‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ സന്ദർശന പ്രവാഹം; ഞായറാഴ്ച മാത്രം 7710 സന്ദർശകർ, 19 ലക്ഷം ടിക്കറ്റ് കളക്ഷൻ

ദീപാവലി വെക്കേഷനോടനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞയാഴ്ച മുതൽ അനുഭവപ്പെടുന്നത്. എന്നാൽ ഇത്തവണ ഇന്ത്യയിലെ മറ്റെല്ലാ കേന്ദ്രങ്ങളെയും കടത്തി വെട്ടിയിരിക്കുകയാണ് ഒരാഴ്ച മുൻപ് ഉത്ഘാടനം ചെയ്ത ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പ്രശസ്തിയാണ് ഗുജറാത്തിലെ ഈ ഭീമൻ പ്രതിമയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മാത്രം 7710 സന്ദർശകരാണ് ഇവിടം സന്ദർശിച്ചതത്രേ. അന്നത്തെ മൊത്തം ടിക്കറ്റ് വിറ്റുവരവ് – 19,10,405 രൂപയും (19 ലക്ഷം). പ്രവേശനം ആരംഭിച്ച് ആദ്യ രണ്ടു ദിവസം 4796 സന്ദർശകരും 9.53 ലക്ഷം രൂപ ടിക്കറ്റ് വരുമാനവും ആയിരുന്നു ഉണ്ടായിരുന്നത്. പ്രതിമ സന്ദർശിക്കുവാൻ ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 350 രൂപയാണ്. പക്ഷെ പാർക്കിംഗ് ഏരിയയിൽ നിന്നും പ്രതിമയിലേക്ക് പ്രത്യേകം ബസ്സിലായിരിക്കും സഞ്ചരിക്കേണ്ടി വരിക. ഈ ബസ് ചാർജ്ജ് ഒരാള്ക്ക് 30 രൂപയാണ്. അപ്പോൾ മൊത്തത്തിൽ 380 രൂപയാണ് ഒരാൾക്ക് ഇവിടം സന്ദര്ശിക്കുവാനായി ചെലവാകുന്നത്. വിദേശികളടക്കമുള്ള സഞ്ചാരികൾ കൂടുതലായി കേട്ടറിഞ്ഞു വരുമെന്നു തന്നെയാണ് ഗുജറാത്ത് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

ഏകദേശം മൂവായിരം കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ അതികായ പ്രതിമ പണി തീർത്തിരിക്കുന്നത്. 189 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. അതായത് മുൻപ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധയെക്കാൾ 23 മീറ്റർ കൂടുതൽ ഉയരത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. പ്രതിമയുടെയുള്ളിലൂടെ മുകൾഭാഗം വരെയും ആളുകൾക്ക് എലവേറ്ററുകൾ വഴി പോകാവുന്നതാണ്. 135 മീറ്റർ ഉയരത്തിലായി ഒരു വ്യൂ പോയിന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഒരേ സമയം ഇരുന്നൂറോളം ആളുകൾക്ക് കാഴ്ചകൾ കാണാവുന്നതാണ്. ഇവിടെ നിന്നുള്ള സർദാർ സരോവർ അണക്കെട്ടിന്റെ കാഴ്ച അതി ഗംഭീരം തന്നെയായിരിക്കും.

പ്രതിമയുടെ പ്രവേശന കവാടത്തിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്. ഒപ്പംതന്നെ 3ഡി പ്രൊജക്‌ഷൻ മാപ്പിങ്, വോക്ക്‌വേ, ഫുഡ് കോർട്ട്, സെൽഫി പോയിന്റ്, ഷോപ്പിങ് സെന്റർ, അണ്ടർവാട്ടർ അക്വേറിയം, റിസർച് സെന്റർ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.

നിങ്ങൾക്കും ഈ പ്രതിമ കാണുവാൻ പോകണമെന്നുണ്ടോ? സഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന അവിടം സന്ദർശിക്കുവാൻ സാധിക്കും. പുറമെ നിന്നും പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുവാനായി 120 രൂപയുടെ ടിക്കറ്റും അകത്തു കയറുവാൻ 350 രൂപയുടെ ടിക്കറ്റുമാണ് എടുക്കേണ്ടത്. www.soutickets.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനസമയം.

ഇവിടെ ഗുജറാത്ത് ടൂറിസം വകുപ്പ് 52 മുറികളോടെ ‘ശ്രേഷ്ഠ ഭാരത് ഭവൻ’ എന്ന പേരിൽ ഒരു ത്രീ സ്റ്റാർ ഗെസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ആധുനിക സൗകര്യങ്ങളടങ്ങിയ ടെന്റുകൾ കൊണ്ടുള്ള രണ്ടു ടെന്റ് സിറ്റികളും അവിടെ തയ്യാറാക്കും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വേണമെങ്കിൽ ഈ ടെന്റുകളിൽ താമസിക്കുകയും ചെയ്യാം. പ്രതിമ കാണാൻ ദിവസവും 15,000 ടൂറിസ്റ്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമയുടെ മേൽനോട്ടച്ചുമതല സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്കാണ്.