മഞ്ഞുവീണ വഴികളിലൂടെ ഒരു ബോസ്‌നിയൻ ലവ് സ്റ്റോറി

Total
0
Shares

വിവരണം – ഹരി കൃഷ്ണൻ.

തെക്കുകിഴക്കൻ യൂറോപ്പിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബോസ്നിയ ഹെർസെഗോവിന, അവിടത്തെ നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, ചരിത്രം എല്ലാം കണ്ടു ഉറപ്പിച്ചു ഇത്തവണ ബോസ്നിയക്ക് ആകാം ഞങ്ങളുടെ കറക്കം. വിസ കിട്ടാൻ എളുപ്പവും, അബുദാബി തന്നെ എംബസി ഉണ്ട്‌. പിന്നെ ഇൻഷുറൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ഹോട്ടൽ ബുക്കിംഗ്, ഡമ്മി ഫ്ലൈറ്റ് ടിക്കറ്റ്, അപ്ലിക്കേഷൻ ഫോം, ഓഫീസിൽ നിന്നും നോ ഒബ്ജക്ഷൻ ലെറ്റർ എല്ലാം ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ട് ഒപ്പിച്ചു, എംബസ്സി ടൈം 10-2 എല്ലാം എടുത്ത് ചെന്നപ്പോൾ അവിടെ ഉള്ള ബോസ്നിയൻ സുന്ദരൻ പറയുവാ ഹോട്ടൽ ബുക്ക് ചെയ്തത്തിന്റെ ഇൻവോയ്‌സ്‌ റെസിപ്പ്റ്റ് ഉം വേണം എന്ന്. ബുക്കിംഗ്.കോം നെ വിശ്വാസം ഇല്ല പോലും.

അങ്ങനെ അമ്മാവന്റെ സഹായത്താൽ ഒരു ഹോട്ടൽ ബുക്ക് ആക്കി ഇൻവോയ്സും വൗച്ചറും ഒപ്പിച്ചു വിസക്ക് അപ്ലൈ ചെയ്തു. ഒരാഴ്ച കൊണ്ടു വിസ അടിച്ചു കിട്ടി. പക്ഷേ വെറും 8 ദിവസത്തേക്കു മാത്രം! സഹജീവനക്കാരൻ ലീവിനു പോയത് കാരണം എനിക്ക്‌ ലീവ് എടുക്കാൻ ഒരു വഴിയും ഇല്ല. എല്ലാ ജോലിയും നേരത്തെ തീർത്തു. ഒരു പ്രശ്നവും ഉണ്ടാകാൻ സാധ്യത ഇല്ലെന്നു മാനേജർക്ക് മെസ്സേജ് അയച്ചു. തക്കത്തിൽ ലീവ് ഒരു വിധം ഉറപ്പിച്ചു. ഇനി ആകെ രണ്ടു ദിവസം ഉണ്ട് ന്യൂയെർ ലീവ് ആകാനും പറക്കാനും. പിന്നീടങ്ങോട്ട് ലാപ്ടോപ്പും പിടിച്ചു ഞാനും വന്ദുവും , skyscanerum wegoyum കണ്ട എല്ലാ ഫ്ലൈറ്റ്ഉം മാറി മാറി ചെക്ക് ചെയ്ത് പ്രാന്ത് ആയി ട്രിപ്പ് ഉപേക്ഷിച്ചാലോ എന്ന് വരെ ചിന്തിച്ചു .

31 നു പോകാനുള്ള എല്ലാ ഫ്ലൈറ്റും പുലർച്ചയും ഡ്യൂട്ടി സമയത്തും പിന്നെ ന്യൂയെർ എവെനിംഗ് ആയതിനാൽ വൈകിട്ട് ദുബായ് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ജനുവരി 1 നു പുലർച്ചെയുള്ള ഫ്ലൈറ്റ് ബുക്ക് ആക്കി. പാഠം: ന്യൂയെർ സമയമാണ് ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ നേരത്തെ തന്നെ ഫ്ലൈറ്റ് ബുക്ക് ചെയ്തു വെക്കണം.

ഷബീറും പിള്ളേരും അറേഞ്ച് ചെയ്ത ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി സർപ്രൈസ്‌ കേക്ക് മുറിച്ചു ആഘോഷിച്ചു വീട്ടിൽ നിന്നും ഇറങ്ങി, അബുദാബിയിൽ നിന്നും ടർക്കി വഴി ബോസ്നിയ. വില കുറഞ്ഞ ഫ്ലൈറ്റ് നോക്കി എടുത്തതിനാൽ കുറച്ചുനേരം ടർക്കിയിൽ പോസ്റ്റായി,വെറും 6 മണിക്കൂർ. കയ്യിലുള്ള എല്ലാ കാർഡും കാണിച്ചു നോക്കിയെങ്കിലും ലൗഞ്ചിലെ ചേച്ചി സമ്മതിച്ചില്ല, പിന്നെ ഒരു മാസം മുൻപ് ക്യാൻസൽ ആക്കിയ ഒരു ബാങ്ക് കാർഡ് ചുമ്മാ എടുത്തു വീശിയപ്പോ ചേച്ചി ഓക്കേ പറഞ്ഞു. തള്ള് അല്ലാട്ടോ, സംഭവം സത്യം.

ബോസ്നിയ എയർപോർട്ടില് നിന്ന് പുറത്തിറങ്ങും മുൻപ് പൈസ മാറാനും സിം എടുക്കാനും പ്ലാൻ ഉണ്ടായിരുന്നെങ്കിലും പാസ് പോർട്ട് കോൺട്രോള് കഴിഞ്ഞു ഇറങ്ങിയതും ഞങ്ങളു ഞെട്ടി!!! ഒരു പട്ടിക്കുറുക്കനും ഇല്ല.. ശാന്തം.. ഇരുട്ട്.. ഷോകം! എയർപോർട്ട് വൈഫൈ എടുത്തു മൊബൈൽ നോക്കിയപ്പോൾ പുറത്തു -9. ജാക്കറ്റ് ഒകെ വലിച്ചു കേറ്റി എയർപോർട്ടിന് വെളിയിൽ ഇറങ്ങിയതും ദൈവദൂതനെ പോലെ ഒരു അപ്പച്ചൻ ഒരു പഴജെൻ ടാക്സിയുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഹോട്ടൽ ഡീറ്റെയിൽസ് കാണിച്ചപ്പോ 10€ പറഞ്ഞു ആംഗ്യഭാഷയിൽ ഡീൽ ഉറപ്പിച്ചു.

വിജനമായ ചെറിയ റോഡ്,അവിടേം ഇവിടേം ഒകെ ആയി മഞ്ഞ തെരുവ് വിളക്കുകൾ ഉണ്ട്, വണ്ടി പോകുന്ന ഇടം ഒഴിച്ച് ബാക്കി എല്ലാം മഞ്ഞിൽ മൂടി ഇരിക്കുന്നു. അപ്പച്ചൻ പറക്കുകയാണ്, ഒരു ടാക്സി സ്റ്റാൻഡിൽ എത്തി, അപ്പച്ചൻ വേറൊരു ഡ്രൈവർ ബ്രോയോട് വഴി ചോദിച്ചു. അവിടെ ബസ് കാത്തു നിൽക്കുന്ന കുറച്ചു പേരെ കണ്ടപ്പോൾ ഉള്ളിൽ ഒരാശ്വാസം, ജനവാസമുള്ള സ്ഥലം ആണെന്ന് മനസിലായി. നടന്നും ഓടിയും ചാടിയും ഈ രാജ്യം കാണാൻ പറ്റില്ലാന്ന് മനസ്സിലായി, ഒന്ന് നെഞ്ച് വിരിച്ചു നടക്കാൻ പോലും ഈ മഞ്ഞത്തു പറ്റില്ല, അതേപോലെ ആവശ്യത്തിന് ലോക്കൽ ട്രാൻസ്പോർട്ടും ഇല്ല എന്ന് ചുറ്റുപാടുകൾ കണ്ടപ്പോൾ മനസ്സിലായി,പെട്ട്!

അങ്ങനെ ഹോട്ടലിൽ എത്തി. ഒരു ബ്രോയും സിസ്‌ഉം റിസപ്ഷനിൽ പുകച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പിന്നേം ആംഗ്യഭാഷ. റൂം എത്തി, ഫ്രഷായി. നാളെ എങ്ങോട്ട്? എങ്ങനെ? ദൂരെ ഉള്ള സ്ഥലങ്ങൾ ആദ്യം കണ്ടിട്ട് മൂന്നും നാലും ലോക്കൽ കറക്കം എന്നാണ് പ്ലാൻ . ജാജ്‌സ് നഗരവും ട്രാവനിക് നഗരവും ആദ്യത്തെ ദിവസത്തക്ക് തീരുമാനിച്ചു. ഫുൾ കവർ ചെയ്യാൻ ടാക്സി തന്നെ ആണ് നല്ലത് പോരാത്തതിന് ബസിനു ഏകദേശം 4 മണിക്കൂർ, യൂബർ പോലെ ടാക്സികൾ ഇല്ല.

ഉടനെ fb വഴി പരിചയപ്പെട്ട സുന്ദരിക്ക് മെസ്സേജ് ഇടുന്നു. അങ്ങനെ ഫേസ്ബുക് എടുത്ത് പ്ലാൻ B സെറ്റ് ആക്കി. ആ പറയാൻ മറന്നു, ഈ സുന്ദരിയെ ചുമ്മാ ഫേസ്ബുക്കിൽ പരതിയപ്പോ കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി മുൻപ് ചാറ്റ് ചെയ്തിരുന്നു. അങ്ങനെ ബോസ്‌നിയൻ മാലാഖ ഒരു ഡ്രൈവറെ ഏർപ്പാടാക്കി തന്നു. ഇല്ലേൽ ശരിക്കും പെട്ടേനെ. പാഠം : ഒരു പ്ലാനും ഇല്ലാതെ ട്രിപ്പിന് പോകുന്നവർക്ക് കൂട്ടായി ആരൊക്കെയോ കൂടെ ഉണ്ട് എന്നുള്ളത് സഞ്ചാരസത്യം ആണെങ്കിലും, എന്നും വിചാരിച്ചു ഒരു ബാക്കപ്പ് പ്ലാൻ കരുതാതിരിക്കരുത് ചിലപ്പോൾ മണ്ടത്തരം ആകും.

രാവിലെ കുറച്ചു വൈകുമെന്ന് ഡ്രൈവർ ബ്രോ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു , നേരത്തെ എണീറ്റതിനാൽ ഒന്ന് നടക്കാം എന്ന് കരുതി പുറത്തിറങ്ങി മഞ്ഞു നിറഞ്ഞ വഴിയും നടപ്പാതയും തിരിച്ചറിയാതെ ഏറെ കഷ്ടപ്പെട്ട് ആണെങ്കിലും 200m ദൂരെ ഉള്ള പെട്രോൾ പമ്പിൽ പോയി പൈസ ചേഞ്ച് ചെയ്തു തിരിച്ചു വന്നു. പിന്നീട് ഹോട്ടലിനു സൈഡിൽ മഞ്ഞിൽ കളി തുടങ്ങി…ഒരുതരം പ്രാന്ത് പിടിച്ച പോലെ…
ഡ്രൈവർ എദിൻ ബ്രോ എത്തി, ഒരു മുറ്റ് ബ്രോ. യാത്ര തുടങ്ങി, മച്ചാൻ പൊളി ആണ് കേട്ടോ, പോകും വഴി ഫുഡ്, സിം എല്ലാം ഒപ്പിച്ചു തന്നു. അത്യാവശ്യം ഇംഗ്ലീഷ് അറിയാം. എജ്ജാദി തള്ള്.. എല്ലാ പ്രാന്തിനും കൂടെ നിന്നു.

യുഗോസ്ലാവിയൻ സമയത്തു ജാജ്സ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. 22 മീറ്റർ ഉയരമുള്ള പ്‌ളൈവ വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണം. ലോകത്തിലെ ഏറ്റവും മനോഹരമായ 12 വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് . പ്‌ളൈവ നദിയിൽ നിന്നും വെള്ളച്ചാട്ടം തൊട്ട് താഴെ കൂടി ഒഴുക്കുന്ന വ്രബ നദിയിലാണ് എത്തിച്ചേരുന്നത്. മഞ്ഞു നിറഞ്ഞ പാടവും റോഡും നഗരവും, ഒഴുകുന്ന നദികളും എല്ലാം കണ്ടും എഡിൻ ബ്രോയുടെ തള്ളും കേട്ട് ജാജ്സ് എത്തി വണ്ടി പാർക്ക് ചെയ്തു. കള്ളന്മാർ ഒരുപാട് ഉള്ളതിനാൽ ബ്രോ വണ്ടിയുടെ അരികിൽ തന്നെ നിന്നു.

ഒരു അടിപൊളി കാഴ്ച തന്നെയാണ് ഞങ്ങൾ കുറെ ഫോട്ടോയും വിഡിയോയും പിടിച്ചു അപ്പോഴാണ് താഴെ നിന്നും വെള്ളച്ചാട്ടത്തെ കാണുന്ന രണ്ടുപേരെ കണ്ടത്‌. മഞ്ഞു മൂടിയ വഴിയിൽ കൂടി തെന്നുമോ എന്ന് പേടിച്ചു നടന്നു അവിടെ എത്തിയപ്പോൾ ഉള്ള കാഴ്ച്ച കണ്ടു എന്റെ സാറേ ചുറ്റം ഉള്ളത് ഒന്നും കാണാൻ പറ്റണില്ല അത്രക്കു ഭംഗിയായിരുന്നു കൂടെ വെള്ളച്ചാട്ടത്തിൽ നിന്നും വെള്ളം തെറിച്ചു വീണു കൈയും കാലും മരവിച്ചുപോയി. സെൽഫിയും ലൈവും ഒക്കെ കഴിഞ്ഞു അടുത്ത സ്പോട്ടിലേക്ക്. സ്വപ്നത്തിൽ പോലും ഇത്രേം സൗന്ദര്യം ഭൂമിക്കുള്ളതായി കണ്ടില്ല. അസാധ്യ കാഴ്ച, വർണിക്കാൻ വാക്കുകളില്ല. മഞ്ഞുമൂടിയ റോഡരികുകൾ, ഒരു വശത്തു കണ്ണാടി പോലെ തിളങ്ങുന്ന അരുവി കള കള ശബ്ദത്തിൽ ഒഴുകുന്നു…മറു വശത്തു മഞ്ഞിൽ പൊതിഞ്ഞ കാട്, മഴ ചാറ്റൽ പോലെ മഞ്ഞും.

റോഡിന്റെ ഒരു വശത്ത് വണ്ടി ഒതുക്കി വാട്ടർമില്ലിലേക്ക് നടന്നു. പ്‌ളൈവ നദിയിൽ ജനലിലാത്ത മരത്തിന്റെ ചെറിയ കുടിലുകൾ ചുണ്ണാമ്പുകല്ലിൽ അരുവിയുടെ മുകളിൽ. ആസ്ട്രിയോ ഹംഗേറിയൻ സാമ്രാജ്യസമയം മുതൽ രണ്ടാം ലോക മഹായുദ്ധം വരെ ഗോതമ്പ് ഗോതമ്പുപൊടി ആക്കുവാൻ അവിടത്തെ കർഷകർ ഈ ഇടം ഉപയോഗിച്ചിരുന്നു പോലും . ബെഞ്ചുകളും കുറച്ചകലെയായി ചെറിയ മരപാലവും ഉണ്ട്‌. മഞ്ഞുമൂടി കിടക്കുന്ന കാരണം അങ്ങോട്ട് പോകാൻ മുതിർന്നില്ല നീന്താനും അറിയില്ല ,കഴിഞ്ഞ തവണ ഉക്രൈൻ പോയപ്പോ മഞ്ഞിൽ വീണ ക്ഷീണവും വന്ദുവിനു മാറിയിട്ടില്ല. കാഴ്ചകൾ ക്യാമെറക്കകത്താക്കി അടുത്ത സ്ഥലത്തേക്കു തിരിച്ചു . ഗ്രേറ്റ് ലേക്ക് ഓഫ് പ്‌ളൈവ, മരങ്ങളാൽ ചുറ്റപ്പെട്ടമലകൾ, കുറെ താറാവുകൾ നീന്തുന്നതും, മരത്തിൽ പണിത കൈവരില്ലാത്ത പാലവും കണ്ണിനു കുളിർ കാഴ്ചയായി, സീസണിൽ ജലവിനോദങ്ങൾ ബോട്ടിംഗ് കയാക്കിങ് ക്യാനോഈങ് മത്സരങ്ങൾ തുടങ്ങിയവ ഉണ്ട്.

അവിടെന്നു ഓൾഡ് ടൗണിലേക്കാണ് പോയത്. ഒരു തുരങ്കം പോലെ ഉള്ള ഇടുങ്ങിയ വഴി കയറി ഓൾഡ് ട്രാവനിക് ഗേറ്റ് അതിനോട് ചേർന്നു പഴയ കാലത്തേ രീതിയിൽ ഉള്ള കെട്ടിടം . 600 വർഷമെങ്കിലും പഴകമുള്ള ഗോപുരങ്ങൾ പള്ളി കോട്ട അങ്ങനെ ഓടിച്ചു ഇതെല്ലാം കണ്ടു ഇറങ്ങി. ഇനിയും വൈകിയാൽ ട്രാവനിക് ടൌൺ ഇരുട്ടിനാൽ മിസ്സ് ആകും. പോകുന്ന വഴിയിൽ യുദ്ധത്തിന്റെ ബാക്കിയായ കുറെ കെട്ടിടങ്ങൾ പള്ളികൾ ഒക്കെ കണ്ടു. വെടിയുണ്ടയുടെ പാടുകൾ എപ്പോഴും തെളിഞ്ഞു കാണാം. തകർത്തിരിക്കുന്ന കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കാണുമ്പോൾ തന്നെ വേദനയും ഭീതിയും തോന്നി. അതിനെ ഒക്കെ അതിജീവിച്ച ഈ നാട്ടുകാരെ സമ്മതിക്കണം.

ഇവിടത്തെ പുരുഷന്മാർ കൂടുതലും യുദ്ധ സമയത്തു മരിച്ചു ഇപ്പോ പെണ്ണുങ്ങൾ ആണ് കൂടുതൽ എന്ന് പുള്ളി പറഞ്ഞു. മഞ്ഞു നന്നായി പെയുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും അങ്ങുഇങ്ങായി വീടുകൾ കാണാം. വയറിൽ നിന്നും സൈറൺ മുഴങ്ങി തുടങ്ങി, ട്രാവനിക് നഗരത്തിൽ എത്തിയിട്ട് മതി ഭക്ഷണം അവിടെ നിന്നും ബോസ്നിയൻ വിഭവം (cepavvi ) കഴിക്കാനാണു പ്ലാൻ. ട്രാവനിക് നഗരം മഞ്ഞിൽ മൂടി മനോഹരമായിരിക്കുന്നു. എഡിൻ ബ്രോ മഞ്ഞു ഓഫ് റോഡിലേക്ക് വണ്ടി ഇറക്കി മുന്നോട്ട് കുതിച്ചു, ലേശം പിടിച്ചെങ്കിലും പുള്ളിയുടെ ചിരിയും കളിയും കണ്ടപ്പോ ആവേശം ആയി.

നോബൽ പ്രൈസ് ജേതാവ് ഇവോ ആൻഡ്രിക്‌ (1961)ന്റെ ജന്മനാട്. 1549ൽ നിർമ്മിച്ച യെനി പള്ളിയാണ് ഇവിടത്തെ ഏറ്റവും പഴക്കമുള്ള സ്മാരകം. രണ്ടു ക്ലോക് ടവർ, കോട്ടകൾ, പള്ളികൾ, plava voda എന്നു പറയുന്ന നീല അരുവി ഒക്കെ ആണു ഇവിടെ കാണാൻ ഉള്ളത്. ഒരു മലയുടെ അടിവാരം, മലയിലേക്ക്‌ നോക്കിയാൽ നിറയെ ശവക്കല്ലറ. ചെറുതായിട് ഇരുട്ടായത് കൊണ്ട് പേടി തോന്നാതെ ഇരുന്നില്ല. ബ്ലൂ വാട്ടർ ലക്ഷ്യമാക്കി നടന്നു അതിമനോഹരമായ, കളകളാരവത്താൽ ബ്ലൂ വാട്ടർ ലേക്ക് ഒഴുകുന്നു , രണ്ടുസൈഡിലും ചെറിയ കടകൾ,ഹോട്ടൽ, സൗവെനീർ വില്പനശാലകൾ. രണ്ടു വശങ്ങളിലേക്കും കടക്കുവാൻ ഇടക്കു പാലം ഉണ്ട്‌, തടികൊണ്ട് ഉണ്ടാക്കിയ ചെറിയ കഫേ, പായൽ പിടിച്ച ഒരു വീൽ, അതു കറങ്ങിക്കൊണ്ടിരിക്കുന്നു.

വിശപ്പ് അതിന്റെ ഉചിസ്ഥാനിയിൽ സംഹാരതാണ്ഡവം ആടുന്നു, ഇനി രക്ഷയില്ല ഞങ്ങളെ ബ്രോ അവിടത്തെ സ്പെഷ്യൽ cepavvi കിട്ടുന്ന റെസ്റ്റാന്റിലേക്, സാധനം നിമിഷനേരങ്ങൾ കൊണ്ട് ഓർഡർ ചെയ്തു തിന്നു തീർത്തു. വളരെ ഐശ്വര്യമുള്ള പേരാണ് ഹോട്ടലിനു അതിനാൽ തന്നെ നല്ല തിരക്കുമുണ്ട്, ഹോട്ടലിന്റെ പേര് “ഹരി”. ഏകദേശം 6 മണി ആയിട്ടുണ്ടാകും പെട്ടന്ന് ഇരുട്ടായി, ഒരു ചെറിയ മാളിൽ കേറി ഫുഡ് ഐറ്റംസ് വാങ്ങി റൂമിലേക്ക് പോയി.

പിറ്റേന്ന് പുലർച്ചെ എണീറ്റു റെഡി ആയി. തലേന്ന് രാത്രി എഡിൻ ബ്രോ ഹോട്ടൽ റിസെപ്ഷനിസ്റ്റിനോട് പറഞ്ഞു ബ്രേക്ക് ഫാസ്റ്റ് ഏർപ്പാടാക്കിയിരുന്നെങ്കിലും റിസപ്ഷനിൽ വിളിച്ചിട്ടു ആരും എടുക്കുന്നില്ല, ലവലേശം ഉത്തരവാദിത്വം ഇല്ലാത്ത ഹോട്ടൽ ജീവനക്കാർ. എന്തായാലും ബ്രോ വന്നാൽ അപ്പോ ഇറങ്ങാൻ റെഡിയായി. ബ്രോ വന്നു ഞങ്ങൾ ബാഗും സാധനങ്ങളും എടുത്ത് താഴേക്ക് ഇറങ്ങിയപ്പോൾ അവിടെ ആരും ഇല്ല, എല്ലാ വാതിലുകളും പൂട്ടി ഇരിക്കുന്നു. പിന്നേം പെട്ട്.

പുറത്തേക്കിറങ്ങാൻ വേറെ ഒരു വാതിൽ പുറകു വശത്തു കണ്ടിരുന്നു അതുവഴി ഇറങ്ങിയാലും ഹോട്ടൽ കോംപൗണ്ടിന് പുറത്തിറങ്ങാൻ പറ്റുമോ എന്നും ഉറപ്പില്ല. പോയി നോക്കാം അതാണല്ലോ നമ്മുടെ ഒരു രീതി. ആ ഡോർ ഭാഗ്യത്തിന് ലോക്‌ഡ്‌ അല്ലായിരുന്നു, പുറത്തു ചാടി ഇറങ്ങി മഞ്ഞിലൂടെ എങ്ങനെയോ സാധനങ്ങളൊക്കെ എടുത്തു അടുത്ത ഗേറ്റിനു മുന്നിൽ ഇനി ഇതു എങ്ങനെ തുറകാം എന്ന് വിചാരിച്ചു താഴിൽ പിടിച്ചതും അതു തുറന്നു. ഭാഗ്യം, കൊടും മഞ്ഞിലൂടെ ഹോട്ടൽ വലം വെച്ച് മുന്നിൽ എത്തി.

പുറത്തു നിന്നും വരുന്ന ഞങ്ങളെ കണ്ടു എഡിൻ ബ്രോ ഞെട്ടി. കാര്യം പറഞ്ഞപ്പോൾ അവൻ വേറെ ഏതോ നമ്പറിൽ അവരെ വിളിച്ചു എന്തൊക്കെയോ പറഞ്ഞു. ആ പെണ്ണ് ഇന്നലെ രാത്രി കള്ള് കുടിച്ചു മറിഞ്ഞു പോയതായിരുന്നു പോലും. ബ്ലഡി പൂൾ പെണ്ണ് രാവിലെ ടെൻഷൻ ആക്കി കളഞ്ഞു. യാത്ര തുടങ്ങി..

ഇന്നത്തേക്ക് നമ്മൾ തീരുമാനിച്ചത് 130km അകലെയുള്ള Mostar എന്ന സ്ഥലത്തേക്കു ആണു. നമ്മുടെ നാട്ടിൽ വീട്ടിൽ രാവിലെ മുറ്റമടിക്കുന്ന പോലെ ഇവിടെ ആളുകളുടെ ആദ്യ ജോലി നടക്കാനും വണ്ടിക്കു പോകാനുമുള്ള വഴി തെളിയിക്കൽ ആണ്. അടുത്തുള്ള കടയിൽ നിർത്തി, അവിടത്തെ സ്പെഷ്യൽ ബ്രഡ് വാങ്ങി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.  പിന്നെ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട്  രണ്ടുവരിപ്പാതയിലൂടെ സഞ്ചരിച്ചു. ചെറിയ ഗ്രാമങ്ങൾ പർവതങ്ങൾ, സുന്ദരമായ തടാകങ്ങൾ, മസ്ജിദുകൾ, നദികൾ എല്ലാം കടന്നു പോകുന്നു.

ഏകദേശം 50km ദൂരം സഞ്ചരിച്ചു konjic എന്ന ചെറുനഗരത്തിൽ എത്തി. ചുറ്റും പച്ചമലകൾ, നരേതാ നദിയുടെ ഇരുവശവുമായിട്ട് ആണ് ഇത്, അവിടുത്തെ കാഴ്ചകൾ കണ്ടു ഒട്ടും സമയം കളയാതെ ഞങ്ങൾ കുതിച്ചു. jablanica എന്ന അടുത്ത ചെറുനഗരത്തിൽ എത്തി, അവിടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തു തകർത്ത ഒരു റെയിൽവേ പാലം കണ്ടു. അതിന്റെ അടുത്തായി തന്നെ Museum of the battle for the wounded at Neretva, പാലം ഒരു സ്മാരകമായി ഇപ്പഴും നിലനിർത്തിയിരിക്കുന്നു.

ഇവിടത്തെ jagnjetinja ആട്ടിറച്ചി പേരുകേട്ടതാണ്. പരമ്പരാഗത രീതിയിൽ തുറന്ന സ്ഥലത്തു തീയിൽ ആടിനെ ചുട്ട് എടുക്കുന്ന ഹോട്ടലുകൾ വഴി നീളെ കാണാം. പോകുംതോറും രണ്ടു സൈഡിലും മലകളും നദിയും കാറ്റും നദിയോട് ചേർന്നുള്ള മലയിൽ ഇടയിലായി റെയിൽവേ ട്രാക്കും പാലങ്ങളും നല്ല ഉയരത്തിലായി കാണാം. ഇന്നു പോകുന്നത് ഹെർസെഗോവിന റീജിയനിൽ ആണ്. ബോസ്നിയിലുള്ള പോലെ മഞ്ഞ് ഇവിടെ ഇല്ല പകരം മുഴുവൻ പച്ചപ്പും ഹരിതാപവും.

മൊസ്റ്റാർ നരേത്വ നദിയുടെ താഴ്വരയിൽ നീണ്ടുകിടക്കുന്ന ചരിത്രപ്രധാനമായ പട്ടണം. പഴയ കുറെ ടർക്കിഷ് ഹൌസുകളും ബ്രിഡ്ജ് സ്റ്റാരി മോയിസ്റ്റും ആണ് പ്രധാനആകർഷണം. 1990ഇൽ ഉണ്ടായ കലാപത്തിൽ ചരിത്രപ്രാധാന്യമുള്ള നഗരവും പഴയ ബ്രിഡ്‌ജും നശിപ്പിക്കപ്പെട്ടു. ഇപ്പോൾ അത്‌ പുനർനിർമിക്കപ്പെടുകയും ഓരോ വേനൽകാലവും ഓൾഡ് ബ്രിഡ്ജ് ഡൈവിംഗ് മത്സരം അവിടെ നടക്കും. ഇത് യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഒന്നാണ്. പാലത്തിന് 21മീറ്റർ ഉയരമുണ്ട്. പാലത്തിലെ കല്ലുകൾ തെന്നുന്നതാണ് ഉയർന്ന കല്ലുകളിൽ കൂടി വേണം നടക്കാൻ. നടത്തിറങ്ങുന്നത് ഉരുളൻ കല്ലുപാക്കിയ ഓൾഡ് ടൗണിലേക്കാണ്‌.

പാലത്തിനു ഇരുവശത്തുമായി മ്യൂസിയം, മോസ്‌ക്‌, കോഫി ഷോപ്പുകൾ, ചെറിയ സൗവീനെർ വില്പനശാലകൾ ഒക്കെയുണ്ട്. പാലത്തിന്റെ അറ്റത്തു ഒരു കല്ലു കണ്ടു നോക്കിയപ്പോൾ DONT FORGET 1993 എന്ന് എഴുതിയിരുന്നു. ഈ കല്ല് യുദ്ധത്തിന്റെ ഒരു ഓർമപ്പെടുത്തലാണ് നഗരത്തിന്റെ ദുഖകരമായ ചരിത്രം. ഈ പാലത്തിൽ നിന്നും ഏതാനം മിനിറ്റ് നടന്നാൽ സ്റ്റാരി മോയിസ്റ്റിന്റെ ചെറിയ പതിപ്പ് കാണാം. ഇത് ഒരു പരീക്ഷണമായി 1558 ൽ പണി കഴിപ്പിച്ചതാണ്.

Blagaj – 200 മീറ്റർ ഉയരം കൂടിയ മലഞ്ചേരുവിലുള്ള ഡെർവിഷ് ആശ്രമമാണ്. ഏതാണ്ട് 600 വർഷം മുൻപ് ഉള്ളതാണ്. ഗുഹയിൽ നിന്നും വെള്ളം ഒഴുകി ചെറിയ കുളത്തിലേക്കു അവിടെ നിന്നും നദിയിലേക്ക് ചേരുന്നു. അതിന്റെ ഭംഗി വാക്കുകളാൽ വർണിക്കാൻ ആവില്ല അത്രക്ക് സുന്ദരം. മനം നിറക്കുന്ന കാഴ്ച്ച കുളിർമഴ ഒന്നൊക്കെ പറയുമ്പോലെ. ആശ്രമത്തിൽ കയറി അവിടെ എല്ലാം ചുറ്റിക്കണ്ടു. നല്ല പരിശുദ്ധമായ വെള്ളം ആണ് കുടിച്ചു നോക്കിയപ്പോൾ കുപ്പി വെള്ളത്തിനേക്കാൾ നല്ലതായി തോന്നി. പുറത്തേക്കു നോക്കുമ്പോൾ മാതളനാരകം മരങ്ങളിൽ കിടക്കുണ്ട്. ചോദിച്ചപ്പോൾ സീസൺ കഴിഞ്ഞേ ഉള്ളു എന്ന് മനസ്സിലായി.

ഇവിടെ വേനൽകാലത് റാഫ്റ്റിങ്, ബോട്ടിംഗ് ഒക്കെ നടക്കാറുണ്ട്. അടുത്ത സ്ഥലം കണ്ടിട്ടാണ് ഇങ്ങോട്ടെ വരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചത് Kravice വെള്ളച്ചാട്ടം. അതു കാണാൻ ഉള്ള തിരക്കായി ഒരു മണിക്കൂർ അവിടെ ചിലവിട്ട് ഇറങ്ങി. മിനി നയാഗ്ര എന്ന് അറിയപ്പെടുന്ന വെള്ളച്ചാട്ടം. ഓഫ് സീസണാണ് എന്ന് അറിഞ്ഞിരുന്നു അതുകൊണ്ട് തന്നെ ഞങ്ങൾ ഭക്ഷണമൊക്കെ നേരത്തെ വാങ്ങി കൈയിൽ പിടിച്ചു കുതിച്ചു. ഏതാണ്ട് 10 കിലോമീറ്റർ ബാക്കി ഉള്ളപ്പോൾ റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. നമ്മുടെ ബ്രോ പോയി നോക്കി വഴിയിൽ എന്തോ പ്രശ്നമുള്ളത് കൊണ്ട് കടത്തിവിട്ടില്ല എന്നാണ് അവരു പറയുന്നെയെന്നു. കുറെ നേരം അവിടെ നിന്നു ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ എന്ന് വിചാരിച്ചു പക്ഷെ കൊടുത്തില്ല. ഒടുവിൽ മനസില്ലാമനസോടെ അവിടെന്നു തിരിച്ചു.

ബ്രോ എന്തൊക്കെയോ പറഞ്ഞു ഞങ്ങളെ സമാധാനിപ്പിച്ചു. തിരിച്ചു പോകുന്ന വഴിയിൽ ഒന്ന് രണ്ടു അങ്ങാടിയിൽ കേറി ഇറങ്ങി. പ്രകൃതി വഴി നീളം കാഴ്ചകൾ ഒരുക്കി വെച്ചിരിക്കുന്നു. തിരിച്ചു സാരജേവൊ നഗരത്തിലേക്കാണ് ഞങ്ങൾ പോകുന്നത്, അവിടെ ഹോട്ടൽ ബുക്ക് ആക്കി നാളെ ലോക്കൽ കറക്കമാണ് പ്ലാൻ ചെയ്തത്. സാരജേവൊ നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നു, വലിയ വലിയ കെട്ടിടങ്ങളും ലൈറ്റുകളുമൊക്കെ കണ്ടു തുടങ്ങി. നല്ല ട്രാഫിക്, കളർ ഫുൾ ലൈറ്റും മഞ്ഞും എല്ലാം കൊണ്ട് സിറ്റി മനോഹരമായിരിക്കുന്നു. സിറ്റിയിലൂടെ ഒരു റൌണ്ട് ഓടിച്ചു അവിടത്തെ രാത്രി കാഴ്ചകൾ എല്ലാം കണ്ടു. സിറ്റി മൊത്തത്തിൽ മഞ്ഞു മൂടി കിടക്കുന്ന കാഴ്ച.

ബോസ്നിയ ഹെർസെഗോവിനയുടെ തലസ്ഥാനം, സരാജാവോ സിറ്റിക്കുള്ളിൽ തന്നെഹോട്ടൽ എടുത്തത് ചോയിച്ചു ചോയിച് നടന്നും ഓടിയും കായ്ചകൾ കണ്ടു ആസ്വദിക്കാൻ ഉപകാരമായി, രാവിലെ എണീറ്റ്‌ പ്രാതൽ കഴിച്ചു കേബിൾ കാർ ലക്‌ഷ്യം വെച്ച് ഗൂഗിൾ ചേച്ചിയുടെ സഹായത്താൽ നടന്നു. അവിടെ ഹൈക്കിങ് ചെയ്യാനും പറ്റും. വഴി മൊത്തത്തിൽ ഐസ് ആയതിനാൽ വീഴാതെ നടക്കാൻ ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും ആ കഷ്ടപ്പാടിന്റെ രസം അത് വേറെ ലെവൽ തന്നെയായിരുന്നു.

1990 ൽ ബോസ്‌നിയൻ യുദ്ധത്തിൽ ആദ്യമായി നശിക്കപ്പെട്ടത് അവരുടെ നാടിന്റെ അഭിമാനമായിരുന്ന ഈ കേബിൾ കാർ ആയിരുന്നു, 2018 ലാണ് സർക്കാർ വീണ്ടും പുതുക്കി പണിത് ജനങ്ങൾക്ക് സമർപ്പിച്ചത്. ഓൾഡ് ടൗണിൽ നിന്നും Trebevíc മലയിലേക്ക് 2km നീളത്തിൽ. നമുക്കൊക്കെ 20 ഉം നാട്ടുകാർക്ക് 6KM(അവിടത്തെ പൈസ ) ആണ് കേബിൾ കാറിന്റെ ട്രെബിനിക് മലയിൽ പോയി ആർമാദിച്ചു തിരിച്ചു വരാനുള്ള നിരക്ക്.

കളർ ഫുൾ കേബിൾ കാറുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് മലനിരയിൽ കാഴ്ചക്ക് രസം കൂട്ടി. കേബിൾ കാറിൽ കണ്ട കാഴ്ച, വീടുകളുടെ മുകളിലൂടെ തുടങ്ങി മല മുകളിൽ എത്തുമ്പോഴേക്കും സാരാജെവോ നഗരത്തിന്റെ ഭംഗി കാണാം, അതിശയം തന്നെ! മൊത്തത്തിൽ മഞ്ഞിൽ പൊതിഞ്ഞ നഗരം. മലകയറ്റം ഒരു വീക്നെസ് ആയതിനാലും മഞ്ഞു മലയിലെ ഹൈക്കിങ് എക്സ്പീരിയൻസ് കൂടെ ആയിരുന്നു ഞങ്ങളുട പ്രധാന ലക്ഷ്യം. രണ്ടു ട്രയൽ ആണ് ഉള്ളത്, രണ്ടും എത്തിച്ചേരുന്നത് travenic മലയിലെ മറ്റൊരു അത്ഭുതമായ പിനോ നേച്ചർ ഹോട്ടലിൽ ആണ്.

വീഴാൻ നല്ല ചാൻസും അത്യാവശ്യം നല്ല മഞ്ഞു പെയ്യലും ഉള്ളത് കൊണ്ട് ചെറിയ ട്രയൽ എടുത്ത് നടത്തം തുടങ്ങി. അത്യവശ്യം ആളുകൾ ഉണ്ട് പക്ഷെ എല്ലാവരും വളരെ ക്ഷമയോടെ നടക്കുന്നു. കുറച്ചു ഫാമിലി ഉണ്ട് അവരും ആദ്യമായി വന്നവരാണെന്ന് മനസ്സിലായി. ഒരു മല നടന്നു കേറി ഇറങ്ങണം. ചില സ്ഥലത്തു പിടിക്കാൻ കൈവരികൾ വെച്ചിട്ടുണ്ട്. കയറാൻ വല്യ ബുദ്ധിമുട്ടുണ്ടായിരുന്നില്ല, പക്ഷെ ഇറക്കം മരങ്ങൾക്കിടയിലൂടെ ആയിരുന്നു, ഒന്ന് രണ്ടു തവണ വന്ദു വീണു. ഇരുന്നു നിരങ്ങി എങ്ങനൊക്കെയോ താഴെ എത്തി.

പിനോ നേച്ചർ -മഞ്ഞിൽ മൂടിക്കിടക്കുന്ന ഈ ഹോട്ടലിൽ എല്ലാ ഫെസിലിറ്റികളും ഉണ്ട്, ഹോട്ടലിനു പുറകു വശം പാർക്ക് പോലെ സെറ്റ് ചെയ്തിട്ടുണ്ട്, അവിടെ കുറച്ചു നേരം ചിലവാക്കിയ ശേഷം ഹോട്ടലിൽ കേറി ഒരു ബോസ്നിയൻ കാപ്പി പറഞ്ഞു. ഒരാവേശത്തിന്റെ പുറത്തു പറഞ്ഞെങ്കിലും വന്നപ്പോൾ ഗൂഗിൾ ചെയ്തു നോക്കി കുടിക്കേണ്ട അവസ്ഥയായി ഒരു കോപ്പർ ട്രെയിൽ ഒരു പിടിയുള്ള ചെറിയ പാനിൽ ആണു കാപ്പി. ഒപ്പം ഒരു ചെറിയ സ്പൂൺ, പഞ്ചസാര കട്ടികൾ ഉള്ള ചെറിയ ഡബ്ബ, ടർക്കിഷ് സ്വീറ് ഉള്ള ഒരു ഡബ്ബ, രണ്ടു പിടിയില്ലാത്ത കപ്പ്, രണ്ടു ഗ്ലാസ് വെള്ളം. ആദ്യം കപ്പിലേക്ക് സ്പൂൺ കൊണ്ട് പാനിന്റെ മുകളിലുള്ള പത മാത്രം ഒന്നോ രണ്ടോ സ്പൂൺ, അതിലേക്ക് ഇനി കാപ്പി ഒഴിച്ച് ഇളകുന്നു. ആദ്യം ഒരു കവിൾ വെള്ളം കുടിച്ചതിനു ശേഷം കാപ്പി കുടികാം. മധുരം വേണമെങ്കിൽ പഞ്ചസാര കട്ടിയോ സ്വീറ്റോ ഒരു കഷണം എടുത്തു വായിൽ ഇട്ടിട്ട് കുടിക്കുക. ആവശ്യം അനുസരിച്ചു വെള്ളം കുടിക്കുക. ഞങ്ങൾ കുടിക്കുന്ന കണ്ടു അവിടെയുള്ള മുഴുവൻ ആളുകളും നോക്കുന്നു. പുറകേ അടി വരുമോ എന്നു പേടിച്ചു എങ്ങനെയൊക്കെയോ കുടിച്ചു.

ഹോട്ടലിലെ ഒരു മാനേജർ ഞങ്ങൾക്ക് ഫെസിലിറ്റികൾ എല്ലാം കാണിച്ചു പരിചയപ്പെടുത്തി തന്നു. ശേഷം തിരിച്ചു നടക്കാൻ വല്യ ട്രയൽ തന്നെ ചൂസ് ചെയ്തു. ഒന്നേ മുക്കാൽ മണിക്കൂർ നടക്കാൻ ഉണ്ട്, കൊടും മഞ്ഞിലൂടെ കൂടാതെ മരങ്ങൾക്ക്കിടയിലൂടെ, നായ്ക്കളുടെ കുറയും കേട്ട്.. ചെറിയ പേടി ഉണ്ട്. നടന്നു തുടങ്ങി. ആളുകൾ കുറവാണു. വണ്ടികൾ പോകുന്ന വഴി ആണ് തുടക്കമൊക്കെ, അങ്ങനെ വിജനതയിലേക്ക് എത്തി, അത് വരെ ഉണ്ടായിരുന്ന കൗതുകം നഷ്ടപ്പെട്ടൊന്നൊരു ഡൌട്ട്. പേടിയും, ക്ഷീണവുമാകാം, നടത്തത്തിന്റെ സ്പീഡ് ഒന്ന് കൂട്ടി. കഷ്ടപ്പെട്ട് ഗൂഗിൾ മാപ് എടുത്തൊക്കെ നോക്കി. ആ പേടിക്കാനൊന്നുമില്ല എന്ന് തോന്നുന്ന്.

അങ്ങനെ നടന്നു നീങ്ങി, മുന്നിൽ ഒരു കുടുംബം വരുന്നത് ദൂരെ കണ്ടപ്പോ ആശ്വാസമായി. ഭാഷ അറിയാത്തതത് കൊണ്ട് ഒരു ചിരിയിലൂടെ ലേശം ആശ്വാസവും സമ്മാനിച്ച് അവർ പോയി. കയറ്റം തുടങ്ങി ക്ഷീണം തുടങ്ങി. ഒന്നിരിക്കാൻ ഒരു ഇടമില്ല. മഞ്ഞിലാണേൽ ഇരിക്കാനും പറ്റില്ല. ഹൈക്കിങ് സ്റ്റിക് വേണമായിരുന്നു, ബാക് പാക്കിന്റെ ഭാരം കൂടിയത് പോലെ ഒകെ തോന്നിത്തുടങ്ങി. ഒന്നും നോക്കിയില്ല “ഒന്നാം മലകേറി പോകേണ്ട, അവിടുന്നും തലേം കുത്തി”. പാടി പാടി അങ്ങ് നടുന്നു.

ഇടക്കിടക്കി കാടിനുള്ളിൽ നിന്നും ആളുകളുടെ സംസാരം ഞങ്ങളുടെ വല്ലാതെ പേടിപ്പിച്ചു. ആരുമില്ല, ഫുൾ വിജനത. മഞ്ഞു നിറഞ്ഞ കാടാണ്. ഇടയിലൂടെ വഴി പോലെ ഉണ്ടേലും ആരെയും കാണാനില്ല. അങ്ങനെ ആ മലകേറി റോഡ് പോലെ ഉള്ള ഇടത് എത്തിയപ്പോ അവിടെ ഒരുപാട് പേര് നടക്കുന്നു. സമാധാനമായി, ആളുകളെ ഒകെ കണ്ടു തുടങ്ങി. എത്തിയെന്നു തോന്നി. കുറച്ചുകൂടെ നടക്കുമ്പോഴേക്കും കേബിൾ കാർ കണ്ടു. അങ്ങനെ തിരിച്ചു കേബിൾ കാറിൽ കേറി സാരജവൊ സിറ്റിയിൽ എത്തി നടത്തം തുടങ്ങി.

നഗരത്തിനു ഒരു വശത്തിലൂടെ നദി ഒഴുകുന്നുണ്ട്, കൊടും തണുപ്പും മഞ്ഞുമായിട്ടും ഈ നദി എങ്ങനെ ഒഴുകുന്നു എന്നത് കൗതുകം തന്നെ. -6 ഡിഗ്രി തണുപ്പ് ഉണ്ട്. വഴിയിൽ കണ്ട കാഴ്ചക്കെല്ലാം ക്യാമെറക്കകതാക്കി. ബസ് ടാക്സി ട്രാം എല്ലാം ഉണ്ട്. നന്നായി മഴ പെയ്യാൻ തുടങ്ങി അടുത്തു കണ്ട കടയിൽ കയറി ആപ്പിൾ സ്റ്റോർ ആയിരുന്നു, ഐഫോണിന്റെ അവിടത്തെ വില യുഎഇ വിലയുമായി താരതമ്യം ചെയ്‌തു മഴ മാറിയപ്പോൾ അവിടെന്നു ഇറങ്ങി.

മുന്നിൽ കാണുന്ന ബസ്‌സ്റ്റോപ്പിൽ നിന്നും എങ്ങോട്ട് എന്നു ഇല്ലാതെ ഏതോ ട്രാമിൽ കയറി. മുഴുവൻ നഗരവും കാണുക എന്ന ലക്ഷ്യമേ ഉണ്ടായുള്ളൂ, ഇഷ്ടപെടുന്ന സ്ഥലങ്ങളിൽ ഇറങ്ങി, അവിടെ മാർക്കറ്റ്, മാൾ, അങ്ങനെ എല്ലായിടത്തും നടന്നു അവസാനം പ്രധാന മാർക്കറ്റിലേക് എത്തി. Bascarsija- മിൽജാക്ക നദി തീരത്തുള്ള ഓൾഡ് ടൗണിലാണ് ഈ മാർക്കറ്റ്. സാരജേവോ നഗരത്തിന്റെ ചരിത്രവും സാംസ്ക്കാരിക കേന്ദ്രവും പഴയകാലത്തെ മാർക്കറ്റും കൂടിയാണ് ഇത്.

ഒരു ഗൈഡിന്റേം സഹായം വേണമെന്ന് തോന്നിയില്ല ഒന്നു കണ്ണു തുറന്നു നടന്നാൽ എല്ലാം കാണാം. നടന്നു നീങ്ങുത്തോറും ഒരുപിടി വ്യത്യസ്തമായ കാഴ്ചകൾ. ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ് പോയിന്റ് – ഈ നഗരത്തെ വളരെ ആകർഷിക്കുന്ന മറ്റൊരു സംഗതിയാണ് ഇത്: കിഴക്കും പടിഞ്ഞാറും കൂടിച്ചേരുന്ന ഇടമാണ്. ഓസ്ട്രിയ-ഹംഗേറിയൻ വാസ്തുവിദ്യയും പാശ്ചാത്യ കടയുടെ അടയാളങ്ങളും ഒരു ദിശയിൽ കാണാൻ കഴിയും മറുവശത്തു തുർക്കിഷ് വാസ്തുവിദ്യയും കടകളും കാണാൻ സാധിക്കും. ഒരു വശത്ത്, ആളുകൾ തെരുവിൽ മേശകളിൽ ബിയർ കുടിക്കാറുണ്ട്, മറുവശത്ത് മദ്യത്തിന്റെ ഒരു ഡ്രോപ്പ് കണ്ടു പിടിക്കുവാൻ ആവില്ല. പകരം, ബോസ്‌നിയൻ കാപ്പിയും നല്ല ഹുക്ക കഫേകളും കാണാം.

നടന്നു ഒരു മെയിൻ റോഡിൽ എത്തി അവിടെ തീ ചെറുതായി ആളിക്കത്തുന്നത് കണ്ടു അപകടകരമായിട്ടല്ല അടുത്തു ചെന്നു വായിച്ചു നോക്കി. എറ്റേർണൽ ഫ്ളയിം – രണ്ടാം ലോകമഹായുദ്ധത്തിന്റെ സൈനീകരുടെയും സിവിലിയൻ ഇരകളുടെയും സ്‌മാരകം. നടന്നു ക്ഷീണിച്ചതിൽ തിരിച്ചു ഹോട്ടലിൽ പോകാൻ തീരുമാനിച്ചു വന്ന വഴി പോകാതെ വേറെ വഴി പോകുന്നതാണല്ലോ നല്ലത് വേറെയും കാഴ്ചകൾ കാണാല്ലോ.

ഏകദേശം സന്ധ്യ സമയമായി ആളുകൾ നിറഞ്ഞിട്ടുണ്ട് വഴികളിൽ എല്ലാരും ഓരോ രീതിയിൽ അവരുടെ തിരക്കിൽ, ഒരു ക്ലോക്ക് ടവർ കണ്ടു നിന്നു ഒത്തിരി പഴക്കം തോന്നി. ഏറ്റവും മികച്ചതും മനോഹരമായതുമായ ക്ലോക്ക് പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. 1697 ൽ തീ പിടിക്കുകയും പിന്നീട് 1762ൽ പുനർനിർമിച്ചു. ഇതിൽ നമ്മുടെ കൈയിലുള്ള വാച്ചിലെ സമയമല്ല കാണിക്കുന്നത് ഞങ്ങൾ വിചാരിച്ചു കേടുവന്നതാണ് എന്ന്, ഒരാൾ പറഞ്ഞു തന്നു ഇത്‌ പ്രാർത്ഥനയുടെ സമയം നിശ്ചയിക്കുന്ന ചാന്ദ്ര സമയം ആണ് കാണിക്കുന്നത് എന്നും, ഇവിടെ മാത്രമേ ഇങ്ങനെ ഒന്നു ഉള്ളൂ എന്നും.

നടന്നു നടന്നു bascarsija യുടെ സെന്ററിൽ എത്തി ഭക്ഷണം കഴിക്കാൻ കേറി. ഹോട്ടലിന്റെ പുറത്തേക്കു നോക്കിയപ്പോൾ കുറച്ചു ദൂരെയായി കുറെ പ്രാവുകൾ ഒരു മരം കൊണ്ടുള്ള കൂടിനു മുന്നിൽ, കഴിച്ചിറങ്ങി ഞങ്ങൾ അതിനു അടുത്തേക്കു ചെന്നു. അതിന്റെ പേര് സെബിൽജ് (Sebilj) എന്നാണെന്നും അതിൽ നിന്നായിരുന്നു ആളുകൾക്കു പണ്ട് വെള്ളം വിതരണം ചെയ്തിരുന്നത് എന്ന് മനസ്സിലായി‌. നമ്മുടെ നാട്ടിൽ പണ്ട് മുൻസിപ്പാലിറ്റി പൈപ്പ് ഒരു പ്രദേശത്തു ഒന്നു ഉള്ളത് പോലെ അവിടത്തെ ജനങ്ങൾക്ക് ഉള്ള പൊതു പൈപ്പ്. പണ്ട് ധാരാളം ഉണ്ടായിരുന്നു. ഈ അവസാനത്തെ പൈപ്പ് ഇന്നും നഗരത്തിന്റെ വലിയചിഹ്നമായി നിലകൊള്ളുന്നു.

രാവിലെ എയർപോർട്ടിലെക്ക് പോകാൻ വണ്ടിയും, പ്രഭാത ഭക്ഷണവും ഒക്കെ സെറ്റ് ആകാൻ ഹോട്ടൽലേക്ക് ചെന്നു, രാത്രി ആയപ്പോഴേക്കും തണുപ്പ് നന്നായി കൂടി. ഈ അവധികാലം പെട്ടന്നു തീർന്ന പോലെ തോന്നി, പിറ്റേന്ന് രാവിലെ എണീറ്റ് ബ്രേക്ക് ഫാസ്റ്റ് എല്ലാം കഴിച്ചു ഏർപ്പാടാക്കിയ ടാക്സിയിൽ എയർപോർട്ടിലേക്ക് മനസില്ല മനസോടെ. വീണ്ടും മടങ്ങി വരും, ഇനി ഒരു വേനൽക്കാലത്ത്‌, തുറന്ന മനസ്സോടെ ഞങ്ങളെ സ്വാഗതം ചെയ്ത ജനങ്ങളെ കാണാനും, കാണാൻ പറ്റാതെ പോയ പ്രകൃതി അനുഗ്രഹീതമായ സ്ഥലങ്ങൾ കാണാനും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post