അന്തർ സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ കൊള്ള അവസാനിപ്പിക്കുവാനായി കേരള – കർണാടക ആർടിസികൾ ഒന്നിച്ചു കൈകോർക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് 100 ഓളം സർവ്വീസുകൾ ആരംഭിക്കുവാനാണ് ഗതാഗതവകുപ്പ് പദ്ധതിയിടുന്നത്. കേരള – കർണാടക ഗതാഗത വകുപ്പ് അധികൃതർ നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം ഒരു ധാരണയായത്. ഇതിന്റെ തുടർ നടപടികൾക്കായി ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എംഡിമാരെ ചുമതലപ്പെടുത്തി.
പുതുതായി ആരംഭിക്കുവാൻ പദ്ധതിയിടുന്ന 100 സർവീസുകളിൽ 50 എണ്ണം കേരള ആർടിസിയും ബാക്കി 50 എണ്ണം കർണാടക ആർടിസിയും ആയിരിക്കും സർവ്വീസ് നടത്തുക. ഈ സർവ്വീസുകൾക്കായി താൽക്കാലിക പെർമിറ്റുകളും അനുവദിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം മൾട്ടി ആക്സിൽ ലക്ഷ്വറി ബസ്സുകളായിരിക്കും ഈ സർവ്വീസുകൾക്കായി ഉപയോഗിക്കുക. കേരള ആർടിസിയുടെ പക്കൽ ഇതിനായി ബസ്സുകൾ കുറവാണെങ്കിലും കൂടുതൽ ബസ്സുകൾ മറ്റുള്ളവരിൽ നിന്നും പാട്ടത്തിനു എടുത്തായിരിക്കും സർവ്വീസ് നടത്തുക.ബസ‌് നൽകാൻ സന്നദ്ധതയുള്ളവരിൽനിന്ന‌് ഉടൻ താൽപ്പര്യപത്രം ക്ഷണിക്കും. എറണാകുളം, തൃശൂർ, കോഴിക്കോട‌്, തിരുവനന്തപുരം കേന്ദ്രീകരിച്ച‌് പത്തു ദിവസത്തിനകം സർവീസ‌് ആരംഭിക്കും എന്നാണു വാർത്തകൾ. നിലവിൽ 20 പെർമിറ്റ‌് (മൾട്ടി ആക്സിൽ) കേരള സംസ്ഥാനത്തിന്റെ കൈവശമുണ്ട‌്. ബാക്കി വരുന്ന ബസ്സുകൾക്കായിരിക്കും താൽക്കാലിക പെർമിറ്റ് കരസ്ഥമാക്കുന്നത്.
പ്രൈവറ്റ് ഓപ്പറേറ്റർമാർക്കെതിരെയുള്ള നീക്കം കർണാടക ആർടിസി മുന്നേ തന്നെ നടപ്പാക്കി വരികയായിരുന്നു. ഇതിനായി സ്ലീപ്പർ കോച്ച് അടക്കമുള്ള സർവ്വീസുകൾ കർണാടക ആർടിസി കൂടുതലായി ഈയിടെ ഇറക്കിയിരുന്നു. ടോമിൻ തച്ചങ്കരി എംഡിയായിരുന്നപ്പോൾ സമാന രീതിയിൽ സ്ലീപ്പർ കോച്ച് സർവ്വീസുകൾ ബെംഗളൂരു പോലുള്ള അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടിക്കുവാൻ പദ്ധതിയിട്ടിരുന്നു. അതിനിടെയായിരുന്നു തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നും മാറ്റിയത്.
എന്തായാലും ഇരു സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും സംയുക്തമായ ഈ നീക്കം പ്രൈവറ്റ് കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റർമാർക്ക് തിരിച്ചടി തന്നെയാകും എന്നത് ഉറപ്പാണ്. നിയമലംഘനം നടത്തുകയും, അമിത ചാർജ്ജ് ഈടാക്കുകയും, യാത്രക്കാരോട് ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്നു എന്ന പരാതികൾ ധാരാളമായി പുറത്തു വന്നതോടെയാണ് ഇരു സർക്കാരുകളും പ്രൈവറ്റ് ലോബിക്കെതിരെ തിരിഞ്ഞത്. നിലവിലെ അനുകൂല സാഹചര്യം കെഎസ്ആർടിസികൾ നന്നായി വിനിയോഗിക്കുന്നുമുണ്ട്. നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി സർവ്വീസുകൾ ബെംഗളുരുവിലേക്ക് ലഭ്യമാണ്. സൂപ്പർഫാസ്റ്റ് (കർണാടകയോട് അടുത്തു കിടക്കുന്ന ജില്ലകളിൽ നിന്നും), സൂപ്പർ ഡീലക്സ്, AC മൾട്ടി ആക്സിൽ ലക്ഷ്വറി കോച്ച് എന്നീ ബസ്സുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി ബെംഗളൂരു സർവ്വീസുകൾ നടത്തുന്നത്.
ബെംഗളൂരുവിനു പുറമെ മംഗലാപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവ്വീസുകൾ നടത്തുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. മംഗലാപുരത്തേക്ക് കുറച്ചു സർവ്വീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ടെങ്കിലും ചെന്നൈയിലേക്ക് സ്ഥിര സർവ്വീസ് ഇനിയും നടത്തുവാൻ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞിട്ടില്ല. അന്തരിച്ച മുൻ എംഡി ആന്റണി ചാക്കോ സർവീസിൽ ഉണ്ടായിരുന്ന കാലത്ത് മുംബൈ, ഹൈദരാബാദ്, ഷിർദ്ദി, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിക്കുവാൻ പ്രാരംഭ നടപടികൾ നടത്തിയിരുന്നു. പിന്നീട് ഇതെല്ലാം കാറ്റിൽപ്പറക്കുകയായിരുന്നു.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.