വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നത്. അന്ന് ഞാൻ ഏകദേശം നാല് ദിവസത്തോളം വയനാട്ടിലും പരിസരത്തുമായി ചെലവഴിക്കുകയുണ്ടായി.
സുഹൃത്തായ ഹൈനാസ് ഇക്കയുടെ അബാഫ്ട് വില്ലയിലാണ് ഞാൻ ഈ ദിവസങ്ങളിൽ താമസിച്ചത്. മേപ്പാടി റൂട്ടിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെത്തി ആദ്യ ദിവസം അവിടെയും ഇവിടെയുമൊക്കെ കറങ്ങുവാൻ പോയി സമയം കളഞ്ഞു. രണ്ടാമത്തെ ദിവസം വൈകുന്നേരമായപ്പോൾ വയനാട്ടിൽ ഏറ്റവും തിരക്കേറിയ, നല്ല ഭക്ഷണം ലഭിക്കുന്ന ഒരു റെസ്റ്റോറന്റിനെ പരിചയപ്പെടുത്തി തരാമെന്നു ഹൈനാസ് ഇക്ക പറയുകയുണ്ടായി. ഞാൻ സമ്മതിച്ചു. അങ്ങനെ ഞങ്ങൾ രാത്രിയോടെ അവിടേക്ക് യാത്രയായി.
കൽപ്പറ്റ ബൈപ്പാസിൽ സ്ഥിതി ചെയ്യുന്ന ‘1980’ എന്ന റെസ്റ്റോറന്റിലേക്ക് ആയിരുന്നു ഞങ്ങളുടെ ആ യാത്ര. മലയാള സിനിമയിലെ മസിൽമാനായ അബു സലീമിനെ എല്ലാവര്ക്കും അറിയില്ലേ? വയനാട്ടുകാർ “അബൂക്കാ..” എന്ന് സ്നേഹത്തോടെ വിളിക്കുന്ന അബു സലീമിന്റെ ഹോട്ടലാണ് ഇത്. റെസ്റ്റോറന്റിൻറെ പേരിൽ നിന്നും തന്നെ തുടങ്ങുന്നു ഒരു വ്യത്യസ്തത. കേരളത്തിൽ വളരെയേറെ മാറ്റങ്ങൾ നടന്ന ഒരു കാലഘട്ടമായിരുന്നല്ലോ എൺപതുകൾ. ആ സുവർണ്ണ കാലഘട്ടത്തിന്റെ നൊസ്റ്റാൾജിയ ഇന്നും നിലനിൽക്കുന്നതുകൊണ്ടാണ് പുതിയ സംരംഭം തുടങ്ങിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അബു സലിം അതിനു ‘1980’ എന്ന പേര് നൽകിയത്.
1980’s A Nostalgic Restaurant എന്നു മുഴുവൻ പേരുള്ള ഇവിടെ പ്രധാനമായും ലഭിക്കുന്നത് നല്ല മലബാർ വിഭവങ്ങളാണ്. കേരളീയ ശൈലിയിലുള്ള പഴയ ഒരു തറവാട് വാങ്ങിയ ശേഷം അതിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇത്തരത്തിൽ ഒരു റെസ്റ്റോറന്റ് തുടങ്ങിയത്. വയനാട്ടിലെത്തുന്നവർക്ക് ഗൃഹാതുരത്വമുണർത്തുന്ന അന്തരീക്ഷവും ഒപ്പം തന്നെ രുചികരമായ വിഭവങ്ങളും ആസ്വദിക്കുവാൻ ഒരിടം ഇതുപോലെ വേറെ കാണില്ല. അതുകൊണ്ടു തന്നെയാണ് ഇവിടെ എല്ലായ്‌പ്പോഴും തിരക്കേറിയതാകുന്നതും. ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുവാനായി അകത്തു കയറുവാൻ ആളുകൾക്ക് അരമണിക്കൂറോളം കാത്തു നിൽക്കേണ്ടിയും വരുമത്രേ. ഭക്ഷണത്തിന്റെ രുചി ഓർത്താൽ ഈ കാത്തുനിൽപ്പൊന്നും ഒന്നുമല്ല.
മുൻവശത്ത് പഴയകാല ചായക്കടകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുറ്റത്തെ ടെന്റുകളിലും വീടിനു ഉൾവശത്തുമായുമാണ് ആളുകൾക്ക് ഭക്ഷണം കഴിക്കുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. റെസ്റ്റോറന്റിലെ സ്പീക്കറുകളിൽ നിന്നും ഒഴുകിയെത്തുന്നത് എൺപതുകളിലെ മനോഹരമായ പാട്ടുകളാണ്.
ബ്രേക്ക് ഫാസ്റ്റിനു ദോശ, ഇഡ്ഡലി, പൂരി, ഊത്തപ്പം, പുട്ട്, പത്തിരി തുടങ്ങിയ നാടൻ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും. ഇതോടൊപ്പം മലബാർ ചിക്കൻ കറി, മുട്ടക്കറി, വെജിറ്റബിൾ കുറുമ, കുടംപുളിയിട്ട് വറ്റിച്ച മീൻ കറി എന്നിവയാണ് കോമ്പിനേഷനുകൾ. ഉച്ചയ്ക്കാണെങ്കിൽ സ്പെഷ്യൽ ബിരിയാണി (ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ്), 11 കറികളോടു കൂടിയ ഊണ് മുതലായവയാണ് ഇവിടെ കൂടുതലായും ആളുകൾ ആവശ്യപ്പെടുന്നത്. മലബാർ രുചിയും ഗന്ധവുമുള്ള ഇവിടത്തെ ബിരിയാണി വയനാട്ടിൽ വളരെ പ്രസിദ്ധമാണ്.
പിടിക്കോഴി (നാടൻ കോഴി പൊരിച്ചത്), മട്ടൻ നിർത്തിപ്പൊരിച്ചത്, പെപ്പർ ചിക്കൻ എന്നിവയാണ് ഡിന്നർ സ്‌പെഷ്യൽ വിഭവങ്ങൾ. ഇതിനോടൊപ്പം തന്നെ ഇവിടത്തെ സ്പെഷ്യൽ ‘മിന്റ് ടീ’യും വളരെ പ്രശസ്തമാണ്. റെസ്റ്റോറന്റിനു സമീപം നാട്ടു വളർത്തുന്ന മിന്റ് കൊണ്ടാണ് ഈ ചായയുണ്ടാക്കുന്നത് എന്നത് ഇതിനു ഒന്നുകൂടി രുചി പകരും. ഭക്ഷണത്തിനായി ഇവിടെ മലബാറിൽ നിന്നുള്ള ഫ്രഷ് പച്ചക്കറികളും പലവ്യഞ്ജനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൃത്രിമമായി ഒന്നും തന്നെ ഇവിടത്തെ ഭക്ഷണത്തിൽ ചേർക്കുന്നില്ല.
റെസ്റ്റോറന്റിനു സമീപത്തായി വീക്കെൻഡ് ദിവസങ്ങളിൽ ക്യാമ്പ് ഫയർ പോലുള്ളവ സംഘടിപ്പിക്കാറുള്ളതാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം വയനാട് വഴി കടന്നുപോകുമ്പോൾ ഇവിടെയെത്തി ഭക്ഷണം കഴിക്കാറുണ്ട്. അവരുടെയെല്ലാം ചിത്രങ്ങൾ റെസ്റ്റോറന്റിന്റെ മുൻവശത്ത് പ്രദര്ശിപ്പിച്ചിട്ടുമുണ്ട്. ചില ദിവസങ്ങളിൽ ഇവിടെ ചെന്നാൽ നമുക്ക് അബൂക്കയെ നേരിൽക്കാണാം. വേണമെങ്കിൽ കുശലം പറയുകയും ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കുകയും ചെയ്യാവുന്നതാണ്. വയനാട് ചുരം കയറി വരുന്നവർക്ക് ഇവിടത്തെ ഭക്ഷണവും ചായയുമെല്ലാം ഉൻമേഷം പകർത്തും എന്നുറപ്പാണ്. കാരണം ഇവിടുന്നു ഭക്ഷണം കഴിച്ചു മനസ്സും വയറും നിറഞ്ഞാണ് അന്ന് ഞാൻ ഇറങ്ങിയത്. പിന്നീട് രണ്ടു തവണ വയനാട്ടിൽ ചെന്നപ്പോഴും ഇവിടെ സന്ദർശിക്കുവാൻ ഞാൻ മറന്നില്ല.