എഴുത്ത് – പ്രകാശ് നായർ മേലില.
പരസ്പ്പരം സംസാരിക്കാൻ ഇരു കൂട്ടർക്കും ഭാഷ വശമില്ല. ദ്വിഭാഷിയുടെ സഹായത്തോടെ അവർ സംസാരിച്ചു, ആശ്ലേഷിച്ചു,മകനെ കൊതിതീരെ ചുംബിച്ചു, പൊട്ടിക്കരഞ്ഞു. തമിഴ് പഠിച്ചശേഷം തിരികെവന്ന് അമ്മയു മായി ദിവസങ്ങളോളം കൊതിതീരെ സംസാരിക്കാമെന്നുറപ്പ് നൽകി മകൻ യാത്രയായി.
ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ആറ്റുനോറ്റുണ്ടായ മകനെ കാണാതാവുന്നത് 20 വർഷം മുൻപാണ്. ചെന്നൈ നഗരത്തിൽ പെയിന്റിംഗ് വർക്കുകൾ ചെയ്തിരുന്ന നാഗേശ്വര റാവുവിന്റെയും ശിവകാമിയുടെയും മകൻ അവിനാഷിനെ (കണ്ണൻ) ഒരു ഓട്ടോറിക്ഷാക്കാരൻ മോഷ്ടിക്കുകയായിരുന്നു. വീടിനുവെളിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി കൊടുത്താണ് അയാൾ വശത്താക്കിയത്.
അവിനാഷിനെ അയാൾ ചെന്നൈയിലെ ‘മലേഷ്യൻ സോഷ്യൽ സർവീസ്’ എന്ന സ്ഥാപനത്തിന് 5000 രൂപയ്ക്കു വിൽക്കുക യായിരുന്നു. ചെന്നൈയിൽ നിന്ന് അനധികൃതമായി കുട്ടികളെ വിദേശദമ്പതികൾക്ക് ദത്തു നൽകുന്ന ബിസിനസ്സാണ് ഈ സ്ഥാപനം രഹസ്യമായി നടത്തിവന്നിരുന്നത്. ഈ സ്ഥാപനം 300 ൽപ്പരം കുട്ടികളെ വിദേശദമ്പതികൾക്കു വിറ്റതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ആസ്ത്രേലിയ, ഇംഗ്ലണ്ട്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ ഇവിടേക്കാണ് അവർ കുട്ടികളെ വിറ്റതെന്നും സിബിഐ കണ്ടെത്തി.
ചെന്നൈയിൽ തുടരെത്തുടരെ കുട്ടികൾ നഷ്ടപ്പെടുന്നത് പതിവാകുകയും നാഗേശ്വര റാവുവിന്റെയും മറ്റു കുട്ടികൾ നഷ്ടപ്പെട്ടവരുടെയും പരാതികളുടേയും അടിസ്ഥാനത്തിലാണ് വർഷങ്ങൾക്കുശേഷം സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതേത്തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ആട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലാകുകയും അന്വേഷണം മലേഷ്യൻ സോഷ്യൽ സർവീസിലെത്തിയതും അവരുടെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ വെളിയിലാകുന്നതും.
അവിനാഷിനെ അമേരിക്കയിലെ ഒരു സമ്പന്ന കുടുംബമാണ് ദത്തെടുത്തതെന്ന് സിബിഐ കണ്ടെത്തി. കോടതിയുത്തരവുമായി 2009 ൽ സിബിഐ ടീം അമേരിക്കയിലെത്തുകയും അവിനാഷിനെ DNA പരിശോ ധനയ്ക്കു വിധേയമാക്കുകയും ചെയ്തതിനെത്തുടർന്ന് കുട്ടി നാഗേശ്വര റാവുവിന്റെയും ശിവകാമിയുടെയും മകനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിക്ക് കണ്ണൻ എന്ന പേരായിരുന്നു അച്ഛനമ്മമാർ ഇട്ടിരുന്ന തെങ്കിലും മലേഷ്യൻ സോഷ്യൽ സർവീസുകാർ അവന് അവിനാഷ് എന്ന പേരിടുകയായിരുന്നു. ആ പേരുമാറ്റാൻ അമേരിക്കൻ ദമ്പതികളും തയ്യാറായില്ല..
2009 ൽ DNA ടെസ്റ്റിലൂടെ കണ്ണൻ മകനാണെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അമേരിക്കൻ നിയമമനുസരിച് ദത്തെടുത്ത കുട്ടിക്ക് പ്രായപൂർത്തിയാകുന്നതുവരെ യഥാർത്ഥ അവകാശികളെ കാണാനനുവദിക്കില്ല എന്നതായിരുന്നു മാതാപിതാക്കളുടെ കൂടിക്കാഴ്ചക്ക് വിഘാതമായത് .
മകനെ കാണാനുള്ള ശിവകാമിയുടെയും നാഗേശ്വര റാവുവിന്റെയും കാത്തിരിപ്പിന് പിന്നെയും 10 വർഷം വേണ്ടിവന്നു. അവരുടെ കണ്ണീരിനു മുൻപിൽ അധികാരികളും നിയമപീഠവും ശിരസ്സുനമിച്ചുനിന്നു. ഈ കാലയളവിൽ മകനെ തിരിച്ചുകിട്ടാനായി അവർ നേർച്ചകളും വഴിപാടുകളുമായി ക്ഷേത്രങ്ങൾ ഒന്നൊന്നായി കയറിയിറങ്ങി.
ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി അവർ ഭജനമിരുന്നു. തിരുനടയിൽ നിന്നവർ പൊട്ടിക്കരഞ്ഞു. ഒരുതവണ മകനെ നേരിൽ കാണണം.അവനെ വാരിപ്പുണരണം. അതു മാത്രമായിരുന്നു അവരുടെ ആഗ്രഹം. സിബിഐ കൊണ്ടുവന്ന മകന്റെ ഫോട്ടോ നെഞ്ചോടുചേർത്താണ് അവർ ഉറങ്ങിയിരുന്നത്.
മാതാപിതാക്കളുടെ വേദനയും ആഗ്രഹങ്ങളും അമേരിക്കയിൽ മകൻ അറിയുന്നുണ്ടായിരുന്നു. അവന്റെ അമേരിക്കൻ രക്ഷിതാക്കൾ അവനോടു കാര്യങ്ങളെല്ലാം വിവരിച്ചു. ചെന്നൈയിലെ സ്ഥാപനം തങ്ങളെ ചതിക്കുകയായിരുന്നെന്നവർ അവിനാഷിനെ ധരിപ്പിച്ചു. അവന്റെ പഠനത്തിനും മറ്റു കാര്യങ്ങൾക്കും അവർ ഒരു കുറവും വരുത്തിയില്ലെന്നു മാത്രമല്ല തങ്ങളുടെ എല്ലാ സമ്പത്തിനും ഉടമയായി അവർ അവിനാഷിനെ അധികാരപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ 22 വയസ്സ് പൂർത്തിയായ അവിനാഷ് എന്ന നാഗേശ്വരറാവു – ശിവകാമി മാരുടെ കണ്ണൻ ഇക്കഴിഞ്ഞ സെപറ്റംബർ 5 ന് ചെന്നൈയിൽ വിമാനമിറങ്ങി. മാതാപിതാക്കൾ അവനെ അതിരറ്റ ആഹ്ളാദത്തോടെ വരവേറ്റു. അവിടെ വിഘാതമായത് ഭാഷ മാത്രമായിരുന്നു. അവിനാഷിന് തമിഴ് ഒരു വാക്കുപോലുമറിയില്ല, മാതാപിതാക്കൾക്ക് ഇംഗ്ലീഷും. അയൽവാസിയായ മോഹൻ വടിവേലൻ എന്ന യുവാവ് ദ്വിഭാഷിയായി ഇവരുടെ സഹായത്തിനെത്തി.
മകന്റെ ഭാഷ മനസ്സിലായില്ലെങ്കിലും ശിവകാമി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്നതെല്ലാം മനസ്സി ലായി എന്നർത്ഥത്തിൽ തലകുലുക്കുന്നതും പൊങ്കലും സാമ്പാറും ചോറും അവനു വാരിക്കൊടുക്കുന്നതും ഏവരുടെയും കണ്ണുനനയിച്ചു. ചേരിയിലെ ചെറിയ വീട്ടിൽ അവൻ അച്ഛനമ്മമാർക്കൊപ്പം 20 കൊല്ലത്തിനു ശേഷം അന്തിയുറങ്ങി. “ഇനി എങ്ങും പോകണ്ട..അമ്മ പൊന്നുപോലെ നോക്കിക്കൊള്ളാം” എന്ന പെറ്റമ്മയുടെ വാക്കുകൾക്കുമുന്നിൽ പൊട്ടിക്കരയാതിരിക്കാൻ അവരുടെ കണ്ണന് കഴിഞ്ഞില്ല.
അവിനാഷ് ഇന്നലെ അമേരിക്കയ്ക്ക് മടങ്ങിപ്പോയി. യാത്രയയക്കുമ്പോൾ മകനെ കെട്ടിപ്പുണർന്നുകൊണ്ടുള്ള ശിവകാമിയുടെ ഉച്ചത്തിലുള്ള പൊട്ടിക്കരച്ചിൽ അവിടെയുള്ളവരുടെയെല്ലാം കണ്ണുകളെ ഈറനാക്കി. മാതാപിതാക്കളുടെ കണ്ണീരൊപ്പിക്കൊണ്ട് അവൻ പറഞ്ഞു. “ഞാൻ ഉടൻവരും. നമ്മുടെ തമിഴ് ഭാഷ പഠിക്കുകയാണ് അടുത്ത ലക്ഷ്യം. ഇനി വരുമ്പോൾ തമിഴിൽ അമ്മയോട് കൊതിതീരെ സംസാരിക്കണം. അച്ഛനുമമ്മയ്ക്കുമൊപ്പം കുറേനാൾ കഴിയണം. അവരെ അമേരിക്കയ്ക്ക് കൊണ്ടുപോകണം.എനിക്കായി ഒരു ജന്മം മുഴുവൻ കണ്ണുനീർ വാർത്ത അച്ഛനുമമ്മയ്ക്കും എല്ലാ സൗഭാഗ്യങ്ങളും നൽകണം.”
അവിനാഷ് മടങ്ങിയിട്ടും എയർപോർട്ടിൽ നിന്ന് വീട്ടിലേക്കു മടങ്ങാൻ ഏറെനേരം ശിവകാമി തയ്യറായില്ല. ബന്ധുക്കളുടെയും അയൽക്കാരുടെയും സാന്ത്വനങ്ങളാണ് അവരെ അനുനയിപ്പിച്ചത്. ശിവകാമിയും നാഗേശ്വര റാവുവിനും ഇനിയുള്ള ദിനങ്ങൾ മകന്റെ അടുത്തവരവിനായുള്ള കാത്തിരിപ്പിനു വേണ്ടി മാത്രമാണ്.