യാപാരം.ദിവസം ശരാശരി 200 രൂപ മിച്ചം വരുമത്രെ. അവർക്കതുമതി.അതുതന്നെ ജീവിക്കാൻ അധികമാണെന്നാണ് കമലാ ത്താൾ പറയുന്നത്.
ആളുകൾ ഇഡ്ഡലിയും സാമ്പാറുമൊക്കെ കഴിച്ചിട്ട് നന്നായിരിക്കുന്നു എന്ന് പറയുമ്പോൾത്തന്നെ ആനന്ദ മാണെന്നാണ് പാട്ടി പറയുന്നത്.വലിയ ലാഭമൊന്നും വേണ്ട. എനിക്ക് കഴിയാനുള്ള തുക മിച്ചം വരും. അതുമതി. അതാണ് പാട്ടി. നിഷ്കളങ്കമായി ചിരിക്കുന്ന ശുചിത്വത്തിൽ വളരെയേറെ ശ്രദ്ധിക്കുന്ന ആരോടും പിണങ്ങാത്ത പാട്ടി ഗ്രാമക്കാരുടെയും പ്രിയങ്കരിയാണ്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റാണ് കമലാത്താൾ എന്ന “ഒരു രൂപായ് ഇഡ്ഡലി പാട്ടി” യെ പ്രസിദ്ധയാക്കിയത്. അദ്ദേഹമെഴുതി – “കമലാത്താളിനെപ്പോലെ നിസ്വാർഥയായ വ്യക്തിയുടെ അമിതലാഭേച്ഛയില്ലാത്ത പരിശ്രമവും സേവനവും നമ്മെ അത്ഭുതപ്പെടുത്തും. ഈ 80 വയസ്സിനപ്പുറവും അവർ സ്വയം അരിയാട്ടി വിറകടുപ്പിൽ തയ്യാറാക്കുന്ന ഇഡ്ഡലി കേവലം 1 രൂപയ്ക്ക് വിൽക്കുന്നത് അവിശ്വസനീയമാണ്. ഏതെങ്കിലും ഗ്യാസ് കമ്പനികൾ അവർക്ക് സിലിണ്ടർ അനുവദിച്ചാൽ ഗ്യാസിൻ്റെ മുഴുവൻ ചെലവും ഗ്യാസ് സ്റ്റോവും ഞാൻ നൽകാൻ സന്നദ്ധനാണ്.”
ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഫലം കണ്ടു. നടപടിയും ഉടനുണ്ടായി. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻതന്നെ കാമിലാത്താളിന് LPG ഗ്യാസ് കണക്ഷൻ അനുവദിക്കാൻ കോയമ്പത്തൂരിലെ ഭാരത ഗ്യാസിന് നിർദ്ദേശം നൽകി.
മറുപടിയായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് എത്തി. ” വളരെ മനോഹരം. കമലാത്താളിന് ഗ്യാസ് കണക്ഷൻ നൽകിയതിന് നന്ദി. ഗ്യാസിനുവേണ്ടിവരുന്ന ചെലവുകളും ഗ്യാസ് സ്റ്റോവ് ഉൾപ്പെടെ ഞാനുറപ്പുതന്ന പ്രകാരം പൂർണ്ണമായതും നടപ്പാക്കുന്നതാണ്.”
ഇപ്പോൾ പാട്ടിയുടെ ഇഡ്ഡലി, ഗ്യാസടുപ്പിലാണ് തയ്യറാകുന്നത്. വിറകും പുകയും പാട്ടിയെ അധികം ശല്യം ചെയ്യുന്നില്ല. അത്രയും ആശ്വാസം. ഇഡ്ഡലി പാട്ടിയുടെ സേവനവും അവരുടെ ആരോഗ്യവും കണക്കിലെടുത്താണ് ആനന്ദ് മഹീന്ദ്ര ഈ നടപടികൾ കൈക്കൊണ്ടത്. പാട്ടിയുടെ കുടിലിൽപ്പോയി അദ്ദേഹം 1 രൂപ ഇഡ്ഡലി കഴിച്ചിട്ടുണ്ട്. ഗ്രൈൻഡറിലേക്ക് മാറാൻ പാട്ടി തയ്യാറല്ല. കല്ലിൽ അരയ്ക്കുന്ന സ്വാദ് ഗ്രൈൻഡറിൽ അരച്ചാൽ കിട്ടില്ലെന്നാണ് അവർ പറയുന്നത്.
ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടതുപോലെ പാർട്ടിക്ക് ദീർഘായുസ്സുണ്ടാകട്ടെ ഒപ്പം അവർ സ്നേഹം ചാലിച്ചു തയ്യാറാക്കുന്ന ഒരു രൂപ ഇഡ്ഡലിയും ദീർഘനാൾ തുടരട്ടെ.