ഓർക്കുക ! പെട്രോൾ പമ്പുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ സേവനങ്ങൾ…

സ്വന്തമായി വാഹനങ്ങളുള്ളവർ പെട്രോൾ പമ്പുകളിൽ പോകാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിനു പുറമെ യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കിയിരിക്കണം. അതാണ് നിയമം. ആ സേവനങ്ങളെക്കുറിച്ച് അധികമാർക്കും അറിവില്ല എന്നതു കൊണ്ടാണ് ഇത്തരത്തിലൊരു ലേഖനം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇനി എന്തൊക്കെയാണ് പെട്രോൾ പമ്പുകളിൽ നിന്നും നിങ്ങൾക്ക് നിർബന്ധമായും ലഭിച്ചിരിക്കേണ്ട സൗജന്യ സർവ്വീസുകൾ?

1 ക്വളിറ്റി, അളവ് പരിശോധന : ഒരു പമ്പിൽ നിന്നും ലഭിക്കുന്ന ഇന്ധനങ്ങളുടെ ഗുണമേന്മയിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ആ പമ്പിൽ നിന്നും തന്നെ ക്വാളിറ്റി ചെക്ക് ചെയ്യുവാനായി ഒരു ഫിൽറ്റർ പേപ്പർ ടെസ്റ്റ് ആവശ്യപ്പെടാവുന്നതാണ്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതു പ്രകാരം പമ്പുകാർ ഇത് ചെയ്തുകൊടുക്കുവാൻ ബാധ്യസ്ഥരാണ്. ഇതുപോലെ തന്നെ പമ്പുകളിൽ നിന്നും ലഭിക്കുന്ന ഇന്ധനങ്ങളുടെ അളവ് സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അതും ചെക്ക് ചെയ്യാവുന്നതാണ്. ഈ സേവനങ്ങൾക്ക് പമ്പുകാർ യാതൊരുവിധ സർവ്വീസ് ചാർജ്ജുകളും ഈടാക്കുവാൻ പാടുള്ളതല്ല.

2. ഫസ്റ്റ് എയ്‌ഡ്‌ കിറ്റ് : എല്ലാ വാഹനങ്ങളിലും ഫസ്റ്റ് എയ്‌ഡ്‌ കിറ്റുകൾ വേണമെന്നതു പോലെത്തന്നെ എല്ലാ പെട്രോൾ പമ്പുകളിലും ഇത് നിർബന്ധമായും ഉണ്ടായിരിക്കണം. ഹൈവേകളിലും മറ്റും അപകടങ്ങൾ ഉണ്ടാകുന്ന സമയത്ത് ഫസ്റ്റ് എയ്‌ഡ്‌ കിറ്റിനായി അലയേണ്ട കാര്യമില്ല. തൊട്ടടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ അവിടെ നിന്നും അത് ലഭിക്കും. ഇനി അഥവാ നിങ്ങൾക്ക് അവിടെ നിന്നും അത് ലഭ്യമായില്ലെങ്കിൽ പമ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.

3. എമർജൻസി കോൾ : എന്തെങ്കിലും അടിയന്തിര ഘട്ടങ്ങളിൽ നിങ്ങൾക്ക് ആരെയെങ്കിലും എമർജൻസി കോൾ ചെയ്യേണ്ട അവസ്ഥ വന്നാൽ (നിങ്ങളുടെ ഫോൺ സ്വിച്ച് ഓഫ് ആയാൽ) ഉടനെ അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്നാൽ നിങ്ങൾക്ക് സൗജന്യമായി ആ എമർജൻസി കോൾ ചെയ്യുവാനുള്ള സൗകര്യം അവിടെ ലഭിക്കും. എന്നു കരുതി ചുമ്മാ ഏതു കാര്യങ്ങൾക്കും ഓടിച്ചെന്നു പമ്പിൽപ്പോയി ഫോൺ വിളിക്കാമെന്നു കരുതേണ്ട. ആദ്യമേ തന്നെ പറഞ്ഞല്ലോ മറ്റുള്ളവർക്ക് കേട്ടാൽ എമർജൻസി ആണെന്ന് ബോധ്യപ്പെടുന്ന അവസരങ്ങളിൽ മാത്രം ഈ സൗകര്യം വിനിയോഗിക്കുക.

4. വാഷ് റൂമുകൾ : യാത്രകൾക്കിടയിൽ എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ ഒരേപോലെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വാഷ് റൂം, ടോയ്‌ലറ്റ് സൗകര്യങ്ങൾ. ഇവ എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യമാണ്. ഈ കാര്യം യാത്രകൾ ചെയ്യുന്ന മിക്കയാളുകൾക്കും അറിവുള്ള കാര്യമാണ്. പമ്പുകളിൽ നിന്നും നിങ്ങൾ പെട്രോൾ അടിച്ചില്ലെങ്കിലും ഈ സൗകര്യം സൗജന്യമായി ഉപയോഗിക്കുവാൻ നിങ്ങൾക്ക് അവകാശമുണ്ട്.

5. ശുദ്ധമായ കുടിവെള്ളം : യാത്രയ്ക്കിടയിൽ നിങ്ങൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നുകയാണെങ്കിൽ ശുദ്ധമായ കുടിവെള്ളം പെട്രോൾ പമ്പിൽ ലഭ്യമായിരിക്കും (അങ്ങനെ അവർ ചെയ്യേണ്ടതാണ്). നിങ്ങൾക്ക് പമ്പുകളിൽ നിന്നും വെള്ളം കുടിക്കുവാനും വേണമെങ്കിൽ കൈവശമുള്ള കുപ്പികളിൽ നിറയ്ക്കുവാനും സാധിക്കും. ഇതിനു യാതൊരുവിധ ചാർജ്ജും കൊടുക്കേണ്ടതില്ല.

6. ഫ്രീ എയർ ഫില്ലിംഗ് : പെട്രോൾ പമ്പുകളിൽ ഇന്ധനങ്ങൾക്ക് പുറമെ വാഹനങ്ങളിൽ സൗജന്യമായി എയർ നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാണ്. നിങ്ങൾ പമ്പിൽ നിന്നും ഇന്ധനം അടിച്ചില്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം. ചിലയിടങ്ങളിൽ എയർ നിറച്ചു തരുന്നതിനായി പമ്പിലെ ജീവനക്കാർ ഉണ്ടായിരിക്കും. ഈ സേവനം സൗജന്യമാണെങ്കിലും അവർക്ക് ഒരു പത്തോ ഇരുപതോ രൂപ കൊടുക്കുന്നതിൽ തെറ്റില്ല, ഒരു ടിപ്പ് എന്നതു പോലെ. എന്നാൽ ഇത്തരത്തിൽ വാഹനങ്ങളിൽ എയർ നിറയ്ക്കുന്നതിനു അവർ നിർബന്ധമായി ചാർജ്ജ് ചോദിച്ചു വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് പമ്പിനെതിരെ പരാതി നൽകാവുന്നതാണ്.

ഇപ്പോൾ മനസ്സിലായില്ലേ? പെട്രോൾ പമ്പുകൾ എന്നത് ഇന്ധനം നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലങ്ങളല്ല, മറിച്ച് യാത്രക്കാർക്ക് മേൽപ്പറഞ്ഞ സേവനങ്ങൾ കൂടി ലഭ്യമാകുന്ന ഒരിടം കൂടിയാണ്.