വിവരണം – Bani Zadar.
അലീക്ക പുലർച്ചെ തന്റെ കട തുറക്കാൻ വന്നപ്പോൾ കടയുടെ മുന്നിൽ ഇരിക്കുന്ന എന്നെ കണ്ടിട്ട് ചോദിച്ചു “ആരാ.. എന്താ ഇവിടെ ഇരിക്കുന്നത്?” അത് വരെ അലീക്കാന്റെ ബാഗ് കടയിൽ ഒരു ആഴ്ചയിൽ ഏറെ ആയി ഒരു ലുങ്കിയും ഉടുത്തു, ബാഗിന്റെ ബട്ടൺ അടിച്ചു കൊണ്ടിരിക്കുന്ന എന്നെ പെട്ടെന്ന് ജീൻസും ഷൂസും തൊപ്പിയും ഒക്കെ ഇട്ടു വന്നപ്പോൾ ആ ഇരുട്ടത് പെട്ടെന്നു മനസിലാവാത്തോണ്ട് ആയിരുന്നു മൂപ്പർ അങ്ങനെ ചോദിച്ചത്.
ഞാൻ ചിരിച്ചു കൊണ്ട് തൊപ്പി അഴിച്ചു ഞാൻ ആണെന്നു പറഞ്ഞപ്പോൾ മൂപ്പർ അതിശയത്തോടെ ഒന്നുടെ എന്നെ നോകീട്ടു മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു, “നീ എന്റെ കൂടെ ബാഗ് സപ്ലൈ ചെയ്യാൻ തന്നെ അല്ലേ വരുന്നത്?” ഞാൻ ഒന്നും മിണ്ടാതെ അവിടെ ഉണ്ടായിരുന്ന ഒരു ബാഗിന്റെ കെട്ട് എടുത്തു എന്റെ ഒരു ചുമലിൽ വെച്ച് നേരെ ബസ്റ്റാന്റ് ലക്‌ഷ്യം ആക്കി മൂപ്പരുടെ കൂടെ നടന്നു.. വയനാട്ടിലേക്ക്….!!!!
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു പ്രീ ഡിഗ്രിക്ക് കോളേജിലേക്ക് പോവാൻ മൂന്നാലു മാസം ഉണ്ടെന്നു അറിഞ്ഞപ്പോൾ ആയിരുന്നു എന്റെ ഒരു ബന്ധു കൂടെ ആയ അലീക്കാന്റെ ബാഗ് പീടികയിൽ ദിവസം മുപ്പതു രൂപ കൂലിയിൽ അവിടെ ജോലിക്കു പോയത്. അതിനു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു, ഒന്ന് ബാഗ് വിതരണത്തിന്റെ കൂടെ ആഴ്ചയിൽ ഒരു ദിവസം ഓരോ സ്ഥലങ്ങളിൽ കറക്കം നടക്കും, രണ്ടാമത് എല്ലാ ശനിയാഴ്ചയും രാത്രി ആവുമ്പോൾ ആറു ദിവസത്തെ കൂലി ഒരുമിച്ചു കിട്ടും, അതായതു നൂറ്റി എൺപതു രൂപ…!!!
അന്നത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ എനിക്ക് രണ്ടും ലോട്ടറി അടിച്ച പോലെ ആയിരുന്നു, പിന്നെ പരീക്ഷ ഫലം വന്നു പ്രീഡിഗ്രിക്കു സർസായിദ് കോളേജിലേക്ക് പോകുന്നത് വരെ ഞാൻ ആ ജോലി തുടർന്നു, അതായിരുന്നു എന്റെ ആദ്യത്തെ ജോലിയും കൂലിയും…!!!
അന്ന് ആദ്യമായി വയനാട്ടിലെ മാനന്തവാടിയിൽ എത്തിയപ്പോൾ ടൗണിലൂടെ ആ ബാഗിന്റെ കെട്ടും എന്റെ ചുമലിൽ വെച്ച് നടക്കുമ്പോൾ അലീക്ക പെട്ടെന്നു എന്നോട് പറഞ്ഞു, “നീ ആ കെട്ട് ഇങ്ങു തന്നേക്കു, ഞാൻ എടുത്തോളാം.” എന്നും പറഞ്ഞു മൂപ്പർ ആ ബാഗിന്റെ കെട്ട് വാങ്ങി എടുത്തു നടക്കാൻ തുടങ്ങി.
ഞാൻ തന്നെ എടുക്കാം എന്ന് മൂപ്പരോടു പറഞ്ഞപ്പോൾ അലീക്ക ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, “നിന്റെ ഒരുപാട് അടുത്ത ബന്ധുക്കൾ ഉള്ള സ്ഥലം അല്ലേ ഇത്. അത് കൊണ്ട് അവരൊന്നും കാണേണ്ട നീ ഈ ചെത്തു ലുക്കിൽ ഈ കെട്ടും ചുമലിൽ വെച്ച് നടക്കുന്നത്. ഇനി ഇത്രയല്ലേ ഉള്ളു ഞാൻ എടുത്തോളം.”
സംഭവം ശെരി ആയിരുന്നു, ആവേശത്തിൽ യാത്രാ പ്രാന്ത് കാരണം വയനാട്ടിലേക്ക് വെച്ച് പിടിച്ചെങ്കിലും, അടുത്ത ബന്ധുക്കൾ ഒരുപാട് ഉള്ള ആ ടൗണിൽകൂടെ അങ്ങനെ കെട്ടും ചുമലിൽ വെച്ച് നടക്കാൻ കുറച്ചു ഒരു ചമ്മൽ ഉണ്ടായിരുന്നു മനസ്സിൽ. പ്രത്യേകിച്ച് പത്താം ക്ലാസ് പരീക്ഷ ഫലം കാത്തിരിക്കുന്ന സമയം ആയതു കൊണ്ട് എല്ലാരും ഞാൻ തോറ്റത് കൊണ്ട് ഇങ്ങനെ പണിക്കു വന്നതായി കരുതുമോ എന്നുള്ള ഭയം ആയിരുന്നു അതിനു കാരണം.
പിന്നീട് പഠനത്തിന്റെ കൂടെ തന്നെ ഞാൻ വേറെ പല ജോലികളും ചെയ്തു. റെഡിമേഡ് വസ്ത്രങ്ങളുടെ കടകൾ മുതൽ കമ്പ്യൂട്ടർ സ്ഥാപങ്ങളിലെ സെയിൽസ്മാൻ വരെ. ആ കാലഘട്ടങ്ങളിൽ ഒക്കെയും യാത്രകൾ പറ്റുന്നത് പോലെ ചെയ്തു. എന്നിരുന്നാലും സാഹചര്യങ്ങൾ കാരണം ഇരുപതാം വയസ്സിൽ ദുബായിൽ ജോലിക്കു എത്തിയപ്പോൾ യാത്രകൾ എല്ലാം മുടങ്ങി. പിന്നെ ഉത്തരവാദിത്തങ്ങളുടെ നടുക്കടലിൽ ആയതു കൊണ്ട് ഒരു അഞ്ചട്ട് കൊല്ലം യാത്രകൾ ഒന്നും നടന്നില്ല.
പിന്നെ കല്യാണം കഴിഞ്ഞതിനു ശേഷം ആണ് യാത്രപ്രാന്തുള്ള പാത്തു കൂടെ ഉള്ളത് കൊണ്ട് ഞാൻ യാത്രകൾ പുനരാംഭിക്കുന്നത്.
ആദ്യം തൊട്ടടുത്തുള്ള മലയും പുഴയും കണ്ടിട്ട് മതി ലഡാക്കിൽ ഉള്ള മലകളും പുഴകളും കാണുന്നത് എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നത് കൊണ്ട്, ആദ്യം നമ്മൾ രണ്ടു പേരും കേരളം മുഴുവൻ കുറേശ്ശെ ആയി കണ്ടു തുടങ്ങി.
കാസർഗോഡ് ബേക്കൽ കോട്ട മുതൽ അങ്ങ് ഗവി വരെ ഓരോ സ്ഥലങ്ങളും പതുക്കെ കണ്ടു തീർത്തു. ആ സമയത്തു ഗവി എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ ആണോ എന്ന് ചോദിക്കുന്ന ആളുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഒരു സിനിമ വന്നപ്പോൾ ആ സ്ഥലവും പ്രസിദ്ധമായി. പിന്നീട് ഇന്ത്യ മുഴുവൻ റോഡ് ട്രിപ്പ് അടിച്ചു കണ്ടു കഴിഞ്ഞപ്പോൾ ആണ് ഞാൻ ആ തീരുമാനത്തിൽ എത്തിയത്, ഇനി പറ്റുന്നത് പോലെ യാത്ര ചെയ്യണം, ഈ ദുനിയാവ് കാണണം..!!!
സാധാരണ ലഡാക്ക് ട്രിപ്പ് കഴിഞ്ഞാൽ ഇനി ഇങ്ങോട്ടേക്കു പോകും, ഇന്ത്യ മുഴുവൻ തീർന്നല്ലോ എന്നാണ് എല്ലാവരും സാധാരണ ചിന്തിക്കുന്നത്. പക്ഷെ ഇന്ത്യയിൽ ലഡാക്കിനെക്കാളും വളരെ മനോഹരങ്ങളായ സ്ഥലങ്ങൾ ഉണ്ട്. അങ്ങനെ ഓരോ സ്ഥലങ്ങളിലും പോയതിനു ശേഷം ആണ് ‘ഇന്ത്യ കണ്ടത് പോലെ ബാക്കി ഉള്ള രാജ്യങ്ങളും ഇത് പോലെ റോഡ് ട്രിപ്പ് ചെയ്യണം’ എന്ന ആഗ്രഹം ഉണ്ടായത്.
അങ്ങനെ ഉള്ള ഒരു തീരുമാനത്തിൽ നിന്നാണ് ഞാൻ ഇപ്പോൾ മുപ്പതാമത്തെ രാജ്യം ആയ പോളണ്ടിൽ എത്തി നിൽക്കുന്നത്. ഇപ്പോൾ യാത്രകൾ ചെയ്യാൻ ചെലവ് കുറഞ്ഞ ഒരുപാട് വഴികൾ ഉണ്ട്. വിമാനം ആയാലും ഹോട്ടലുകൾ ആയാലും എല്ലാം നമ്മുടെ ചെറിയ ബഡ്ജറ്റിൽ നമ്മൾക്ക് ഓരോ രാജ്യത്തേക്കും സഞ്ചരിക്കാം.
നാട്ടിൽ നിന്നും ഒരു ട്രിപ്പ് പോകുന്ന പൈസ ഉണ്ടെങ്കിൽ യൂറോപ്പിലെ ഒരു രാജ്യത്തു നിന്നും വേറെ രാജ്യത്തിലേക്കു മാത്രം അല്ല, ഇന്ത്യക്കാർക്ക് വിസ പോലും വേണ്ടാതെ പോകാൻ പറ്റുന്ന ഒരുപാട് രാജ്യങ്ങളിലെക്കു സഞ്ചരിക്കാം. അതിനു വേണ്ടി നമ്മൾ കുറച്ചു ഒന്ന് സമയം മെനക്കെടുത്തി ഇരുന്നാൽ ഒരുപാട് ഐഡിയ കിട്ടും എന്ന് മാത്രം അല്ല, ചെലവ് കുറച്ചു കൊണ്ട് സഞ്ചരിക്കാനും സാധിക്കും.
ഞാൻ ഇപ്പോൾ ഇതൊക്കെ എഴുതുന്നത് എന്റെ മുപ്പത്തിരണ്ടാമത്തെ രാജ്യമായ ക്രോയേഷ്യയിൽ നിന്നും ടോം എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഹോംസ്റ്റേയിൽ നിന്നാണ്. അയാളുടെ കൂടെ ഇരുന്നു സരസമായ അങ്ങേരുടെ കഥകൾ ഓരോന്ന് ആയി കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് യാത്രകളുടെ രാജാവായ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞത് ആണ്. “നിങ്ങൾ നിങ്ങളുടെ പാഷനെ മുറുക്കെ പിടിക്കുക. അതിൽ ലാഭമോ നഷ്‌ടമോ നോക്കാതെ ആ പാഷനിൽ ആത്മാർത്ഥമായി മുറുക്കെ പിടിച്ചു അതിനു വേണ്ടി പ്രയത്നിച്ചാൽ നിങ്ങൾക്കു ആ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കും.”