52 മണിക്കൂർ രാജധാനി എക്‌സ്പ്രസ്സിൽ; മംഗലാപുരം – ഡൽഹി നിസാമുദ്ധീൻ യാത്ര…

തിരുവനന്തപുരത്തു നിന്നും ഡൽഹി നിസാമുദ്ധീനിലേക്ക് ഞങ്ങൾ നടത്തിയ യാത്ര വിശേഷങ്ങളുടെ രണ്ടാം ഭാഗമാണിത്. ആദ്യഭാഗത്തിൽ ഞങ്ങൾ മംഗലാപുരം വരെ എത്തിയിരുന്നു. ആ വിവരണം കാണുവാനായി – https://bit.ly/2GEIi2S. ഇനി അവിടുന്ന് ഡൽഹി നിസാമുദ്ധീൻ വരെയുള്ള നീണ്ട യാത്രയുടെ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ്. അപ്പോൾ തുടങ്ങാം അല്ലെ..

15 മിനിറ്റുകൾ നിർത്തിയിട്ടതിനു ശേഷം മംഗലാപുരത്തു നിന്നും ഞങ്ങളുടെ ട്രെയിൻ വീണ്ടും യാത്ര തുടർന്നു. ഉഡുപ്പിയും കുന്ദാപുരയുമൊക്കെ കഴിഞ്ഞു ട്രെയിൻ പറപറക്കുകയായിരുന്നു. രാജധാനി എക്സ്പ്രസ്സ് വളരെ മുൻഗണനയുള്ള ട്രെയിനായിരുന്നതിനാൽ മറ്റു തീവണ്ടികളെയൊക്കെ പിടിച്ചിട്ടുകൊണ്ടാണ് ഞങ്ങൾ പോയിരുന്നത്. എന്നാൽ ഇടയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ രാജധാനി എക്സ്‌പ്രസും പിടിച്ചിട്ടായിരുന്നു.

ഈ റൂട്ടിലെ മനോഹരമായ കാഴ്ചകൾ കൊങ്കൺ റൂട്ടിലാണ് ഉള്ളത്. നേരം ഇരുട്ടുമെന്നതിനാൽ ഞങ്ങൾക്ക് അവിടത്തെ പ്രധാനപ്പെട്ട കിടിലൻ കാഴ്ചകളൊക്കെ നഷ്ടപ്പെടുമോ എന്നൊരു പേടി. എന്തായാലും ഒന്നു ശ്രമിക്കാമെന്നു വെച്ചു. ഉഡുപ്പി കഴിഞ്ഞാൽ പിന്നീട് ട്രെയിൻ നിർത്തുന്നത് കാർവാർ സ്റ്റേഷനിൽ ആണ്. പക്ഷേ അതിനിടയ്ക്ക് ഹൊന്നവർ എന്നൊരു ചെറിയ സ്റ്റേഷനിൽ ഏതോ ട്രെയിനിന് കടന്നുപോകുവാനായി ട്രെയിൻ നിർത്തി. അതിനിടെ ഒരു റെയിൽവേ ജീവനക്കാരൻ (ലോക്കോ പൈലറ്റിന്റെ സഹായിയോ മറ്റോ ആണെന്ന് തോന്നുന്നു) ലോക്കോ പൈലറ്റിനായി ചായയും ഭക്ഷണവും പാർസലായി മുന്നിലെ എഞ്ചിനിൽ കൊണ്ടുപോയി കൊടുക്കുന്നു. ഈ ലോക്കോ പൈലറ്റുമാരുടെ കാര്യം വളരെ കഷ്ടം തന്നെയാണ്. ഒന്നു ടോയ്‌ലറ്റിൽ പോകണമെന്നു തോന്നിയാൽ പോലും എഞ്ചിനുള്ളിൽ അതിനുള്ള സൗകര്യങ്ങളൊന്നുമില്ല. പിന്നെ വിശക്കുമ്പോൾ ഇതുപോലെ ലഭിക്കുന്ന ഭക്ഷണങ്ങളാണ് ആശ്രയം.

അങ്ങനെ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. അതിനിടെ ഞങ്ങളുടെ കൂപ്പെ വൃത്തിയാക്കുവാനായി ട്രെയിനിലെ ഹൗസ് കീപ്പിങ് ജീവനക്കാരൻ എത്തി. പ്രത്യേകിച്ച് ഒന്നും വൃത്തിയാക്കുവാൻ ഉണ്ടായിരുന്നില്ലെങ്കിലും അവർ അവരുടെ ജോലി നന്നായി ചെയ്തു.

മഡ്‌ഗാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു പിന്നീട് കർമാലി എന്നൊരു സ്റ്റേഷനിൽ പിന്നീട് ട്രെയിൻ നിർത്തി. ഞങ്ങളുടെ മുന്നിലത്തെ കോച്ചിലെ ഒരു യാത്രക്കാരനെ കാണ്മാനില്ല എന്ന് ട്രെയിനിൽ അനൗൺസ്മെന്റ് കേട്ടു. അദ്ദേഹം വേറെ ഏതെങ്കിലും കോച്ചിൽ മാറിക്കയറിയോ എന്നറിയുവാനായിരുന്നു അനൗൺസ് ചെയ്തത്. എവിടെ പോയെന്നു ആർക്കും അറിയില്ല. കാര്യമെന്തെന്നറിയുവാൻ ഞങ്ങൾ പുറത്തിറങ്ങി നോക്കി. മുന്നിലെ കോച്ചിനു മുന്നിൽ ഒരാൾക്കൂട്ടം. കൂടെ TTR ഉം ഉണ്ട്. ചിലപ്പോൾ മുൻപ് നിർത്തിയ സ്റ്റേഷനിൽ ഇറങ്ങിക്കാണും എന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു. കുറേനേരം ആ സ്റ്റേഷനിൽ നിർത്തിയിട്ടതിനു ശേഷം പിന്നീട് യാത്ര തുടർന്നു.

അപ്പോഴേക്കും ഡിന്നർ സമയമായിരുന്നു. ഞങ്ങൾക്കായുള്ള ഡിന്നർ വിഭവങ്ങളുമായി അറ്റൻഡർ എത്തിച്ചേർന്നു. ബ്രെഡ്, ജാം, ന്യൂഡിൽസ്, പാസ്ത, കട്ലറ്റ്, ചിക്കൻ എന്നിവയായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഡിന്നർ. ലഞ്ചിനെ അപേക്ഷിച്ച് ഡിന്നർ വളരെ നല്ലതായിരുന്നു. ഡിന്നറിനു ശേഷം ഞങ്ങൾ ഉറങ്ങുവാനായി തയ്യാറെടുത്തു. ട്രെയിൻ ഭയങ്കര താമസിച്ചുകൊണ്ടായിരുന്നു ഓടിയിരുന്നത്. ഇരുട്ടായതിനാൽ കൊങ്കണിലെ മനോഹരമായ കാഴ്ചകൾ നഷ്ടമായതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ടായിരുന്നു. എന്തായാലും മറ്റൊരിക്കൽ ആ കാഴ്ചകൾ കാണുവാനായി പകൽ സമയം ഇതിലൂടെ വരണം എന്നു ഞങ്ങൾ തീരുമാനിച്ചു.

പിറ്റേദിവസം രാവിലെ എഴുന്നേറ്റു ഞാൻ കുളിച്ചു റെഡിയായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തിയിരുന്നു. എനിക്ക് ഓംലറ്റും കുറച്ച് വെജിറ്റബിൾസും, ശ്വേതയ്ക്ക് കട്ലറ്റും വെജിറ്റബിൾസും ആയിരുന്നു ലഭിച്ചത്. ആ സമയം ട്രെയിൻ ഏതോ വരണ്ട കാലാവസ്ഥയുള്ള പ്രദേശത്തു കൂടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ട്രെയിൻ ഭയങ്കര സ്പീഡിൽ ആയിരുന്നു. ചില റെയിൽവേ സ്റ്റേഷനുകളൊക്കെ ശടെ എന്നു പറഞ്ഞുകൊണ്ടേയിരുന്നു കടന്നു പോയിരുന്നത്. യാത്രയ്ക്കിടയിൽ ഞാൻ വീഡിയോകൾ ഒക്കെ എഡിറ്റ് ചെയ്യുവാനായി സമയം കണ്ടെത്തി. അതിനിടയിൽ ഉച്ചയായപ്പോൾ ഞങ്ങൾക്കായുളള ലഞ്ച് വന്നു.

ഞങ്ങൾക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങൾ കാണുവാനുള്ള അവസരം ഈ യാത്രയ്ക്കിടയിൽ ഉണ്ടായി. ഒരു യാത്രികൻ എന്ന നിലയ്ക്ക് അതൊരു ഭാഗ്യം തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. ഡൽഹിയിൽ ചെന്നിട്ട് പ്രത്യേകിച്ച് അത്യാവശ്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ട്രെയിൻ ലേറ്റ് ആകുന്നതുകൊണ്ട് ഞങ്ങൾക്ക് പ്രത്യേകിച്ച് വിഷമമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം ഞങ്ങൾ പിറ്റേന്നു അതിരാവിലെ ഡൽഹിയിലെ നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.

ലേറ്റ് ആയി വന്നാൽ ലേറ്റ് ആയി തന്നെ പോകും, അതാണ് ഇന്ത്യൻ റെയിൽവേ. 8 മണിക്കൂർ താമസിച്ച് പുറപ്പെട്ട ഞങ്ങളുടെ ട്രെയിൻ 21 മണിക്കൂർ വൈകിയാണ് ഡൽഹിയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈ യാത്ര ഞാൻ നന്നായി മുതലെടുക്കുകയും ചെയ്തു.