കേരളത്തിനുള്ളിൽ ആണെങ്കിലും വടക്കേയറ്റത്തു കിടക്കുന്നതിനാൽ മിക്കയാളുകളും കാസർഗോഡ് ജില്ലയിൽ പോയിട്ടുണ്ടാകാൻ വഴിയില്ല. പിന്നെ അത് വഴി പോകുന്നത് കൊല്ലൂർ – മൂകാംബികയിലേക്കുള്ള തീര്തഥയാത്രയ്ക്കിടെയാണ്. കാസർകോട്ടെ സംസാരഭാഷയായ മലയാളത്തിൽ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.
കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽനിന്നാണ് കാസറഗോഡ് എന്ന പേരു ലഭിച്ചതെന്നു കരുതുന്നു.മലയാളികളും അതിനു സമാനമായ കാഞ്ഞിരോട് എന്ന പേരിൽ കാസറഗോഡിനെ വിളിച്ചിരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാം. മറ്റു ജില്ലകളെപ്പോലെ കാസർഗോഡിനും ഉണ്ട് തങ്ങളുടേതായ സംസ്ക്കാരവും പ്രകൃതി ഭംഗിയുമൊക്കെ. ഇനി കാസർഗോഡ് ജില്ലയിൽ വന്നാൽ തീർച്ചയായും സഞ്ചാരപ്രിയർ സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതൊക്കെയെന്നു നോക്കാം.
1) ബേക്കൽ കോട്ട : കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഒരു പക്ഷെ നിങ്ങൾക്ക് അറിയാവുന്ന ഒരു സ്ഥലമായിരിക്കും ബേക്കൽ കോട്ട. ബോംബെ എന്ന സിനിമയിലെ ‘ഉയിരേ..ഉയിരേ..” എന്ന പ്രശസ്തമായ ഗാനരംഗം ഷൂട്ട് ചെയ്തത് ബേക്കൽ കോട്ടയിൽ വെച്ചാണ്. ഇപ്പോൾ ഓർമ്മ വരുന്നില്ലേ? കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട കാസർഗോഡ് നിന്നും ഏകദേശം എട്ടു കിലോമീറ്റർ ദൂരത്തായാണ് സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ്.
300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതാണ്. ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക് ആണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. സുൽത്താൻ ഹൈദരാലി പിന്നീട് ഈ കോട്ട പിടിച്ചെടുക്കുകയുണ്ടായി. അങ്ങനെ ഇത് ടിപ്പുസുല്‍ത്താന്റെ കാലത്ത് തുളുനാടിന്റേയും മലബാറിന്റേയും പ്രധാന ഭരണകേന്ദ്രമായി മാറുകയും ചെയ്തു. തെക്കുഭാഗത്തേക്കു തുറക്കുന്ന തുരങ്കം, യുദ്ധോപകരണങ്ങള്‍ സൂക്ഷിയ്ക്കാനുള്ള ആയുധശാല, നിരീക്ഷണ ഗോപുരത്തിലേക്കുള്ള വീതിയേറിയ നടപ്പാത എന്നീ അസാധാരണ കാഴ്ചകള്‍ ബേക്കല്‍കോട്ടയില്‍ കാണാം. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. ബേക്കൽ കോട്ടയിലെ കാഴ്ചകൾ കാണുവാൻ വരുന്നവർക്ക് ഇവിടെ അടുത്തുള്ള ബേക്കൽ ബീച്ച് പാർക്കിലും കൂടി കയറാവുന്നതാണ്. പത്തു രൂപയാണ് ഇവിടെ കയറുവാനുള്ള ഫീസ്. കുട്ടികളുമായി വരുന്നവർക്ക് ഈ പാർക്ക് വളരെ അനുഗ്രഹമായിരിക്കും.നല്ല വാഹന പാർക്കിംഗ് സൗകര്യമുള്ള ഇവിടെ രാവിലെ 7.30 മുതൽ വൈകുന്നേരം 7 മണിവരെ പ്രവേശനമുണ്ട്. കാസർഗോഡ് നഗരത്തിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
2) ചന്ദ്രഗിരി കോട്ട : കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണിത്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 150 അടിയോളം ഉയരത്തിലാണു കോട്ട.അതുകൊണ്ട് കോട്ടക്കുള്ളിൽ എത്തുവാനായി പടികൾ കയറി മുകളിലേക്ക് പോകേണ്ടതായുണ്ട്. കോട്ടയ്ക്ക് മൂന്നു വാതിലുകളാണുള്ളത്.പ്രധാന വാതിലിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്. സന്ദർശകർ അവിടെയുള്ള രജിസ്റ്ററിൽ തങ്ങളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തണം. കോട്ടയ്ക്കുള്ളിൽ കടന്നാൽ ചുറ്റിനും നല്ല കാഴ്ചകളാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക.
3) റാണിപുരം : കാസർഗോഡ് ജില്ലയുടെ മലയോര മേഖലയാണ് റാണിപുരം. ബാഗമണ്ഡല വനനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. കാസർഗോഡ് നിന്നും ഏകദേശം 85 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്. പ്രകൃതി രമണീയമായ റാണിപുരം സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത്യാധുനിക രീതിയില്‍ നിര്‍മിച്ച കോട്ടേജുകള്‍, ഫാമിലി റൂമുകള്‍, റസ്റ്റോറന്റ്, ടോയ്ലറ്റുകള് എന്നിവകൊണ്ടെല്ലാം ഇവിടം എല്ലാത്തരം സഞ്ചാരികൾക്കും പറ്റിയ ഒരിടമാണ്. അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇവിടത്തെ കാലാവസ്ഥ. വേനലിലും തണുത്ത കാലാവസ്ഥയായിരിക്കും ഇവിടെ അനുഭവപ്പെടുക. കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. റാണിപുരത്തു നിന്ന് കര്‍ണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കു എളുപ്പത്തിലെത്താം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു സ്ഥലം കൂടിയാണിത്.തെന്നുന്ന പാറകളായതിനാല്‍ വൈകുന്നേരങ്ങളേക്കാള് രാവിലെ തന്നെ പോകുന്നതായിരിക്കും ഉത്തമം. ഇവിടെ അട്ടകള്‍ വളരെയധികം ഉള്ളതുകൊണ്ട് നല്ല ബൂട്ടുകളും, ഉപ്പും കൈയ്യില്‍ കരുതുവാന്‍ സഞ്ചാരികള്‍ മറക്കരുത്. ഇവിടേക്ക് വരുന്നവർ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കേണ്ടതാണ്.
4) കാപ്പിൽ ബീച്ച് : ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് കാപ്പിൽ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബേക്കൽ കോട്ട സന്ദർശിച്ച ശേഷം ഒന്നു റിലാക്സ് ചെയ്യുവാനായി നിങ്ങൾക്ക് ഇവിടേക്ക് വരാവുന്നതാണ്. കുറച്ച് സാഹസികത ഇഷ്ടമുള്ളവർ ആണെങ്കിൽ ഇവിടെയുള്ള കോടിക്കുന്ന് കയറി അറബിക്കടലിന്റെ സൗദര്യം ഒന്നുകൂടി വിശാലമായി ആസ്വദിക്കാം. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ബീച്ചിലേക്ക് പോകുവാൻ ഏറ്റവും അനുയോജ്യം.
5) കസബ ബീച്ച് : അധികമാരും അറിയപ്പെടാത്ത ഒരു ബീച്ചാണ് കാസർഗോഡ് ജില്ലയിലെ കസബ ബീച്ച്. ടൂറിസം വകുപ്പ് വളരെ കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടു വന്നതാണ് കസബ ബീച്ച്. വൈകുന്നേരങ്ങളിൽ ബീച്ചിൽ സൈക്കിൾ സവാരിയ്ക്കായി നിരവധിയാളുകളാണ് എത്തുന്നത്. ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തുന്ന സ്ഥലം കൂടിയാണിത്. മീൻപിടുത്തമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാർഗ്ഗം. കാസർഗോഡ് നിന്നും അഞ്ചോ ആറോ കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. ഇവിടേക്ക് സന്ദർശനത്തിനായി വരുന്നവർ സമീപവാസികൾക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ ഒന്നും ചെയ്യാതെ ശ്രദ്ധിക്കണേ.
കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് കൂടുതലായി അറിയുവാൻ ബന്ധപ്പെടുക: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ – ഫോണ്‍: +91 4994 256450.