വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി – മുത്തങ്ങ – ഗുണ്ടൽപേട്ട – ബന്ദിപ്പുര – മുതുമലൈ – ഗൂഡല്ലൂർ വഴിയുള്ള ഈ യാത്ര ഒരു അടിപൊളി അനുഭവം തന്നെയാണ്. കഴിഞ്ഞമാസം ഞങ്ങള്‍ ഈ റൂട്ടിലൂടെ ഒരു യാത്രപോകുകയുണ്ടായി. ആ യാത്രയില്‍ നിന്നും ലഭിച്ച വിവരങ്ങളും അനുഭവങ്ങളും വെച്ച് ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാം.
ഞങ്ങള്‍ യാത്ര ആരംഭിച്ചത് കല്‍പ്പറ്റയില്‍ നിന്നുമായിരുന്നു. പോകുന്ന വഴിയില്‍ കല്‍പ്പറ്റയ്ക്കും ബത്തേരിയ്ക്കും ഇടയിലുള്ള കൃഷ്ണഗിരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയവും ഞങ്ങള്‍ സന്ദര്‍ശിച്ചു. വളരെ മനോഹരമായ ഒരു സ്റ്റേഡിയമാണ് ഇത്. കുറച്ചുസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ വീണ്ടും യാത്രയാരംഭിച്ചു. ബത്തേരിയില്‍ നിന്നും 18 കി.മി അകലെയായി പോകുന്ന വഴിക്ക് മുത്തങ്ങയ്ക്ക് അടുത്ത് പൊന്‍കുഴി എന്നൊരു സ്ഥലമുണ്ട്. ഇവിടെ വഴിയരികില്‍ത്തന്നെ ഒരു ക്ഷേത്രവും കാണാം. ക്ഷേത്ര സമുച്ചയത്തെ രണ്ടായി പകുത്തുകൊണ്ടാണ് ദേശീയ പാത 212 കടന്നുപോകുന്നത്. ശ്രീരാക- സീതാ ദേവി ക്ഷേത്രമായ ഇവിടെ കര്‍ക്കിടക ബലിതര്‍പ്പണത്തിനായി അന്യ ജില്ലകളില്‍ നിന്നപ്പോലും ആയിരങ്ങള്‍ ഇവിടെയെത്തുന്നു.
ബത്തേരിയും കഴിഞ്ഞ് മുത്തങ്ങയിലേക്ക് കടക്കുമ്പോള്‍ ആണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണങ്ങള്‍ ആരംഭിക്കുന്നത്. സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനം കാര്യം എന്തെന്നാല്‍ രാത്രി 9 മണി മുതല്‍ രാവിലെ 6 മണിവരെ ഇവിടെ യാത്രാ നിരോധനം ഉണ്ടെന്നുള്ളതാണ്.
മുത്തങ്ങ – ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്ര ഏതൊരു യാത്രാപ്രേമിയെയും ആസ്വദിപ്പിക്കുന്നതാണ്. മുത്തങ്ങയില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ഗുണ്ടല്‍പ്പേട്ട് എത്തും. അതിരാവിലെ മുത്തങ്ങയില്‍ നിന്നും യാത്ര ആരംഭിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. കാരണം അപ്പോള്‍ ആയിരിക്കും വന്യമൃഗങ്ങളെ കൂടുതലായും അടുത്തു കാണുവാന്‍ അവസരം ലഭിക്കുന്നത്. അല്ലെങ്കില്‍ വൈകുന്നേരം പോകുവാന്‍ ശ്രമിക്കുക. എന്തുവന്നാലും രാത്രി ചെക്ക് പോസ്റ്റ് അടയ്ക്കുന്നതിന് മുന്‍പ് കാട് കയറണം.
കാടിന് നടുവിലായാണ് കേരള – കര്‍ണാടക അതിര്‍ത്തി. ഒരു തോടും പാലവുമാണ് രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ ഇവിടെ ബന്ധിപ്പിക്കുന്നത്. കര്‍ണാടക ഏരിയയില്‍ കയറിയാല്‍ ഭൂപ്രകൃതിയിലും റോഡുകളിലും മാറ്റം നമുക്ക് അനുഭവപ്പെടും. മാനുകളേയും കുരങ്ങന്മാരെയും ധാരാളമായി വഴിയരികില്‍ കാണാന്‍ സാധിക്കും. വളരെ പതുക്കെ മാത്രമേ ഇതുവഴി വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടുള്ളൂ. ഈ റോഡില്‍ നിശ്ചിത ദൂരത്തായി ഹമ്പുകളും ഉണ്ട്.
കാടിനുള്ളില്‍ വാഹനങ്ങള്‍ നിര്‍ത്തുകയോ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയോ ഹോണ്‍ മുഴക്കുകയോ ഒന്നും തന്നെ ചെയ്യാന്‍ പാടുള്ളതല്ല. അതുപോലെതന്നെ പ്ലാസ്ടിക് കുപ്പികളോ മിട്ടായി കടലാസുകളോ വനത്തിനുള്ളില്‍ നിക്ഷേപിക്കാതിരിക്കുക. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരോടും ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. എന്തെങ്കിലും കാരണവശാല്‍ ഈ നിയമലംഘനങ്ങള്‍ വനപാലകര്‍ പിടിക്കപ്പെട്ടാല്‍ നല്ലൊരു തുക പിഴയായി അടയ്ക്കേണ്ടി വരും. ചിലപ്പോള്‍ കേസും ആയേക്കാം. അതുകൊണ്ട് ഇതുവഴി പോകുമ്പോള്‍ ഇവിടെ നിന്നുള്ള മനോഹരമായ കാഴ്ചകള്‍ മാത്രം ആസ്വദിക്കുക.
വനമേഖല കഴിഞ്ഞാല്‍ പിന്നെ ഭൂപ്രകൃതി അപ്പാടെ മാറുകയായി. എങ്ങും ചുവന്ന നിറത്തിലെ മണ്ണ്. കൃഷിയിടങ്ങളും കര്‍ഷകരും ഒക്കെയായി പഴയ കാലത്തേക്ക് നമ്മള്‍ മടങ്ങിപ്പോയോ എന്ന് തോന്നിപ്പിക്കും ഈ കാഴ്ചകള്‍. കുറച്ചുകൂടി മുന്നോട്ടു പോയാല്‍ വഴിയരികില്‍ പച്ചക്കറികള്‍ കൂട്ടത്തോടെ വില്‍ക്കാന്‍ വെച്ചിരിക്കുന്നതും കാണാം. നമ്മുടെ നാട്ടിലെ കടകളെ അപേക്ഷിച്ച് ഇവിടെനിന്നും വിലക്കുറവില്‍ പച്ചക്കറികള്‍ വാങ്ങുവാന്‍ സാധിക്കും. രണ്ടു മൂന്നിടത്ത് വില ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം വേണം വാങ്ങുവാന്‍. അവിടെ ഒരു മലയാളി ചേട്ടന്‍റെ കടയിലാണ് കുറച്ച് വിലക്കുറവ് ഞങ്ങള്‍ തിരക്കിയപ്പോള്‍ അനുഭവപ്പെട്ടത്.
ഇവിടെ നിന്നും പിന്നെയും മുന്നോട്ടു പോയാല്‍ അവിടെ പുതിയ ഒരു ടോള്‍ബൂത്ത് കാണാം. ഞങ്ങള്‍ പോകുമ്പോള്‍ ടോള്‍ ബൂത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഇത് തുടങ്ങും. ടോള്‍ ബൂത്തും കടന്നു വീണ്ടും മുന്നോട്ടു പോകുമ്പോള്‍ അവസാനം നമ്മള്‍ ഒരു T ജംഗ്ഷനില്‍ എത്തിച്ചേരും. വലത്തേക്ക് പോയാല്‍ ഊട്ടി, ഗൂടല്ലൂര്‍, നിലമ്പൂര്‍ റൂട്ടും ഇടത്തേക്ക് പോയാല്‍ മൈസൂര്‍ റൂട്ടുമാണ്. നമുക്ക് പോകേണ്ടത് വലത്തേക്ക് ആണ്.
പിന്നീട് അവിടുന്ന് നേരെയങ്ങ് പോകുക. പോകുന്ന വഴിയിലാണ് പ്രശസ്തമായ ഗോപാല്‍സ്വാമി ബേട്ട എന്ന ശ്രീകൃഷ്ണ ക്ഷേത്രം. അവിടുന്നും കുറേ മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ അവസാനം നമ്മള്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ കയറും. കാഴ്ചകള്‍ കണ്ടുകൊണ്ട് പതിയെ ഡ്രൈവ് ചെയ്യാം. ഈ പോകുന്ന വഴിയിലാണ് കര്‍ണാടകയുടെ ബന്ദിപ്പൂര്‍ ഫോറെസ്റ്റ് സഫാരിയൊക്കെയുള്ളത്. വേണമെങ്കില്‍ ടിക്കറ്റ് എടുത്തുകൊണ്ട് നമുക്ക് ഈ സഫാരിയും കാഴ്ചകളും ഒക്കെ ആസ്വദിക്കാം. ഈ കാട്ടിനുള്ളിലാണ് കര്‍ണാടക – തമിഴ്നാട് അതിര്‍ത്തി. അതിര്‍ത്തിയില്‍ തമിഴ്നാട് പോലീസിന്‍റെ ചെക്കിംഗ് ഉണ്ടായിരിക്കും. മിക്കവാറും ഇരുപതോ മുപ്പതോ രൂപയ്ക്ക് വേണ്ടിയാണ് ഈ ചെക്കിംഗ് നാടകമൊക്കെ. തേപ്പക്കാട് എന്ന സ്ഥലത്താണ് തമിഴ്നാടിന്‍റെ ഫോറെസ്റ്റ് ഓഫീസുകളും സഫാരിയും ഒക്കെയുള്ളത്.മുതുമല വന്യജീവി സംരക്ഷണകേന്ദ്രമാണ് ഈ സ്ഥലം. ഇവിടെ നിന്നും മാസിനഗുഡി ഭാഗത്തേക്ക് പോകുവാന്‍ വേറെ റോഡ് കാണാം.
തേപ്പക്കാട് ഭാഗത്ത് വനംവകുപ്പിന്‍റെ താപ്പാനകളെയും നമുക്ക് കാണുവാന്‍ സാധിക്കും. തേപ്പക്കാട് കഴിഞ്ഞു മുന്നോട്ട് പോകുമ്പോള്‍ വഴിയരികില്‍ ആനകളെ കാണുവാനുള്ള സാധ്യതകള്‍ വളരെയേറെയാണ്. കാഴ്ചകള്‍ മാത്രം ആസ്വദിക്കുക. യാതൊരു കാരണവശാലും വണ്ടി നിര്‍ത്തി ഇറങ്ങുകയോ മൃഗങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുകയോ ചെയ്യരുത്. വീണ്ടും മുന്നോട്ട് പോയാല്‍ ഗൂഡല്ലൂര്‍ ടൌണില്‍ എത്തിച്ചേരും. ഇവിടെ നിന്നും തിരിഞ്ഞു വീണ്ടും ബത്തേരിയിലേക്ക് എത്തിച്ചേരാം. അതല്ല എറണാകുളം, തൃശ്ശൂര്‍ ഭാഗത്തേക്ക് പോകണം എങ്കില്‍ നേരെ വഴിക്കടവ്, നിലമ്പൂര്‍ വഴി തിരികെപ്പോരുകയും ചെയ്യാം.
വെറും മൂന്നു – നാലു മണിക്കൂര്‍ കൊണ്ട് മൂന്നു സംസ്ഥാനങ്ങളിലെ കാടും കാഴ്ചകളും ആസ്വദിക്കുവാന് ഇതുപോലെ നല്ലൊരു റൂട്ട് വേറെയുണ്ടാകില്ല. വയനാട്ടിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ ഈ സര്‍ക്കിള്‍ ട്രിപ്പ് കൂടി ഒന്ന് പോകുവാന്‍ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്കായി മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക.
1 comment
ചേട്ടന്റെ വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് കരുത്തോടെ മുന്നേറൂ ചേട്ടാ, ഞാൻ ജിതിൻ. ഞാൻ ചേട്ടന് മുൻപ് ഒരു മെസ്സേജ് ഇട്ടിരുന്നു ചേട്ടൻ കൊച്ചിയിൽ വരുമ്പോൾ High Court Jn: Marine drive | Kettuvallam walk way side -ൽ ഉള്ള maria Tours & Travels -ന്റെ ബോട്ടിംങ്ങ് സെന്ററിൽ ഒരു പ്രോഗ്രാം ചെയ്യാൻ വരണം ഞങ്ങൾ കാത്തിരിയ്ക്കുകയാണ് വരില്ലേ? marine drive -ൽ ഉള്ള 30 വർഷമായി ബോട്ടിംങ്ങ് നടത്തുന്ന ഒരു പ്രസ്ഥാനമാണിത് ചേട്ടൻ ഇവിടെ വന്നു കഴിഞ്ഞാൽ മനസിലാക്കാൻ പറ്റും