എഴുത്ത് – Noushad Shad’z.
അഹമ്മദാബാദ്-ബാംഗ്ലൂർ in SRS KA 01 AF 9221 VOLVO B11R…”ജോധ്പൂർ-ബാംഗ്ലൂർ service!!! ഗുജറാത്തിലെ കാഴ്ചകൾ അത്ര മനോഹരമല്ലാത്തതിനാലും കുറച്ചു പ്രശ്നങ്ങൾ ഇടക്ക് വന്നതിനാലും ഞാൻ പിറ്റേ ദിവസം തന്നെ ബാഗ് പാക്ക് ചെയ്തു… കൂട്ടുകാരനോട് തിരിച്ചു പോരാൻ ഉള്ള വണ്ടിയെ കുറിച്ച് ചോദിച്ചപ്പോൾ ആണ് മനസ്സിൽ ലഡ്ഡു പൊട്ടിയ ആ മറുപടി വന്നത്..”6.30നു ജോധ്പൂർ നിന്നും 9221 വരുന്നുണ്ട്.നീ അതിൽ പൊക്കോ എന്ന്!!!!അതു മാത്രമല്ല ,ഒരു ഡ്രൈവർ തമിഴൻ ആണ്!!!
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന അവസ്‌ഥ…ഇങ്ങോട്ട് വരുമ്പോൾ എനിക്ക് നഷ്ടമായ ചാൻസ്…ഈ യാത്ര ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഒരൊറ്റ സർവീസ് ആയിരുന്നു…ഇന്ത്യയിലെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ബസിൽ ഒരു ട്രിപ്പ് പോകണം എന്നത് എന്റെ സ്വപ്നം ആയിരുന്നു…..ഈ ഒരൊറ്റ മറുപടി കേട്ടപ്പോൾ ഒന്നും നോക്കാതെ സമ്മതം മൂളി…അങ്ങിനെ വീട്ടിലേക്ക് കുറച്ചു സാധനങ്ങളും വാങ്ങി ഏകദേശം 6.30 ആയപ്പോൾ ഞാനും ഇമ്തിയും srs ട്രാവെൽസിന്റെ പാൽഡിയിലെ ഓഫീസിൽ എത്തി..ഏകദേശം 6.50 ആയപ്പോൾ ജോധ്പൂർ നിന്നും വരുന്ന 9221 ഓഫീസിനു മുന്നിലേക്ക് കേറി വന്നു….
വന്നപാടെ ഞാൻ വണ്ടിയെ ഒന്നു പ്രദക്ഷിണം ചെയ്തു… ആകെ ചെളി പിടിച്ചാണ് വരവ്….മൊത്തത്തിൽ ഒരു അടിപൊളി ലുക്ക്…. ഇമ്തി എന്നെ വിളിച്ചു ഡ്രൈവർ മാരെ പരിച്ചയപെടുത്തി തന്നു!!!ആദ്യം തന്നെ തമിഴ് ഡ്രൈവർ “പെരുമാൾ” നെ പരിചയപ്പെടുത്തി തന്നു… ഞാൻ അപ്പോ തന്നെ പുള്ളിയുമായി സെറ്റ് ആയി…കോയമ്പത്തൂർ ജോലി ചെയ്തിട്ടുള്ള കാരണം തമിഴ് നല്ല വശം ആയിരുന്നു…. അപ്പോൾ തന്നെ ഉറപ്പിച്ചു ഇതൊരു അഡാർ ട്രിപ്പ് ആകും എന്ന്!!!!രണ്ടാമത്തെ ഡ്രൈവർ ഹിന്ദിക്കാരൻ രമൻ ഭായി ആയിരുന്നു…. പുള്ളിയോട് സംസാരിച്ചു…ഹിന്ദി തോടാ തോടാ ആയിരുന്നു… ഇങ്ങോട്ടുളള യാത്രയിൽ അതു കാരണം ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു…പെരുമാൾ അണ്ണനെ കണ്ടപ്പോൾ സമാധാനം ആയി…അധികം വൈകാതെ 7.30 ആയപ്പോൾ വണ്ടി ക്ക് പച്ച കൊടി കിട്ടി….ഈ യാത്ര എനിക്ക് സമ്മാനിക്കുകയും ഇവിടെ എത്തിയപ്പോൾ എന്നെ ഒരു സഹോദരനെ പോലെ സംരക്ഷിക്കുകയും ചെയ്ത ഫേസ്ബുക് വഴി പരിചയപ്പെട്ട “imtiyaz chopda” എന്ന പ്രിയ മിത്രത്തോട് യാത്രയും നന്ദിയും പറഞ്ഞു ഒരുപാട് വിഷമത്തോടെ ഞാൻ ബസിലേക്ക് കയറി!!!!
യാത്ര തുടങ്ങുന്നു…..അഹമ്മദാബാദ് നോടും യാത്രപറയുന്നു!!! 7.30നു വണ്ടി അഹമ്മദാബാദ് നിന്നും എടുത്തു…ഞാൻ നേരെ പിറകിൽ പോയി ഇരുന്നു…ജോധ്പൂർ നിന്നും ഇവിടെ വരെ പെരുമാൾ അണ്ണൻ ആണ് ഓടിച്ചത്… അതു കൊണ്ട് ഇവിടെ നിന്നും രമണ് ഭായി ആണ് എടുത്തത്… വൈകുന്നേരം ആയ കാരണം കാഴ്ച്ചകൾ വ്യക്തമല്ലാത്തത് കാരണം ഞാൻ മുൻപിലേക്ക് പോയില്ല. ഉള്ളിലെ സീറ്റിൽ അന്ന് കണ്ട കാഴ്ചകളും ഓർത്ത് ഇരുന്നു. ഏകദേശം 10 മണി ആയപ്പോൾ വണ്ടി ഒരു ഹോട്ടലിലേക്ക് കയറി…സ്ഥലം നോക്കിയപ്പോൾ ബറൂച് ആണെന്ന് മനസ്സിലായി.
ഹോട്ടല് റൊണാക് ആയിരുന്നു ഞങ്ങളുടെ ഡിന്നർ ബ്രേക്ക് സ്പോട്… ഞാൻ ഉള്ളിലേക്ക് കയറി….പെരുമാൾ അണ്ണനും രമൻ ബായിയും ക്ലീനര് സയ്ദ് ബായിയും തൊട്ട് അപ്പുറത്ത് ഇരുന്നു…ഓർഡർ എടുക്കാൻ വന്നപ്പോൾ ഞാൻ ചപ്പാത്തിയും പനീർ ബട്ടറും ഓർഡർ ചെയ്തു…പെരുമാൾ അണ്ണന്റെ അടുത്ത് ഓർഡർ എടുക്കാൻ ചെന്നപ്പോൾ പുള്ളി എന്നെ ചൂണ്ടി കാണിച്ചു അയാളോട് എന്തോ
പറഞ്ഞു… ഞാൻ നോക്കിയപ്പോൾ പുള്ളി എന്നോട് കഴിച്ചോ എന്ന് ആംഗ്യഭാഷയിൽ പറഞ്ഞു….
ഇങ്ങോട്ട് വരുമ്പോൾ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ എല്ലാം ഞാൻ പണം കൊടുത്താണ് കഴിച്ചത്..നല്ല ഒരു തുക ആ വഴിക്കു തന്നെ ആയി… ഭക്ഷണം കഴിച്ചു കഴിഞ്ഞു ബില്ല് കൊടുക്കാൻ ചെന്നപ്പോൾ ആണ് അവർ പറഞ്ഞത്”paisa nahi shajiye saab”….അപ്പോൾ ആണ് പെരുമാൾ അണ്ണൻ പുറത്തു തട്ടി പറഞ്ഞത്” നീ നമ്മ പയ്യൻ താ”..ഉനക്കും സാപാട് ഫ്രീ താ”!!!!!! ഇമ്തി ഉന്നെ നല്ലാ പാക്കണം എന്ന് സൊല്ലിയിറ്ക്ക്!!!! ഒരു ഡ്രൈവർ എങ്ങിനെ ആകണം എന്ന് കാണിച്ചു തന്ന ആ എളിമയും പെരുമാറ്റവും!!!
ഏകദേശം 10.30 ആയപ്പോൾ വണ്ടി എടുത്തു…ഞാൻ അവിടെ നിന്നും പിന്നീട് ഡ്രൈവർ ന്റെ പിന്നിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്… ഭക്ഷണവും പിന്നെ പകലിലെ അലച്ചിലിന്റെ ക്ഷീണവും കാരണം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി….ഏകദേശം 3.30ആയപ്പോൾ ഞാൻ എണീറ്റു ഫ്രന്റിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി, നല്ല ബ്ലോക്ക് ആണ് റോഡിൽ… ഡ്രൈവർ ആരാണെന്നു നോക്കിയപ്പോൾ പെരുമാൾ അണ്ണൻ ഇരിക്കുന്നു!!! ഒന്നും നോക്കിയില്ല ചാടി ഇറങ്ങി മുൻപിലെ സീറ്റിൽ വന്നിരുന്നു..
സയ്ദ് ഭായി താഴെ കിടന്നു നല്ല ഉറക്കം ആണ്…നല്ല ബ്ലോക്ക് ആണ്…നിറയെ ലോറികൾ ആണ്…സ്ഥലം ഒരു പിടിയും കിട്ടുന്നില്ല…അണ്ണനോട് ചോദിച്ചപ്പോൾ മുംബൈയിലേക്ക് കയറാൻ പോകുകയാണ്… ഇവിടെ നിന്നും ആണ് തിരിഞ്ഞു പോകുക എന്നും പറഞ്ഞു…ആ ബ്ലോക്കിനിടയിൽ വച്ച് ഞാൻ പെരുമാൾ അണ്ണനെ അടുത്തറിഞ്ഞു… വർഷങ്ങൾ ആയി എസ് ആർ എസിൽ…ജോധ്പൂർ റൂട്ട് ആരംഭിച്ചപ്പോൾ മുതൽ പുള്ളി ഈ റൂട്ടിൽ ആണ്…എവിടെ നിന്നും ആണ് ഡ്യൂട്ടി മാറിയത് എന്നു ചോദിച്ചപ്പോൾ വാപി നിന്നും ഞാൻ കയറി എന്നു അണ്ണൻ പറഞ്ഞു…അങ്ങിനെ ഇഴഞ്ഞു ഇഴഞ്ഞു വണ്ടി മുംബൈ നഗരത്തിന്റെ പ്രാന്ത പ്രദേശത്തിലേക്ക് എത്തി….പിന്നെയും ബ്ലോക്ക്…അതു കുറച്ചു നേരം നീണ്ടു..
കുറച്ചു മുൻപിലേക്ക് നീങ്ങിയപ്പോൾ ആണ് ബ്ലോക്കിന്റെ കാരണം മനസ്സിലായത്…ആക്സിഡന്റ് ആണ്…..നോക്കിയപ്പോൾ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നു…തൊട്ട് അപ്പുറത്ത് ആയി ഒരു ബസും കിടക്കുന്നുണ്ട്….സൂക്ഷിച്ചു നോക്കിയപ്പോൾ റോഡിൽ ഒരു ബാലൻ ചോരയിൽ കുളിച്ചു കിടക്കുന്നു. മരിച്ചു എന്നു തോന്നുന്നു..പോലീസ് അടുത്തു തന്നെ കയ്യും കെട്ടി നോക്കി നിൽക്കുന്നു…മനസ്സു വേദനിപ്പിച്ച കാഴ്ച..നമ്മുടെ അവിടെ ആണെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നേനെ….
മുംബൈ നഗരം ഉണരുന്നുണ്ടായിരുന്നുള്ളൂ… അതു കൊണ്ടു തന്നെ ഞങ്ങൾ അതിവേഗം പുറത്തേക്ക് എത്തി…പ്രഭാതത്തിൽ മുംബൈ നഗരം അതി മനോഹരം ആയിരുന്നു..മുംബൈയിൽ കുറച്ചു ആളുകൾ ഇറങ്ങി..കുറച്ചു ആളുകൾ കയറുകയും ചെയ്തു…ഇപ്പോളും ബസ് ഫുൾ ആയിരുന്നു…ഈ ഒരൊറ്റ യാത്രയിൽ എനിക്കുണ്ടായിരുന്ന,അല്ല ഒട്ടുമിക്ക ആൾകാർക്കും ഉണ്ടായിരുന്ന സംശയം മാറി കിട്ടി” ഇത്രയും ദൂരം ഒക്കെ ആൾക്കാർ ബസിൽ പോകുമോ???…പോകും.സംശയം വേണ്ട.
അങ്ങിനെ ഏകദേശം 6 മണിയോട് കൂടി ഞങ്ങൾ ബോംബെയിൽ നിന്നും പുറത്തു കടന്നു…ഞാൻ മുൻപിൽ തന്നെ ഇരിപ്പുറപ്പിച്ചു… കാരണം ഇനി ആണല്ലോ നമ്മുടെ express way ആരംഭിക്കുന്നത്. നല്ല മഴയും മഞ്ഞും അകമ്പടി നൽകി…ഫോണും എടുത് വീഡിയോ എടുക്കാൻ സജ്ജമായി…അപ്പോൾ പിറകിൽ നിന്നും ഒരു ഹോൺ അടി!!!! നോക്കിയപ്പോൾ കിളി പോയി..മറ്റൊരു SRS VOLVO B11R ഞങ്ങളെ വെട്ടിച്ചു കയറുന്നു….അതിലെ ഡ്രൈവർ പെരുമാൾ അണ്ണനോട് എന്തോ ആഗ്യം കാണിക്കുന്നുണ്ടായിരിന്നു…ചോദിച്ചപ്പോൾ അതു രാജസ്ഥാനിലെ തന്നെ ജാലോർ നിന്നും വരികയാണ്…വണ്ടി 4 മണിക്കൂർ ലേറ്റ് ആണെന്നും അതും ബാംഗ്ലൂരിലേക്ക് തന്നെ ആണെന്ന് കേട്ടതും മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി…അവിടുന്നങ്ങോട്ട് പിന്നീട് മത്സരം ആയിരുന്നു…
മുംബൈ-പുണെ അതിവേഗ ഹൈവേയിൽ ഞങ്ങളുടെ രണ്ടു വണ്ടികളും ഒപ്പത്തിനൊപ്പം മുന്നേറി… അവർ അങ്ങോട്ടും ഇങ്ങോട്ടും കുശലം പറയുന്നുണ്ടായിരുന്നു… ഇത്രയും മനോഹരമായ റോഡ് ഇന്ത്യയിൽ വേറെ ഉണ്ടോ എന്നു സംശയിച്ചു പോകും.അത്ര മനോഹരമാണ് ആ കാഴ്ച…..തുരംഗങ്ങളും ആരുവരിപാതയും ഇരുവശവും മലമടക്കുകളും ഒക്കെ കണ്ണിനു കുളിര്മയേകും…ശരിക്കും ഈ കാഴ്ചകൾ കാണാൻ പറ്റിയ സമയം പുലർകാലം ആണ്..പെരുമാൾ അണ്ണനും ആ വണ്ടിയുടെ ഡ്രൈവർ കുമാർ അണ്ണനും അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു കൊണ്ടിരുന്നു…ഒരു ഇന്ത്യ പാകിസ്ഥാൻ മത്സരം കാണുന്ന ആവേശം ആയിരുന്നു എനിക്ക്..
ആവേശം കേറി നിൽക്കുമ്പോൾ സയ്ദ് ഭായി ചോദിച്ചു”നിനക്ക് ചായ വേണോ? ഞാൻ ആലോചിച്ചു,ഈ പ്രദേശത്ത് എവിടെ നിന്നും ചായ കിട്ടും എന്നാലോചിച്ചപ്പോൾ സയ്ദ് ഭായി താഴെ നിന്നും ഫ്ലാസ്ക് എടുത്തു!!!! തലേന്ന് രാത്രി ഹോട്ടലിൽ നിന്നും വാങ്ങിയതാണ്…ഭക്ഷണം കഴിക്കാൻ കയറുമ്പോൾ ഫ്ലാസ്ക് നിറയെ ചായ വാങ്ങും..ചായ കൂടി ആയപ്പോൾ അടിപൊളി ആയി… അങ്ങിനെ ഏകദേശം 8.30നോട് കൂടി ഞങ്ങൾ expressway യിൽ നിന്നും പുനെയിലേക്ക് നീങ്ങി..അപ്പോളും അവർ കൂടെ ഉണ്ടായിരുന്നു…ഏകദേശം 9 മണി ആയപ്പോൾ പുണെയിൽ എത്തി..അവിടെ കുറച്ചു ആളുകളെ ഇറക്കി,അത്ര തന്നെ പേർ കയറുകയും ചെയ്തു…
അവിടെ നിന്നും കുറച്ചു പോയപ്പോൾ ആണ് അടുത്ത ചുരം വന്നത്…കത്റേജ് ഘട്ട് ആയിരുന്നു അത്..അതും അതിമനോഹരം ആയിരുന്നു….ഇങ്ങോട്ടു വരുമ്പോൾ ഇതു കണ്ടിരുന്നില്ല….അത്ര വലിയ ചുരം ഒന്നും അല്ല.. എന്നാലും അടിപൊളി ആണ്👌👌അതിനു ശേഷം പുനെയിലേക്ക് കടന്നു..ഇരു വശവും ഒരുപോലെ ഉള്ള മനുഷ്യനിര്മിതികൾ..കുറച്ചുകൂടി പോയപ്പോൾ ഇടതു ഭാഗത്ത് ഒരു സ്റ്റേഡിയം കണ്ടു…നോക്കിയപ്പോൾ”balewadi stadium” എന്നു എഴുതിയിട്ടുണ്ട്…എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നാലോചിച്ചപ്പോൾ ആണ് നമ്മുടെ ഷൈജു ദാമോദരൻ ചേട്ടനെ ഓർമ വന്നത്..പുള്ളിയുടെ കമെന്ററിയിൽ ആണ് ആ പേര് ഞാൻ കേട്ടിട്ടുള്ളത്…ഐ എസ് എൽ മത്സരങ്ങൾ നടക്കുന്ന പൂനെയിലെ ബാലെവാടി സ്റ്റേഡിയം…അങ്ങിനെ അതും കാണാൻ ഭാഗ്യം ലഭിച്ചു.
വിശപ്പിന്റെ വിളി ആരംഭിച്ചിരുന്നു…..അണ്ണനോട് ചോദിച്ചപ്പോൾ കോലാപൂർ എത്തുമ്പോൾ ഭക്ഷണം കഴിക്കാൻ നിർത്താം എന്നു പറഞ്ഞു… അങ്ങിനെ ഏകദേശം 10.30 നോട് കൂടി ഞങ്ങൾ കൊലാപൂർ ഉള്ള ഹോട്ടല് നീൽകമലിൽ ചായ കുടിക്കാൻ കയറി… ജാലോർ നിന്നും വന്നിരുന്ന 2784 ഉം അവിടെ ഉണ്ടായിരുന്നു..ഡ്രൈവർമാർ അങ്ങോട്ടും ഇങ്ങോട്ടും കുറെ സൗഹൃദം പങ്കു വെച്ചു…കുമാർ ഭായി ആണ് അതിന്റെ ഡ്രൈവർ…ഒരു നല്ല മനുഷ്യൻ… ഇത്തവണ ഞാൻ അവരുടെ കൂടെ ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിച്ചത്.. വെജിറ്റേറിയൻ ഹോട്ടല് ആയിരുന്നു അത്…പക്ഷെ ഫുഡ് വന്നപ്പോൾ ചിക്കനും മട്ടൻ സൂപ്പ് ഒക്കെ!!!! പെരുമാൾ അണ്ണനോട് ചോദിച്ചപ്പോൾ ആണ് പുള്ളി പറഞ്ഞത്” നമ്മൾ വണ്ടിക്കാർക്ക് ഏതു ഹോട്ടലിലും സ്പെഷ്യൽ ഫുഡ് ഉണ്ട് എന്ന്…..ശരിക്കും ഞെട്ടിച്ചു കളഞ്ഞു….
അങ്ങിനെ പൊറോട്ടയും മട്ടൻ സൂപ്പും ചിക്കൻ കറിയും ഒക്കെ ആയി അടിപൊളി ആയി കഴിച്ചു…പുറത്തിറങ്ങി ക്യാഷ് കൗണ്ടറിൽ നിന്നും കുറച്ചു ജീരകം എടുത്തുപോരുമ്പോൾ വീണ്ടും മലയാളം!!! നോക്കിയപ്പോൾ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ നാട്ടിലേക്ക് വിളിച്ചു സംസാരിക്കുകയാണ്….. വീണ്ടും നമ്മുടെ മല്ലൂസ്…രണ്ടു വണ്ടികളും ഒരുമിച്കിടക്കുന്ന ആ കാഴ്ച അടിപൊളി ആയിരുന്നു… മഴയുടെ വൃകൃതി മൊത്തമായി രണ്ടിലും കാണാമായിരുന്നു… കുറച്ചു ഫോട്ടോസും എടുത്തു ഞാൻ ഒന്നു ചുറ്റി നടന്നു….തൊട്ട് അപ്പുറത്ത് ആയി ഒരു ചെരിപ്പ് കട ഉണ്ടായിരുന്നു…പ്രശസ്തമായ കോലാപൂർ ചെരിപ്പുകൾ വിൽക്കുന്ന കട ആയിരുന്നു അത്….പ്രത്യേക തരം ചെരുപ്പുകൾ….
അങ്ങിനെ ഏകദേശം 11മണി ആയപ്പോൾ ജാലോർ വണ്ടി എടുത്തു..10മിനുറ്റ് കഴിഞ്ഞപ്പോൾ ഞങ്ങളും എടുത്തു…അവരെ പിന്നെ കണ്ടില്ല..ഇവിടെ നിന്നും രമണ് ഭായി ആണ് എടുക്കുന്നത് ..ഞാൻ വീണ്ടും മുൻപിൽ തന്നെ ഇരുന്നു…കുറച്ചു ദൂരം മുൻപിലേക്ക് പോയപ്പോൾ മലമടക്കുകൾ ദൃശ്യമായി…സൂക്ഷിച്ചു നോക്കിയപ്പോൾ അതിലൂടെ വാഹനങ്ങൾ പോകുന്നു…വീണ്ടും ചുരം പാത…ഇതാണ് കമ്പത്ക്കി ചുരം…ഇതു ശരിക്കും ഒരു അത്ഭുതമായിരുന്നു..വലിയ മലയുടെ സൈഡിലൂടെ റോഡ് നിര്മിച്ചിരുക്കുന്നു. അതു മാത്രമല്ല ഇതിലൂടെ ഒരു ഭാഗത്തേക്ക് മാത്രമേ ഗതാഗതം ഉള്ളു!!!
നമ്മുടെ താമരശ്ശേരി ചുരം പോലെ തോന്നി..പക്ഷെ ഇത് അതിന്റെ മൂന്നിരട്ടി വരും…വലിയ മലയെ ചുറ്റി വേണം ഇറങ്ങാൻ…ചരക്കു വാഹനങ്ങൾ ഒക്കെ ശരിക്കും കഷ്ടപ്പെടുന്നുണ്ടായിരുന്നു..ഞഞങ്ങളുടെ 410hp വോൾവോ ഇതൊക്കെ എന്ത് എന്ന രീതിയിൽ അടിച്ചു കയറി…ഓട്ടോമാറ്റിക് എഞ്ചിൻ ആയ കാരണം ചുരത്തിന്റെ കഷ്ടപ്പാടൊന്നും ഞങ്ങൾ അറിഞ്ഞില്ല…ഒരു 15മിനിറ്റ് കൊണ്ട് ഞങ്ങൾ ചുരം ഇറങ്ങി…ഇതു കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ!!അടുത്തത് ബെൽഗാം ആണെന്ന് രമണ് ഭായി പറഞ്ഞു…അപ്പോൾ ആണ് ഞങൾ ബസ് പ്രാന്തന്മാരുടെ ആസ്ഥാന ഗുരു ആയ “BISWAJITH BARUAH” അവിടെ ആണെന്നുള്ള കാര്യം ഓർമ വന്നത്….പുള്ളിയെ വിളിച്ചപ്പോൾ വരാം എന്ന് പറഞ്ഞു.
പിന്നീടങ്ങോട്ട് കാഴ്ച്ചകൾ ബോറടിപ്പിക്കുന്നതായിരുന്നു.എവിടെയും കൃഷിപ്പാടം.ഞാൻ സീറ്റിലേക്ക് വന്നിരുന്നു..സൽമാൻ ഖാന്റെ ഒരു പഴയ പടം വെച്ചിരുന്നു…അതും കണ്ടിരുന്നു…രമണ് ഭായി പെരുമാൾ അണ്ണനെ പോലെ അത്ര സംസാര പ്രിയൻ അല്ല…പിന്നെ പുള്ളി ഹിന്ദി ആയതിനാലും ഞാൻ അധികം സംസാരിച്ചില്ല…ആ ഇരിപ്പ് ഒരു രണ്ടു മണിക്കൂർ നീണ്ടു…ഏകദേശം 1.30 ഒക്കെ ആയപ്പോൾ വീണ്ടും വണ്ടി ഒരു ഹോട്ടലിലേക്ക് കയറ്റി…ഉച്ചഭക്ഷണം അവിടെ നിന്നും ആയിരുന്നു…ഇത്തവണയും നീൽകമൽ തന്നെ ആയിരുന്നു.. പക്ഷെ ആ സ്ഥലത്തിന്റെ പേര് ഞാൻ മറന്നു പോയി…
ഇവിടെ ഒരു സംഭവം ഉണ്ടായി….വണ്ടിയിൽ നിന്നിറങ്ങി ഞാൻ ഒന്ന് മുഖം കഴുകാൻ പോയി…പോയി വന്നപ്പോൾ പെരുമാൾ അണ്ണനെയും രമണ് ഭായ്‌യേയും കാണാനില്ല..കുറെ നോക്കി കാണുന്നില്ല..ഞാൻ മെനു നോക്കിയപ്പോൾ നമുക്ക് പറ്റിയ ഒന്നും ഇല്ല…കാലത്തു ഹെവി ആയി അടിച്ചു കേറ്റിയ കാരണം വലിയ വിശപ്പ് ഉണ്ടായിരുന്നില്ല…ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പെരുമാൾ അണ്ണൻ വന്നു…എന്നോട്’തമ്പി നീ എൻഗ താ പോണേ??ഉന്നെ എന്ഗേയെല്ലാം പാതെന്!!!!അപ്പോളാണ് ഇവിടെ ഇവർക്ക് ഭക്ഷണം ഹോട്ടലിനു പുറകിൽ ഒരു പ്രത്യേക ഏരിയയിൽ ആണെന്നറിഞ്ഞത്…ഞാൻ ഒരുമിച്ചിരിക്കാം എന്നാണ് കരുതിയത്… അതോടെ ഉച്ച ഭക്ഷണം മൂഞ്ചി..അവിടെ നിന്നും വേഗം വണ്ടി എടുത്തു..
ഏകദേശം 3മണി ആയപ്പോൾ ഞങൾ ബെൽഗാമിൽ എത്തി…ബെൽഗാമിൽ ഒരുപാട് മലയാളി മെഡിക്കൽ സ്റ്റുഡന്റ്‌സ് നെ കണ്ടു…ബിശ്വജിത് ജി എന്നെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു…പുള്ളിയോട് കുറച്ചു വർത്തമാനവും പറഞ്ഞു ഒരു ഫോട്ടോയും എടുത്ത് തിരികെ വണ്ടിയിൽ കയറി…അവിടെ നിന്നും ഞാൻ മുൻപിൽ വന്നിരുന്നു…മുൻപത്തെ അനുഭവത്തിൽ പറഞ്ഞ പോലെ കേരളം വിട്ടാൽ പിന്നെ റോഡ് മാത്രം ഉള്ളു എന്നതിനെ സത്യമാക്കുന്ന അവസ്ഥ…അടിപൊളി ഹൈവേ…ഇരുവശവും കൃഷിപാടങ്ങൾ മാത്രം..മനുഷ്യന്റെ പരിതാപകരമായ അവസ്ഥ കാണിച്ചു തരുന്ന ഗ്രാമീണ കാഴ്ചകൾ!!!!നമ്മുടെ കേരളം സ്വര്ഗം ആണ്…
രമണ് ഭായി നല്ല ഫോമിൽ ആണ്..വണ്ടി ഇപ്പോ തന്നെ 3മണിക്കൂർ ലേറ്റ് ആണ്…4മണിയോട് കൂടി ഞങ്ങൾ കര്ണാടകയിലേക്ക് പ്രവേശിച്ചു…ഹൂബ്ലി ആണെന്ന് തോന്നുന്നു അതിർത്തി…ഈ കാഴ്ച്ചകളെല്ലാം വരുന്ന വഴി എനിക്ക് നഷ്ടമായിരുന്നു….വെറും കൃഷിപടങ്ങൾ മാത്രം…ഇവിടെ വച്ചൊക്കെ വണ്ടി പെട്രോൾ കഴിഞ്ഞാലോ എന്നാലോചിച്ചു പോയി😊😊..ഇവിടെ നിന്നും വീണ്ടും പെരുമാൾ അണ്ണൻ ഡ്യൂട്ടി എടുത്തു…സൂര്യൻ മറഞ്ഞു…കുറച്ചു കഴിഞ്ഞപ്പോൾ ഒരു വിജന പ്രദേശത്തു വണ്ടി നിർത്തി…ഒന്നു മുള്ളാൻ വേണ്ടി ഞാൻ പുറത്തിറങ്ങി.സയ്ദ് ഭായി അഹമ്മദാബാദ് നിന്നും കയറ്റിയ ലഗ്ഗേജ് ഇറക്കുന്നു….
മുൻപിലേക്ക് നോക്കിയപ്പോൾ ഞങ്ങളുടെ ബസിന്റെ തൊട്ടു മുൻപിൽ2784 നിൽക്കുന്നു…അതു തന്നെ,കോലാപുർ നിന്നും ഞങ്ങളോട് ഭായ് പറഞ്ഞു പോയ ജാലോർ ബസ്..അവരും ലഗ്ഗേജ് ഇറക്കുകയായിരുന്നു..കുമാർ ഭായിയോടും സംസാരിച്ചു.അവിടെ നിന്നും ഞങ്ങൾ ആദ്യം എടുത്തു…ഞങ്ങൾ ബാംഗ്ലൂർ നോട് അടുത്തു കൊണ്ടിരുന്നു..7.30നു ബാംഗ്ലൂരിൽ എത്തേണ്ട വണ്ടി ആണ് …7.30നു ഗൂഗ്ൾ മാപ് നോക്കിയപ്പോൾ ബാംഗ്ലൂര്ക്ക് ഇനിയും 180കിലോമീറ്റര് ഉണ്ട്!!! പെരുമാൾ അണ്ണൻ 100 100ഇൽ ആണ് മുഴുവൻ സമയവും….8.30 ഒക്കെ ആയപ്പോൾ ആളുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്നില്ലേ എന്നു ചോദിച്ചു വന്നു തുടങ്ങി…
ബാംഗ്ലൂര് എത്തുമ്പോൾ അർദ്ധരാത്രി ആകും എന്നുള്ളത് കൊണ്ടും ഞങ്ങൾ ഹോട്ടല് തപ്പി തുടങ്ങി..ദേവനാഗരി മുതൽ തുടങ്ങിയ തിരച്ചിൽ അവസാനം ചിത്രദുര്ഗ എത്തിയപ്പോൾ ആണ് നിന്നത്…. ഹോട്ടലിന്റെ പേരു എനിക്ക് ഓർമ കിട്ടുന്നില്ല..ഉച്ചക് എന്നെ കാണാതെ പോയ കാരണം ഇനി അത് ആവർത്തിക്കാതിരിക്കാൻ വേണ്ടി പെരുമാൾ അണ്ണൻ എന്നെ ഇറങ്ങിയപ്പോള് തന്നെ കൂടെ കൂട്ടി ..ഇവിടെയും ഞങ്ങള്ക്ക് പ്രത്യേകം സ്ഥലം ഉണ്ടായിരുന്നു…രാത്രി ആയ കാരണം ഹോട്ടലിന്റെ പേര് ശ്രദ്ധിക്കാൻ പറ്റിയില്ല…ഉച്ചക്ക് കഴിക്കാത്തതിന്റെ ക്ഷീണം ഇവിടെ തീർത്തു.
ഇതും വെജിറ്റേറിയൻ ഹോട്ടല് ആയിരുന്നു…പക്ഷേ ഞങ്ങൾക്ക് ചിക്കനും മട്ടനും ഒക്കെ ആയിരുന്നു…ഗൾഫിൽ നിന്നും വരുന്നവരെ വീട്ടുകാർ സൽകരിക്കുന്ന പോലെ എനിക്ക് തോന്നി…എന്തും യഥേഷ്ടം കഴിക്കാം…കാരണം ഈ ഒരു ബസിലെ തന്നെ 47പേരും അവിടെ തന്നെ കയറും…അവർക്ക്. അതൊരു വലിയ തുക നൽകും..അതിന്റെ ഉപകാരസ്മരണ ആണ് അവർ കാണിക്കുന്നത്…9.00 മണി ആയപ്പോൾ വണ്ടി എടുത്തു…ബാംഗ്ലൂര്ക്ക് ഇനിയും 150 km ഉണ്ട്…പെരുമാൾ അണ്ണനോട് ചോദിച്ചപ്പോൾ ഏകദേശം 11 മണിക്ക് ബാംഗ്ലൂർ എത്തും എന്നു പറഞ്ഞു…മനസ്സിൽ ബാംഗ്ലൂർ തിരിച്ചെത്തിയതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും അതിന്റെ പത്തിരട്ടി സങ്കടം ആയിരുന്നു ഈ നല്ല മനുഷ്യരെ പിരിയണം എന്നോർത്തപ്പോൾ..
അങ്ങനെ സിറയും തുംകൂറും ഒക്കെ പിന്നിട്ട് ഏകദേശം ഞങ്ങൾ 11 മണിയോട് കൂടി ബാംഗ്ലൂർ ന്റെ പ്രാന്തപ്രദേശമായ യെശ്വന്ത്പുർ എത്തി.. കുറച്ചു പേർ അവിടെ ഇറങ്ങിപ്പോയി…അവസാനം തലെ ദിവസം കാലത്തു 8.30നു ആരംഭിച്ച യാത്ര അടുത്ത ദിവസം രാത്രി 11.30 നോട് കൂടി ഏകദേശം 39 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ബസ് ബാംഗ്ലൂർ ആനന്ദ റാവു സർക്കിളിലെ എസ് ആർ എസ് ട്രാവെൽസിന്റെ ബസ് റ്റെർമിനലിലേക്ക് കയറ്റി…എന്റെ 28 മണിക്കൂർ യത്ര അവിടെ അവസാനിക്കുകയായിരുന്നു….
എല്ലാവരും ഇവിടെ ഇറങ്ങി…വോൾവോ എന്ന ബ്രാന്റിനോടും ബസ് എന്ന വികരത്തോടും മനസ്റിൽ ഒരായിരം ആരാധന തോന്നിപ്പോയി…ഗുജറാത്തിൽ നിന്നും ഞാൻ കയറുമ്പോൾ ഉണ്ടായിരുന്ന പകുതി പേരും ഇവിടേക്ക് ഉള്ളവർ ആയിരുന്നു..ദീർഘ യാത്രക്ക് ട്രെയിൻ മാത്രമേ പറ്റു എന്നു പറയുന്നവരെ ഞാൻ ഓർത്തു പോയി. ജീവിതത്തിൽ മറക്കാനാവാത്ത അല്ലെങ്കിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ നിമിഷങ്ങൾ സമ്മാനിച്ച പെരുമാൾ അണ്ണനോടും രമണ് ഭായിയോടും സയ്യിദ് ബയ്യയോടും യാത്ര പറഞ്ഞു
പോകാൻ നേരം പെരുമാൾ അണ്ണൻ വിളിച്ചിട്ട് നമ്പർ തന്നിട്ട് പറഞ്ഞു” ബാംഗ്ലൂർ എപ്പോ വന്നാലും വിളിക്കണം…ഞാൻ കരഞ്ഞു പോയെന്നു തോന്നി…അവിടെ നിന്നും ഞാൻ കൂട്ടുകാരൻ താമസിക്കുന്ന റൂമിലേക്ക് പോയി…അന്ന് അടിപൊളി ആയി ഉറങ്ങിയ ഞാൻ പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഉച്ച ആയി …ഈ 29 മണിക്കൂർ യാത്രയിൽ ആകെ അഞ്ചു മണിക്കൂർ മാത്രമേ ഞാൻ ഉറങ്ങിയിരുന്നുള്ളൂ. ഉച്ചക്ക് എഴുന്നേറ്റ് ഉടനെ പെരുമാൾ അണ്ണനെ വിളിച്ചപ്പോൾ പുള്ളി ഹൂബ്ലി എത്തിയിരുന്നു. ചോദിച്ചപ്പോൾ ജോധ്പൂർ പോവുകയാണ് വീണ്ടും!!!തിരിച്ചു പോകാൻ തോന്നിപ്പോയി ആ മറുപടി കേട്ടപ്പോൾ.
ഉച്ചയോട് കൂടി ഞാൻ കൂട്ടുകാരനോട് യാത്ര പറഞ്ഞു ഇറങ്ങി..ഒന്നു കറങ്ങിയ ശേഷം രാത്രി 10 മണിയോട് കൂടി ഞാൻ തൃശൂരിലേക്ക് വണ്ടി കയറി. ആറു ദിവസം നീണ്ടുനിന്ന ഏകദേശം 4000കിലോമീറ്റർ നീണ്ട യാത്രക്ക് ശേഷം 7 മണിയോട് കൂടി ഞാൻ വീട്ടിൽ എത്തി!!!!!
വാൽക്കഷ്ണം–തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച യാത്ര ആയിരുന്നു ഇത്…ഒരു പ്ലാനിംഗ് ഇല്ലാതെ പോയ ഒരു യാത്ര…ലക്ഷ്യം അജ്‌മീർ ആയിരുന്നെങ്കിലും ഇമ്തിയാസ് എന്ന മിത്രം കാരണം അത് അഹമ്മദാബാദ് ഇൽ വച്ചു അവസാനിച്ചു…ഇതെന്റെ രണ്ടാമത്തെ വിവരണം ആണ്…ആദ്യ ഭാഗത്തിന് നല്കിയപിന്തുണ ഇതിനും നൽകും എന്നു പ്രതീക്ഷിക്കുന്നു…
ഇനി ഇതു പോലെ യാത്രാ പോകാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിവണ്ടി ഡീറ്റൈൽസ് പറഞ്ഞു തരാം…ഞാൻ വന്നത് ഉച്ചക്ക് 2മണിക്ക് എടുക്കുന്ന ബാംഗ്ലൂര്-ഉദയ്പ്പൂർ ബസിൽ ആയിരുന്നു..തിരിച്ചു വന്നത് കാലത്ത് ജോധ്പൂർ നിന്നും 7.30നു എടുക്കുന്ന ബാംഗ്ലൂർ സർവീസിലും ആയിരുന്നു..നിങ്ങൾ കാഴ്ച്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഈ യാത്ര നിങ്ങളെ നിരാശപെടുത്തില്ല… കാരണം പോകുംമ്പോൾ നഷ്ടമാകുന്ന കാഴ്ചകൾ നിങ്ങൾക്ക് തിരിച്ചു വരുമ്പോൾ കാണാം…
മൺസൂൺ ആരംഭത്തിൽ ആണ് ഞാൻ പോയത്…അതാണ് ശരിക്കും നല്ല സമയം…ടിക്കറ്റ് ചാർജ് 2200-2500 രൂപ ആണ്.പെരുമാൾ അണ്ണനെ പോലെ ഉള്ള ഡ്രൈവർമാർ ആണെങ്കിൽ യാത്ര നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല…58മണിക്കൂർ നീണ്ട ബസ് യാത്രയിൽ ആകെ 10മണിക്കൂർ മാത്രമേ ഞാനുറങ്ങിയിട്ടുള്ളൂ..അത്ര മാത്രം ആകാംക്ഷ ആയിരുന്നു ഒരു മിനിറ്റിലും…ഇന്ത്യയുടെ സംസ്കാരം ഒരു പരിധി വരെ ഈ യാത്രയിൽ അറിയാൻ പറ്റി…ഇനി എന്തെങ്കിലും സംശയം ഉള്ളവർക്ക് എന്നോടു നേരിട്ടും അല്ലാതെയും ചോദിക്കാം..ഈ യാത്രയിൽ ഞാൻ കണ്ട കാഴ്ചകളിൽ ഒരു പരിധി വരെ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്… താൽപര്യമുള്ളവർക്ക് അതിൽ നോക്കിയാൽ ഞാൻ കണ്ട കാഴ്ചകൾ കാണാം… യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു…