4 മാസങ്ങൾ കൊണ്ട് 28 സംസ്ഥാനങ്ങൾ, 27500 കി.മീ, റെനോ ക്വിഡ് കാറിൽ

വിവരണം – Parvathy Shyla.

ന്യൂസിലാൻഡ് ലെ ജോലിയും കളഞ്ഞ്, കാറും വിറ്റ്‌ ,വീടും വാടകക്ക് കൊടുത്ത്, ഒന്നര വർഷത്തെ ബ്രേക്ക് എടുത്ത് നാട്ടിലേക്ക് തിരിക്കുമ്പോൾ ഒറ്റ ഉദ്ദേശ്യമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണം, 28 സംസ്ഥാനങ്ങളും കാണണം. വീട്ടുകാരോട് പറഞ്ഞപ്പോൾ, നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ എന്നായി ചോദ്യം. കാര്യം വേറൊന്നുമല്ല ഇന്ത്യ യാത്രക്ക് സുരക്ഷിതം അല്ല അത്രേ. ഞങ്ങൾ 36 രാജ്യങ്ങളിൽ പോയിട്ടുണ്ട്, അപ്പോൾ ഒന്നും ഇല്ലാതിരുന്ന ഒരു എതിർപ്പ് ആയിരുന്നു അത്. അവസാനം ഞങ്ങടെ തീരുമാനത്തിൽ മാറ്റമില്ല എന്നു കണ്ടപ്പോൾ രാത്രി യാത്ര ഒരു കാരണവശാലും പാടില്ല എന്ന ഉറപ്പിൻ മേൽ സമ്മതം മൂളി.

അങ്ങനെ ഞങ്ങളുടെ 8th Wedding Anniversary (May 1) നു Renault Kwid ൽ All India Road Trip ആരംഭിച്ചു. കേരളം, കർണാടക, ഗോവ അങ്ങനെ ഒരു വശത്തു നിന്നും ആയിരുന്നു തുടക്കം. ഇതിനിടക്ക് zigzag ചെയ്തു കയറാൻ പറ്റുന്ന സംസ്ഥാനങ്ങളിലും കയറി. അങ്ങനെ പോയി പോയി കാശ്മീർ വരെ എത്തി. തിരികെ മറു വശത്തു കൂടെ താഴേക്ക്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും കണ്ടു, അറിഞ്ഞു. എത്രയെത്ര ഗ്രാമങ്ങൾ, നാട്ടുകാർ, ഭാഷ, വസ്ത്രധാരണം, ഇതു വരെ രുചിച്ചിട്ടില്ലാത്ത ഭക്ഷണം, പല പല കാലാവസ്‌ഥ, പ്രകൃതി ഭംഗി, അങ്ങനെ അങ്ങനെ പല തരം വൈവിധ്യങ്ങൾ.

ഇന്ത്യയിലെ പല സ്ഥലങ്ങളും നമ്മൾ പോയിട്ടുള്ള പല വിദേശ രാജ്യങ്ങളുടെ അതേ ഭംഗി, അല്ലേൽ അതിൽ കൂടുതൽ ഭംഗി എന്നും പറയാം. നൂറ്റാണ്ടുകൾ പഴക്കം ഉള്ള അമ്പലങ്ങളിലെ ശില്പങ്ങളും കൊത്തുപണികളും ഒന്നു കാണേണ്ടത് തന്നെയാണ്. ഞങ്ങൾ കണ്ട കാഴ്ചകൾ ഇവിടെ എഴുതി ഫലിപ്പിക്കാൻ ഉള്ള രചനാപാടവം ഒന്നും എനിക്കില്ല. അതു കൊണ്ട് കുറച്ചു ഫോട്ടോസ് ഇടുന്നു. ഇതു കണ്ടിട്ട് ആർക്കെങ്കിലും യാത്ര ചെയ്യാൻ പ്രചോദനം ആയാൽ സന്തോഷം മാത്രം.

4 മാസങ്ങൾ വേണ്ടി വന്നു ഇന്ത്യ മുഴുവൻ കാണാൻ. 27500 km സഞ്ചരിച്ചു. ഇതു വരെയുള്ള യാത്രയിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായത് ശ്രീനഗർ, നോർത്ത ഈസ്റ്റ് ലെ കുറച്ച് ഭാഗങ്ങൾ പിന്നെ തമിഴ്നാട് എന്നിവിടങ്ങളിലാണ്. എന്തായാലും ഓണത്തിന് മുന്നേ നാട്ടിൽ എത്തി. ഇനി വേണം “നിങ്ങൾ 36 രാജ്യങ്ങൾ കണ്ടു, നിങ്ങൾ ഇന്ത്യ കണ്ടിട്ടുണ്ടോ” എന്നു ചോദിക്കുന്നവർക്ക് ഒരു മറുപടി കൊടുക്കാൻ.

ഈ യാത്രക്ക് ഞങ്ങൾക്ക് ചെലവായ ആകെ തുകയാണ് കൂടുതൽ പേർക്കും അറിയേണ്ടത്. ഏകദേശം ഏഴര ലക്ഷത്തോളം രൂപയാണ് ഞങ്ങൾക്ക് ഈ ട്രിപ്പിന് ചെലവായത്. ഇതിൽ ഇരുപതിനായിരം രൂപയോളം ടോളിന് വേണ്ടി മാത്രമായി. ബാക്കി കണക്കും കാര്യങ്ങളും താഴെ കൊടുക്കുന്നു.

4 മാസത്തെ യാത്ര കാറിൽ ആയതിനാൽ പെട്രോളിന് 2000-3000 വരെ ദിവസേന ആയി. North ഭാഗത്തേക്ക് പോകുമ്പോൾ വണ്ടി എവിടെ പാർക്ക് ചെയ്താലും ക്യാഷ് വാങ്ങാനായി എവിടുന്നെങ്കിലും ഒക്കെ ആൾക്കാർ ചാടി വീഴും. 50 മുതൽ 100 രൂപ വരെ ഒക്കെ ആയിരുന്നു ചാർജ് ചെയ്തത്.

Accommodation: Stay യുടെ കാര്യം എടുത്താൽ നോർത്ത് ഈസ്റ്റ് ഒഴികെ ഉള്ള സ്ഥലങ്ങളിൽ ഏകദേശം 2000/day ആവറേജ് ആയപ്പോൾ നോർത്ത് ഈസ്റ്റിൽ അത് 6000 രൂപ വരെ /day ആയി. എന്താ ഇവിടെ ഇത്ര expensive എന്നു അവിടുള്ള കുറച്ച് സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ നോർത്ത് ഈസ്റ്റിൽ സഞ്ചാരികൾ താരതമ്യേന കുറവാണ് അതു കൊണ്ട് വരുന്നവരുടെ കയ്യിൽ നിന്നും മാക്സിമം ക്യാഷ് മേടിക്കുന്നു എന്നാണ്. പക്ഷെ കൊടുത്ത 6000 രൂപക്ക് കിട്ടിയ facilities വളരെ നല്ലതായിരുന്നു. ഞങ്ങൾ ചെയ്തത് ഒരു ബാക് പാക്കിങ്ങോ ബഡ്ജറ്റ് ടൂറോ അല്ലായിരുന്നു. Couples ആയതു കൊണ്ട് നല്ല നല്ല ഹോട്ടൽസിൽ തന്നെയാണ് 4 മാസവും താമസിച്ചത്. ഇത് total expense കൂടുന്നതിന് കാരണമായി.

ഭക്ഷണം: ഭക്ഷണത്തിനു ഞങ്ങൾക്ക് ചെലവായത് ആവറേജ് ഓഫ് 2000/day ആണ്. BECAUSE WE TRAVEL FOR FOOD. ഓരോ സ്ഥലത്തു ചെന്നപ്പോഴും ചോറും കറിയും അന്വേഷിച്ചു നടക്കാതെ അവിടുത്തെ traditional food മാത്രമാണ് കഴിച്ചത്. ചില ദിവസങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനു മാത്രം 2000 രൂപ ആയി. അത് എങ്ങനെ എന്നു വെച്ചാൽ, ഉദാഹരണത്തിന് പോണ്ടിചേരിയിൽ പോയാൽ അവിടുത്തെ ഫ്രഞ്ച് കഫേ ബ്രേക്ഫാസ്റ് കഴിച്ചിരിക്കണം (എന്നാണ് ഞങ്ങടെ ഒരിത്). അതിനു ഒരു നേരം 1000 രൂപയോളം ആയി. ചെന്നൈയിൽ പോയപ്പോൾ അവിടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വല്യ താലി മീൽസ് കിട്ടുമെന്നറിഞ്ഞപ്പോ അത് ട്രൈ ചെയ്യണം എന്ന് തോന്നി അവിടെ പോയി. ഒരു താലിക്ക് 1700 രൂപ ആയിരുന്നു വില. ഇങ്ങനെ പല തരത്തിലുള്ള ആഹാരം ട്രൈ ചെയ്തത് മൊത്തത്തിലുള്ള ചിലവ് കൂടാൻ കാരണമായി.

Water: ഈ 4 മാസത്തെ യാത്രയിൽ Packaged drinking water മാത്രമാണ് കുടിച്ചത്. അതിനു മാത്രം 10000 രൂപയോളം മൊത്തത്തിൽ ചെലവായി.

Why Renault Kwid? ഇതാണ് മറ്റൊരു ചോദ്യം. ഞങ്ങൾക്ക് ആവശ്യം ഒരു ചെറിയ കാർ ആയിരുന്നു. എന്നാൽ പിന്നെ നാനോ എടുത്തു കൂടയിരുന്നോ എന്നു ചിന്തിക്കുന്നവർ കാണും. ഓട്ടോമാറ്റിക് കാർ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. വിലയും പെർഫോമൻസ് റീവ്യൂ നോക്കിയപ്പോൾ Kwid കൊള്ളാമെന്നു തോന്നി. നാട്ടിൽ നിൽക്കുന്ന ഒന്നര വർഷത്തേക്ക് വേണ്ടി മാത്രമാണ് ഈ വണ്ടി എടുത്തത്, തിരികെ ന്യൂസീലാൻഡ് പോകുമ്പോൾ വിറ്റിറ്റ്‌ പോകാനാണ് പ്ലാൻ. അതു കൊണ്ട് Kwid ന്റെ വില സ്വീകാര്യമായി തോന്നി.

Kwid വാങ്ങിയിട്ട് 6 മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ ഈ All India Trip സ്റ്റാർട്ട് ചെയ്തത്. അപ്പോഴേക്കും വണ്ടി 10000 km ഓടി കഴിഞ്ഞിരുന്നു. ഈ യാത്രയിൽ ഞങ്ങൾ ചെയ്തത് ഓരോ 5000 km കൂടുമ്പോഴും അതത് സംസ്ഥാനങ്ങളിലെ Renault Service Centre ൽ പോയി കൃത്യമായി സർവീസും ചെക്കപ്പും ചെയ്തു കൊണ്ടിരുന്നു. 27500 km ഓടിയിട്ട് ഒരു പഞ്ചർ പോലും ഉണ്ടായില്ല. വണ്ടി കാരണം വേറെ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായില്ല. ലഡാക്കിലെ വാട്ടർ ക്രോസ്സിങ്ങിൽ പോലും ഈ വണ്ടി സുഖമായി കയറി പോയി. പിന്നെ നാഗാലാൻഡിലെയും മിസോറത്തിലെയും റോഡ് എന്നൊരു സാധനം ഇല്ലാത്ത റോഡിലും ഇവൻ ഒരു കുഴപ്പവും കാണിക്കാതെ ഓടി.

വണ്ടിക്ക് വേണ്ടി കരുതിയിരുന്ന സാധനങ്ങൾ : 50 ലിറ്റർ പെട്രോൾ ക്യാൻ, 2 എക്സ്ട്രാ ടയർ, Tyre inflator, Puncture kit, Basic tools, Break oil.

അല്ലാതെ കരുതിയിരുന്ന സാധനങ്ങൾ. Portable fan with light, Mosquito bat and repellent, Plate, glass, fork, spoon, knife, Mug, bucket, Hot water kettle, flask, Coffee, milk powder, sugar, Dry fruits and nuts, Rope, Cello tape, Junk food, Bed sheet, Towels, Medicine kit, 12 pack of Mineral water back up. മേൽ പറഞ്ഞ സാധനങ്ങൾ ഒക്കെ ഉപയോഗം വന്നത് ഹിമാചൽ ലെ മലാന വില്ലേജിലും മണിപുരിലേ Loktak lake ലും ആണ്. അവിടെ ബേസിക് ഫെസിലിറ്റി ആയിരുന്നു. വേറെ ഹോട്ടൽ ഓപ്ഷൻസ് ഇല്ലായിരുന്നു.

Rout map: പലരും Rout Map ചോദിച്ചിട്ടുണ്ടായിരുന്നു.അങ്ങനെ കൃത്യമായ rout map വെച്ചല്ലായിരുന്നു ഞങ്ങടെ യാത്ര. പല സ്ഥലങ്ങളും കണ്ടു തീരുമ്പോൾ ആണ് അടുത്ത സ്ഥലം ഏതാണെന്നു തീരുമാനിച്ചിരുന്നത്.

ഇനി പറയാൻ പോകുന്നത്, ഏത് ബഡ്ജറ്റ് ലും ട്രാവൽ ചെയ്യാൻ പറ്റിയ രാജ്യമാണ് ഇന്ത്യ. ഇത്രയും കാശില്ല അതു കൊണ്ട് ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ല എന്നു ചിലർ മെസ്സേജ് ചെയ്തു. 500 രൂപ കൊണ്ട് ഇന്ത്യ കണ്ടവരുടെ കഥ എവിടെയോ ഞാൻ വായിക്കുകയുണ്ടായി. ഇന്ത്യ കാണണം എന്നുണ്ടെങ്കിൽ ചിലവ് ചുരുക്കിയും കാണവുന്നതെ ഉള്ളു. അതിനു ആകെ വേണ്ടത് യാത്ര ചെയ്യാനുള്ള ഒരു മനസും സമയവും മാത്രമാണ്.

ഞങ്ങൾക്ക് ഇത്രേം ക്യാഷ് ചെലവായി എന്നു വെച്ച് എല്ലാവർക്കും അത്രേം ആവണം എന്നില്ല. It depends on your priorities. സമയം എന്നുദ്ദേശിച്ചത്, ഞങ്ങൾ രണ്ടാളും ജോലി രാജി വെച്ചിട്ടാണ് ഇതിനായി ഇറങ്ങി തിരിച്ചത്. അതു കൊണ്ട് എന്നു തിരികെ എത്തും എന്നു വീട്ടുകാർ ചോദിച്ചപ്പോൾ “കാണേണ്ടതൊക്കെ കണ്ടു തീരുമ്പോൾ” എന്നാണ് പറഞ്ഞത്. അപ്പൊ ഇനി എന്താ ആലോചിക്കാൻ…പുറപ്പെടുവല്ലേ ഇന്ത്യ കാണാൻ.