ബെംഗളൂരുവിനെക്കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലേ?. ധാരാളം മലയാളികൾ പഠനത്തിനായും ജോലിയാവശ്യത്തിനായും ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. ഇത്തരത്തിൽ ബെംഗളൂരു നിവാസികളായവർ വീക്കെൻഡുകളിൽ ഒരു ട്രിപ്പ് പോകാറുണ്ട്. മിക്കയാളുകളും നന്ദിഹിൽസും മറ്റുമൊക്കെയായിരിക്കും എളുപ്പത്തിനായി തിരഞ്ഞെടുക്കാറുള്ളത്.
എന്നാൽ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി അൽപ്പം സാഹസികതയും കൂടിയുള്ള സ്ഥലങ്ങളിലേക്ക് ഒന്നു പോയാലോ? ബെംഗളൂരുവിൽ നിന്നും സാഹസിക പ്രിയരായിട്ടുള്ളവർക്ക് ട്രിപ്പ് പോകുവാൻ പറ്റിയ 5 വ്യത്യസ്തങ്ങളായ സ്ഥലങ്ങളെ പരിചയപ്പെടാം.
1 രാമനഗരം : ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. മനസിലാക്കുവാനായി ഒരു പറയാം കൂടി പറയാം. അമിതാഭ് ബച്ചൻ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായ ഷോലെയിലെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്ത സ്ഥലമാണിത്.
ബെംഗളൂരു-മൈസൂരു ഹൈവേയിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയും ബെംഗളൂരുവിൽനിന്നും ഏകദേശം 50 കിലോമീറ്റർ ദൂരെയായിട്ടാണ് രാമനഗരം സ്ഥിതിചെയ്യുന്നത്.ഇത് സിൽക്ക് നഗരം എന്നും അറിയപ്പെടുന്നു. ഒരു കൂട്ടം കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടെ 10.കി. മീ ചുറ്റുവട്ടത്തിൽ 7 മലകളുടെ ഒരു സമൂഹമുണ്ട്. ഗ്രാനൈറ്റ് പാറകളും കുന്നുകളുമൊക്കെയുള്ള ഇവിടം അഡ്വഞ്ചർ ആക്ടിവിറ്റികൾക്ക് അനുയോജ്യമാണ്. ട്രെക്കിംഗ്, റോക്ക് ക്ളൈമ്പിങ് തുടങ്ങിയവയ്ക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നാണിത്.
2. മാകളി ദുർഗ്ഗ : ബെംഗളൂരുവിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷനാണ് മാകളി ദുർഗ്ഗ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ പുൽമേടുകൾ ധാരാളമുണ്ട്. ട്രെക്കിംഗിനും പേരുകേട്ട ഒരു സ്ഥലം കൂടിയാണിത്. വനംവകുപ്പിന് കീഴിലുള്ള പ്രദേശമായതിനാൽ Illegal ആയിട്ടുള്ള ട്രെക്കിംഗുകൾ ഇവിടെ നിരോധിച്ചിട്ടുണ്ട്. Legal ട്രെക്കിംഗുകൾ നടത്തുന്നതിനായി http://www.myecotrip.com വഴി ബുക്ക് ചെയ്യാം.
3. മധുഗിരി : ബെംഗളൂരുവിൽ നിന്നും 100 കിലോമീറ്റർ ദൂരത്തായി തുംകൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഉയർന്ന പ്രദേശമാണ് മധുഗിരി. 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് (ഒറ്റ പാറ) ശരിക്കും മധുഗിരി. ഏഷ്യയിൽത്തന്നെ ഒറ്റക്കൽപാറകളിൽ രണ്ടാം സ്ഥാനമാണ് മധുഗിരിയ്ക്ക്. ട്രെക്കിങ്ങിനു അനുയോജ്യമായ സ്ഥലമാണെങ്കിലും ഇവിടത്തെ ട്രെക്കിംഗ് അൽപ്പം പ്രയാസമേറിയതാണ്. തണുപ്പുകാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.
4. സാവൻ ദുർഗ : ബെംഗളൂരുവിൽ നിന്നും ഏകദേശം 55 കിലോമീറ്ററോളം ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ഏകശിലാസ്‌തംഭമാണ് (Monolithic Rock) സാവൻ ദുർഗ. ആദ്യകാലത്ത് ഈ കുന്നിനെ സാവിന-ദുർഗ്ഗ (സാവ് എന്നാൽ മരണം എന്നാണർത്ഥം) എന്ന് പറഞ്ഞിരുന്നു. ഈ കുന്നിൻ മുകളിൽ കയറാൻ പടവുകൾ ഒന്നും ഇല്ല എന്നതും കയറുന്നത് മരണത്തിനു കാരണമാകുന്നു എന്നതുമാണ് അങ്ങനെ പേര് വരാൻ കാരണം. ഇന്ന് റോക്ക് ക്ലൈംബിങ്ങിനു പേരുകേട്ട സ്ഥലമാണിത്.വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ സാവൻദുർഗ്ഗ കയറുന്നത് വളരെ അപകടം പിടിച്ചതാണ്.
5. ഭീമേശ്വരി : ബെംഗളൂരുവിൽ നിന്നും 100 കിലോമീറ്റർ അകലത്തായി മാണ്ട്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ഭീമേശ്വരി. കാവേരി നദിയുടെ ഭംഗി നമുക്കിവിടെ ആസ്വദിക്കാം. മുൻപ് പറഞ്ഞ നാലു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി സാഹസികത കുറഞ്ഞ ഒരു സ്ഥലമാണിത്. ഇവിടെ കാവേരി നദിയോടു ചേർന്നുള്ള ഫിഷിംഗ് ക്യാമ്പ് വളരെ പ്രശസ്തമാണ്. സഞ്ചാരികൾക്ക് ചൂണ്ടയിടാനുള്ള സൗകര്യമൊക്കെ ഇവിടെയുണ്ടനെകിലും മീനുകളെ കൊണ്ടുപോകുവാൻ പാടില്ല.
ട്രെക്കിംഗ്, ചങ്ങാടയാത്ര, കുട്ടവഞ്ചി യാത്ര തുടങ്ങിയ ആക്ടിവിറ്റികൾ ഇവിടെ ലഭ്യമാണ്.
അപ്പോൾ ഇനി അടുത്ത വീക്കെൻഡിൽ ഇവിടേക്ക് സുഹൃത്തുക്കളുമായി ഒരു യാത്ര പ്ലാൻ ചെയ്തു നോക്കൂ.
വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ. കവർ ചിത്രം – സാഗർ സാക്രെ.