ബെംഗളൂരുവിനെക്കുറിച്ച് അധികം വിശദീകരണം ഒന്നും ആർക്കും വേണ്ടി വരില്ലെന്നറിയാം. കാരണം നമ്മുടെ അടുത്തു കിടക്കുന്ന ഈ മെട്രോ സിറ്റി നമുക്ക് അത്രയ്ക്ക് പരിചിതമാണ്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ബെംഗളൂരുവിൽ ധാരാളം മലയാളികളും ജീവിക്കുന്നുണ്ട്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്. 1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് വിമാനത്താവളത്തിനു പ്രധാനപ്പെട്ട ബസ് ടെര്മിനലിനും ഒക്കെ ‘കെമ്പഗൗഡ’ എന്ന പേര് വന്നത്. ഇപ്പോൾ മനസ്സിലായില്ലേ?
നമ്മുടെ നാട്ടിൽ നിന്നും നിരവധിയാളുകൾ ബെംഗളൂരുവിൽ ജോലിയ്ക്കായും ചുമ്മാ കറങ്ങുവാനായും ഒക്കെ പോകുന്നുണ്ട്. പ്രധാനമായും ബസ് , ട്രെയിൻ മാർഗമാണ് ഇവിടേക്ക് ആളുകൾ കൂടുതലായി എത്തിപ്പെടുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി ഉൾപ്പെടെയുള്ള നിരവധി ബസ് സർവ്വീസുകൾ ഇവിടേക്ക് ലഭ്യമാണ്. 2015 മുതൽ ബെംഗളൂരുവിലേക്കുള്ള വിമാന സർവ്വീസിന്റെ ചാർജ്ജുകൾ വളരെ കുറയുകയും തൽഫലമായി ഒരു വിഭാഗം ആളുകൾ ഫ്ളൈറ്റിനെ ആശ്രയിക്കുവാനും തുടങ്ങി. കൊച്ചിയിൽ നിന്നും ബസ്സിലും ട്രെയിനിലും ബെംഗളൂരുവിലെത്തുവാൻ കുറഞ്ഞത് പത്തു മണിക്കൂർ വേണമെന്നിരിക്കെ ഫ്‌ളൈറ്റിൽ ഏകദേശം ഒരു മണിക്കൂർ മാതമേ എടുക്കുന്നുള്ളൂ.
കിടിലൻ കാഴ്ചകൾക്കൊപ്പം തന്നെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ലഭിക്കുന്ന സ്ഥലങ്ങൾ കൊണ്ടും ബെംഗളൂരു പ്രസിദ്ധമാണ്. ബെംഗളൂരുവിൽ വന്നാൽ കണ്ടിരിക്കേണ്ട അഥവാ പോയിരിക്കേണ്ട അഞ്ച് സ്ഥലങ്ങളെ ഒന്നു പരിചയപ്പെടാം.
1) ലാൽബാഗ് : ബാംഗ്ലൂരിലെ ലാല്‍ബാഗിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത സഞ്ചാരികള്‍ ആരും തന്നെ ഉണ്ടാകില്ല. ഇവിടത്തെ പ്രശസ്തമായ ഒരു ഉദ്യാനമാണ് ലാൽബാഗ്. 240 ഏക്കറിൽ കിടക്കുന്ന ലാല്‍ബാഗിലെ കാഴ്ചകള്‍ സാധാരണ ഒരു പാര്‍ക്ക് പോലെ പെട്ടന്ന് കണ്ട് തീര്‍ക്കാനാവില്ല. 1000 ലധികം സസ്യവർഗ്ഗങ്ങളുടെ ഒരു സംഭരണസ്ഥലമായ ഈ ഉദ്യാനത്തിൽ എല്ലാ വർഷവും നടന്നുവരുന്ന ഫ്ലവർ ഷോ പ്രസിദ്ധമാണ്. 3000 മില്ല്യൺ വർഷം പഴക്കമുള്ള പാറ ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. ലാല്‍ബാഗിലേക്ക് പ്രവേശിക്കാന്‍ നാലു ഗേറ്റുകളാണ് ഉള്ളത്. നാലു ഗേറ്റില്‍കൂടെയും ആളുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ വെസ്റ്റേണ്‍ ഗേറ്റില്‍ കൂടെ പ്രവേശിക്കുന്നതാണ് കൂടുതല്‍ സൗകര്യം.
എല്ലാ ദിവസവും രാവിലെ ആറുമണി മുതല്‍ രാത്രി ഏഴുമണി വരെയാണ് ലാല്‍ബാഗിലേക്കുള്ള പ്രവേശന സമയം. രാവിലെ ഒന്‍പത് മണിവരെ ഇവിടേയ്ക്കുള്ള പ്രവേശനം എല്ലാവര്ക്കും ഫ്രീയാണ്.രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറുമണി വരെ ഇവിടെ പ്രവേശിക്കുവാനായി 10 രൂപ ഫീസ് നല്‍കണം. എന്നാൽ വൈകുന്നേരം ആറു മുതല്‍ ഏഴു മണിവരേയും പ്രവേശനം സൗജന്യമാണ്. ഒരു കാര്യം ഓർക്കുക – ഫ്ലവര്‍ ഷോ നടക്കുന്ന ദിവസങ്ങളില്‍ പ്രവേശന ഫീസ് വളരെ കൂടുതലായിരിക്കും. കുടുംബത്തോടെയും കുട്ടികളുമാണ് മറ്റും വൈകുന്നേരങ്ങൾ ചെലവഴിക്കുവാൻ പറ്റിയൊരിടം കൂടിയാണ് ലാൽബാഗ്.
2) ബന്നാർഘട്ട നാഷണൽ പാർക്ക് : ബെംഗളൂരു നഗരത്തിനു സമീപമായി കുട്ടികളുമായി കറങ്ങാന്‍ പറ്റിയ മികച്ച ഒരു സ്ഥലമുണ്ട്. അതാണ് ബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്ക്. മൃഗശാലയും പാര്‍ക്കും ജംഗിള്‍ സഫാരിയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് BMTC യുടെ വോൾവോ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇവിടെ വരുന്നതിനായി ഈ ബസ്സുകളെ ആശ്രയിക്കാവുന്നതാണ്. വീക്കെൻഡ് സമയത്ത് ബന്നാർഘട്ടയിൽ തിരക്ക് കൂടും. തിരക്കുള്ള സമയങ്ങളിൽ ഇവിടെ വരുന്നവർക്ക് ടിക്കറ്റ് എടുക്കുവാനായി നല്ലൊരു ക്യൂവിൽത്തന്നെ നിൽക്കേണ്ടി വരും. ഇതിൽ നിന്നും രക്ഷ നേടുവാനായി ഒരു വഴി പറഞ്ഞുതരാം. http://bannerghattabiologicalpark.org എന്ന വെബ്‌സൈറ്റിൽ കയറി ഓൺലൈനായി ഇവിടേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഫീസുകളിൽ ഇളവുകൾ ലഭിക്കുന്നതാണ്. അതാകുമ്പോൾ ക്യൂവും നിൽക്കണ്ട സമയവും ലാഭം. ബന്നാർഘട്ടയിലെ പ്രധാന ആകർഷണം കാടിനുള്ളിലേക്കുള്ള സഫാരി ആണ്. അവരുടെ വാഹനത്തിൽ നമ്മളെ കൂട്ടിക്കൊണ്ടു പോകുകയാണ് ചെയ്യുന്നത്. സഫാരിയ്ക്കായി പലതരം വാഹനങ്ങൾ ഇവിടെ ലഭ്യമാണ്. സാധാരണ മിനി ബസ്, എ സി ബസ്, ജീപ്പുകൾ മുതലായവ വിവിധ നിരക്കുകളിൽ സഫാരിയ്ക്കായി നമുക്ക് തിരഞ്ഞെടുക്കാം.
ഇവിടത്തെ സഫാരി ഒരു ഒന്നൊന്നര അനുഭവം തന്നെയായിരിക്കും നിങ്ങൾക്ക് നൽകുക. കാട്ടുപോത്തുകളേയും മാനുകളേയും അതോടൊപ്പം തന്നെ കരടിക്കൂട്ടങ്ങളെയും ഇവിടെ കാണാവുന്നതാണ്. മിക്കവാറും റോഡിനു നടുക്ക് ആയിരിക്കും ഈ കരടിക്കൂട്ടങ്ങൾ വെയിൽ കായുന്നത്. സിംഹങ്ങൾ, വെള്ളക്കടുവകൾ മുതലായ ദൃശ്യ വിസ്മയങ്ങൾ വേറെയും ഉണ്ട്. വിവിധതരം ചിത്രശലഭങ്ങളുടെ ഒരു പാർക്കും ഇവിടെയുണ്ട്. ശനി-ഞായര്‍ ദിവസങ്ങളില്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ 10 മണിയ്ക്കുള്ള ആദ്യ സഫാരി ലക്ഷ്യം വെച്ച് പോവുന്നതാവും നല്ലത്. എന്തായാലും ഇവിടെ വരുന്നവർ ഒരിക്കലും സഫാരി മിസ് ചെയ്യാൻ പാടില്ല. നിങ്ങളുടെ അടുത്ത ട്രിപ്പ് ബെംഗളൂരു ബന്നാർഘട്ട നാഷണൽ പാർക്കിലേക്ക് ആകട്ടെ…
3) കബൺ പാർക്ക് : ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്. ഏകദേശം 250 ഏക്കറുകളിലായി പരന്ന് കിടക്കുന്ന കബൺ പാർക്കിൽ റോസ് ഗാർഡൻ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു. ഈ പാർക്കിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇതിനകത്ത് സ്വകാര്യവാഹനങ്ങൾക്ക് പൊതുനിരത്തിൽ എന്നപോലെ സഞ്ചരിക്കാൻ അനുവാദമുണ്ട് എന്നതാണ്. അത് കൊണ്ട് തന്നെ ഈ പാർക്ക് ബെംഗളൂരു സിറ്റിയിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു മാർഗ്ഗവും കൂടിയാണ്.
4) നന്ദി ഹിൽസ് : ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായും വീക്കെൻഡ് യാത്രകൾക്കായും തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് നന്ദിഹില്‍സ്. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ എൻ എച്ച് ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ നന്ദി ഹില്‍സില്‍ എത്തിച്ചേരാം. ടിപ്പു സുൽത്താന്റെ വേനല്‍ക്കാല താവളങ്ങളില്‍ ഒന്നായിരുന്നു നന്ദിഹില്‍സ്. ടിപ്പുവിന്റെ ഭരണകാലത്തെ ചില അവശേഷിപ്പുകള്‍ നന്ദിഹില്‍സില്‍ കാണാം. ഉറങ്ങിക്കിടക്കുന്ന ഒരു കാളയുടെ രൂപമുണ്ട് ഈ കുന്നിനെന്നും അതുകൊണ്ട് നന്ദി ഹില്‍സ് എന്ന പേരു ലഭിച്ചുവെന്നും പറയപ്പെടുന്നു. പോകാൻ ഉദ്ദേശിക്കുന്നവർ അതിരാവിലെ 6 നു തന്നെ എത്തുന്നതാണ് ഉചിതം. നല്ല തണുപ്പ് ഉണ്ടാകും എന്നതിനാൽ കയ്യിൽ ജാക്കറ്റോ സ്വെറ്ററോ കരുതുന്നത് നല്ലതാണ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്.
ബാംഗ്ലൂരിലെ പ്രധാന ബസ്‌സ്റ്റേഷനായ മജസ്റ്റിക് കെമ്പഗൗഡ സ്റ്റാൻഡിൽ നിന്നും രാവിലെ ആറുമണിമുതൽ തന്നെ ഇടവിട്ട് ബസ് സൗകര്യം ഉണ്ട്. കെ.എസ്.ആർ.ടി.സി. ബസ്സുകളാണ് യാത്രാസൗകര്യമൊരുക്കിയിരിക്കുന്നത്. നന്ദി ഹിൽസിലെ പ്രധാനകവാടം വരെയും വാഹനത്തിൽ പോകാവുന്നതാണ്. ബസ്സ് യാത്രയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇവിടെ എത്തിച്ചേരാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. ബാംഗ്ലൂർ സിറ്റിക്കുപുറത്തു സ്ഥിതിചെയ്യുന്ന ദൊഡ്ഡബെല്ലാപ്പൂർ എന്ന സിറ്റിയിൽ ചെന്നും നന്ദി ഹിൽസിലേക്ക് എത്താവുന്നതാണ്. മജസ്റ്റിക്കിൽ നിന്നുള്ള ബസ് ഇപ്പോൾ ഉച്ചയ്‌ക്ക് 12:30 നു ശേഷം നിർത്തിവെച്ചിരിക്കുകയാണ്. പകരം ദൊഡ്ഡബെല്ലാപ്പൂർ വഴിമാത്രമേ ഉച്ചകഴിഞ്ഞുള്ള യാത്ര നടക്കുകയുള്ളൂ. പ്രൈവറ്റ് വാഹനങ്ങളിലാണ് യാത്രയെങ്കിൽ നന്ദി ഹിൽസിൽ അവ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
5) ബെംഗളൂരു പാലസ് : ഇംഗ്ലണ്ടിലെ വിൻഡ്സോർ കാസിലിന്റെ രൂപത്തിൽ ബാംഗ്ലൂരിൽ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബെംഗളൂരു പാലസ്. നഗരഹൃദയത്തില്‍ ജയമഹലിനും സദാശിവ നഗറിനുമിടയിലായി പാലസ് ഗാഡനിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. 1862-ൽ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത് 1944ലാണ്. 1884-ൽ മൈസൂർ രാജാവായ ചാമരാജ വോഡയാർ ഈ കൊട്ടാരം വിലയ്ക്കു വാങ്ങിയിരുന്നു. ഇപ്പോഴും ഈ കൊട്ടാരം മൈസൂർ രാജകുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലാണ്. മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ കൊട്ടാരം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്.
ഈ പറഞ്ഞത് കൂടാതെ ടിപ്പുസുൽത്താൻ സമ്മർ പാലസ്, മായോ ഹാൾ, വണ്ടർ ലാ അമ്യൂസ്‌മെന്റ് പാർക്ക്, വിധാൻ സൗധ, വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, HAL എയറോസ്പേസ് മ്യൂസിയം, കെമ്പ്ഫോർട്ട് ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും ബെംഗളൂരുവിൽ കാണുവാനുണ്ട്. ഈ സ്ഥലങ്ങൾ കാണുന്നതിനൊപ്പം തന്നെ ബെംഗളൂരു മെട്രോയിൽ ഒരു യാത്രയും ആസ്വദിക്കുവാൻ മറക്കല്ലേ.