കമ്പോഡിയയിലെ പുരാതന ക്ഷേത്രങ്ങളിലേക്ക്…

വിവരണം – ഷിത വൽസൻ.

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം? അങ്കോർ വാറ്റ് എന്ന യു.പി. സ്കൂൾ ക്ലാസ്സിലെ കേട്ടറിവിൽ നിന്നും, ടോംബ് റൈഡർ വീഡിയോ ഗെയിംലെ കാഴ്ചകളിലൂടെയും ചെറുപ്പത്തിലേ മനസ്സിൽ കയറി കൂടിയ ക്ഷേത്രം. അതുകൊണ്ട് തന്നെ നാല് ദിവസത്തെ അവധി ലഭിച്ചപ്പോൾ എവിടെ പോകണമെന്ന് തീരുമാനിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ രണ്ടു സുഹൃത്തുക്കളോടൊപ്പം അങ്കോർ വാറ്റ് സ്ഥിതി ചെയ്യുന്ന കംബോഡിയയിലെ സിയേം റീപിലേക്ക് പുറപ്പെട്ടു.

ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ നൽകുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. വിസ ഫീ ആയ 30 യു.എസ്. ഡോളർ ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. അപേക്ഷിച്ച് പത്ത് മിനിറ്റിനുള്ളിൽ വിസ റെഡി. ഏകദേശം 4000 കംബോഡിയൻ റിയലിനു തുല്യമാണ് ഒരു യു. എസ്. ഡോളർ. അതുകൊണ്ടു തന്നെ യു. എസ്. ഡോളർ നേരിട്ടു ഇവിടെ ഉപയോഗിക്കാം. 50 യു. എസ്. ഡോളറിനു മുകളിലുള്ള കറൻസികൾ കൊണ്ടുപോവാതിരിക്കുന്നതാണുചിതം.

വിമാനത്താവളത്തിനു പുറത്തിറങ്ങി ടുക് ടുകിൽ ഹൊസ്റ്റെലിലേക്ക് തിരിച്ചു. ആ ടുക് ടുകിന്റെ സാരഥിയായ ഫിലി ആയിരുന്നു ഞങ്ങളുടെ നാല് ദിവസത്തെ ഡ്രൈവർ. മോട്ടോർ ബൈക്കിനു പുറകിൽ കുതിരവണ്ടിയുടെ പുറകു ഭാഗം കെട്ടിവച്ചതു പോലെയുള്ള വാഹനമാണ് കംബോഡിയയിലെ ടുക് ടുക്.

പ്ലാൻ ചെയ്തത് അനുസരിച്ചല്ലാതെ പെട്ടെന്നെടുത്തൊരു തീരുമാനത്തിൽ ആദ്യം തന്നെ കോ കേർ ക്ഷേത്രസമുച്ചയത്തിലേക്കു പോകാൻ തീരുമാനിച്ചു. സിയെം റീപ് നഗരത്തിൽ നിന്നു 120 കിലോമീറ്റർ ദൂരെ തായ്‌ലൻഡ് അതിർത്തിയിൽ ആയതിനാൽ പോകേണ്ടെന്നു കരുതിയതാണ്. കാടിനു നടുവിൽ കിടക്കുന്ന ഇവിടേക്ക് യു. എൻ. സഹകരണത്തോടെ ലാൻഡ് മൈനുകൾ നിർവീര്യമാക്കി 2004-ൽ റോഡ് നിർമ്മിച്ചതോടെയാണ് സഞ്ചാരികൾക്കു പ്രവേശന യോഗ്യമായത്.

കമ്പോഡിയൻ ഗ്രാമങ്ങൾ കാണാൻ പറ്റിയൊരു യാത്ര! വിശാലമായി കിടക്കുന്ന പാടങ്ങൾ ഉഴുതുമറിച്ച് മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകർ, ഇക്കൊല്ലം വൈകിയാണ് മഴ. നാലു കാലിൽ നിൽക്കുന്ന വീടുകൾ കാണാൻ നല്ല ചേല്, നാലു തൂണുകൾ ഉണ്ടാക്കി അതിനു മുകളിലാണ് കംബോഡിയയിൽ വീടുകൾ നിർമ്മിക്കുന്നത്. പിന്നെ വീടിനു മുന്നിലായി ചെറിയൊരു തൂണിൽ സ്ഥാപിച്ച കൊച്ചു ക്ഷേത്രവും, വീട്ടുകാരുടെ പ്രാർത്ഥന സ്ഥലം! ഇതൊക്കെ വെള്ളം കയറുന്ന പ്രദേശങ്ങൾ ആയതുകൊണ്ടാണോ ഇങ്ങനെയുള്ള നിർമ്മിതികൾ എന്നു അനേഷിച്ചപ്പോൾ, അല്ല പണ്ട് മുതലേ എല്ലാവരും ഇങ്ങനെ വീടെടുക്കുന്നത് ഇപ്പോഴും പിന്തുടരുന്നു എന്നു മാത്രം. ചിലപ്പോൾ പണ്ട് കാലത്ത് വെള്ളം കയറാറുണ്ടായിരിക്കാം.

റോഡിൽ വാഹനങ്ങൾ തീരെ ഇല്ലാത്തതിനാൽ രണ്ടു മണിക്കൂറിനുള്ളിൽ കോ കേർ എത്തി. എ.ഡി. 928 മുതൽ 944 വരെ കംപൂജദേശ എന്ന പഴയ കംബോഡിയയുടെ തലസ്ഥാനമായിരുന്നു ലിംഗപുര എന്ന കോ കേർ. ഞങ്ങൾ ചെന്നപ്പോൾ സഞ്ചാരികളൊന്നുമില്ലാതെ വിജനമായിരുന്നു കോ കേർ. മായൻ പിരമിഡ് പോലെയുള്ള പ്രസാത് തോമിലെ പ്രാങ് ആണ് ഇതിനെ മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. 40 മീറ്റർ ഉയരത്തിൽ ഏഴുനിലകളുള്ള ഇതിന്റെ മുകളിൽ നിന്നു നോക്കിയാൽ കാണുന്നത് ചുറ്റിലും പരന്നു കിടക്കുന്ന കൊടുങ്കാട് മാത്രം! ഇതിനു മുകളിൽ ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന പതിനഞ്ചു മീറ്റർ ഉയരമുള്ള ശിവലിംഗം ഇപ്പോൾ അവിടെയില്ല.

ഇതൊക്കെ ചരിത്രകാരന്മാർ ക്ഷേത്രച്ചുവരിലെ പുരാതനലിപികളിൽ നിന്നും വായിച്ചെടുത്തതാണ്. ഇതു കൂടാതെ പ്രധാനമായും 42 ക്ഷേത്രങ്ങളുള്ള ഇവിടെയാണ് കംബോഡിയയിലെ ഏറ്റവും വലിയ ശിവലിംഗമുള്ളത്. അവിടെ നിന്നു തിരിച്ചു വരുന്ന വഴി അങ്കോർ വാറ്റിനോട് സാമ്യമുള്ള പക്ഷെ തകർന്നടിഞ്ഞു കിടക്കുന്ന ബംഗ്‌ മെലിയയിൽ കയറി. പുനഃസ്ഥാപന പ്രവൃത്തികളൊന്നും നടത്താത്തതിനാൽ ചിതറിക്കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങളിലൂടെ കയറിയിറങ്ങിയാൽ മാത്രമേ ബംഗ്‌ മെലിയ പൂർണ്ണമായി കാണാൻ സാധിക്കൂ. അങ്കോർ ക്ഷേത്രങ്ങളിൽ കൈവരികളായി സ്ഥാപിച്ചിരിക്കുന്ന ഏഴു തലയുള്ള നാഗങ്ങളെ ഇവിടെയും കാണാം, അതുപോലെ പാലാഴി മഥനവും ചുറ്റിലുമുള്ള കിടങ്ങും.

ഒമ്പത് മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള ഖമർ രാജാക്കന്മാരുടെ തലസ്ഥാനങ്ങൾ സ്ഥിതി ചെയ്തിരുന്ന, നാനൂറു ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അങ്കോർ ആർക്കിയോളജിക്കൽ പാർക്കിനെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചത് 1992-ലാണ്. ഏറ്റവും വലിയ നിർമ്മിതിയായ അങ്കോർ വാറ്റ്, അങ്കോർ തോം, അഞ്ചു ക്ഷേത്രങ്ങൾ വീതമുള്ള ലിറ്റിൽ സെർക്യൂട്, ബിഗ് സെർക്യൂട്, മൂന്നു ക്ഷേത്രങ്ങൾ ഉൾപെടുന്ന റോളസ് ക്ഷേത്രങ്ങൾ, പിന്നെ ദൂരെ ദൂരെ ചിതറി കിടക്കുന്ന നാലു ക്ഷേത്രങ്ങൾ (ഇതിൽ ഉൾപ്പെടുന്നതാണ് ബംഗ് മെലിയ) എന്നിവ അടങ്ങിയതാണ് അങ്കോർ ആർക്കിയോളജിക്കൽ പാർക്ക്.

അങ്കോർ വാറ്റിലെ സൂര്യോദയം കാണാൻ രാവിലെ അഞ്ചു മണിക്ക് തന്നെ പുറപ്പെട്ടു. മൂന്നുദിവസത്തെ പാസിന് 40 യു. എസ്. ഡോളർ, ഒരു ദിവസത്തെ ടിക്കറ്റ് ആണെങ്കിൽ 20 യു. എസ്. ഡോളർ. മുന്നിലെ കുളത്തിൽ സൂര്യോദയത്തിൽ പ്രതിഫലിക്കുന്ന അങ്കോർ വാറ്റ് കാണാൻ നല്ല തിരക്ക്, കൂട്ടത്തിൽ പോസ്റ് കാർഡ് വിൽക്കുന്ന കൊച്ചുകുട്ടികളും. സ്കൂളിൽ പോകുന്നില്ലേ എന്നു ചോദിച്ചപ്പോൾ പതിനൊന്നു മണിക്കാണ് ക്ലാസ്സ് എന്നു മറുപടിയും. കുട്ടികൾക്ക് പണമോ ആഹാരവസ്തുക്കളോ കൊടുക്കരുതെന്നും, അവർ സ്കൂളിൽ പോകേണ്ടവരാണെന്നും ഉള്ള ബോർഡുകൾ പല എൻ. ജി. ഒ. കളും സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാണെങ്കിലും സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്.

ആറരയ്ക്ക് സൂര്യോദയവും കണ്ടു ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിച്ചു. മുൻ രാജാക്കന്മാരുടെ ശൈവ പാരമ്പര്യം പിന്തുടരാതെ വിഷ്ണു ക്ഷേത്രമായി യശോദാപുരം എന്ന അങ്കോർ നഗര മദ്ധ്യത്തിൽ ഖമർ രാജാവായ സൂര്യവർമ്മൻ രണ്ടാമൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഈ ഹിന്ദു ക്ഷേത്രം പിന്നീട് ബുദ്ധ ക്ഷേത്രമായി മാറി. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കൃത്രിമ ദ്വീപിനു ചുറ്റും വലിയൊരു മതിൽക്കെട്ടുണ്ട്‌. സുമേരു പർവതത്തിന്റെ അഞ്ചു കൊടുമുടികളെ പ്രതിനിധീകരിക്കുന്ന അഞ്ചു ഗോപുരങ്ങളുള്ള ഈ അമ്പലത്തിനു ചുറ്റുമുള്ള മതിലുകൾ മലനിരകളെയും വെള്ളം നിറഞ്ഞ കിടങ്ങുകൾ സമുദ്രത്തേയും സൂചിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ പുറംചുവരിൽ കുരുക്ഷേത്ര യുദ്ധം, പാലാഴി മഥനം, സ്വർഗ്ഗ നരകങ്ങൾ, ദേവാസുര യുദ്ധം, ലങ്കാ യുദ്ധം, അപ്സരസുകൾ, സൂര്യവർമന്റെ സൈന്യം എന്നിവ കൊത്തി വച്ചിരിക്കുന്നു.

ഏറ്റവും മുകളിലത്തെ ഗോപുരമായ ബകാനിലേക്കു ഒരേ സമയം കുറച്ച് പേർക്ക് മാത്രമേ പ്രവേശനമുള്ളൂ, കൂടാതെ തീരെ ഇറക്കം കുറഞ്ഞവയോ കയ്യിലാത്ത വസ്ത്രങ്ങളോ ധരിച്ചവരെ മുകളിലേക്കു കയറാൻ അനുവദിക്കില്ല. അവിടുത്തെ പ്രധാന പ്രതിഷ്ഠ അനന്തശയനത്തിലുള്ള ബുദ്ധനാണ്, വിഷ്ണുവിനെ മാറ്റി ബുദ്ധനാക്കിയതായിരിക്കാം. അങ്കോർ വാറ്റിൽ നിന്നിറങ്ങുമ്പോൾ രാവിലെ എട്ടരയെ ആയിട്ടുള്ളു. പക്ഷെ നല്ല വെയിലും ചൂടും കാരണം നട്ടുച്ചയാണെന്നു തോന്നി. വെള്ളത്തിനു പകരം കരിക്കു കുടിച്ചായിരുന്നു കമ്പോഡിയയിലെ യാത്ര.

ഹോളിവുഡ് താരം ആഞ്‌ജലീന ജൊളിയുടെ സിനിമയായ ലാറ ക്രോഫ്റ്റ്: ടോംബ് റൈഡറിലൂടെ പ്രശസ്തമായ അമ്പലമാണ് രാജാവിഹാര എന്ന താ പ്രോം. പതിനേഴാം നൂറ്റാണ്ടിൽ ഖമർ രാജവംശത്തിന്റെ അവസാനത്തോടെ നൂറ്റാണ്ടുകളോളം ഉപേക്ഷിക്കപ്പെട്ട് മരങ്ങൾ വിഴുങ്ങാൻ തുടങ്ങിയ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം തുടങ്ങിയത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്. മരങ്ങളുടെ വേരുകൾ ഭീമൻ നീരാളിയെ പോലെ ഓരോ കെട്ടിടത്തിന് മുകളിലും അള്ളിപ്പിടിച്ച് വളർന്നു പന്തലിച്ചിരിക്കുന്നത് വിസ്മയത്തോടെയേ ആർക്കും കാണാനാവൂ! ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ ആണ് ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പൂർണ്ണമായും മണൽക്കല്ലിൽ മലയുടെ ആകൃതിയിൽ നിർമ്മിച്ചതാണ് ജയവർമൻ അഞ്ചാമന്റെ ആസ്ഥാന ക്ഷേത്രമായിരുന്ന താ കെയോ. ലിറ്റിൽ സർക്യൂട്ടിലെ ഈ രണ്ടു പ്രധാന ക്ഷേത്രങ്ങൾ കണ്ടതിനു ശേഷം അങ്കോർ തോമിലേക്കു പുറപ്പെട്ടു. അങ്കോർ തോമിലെ ഏറ്റവും മനോഹരമായ നിർമ്മിതിയാണ് ബയോൺ. ഇതിലെ ഗോപുരങ്ങൾക്കെല്ലാം മുഖത്തിന്റെ ആകൃതിയാണ്. ജയവർമൻ ഏഴാമനോടാണ് ഈ മുഖങ്ങൾക്കു കൂടുതൽ സാമ്യം, അതല്ല ബുദ്ധനോടാണ് സാമ്യമെന്നും പറയപ്പെടുന്നു. അങ്കോർ തോമിന്റെ അഞ്ചു കവാട ഗോപുരങ്ങൾക്കും ഇതേ ആകൃതിയാണ്‌. ഇതിൽ മൂന്നു കവാടങ്ങൾക്കു മുന്നിൽ പാതകൾക്കിരുവശത്തും പാലാഴി മഥനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നാഗത്തെ പിടിച്ചു നിൽക്കുന്ന ദേവാസുര ശിൽപ്പങ്ങൾ കാണാം.

മൂന്നു നിലകളായി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ മൂന്നാമത്തെ നിലയിലാണ് നാലു മുഖങ്ങൾ ചേർന്നു ബ്രഹ്‌മാവിനെ പോലെയുള്ള 37 ഗോപുരങ്ങൾ ഉള്ളത്, ആകെ148 മുഖങ്ങൾ. 49 എണ്ണം ഉണ്ടായിരുന്നതിൽ പന്ത്രണ്ടെണ്ണം നശിച്ചു പോയി. ബയോണിന് തൊട്ടടുത്താണ് മലയുടെ രൂപത്തിൽ പടിപടിയായി നിർമ്മിച്ചിരിക്കുന്ന ബാഫ്യോണ് ക്ഷേത്രം. ജയവർമൻ ഏഴാമൻ തന്റെ സൈന്യത്തെ നിരീക്ഷിച്ചിരുന്ന ആനകളെ കൊത്തിവച്ചിരിക്കുന്ന വേദിയായ എലിഫന്റ് ടെറസ്, അതുപോലെ യമനെ കൊത്തിവച്ചിരിക്കുന്ന വേദിയായ ലെപേർ കിങ് ടെറസ് ശവസംസ്കാരത്തിനു ഉപയോഗിച്ചിരുന്നതാണെന്നു കരുതപ്പെടുന്നു. ഇതു കൂടാതെ വേറെ കുറച്ച് ക്ഷേത്രാവശിഷ്ടങ്ങളും കുന്നിൻപുറത്തു നിർമ്മിച്ചിരിക്കുന്ന സൂര്യാസ്തമയം കാണാൻ പറ്റിയ ഫ്നോം ബാക്കെങ്ങും ചേർന്നതാണ് അങ്കോർ തോം.

സൂര്യാസ്തമയത്തിനു മുന്നെയായി പ്രെയ്‌ ഖാൻ കണ്ടു വരാൻ തീരുമാനിച്ചു. ജയവർമൻ ഏഴാമൻ അദ്ദേഹത്തിന്റെ അച്ഛന്റെ ഓർമയ്ക്കായി നിർമ്മിച്ചതാണിത്. കിടങ്ങിനു ചുറ്റുമായി ദേവാസുരൻമാർ നാഗത്തെ പിടിച്ചു നിൽക്കുന്നത് ഇവിടെയും കാണാം, കൂടാതെ നാലാമത്തെ ചുറ്റുമതിലിൽ 72 ഗരുഡന്മാർ നാഗത്തിനു മുകളിൽ ചവുട്ടി നിന്നു മതിക്കെട്ടിലെ നാഗങ്ങളെ താങ്ങിനിർത്തിയിരിക്കുന്നു. ക്ഷേത്രത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായ സിലിണ്ടർ ആകൃതിയിലുള്ള തൂണുകളാൽ നിർമിച്ച രണ്ടുനില കെട്ടിടത്തിന്റെ ഉദ്ദേശ്യം അജ്ഞാതമാണ്.

ഒരേ സമയം മുന്നൂറു പേരെയേ ഫ്നോം ബെക്കെങ് കയറാൻ അനുവദിക്കൂ. കുന്നുകയറി അഞ്ചുമണിയോടെ ക്ഷേത്രത്തിനടുത്തെത്തി. മുകളിൽ കയറുന്നവർക്കെല്ലാം എണ്ണം തിട്ടപ്പെടുത്താൻ പാസ്സ് നൽകുന്നുണ്ട്. അഞ്ചു നിലകളുള്ള ഈ ക്ഷേത്രത്തിൽ അഞ്ചു പ്രധാന ഗോപുരങ്ങൾ ഉൾപ്പെടെ നൂറ്റെട്ട് ചെറിയ ഗോപുരങ്ങളും നടുവിലൊരു വലിയ ഗോപുരവുമാണുള്ളത്. ഏതു വശത്ത് നിന്നു നോക്കിയാലും 33 ഗോപുരങ്ങൾ മാത്രം കാണുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മിതി, 33 ഗോപുരങ്ങൾ സുമേരു പർവതത്തിലെ 33 ദേവതകളെ പ്രതിനിധീകരിക്കുന്നു. മുകളിലത്തെ നിലയിൽ നിന്നു നോക്കിയാൽ അങ്ങു ദൂരെ അങ്കോർ വാറ്റ് കാണാം. അങ്കോർ വാറ്റിന്റെ മുകളിൽ സൂര്യാസ്തമയം പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ നിരാശരാക്കി സൂര്യൻ എതിർദിശയിൽ അസ്തമിക്കാൻ തുടങ്ങി. സൂര്യോദയത്തിൽ തുടങ്ങിയ അന്നത്തെ നീണ്ട യാത്ര സൂര്യാസ്തമയത്തിനു ശേഷം അവസാനിപ്പിച്ചു.

കുറച്ച് ദൂരെയുള്ള ശിവക്ഷേത്രമായ ബാന്റെ സ്രേയിയാണ് ഇന്നത്തെ ആദ്യ ലക്ഷ്യം. പോകുന്ന വഴി ഇഷ്ടികയിൽ നിർമ്മിച്ച ക്ഷേത്രമായ പ്രിരൂപിൽ കയറി. ബാന്റെ സ്രേയ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ യഥാർത്ഥ പേര് ഈശ്വരപുര എന്നും അമ്പലത്തിന്റേതു ത്രിഭുവനമഹേശ്വര എന്നുമായിരുന്നു. ഇപ്പോഴത്തെ പേരായ ബാന്റെ സ്രേയിയുടെ അർത്ഥം സ്ത്രീകളുടെ രാജധാനി എന്നാണ്. ചെറുതാണെങ്കിലും ഒരുപാട് ശില്പങ്ങളും കൊത്തുപണികളും കൊണ്ടു നിറഞ്ഞതാണ് ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ച ഈ ക്ഷേത്രം. നടരാജനും, ബാലി സുഗ്രീവ യുദ്ധവും, ഖാണ്ഡവ ദഹനവും, വാനര ശില്പങ്ങളുമെല്ലാം ഇവിടെ കാണാം.

ഇവിടെ നിന്നു പന്ത്രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ 1000 ശിവലിംഗങ്ങളും ത്രിമൂർത്തികളെയും കൊത്തി വച്ചിരിക്കുന്ന നദിയിലേക്കുള്ള വഴിയിൽ എത്താം. പാർക്കിങ് സ്ഥലത്തിനടുത്തതാണ് അങ്കോർ സെന്റർ ഫോർ കോൺസെർവഷൻ ഓഫ് ബയോഡൈവേഴ്‌സിറ്റി. എല്ലാ ദിവസവും രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് ഒരു മണിക്കും ഗൈഡഡ് ടൂർ ഉണ്ട്, 3 യു.എസ്. ഡോളർ ഡൊനേഷൻ കൊടുക്കണം. വന്യജീവി കടത്തുകാരിൽ നിന്നും വേട്ടക്കാരിൽ നിന്നും പിടിച്ചെടുത്ത മൃഗങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ എന്നിവയെ ജർമൻ സഹകരണത്തോടെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണിത്.

ചൈനീസ് മരുന്നുകൾക്കും മറ്റും വേണ്ടി കടത്തികൊണ്ടുപോവുന്ന ഉറുമ്പുതീനി, പലതരം കുരങ്ങന്മാർ എന്നിവയെ കുറിച്ചും വന്യജീവി സംരക്ഷണത്തെ കുറിച്ചും ഗൈഡ് വിശദീകരിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന വന്യജീവിയായ പംഗോളിൻ എന്ന ഉറുമ്പുതീനിയുടെ ശല്ക്കങ്ങൾ നിർമ്മിച്ചിരിക്കുന്നത് നമ്മുടെ നഖങ്ങളും മുടിയും നിർമ്മിച്ചിരിക്കുന്ന അതേ പ്രോട്ടീൻ ആയ കെരാറ്റിൻ കൊണ്ടാണ്, പക്ഷെ ചൈനീസ് വിപണിയിൽ ഒരു കിലോ ശല്ക്കങ്ങൾക്കു 70000 രൂപയോളമുണ്ട്.

ക്ബാൽ സ്പീൻ എന്നാണ് 1000 ശിവലിംഗങ്ങൾ ഉള്ള സ്ഥലത്തിന്റെ പേര്. ഇവിടെയെത്താൻ രണ്ടു കിലോമീറ്റർ മലകയറണം, അതുകൊണ്ടു തന്നെ സഞ്ചാരികൾ കുറവാണ്. വഴിയിൽ നിറയെ കൂറ്റൻ പാറകൾ, അധികം ആയാസമില്ലാത്ത കയറ്റമാണ്. കംബോഡിയയിലെ എടുത്ത് പറയേണ്ട ഒരു കാര്യം, പാവപ്പെട്ട രാജ്യമാണെങ്കിലും ഒരുവിധം എല്ലാ സ്ഥലങ്ങളിലും ചവറ്റുകൊട്ട സ്ഥാപിച്ച് നിന്നു മാലിന്യങ്ങൾ വേണ്ടവിധത്തിൽ നിർമാർജ്ജനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ കാട്ടിൽ പോലും ആരും ഒന്നും വലിച്ചെറിഞ്ഞത് കണ്ടില്ല. നദി വരണ്ടുണങ്ങിയിരിക്കുന്നതിനാൽ വെള്ളത്തിനടിയിലെ മനോഹരശില്പങ്ങൾക്കു പകരം പാറക്കെട്ടിലെ ശില്പങ്ങളാണ് കണ്ടത്. പിന്നെ നനവുള്ള പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുറെ പൂമ്പാറ്റകളും!

കംബോഡിയയിൽ പോകുന്നതിനു മുൻപ് സുഹൃത്ത് തന്ന നിർദേശമായിരുന്നു വഴിയിൽ നിന്നു മാറി നടക്കരുത്, ഇപ്പോഴും നിർവീര്യമാക്കാതെ കിടക്കുന്ന ദശലക്ഷക്കണക്കിന് ലാൻഡ് മൈനുകൾ ഉള്ള രാജ്യമാണ്. ലാൻഡ് മൈനുകളെക്കുറിച്ച് അറിയാൻ പറ്റിയ സ്ഥലമാണ് കമ്പോഡിയൻ ലാൻഡ് മൈൻ മ്യൂസിയം. മൂന്നുദശാബ്ദത്തെ ആഭ്യന്തര യുദ്ധഫലമായ ഈ കുഴിബോംബുകൾ 40000-ൽ കൂടുതൽ ആൾക്കാരെ അംഗവൈകല്യമുള്ളവരാക്കി. സന്നദ്ധ സംഘടനകൾ ലാൻഡ് മൈനുകൾ നിർവീര്യമാക്കാൻ തുടങ്ങുന്നതിനു മുൻപേ ഒറ്റയാൾ പട്ടാളമായി ഇതിലേക്ക് ഇറങ്ങിത്തിരിച്ച ഖമർ റൂഷിലെ കുട്ടി സൈനികനായിരുന്ന അകിരയാണ് ലാൻഡ് മൈൻ മ്യൂസിയവും അതിനോട് ചേർന്നു ലാൻഡ് മൈൻ ബാധിതർക്കുള്ള വിദ്യാലയവും സ്ഥാപിച്ചത്.

മ്യൂസിയം പ്രവേശന ഫീസായ 5 യു. എസ്. ഡോളർ കുഴിബോംബ് നിർമ്മാർജ്ജനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നു. അകിര നിർവീര്യമാക്കിയ വിവിധതരം കുഴിബോംബുകളും മറ്റനേകം യുദ്ധസാമഗ്രികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സിയെം റീപ് നഗരത്തിലേക്കു തിരിച്ചു പോകുന്ന വഴിയിലാണ് അധികം പ്രസിദ്ധിയില്ലാത്ത ബാന്റെ സംരെ വിഷ്ണുക്ഷേത്രം. ഞങ്ങളല്ലാതെ വേറെ സന്ദർശകരൊന്നുമില്ലാത്ത ശാന്തമായൊരിടം. അങ്കോർ ആർക്കിയോളജിക്കൽ പാർക്കിലെ ഏറ്റവും കുറവ് കേടുപാടുകളുള്ള അമ്പലം. അധികം വൈകാതെ ഇന്നത്തെ യാത്ര അവസാനിച്ചതിനാൽ അപ്സര നടനം കാണാൻ തീരുമാനിച്ചു. വിവിധതരം ഭക്ഷണങ്ങളുള്ള ബുഫേയോട് കൂടിയ നൃത്തപരിപാടിയാണിത്. കമ്പോഡിയയിലെ പ്രധാന ഭക്ഷണമാണ് അമോക് എന്ന തേങ്ങയരച്ച കറിയും ചോറും.

സിയെം റീപിലെ അവസാനദിവസമായ ഇന്ന്, കാണാൻ അവശേഷിക്കുന്ന റോളസ് ക്ഷേത്രങ്ങളും വെള്ളത്തിലെ ഗ്രാമങ്ങളുമാണ് കാണാൻ പോകുന്നത്. റോളസ് ക്ഷേത്രങ്ങളായ ബാക്കോങ്, ലോലേയ്, പ്രെയ്‌ കോ എന്നിവ അടുത്തടുത്താണ്. ഹരിഹരാലയ എന്ന പഴയ തലസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രങ്ങൾ. പിരമിഡിന്റെ ആകൃതിയിലുള്ള ശിവക്ഷേത്രമാണ് ബാക്കോങ്. മൂന്നു ഗോപുരങ്ങൾ നിരനിരയായുള്ള പ്രെയ്‌ കോയുടെ ഓരോ ഗോപുരത്തിന് മുന്നിലും നന്ദി ശില്പമുണ്ട്. ഇന്ദ്രവർമൻ ഒന്നാമൻ തന്റെ പൂർവ്വികർക്ക് വേണ്ടി നിർമ്മിച്ചതാണ് ലോലേയ്.

തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് തോൺ ലെ സാപ്. ഈ തടാകത്തിലെ വില്ലേജുകളാണ് ചോങ് ക്നീസ്, കമ്പോങ് ഫ്ലുക്, കമ്പോങ് ക്ലീങ്. സിയെം റീപിനു ഏറ്റവും അടുത്തുള്ളത് ചോങ് ക്നീസ് ആണെങ്കിലും അവിടേക്കുള്ള ബോട്ട് യാത്രയിലെ പല തട്ടിപ്പുകളെക്കുറിച്ചും വായിച്ചതിനാൽ കംപോങ് ഫ്ലുകിലേക്കു തിരിച്ചു.

മഴക്കാലത്ത് 10000 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള തോൺ ലെ സാപ് വേനൽക്കാലത്ത് 3000 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങും. രണ്ട് രീതിയിലാണ് ഇവിടുത്തെ ഗ്രാമങ്ങൾ നിർമ്മിക്കുന്നത്. മുളകൾ കൊണ്ട് ഉയരമുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കി അതിനു മുകളിൽ വീടുകൾ പണിയുന്നു. വേനൽക്കാലമായതിനാൽ ഇവയെല്ലാം കരയിലായിരുന്നു. പിന്നെ ഒരു കൈവഴിയിലെ കലങ്ങിയ വെള്ളത്തിലൂടെ തോൺ ലെ സാപ്പിൽ പോയി വന്നു. ഇപ്പോൾ ഞങ്ങൾ കാറിൽ പോയിക്കൊണ്ടിരിക്കുന്ന റോഡിലൂടെ മഴക്കാലത്ത് തോണിയിൽ പോകണം. ചില ഗ്രാമങ്ങൾ വെള്ളത്തിൽ പൊങ്ങിക്കുന്ന തരത്തിൽ ഹൗസ് ബോട്ടുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഗ്രാമങ്ങൾ കമ്പോങ് ഫ്ലു കിൽ കുറവാണ്.

അവിടെ നിന്നു ചോങ് ക്നീസിന് അടുത്തുള്ള മലമുകളിലെ ഫ്‌നോം ക്രോം ക്ഷേത്രത്തിൽ പോയി സൂര്യാസ്തമയം കാണാനുള്ള പ്ലാൻ മഴ പെയ്തതോടെ മാറ്റി ചോങ് ക്നീസിലേക്കു പുറപ്പെട്ടു. ഒരു കൊറിയൻ കമ്പനി ഏറ്റെടുത്ത് നടത്തുന്ന ചോങ് ക്നീസിലെ ബോട്ട് യാത്ര വായിച്ചതുപോലെ തന്നെ അവിടത്തെ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ പണം ആവശ്യപ്പെട്ടും, കടകളിൽ കൊണ്ടുപോയി സാധനങ്ങൾ വാങ്ങാൻ നിർബന്ധിച്ചുമൊക്കെ ആയിരുന്നു. പണം നൽകിയാലും അതൊന്നും സ്കൂളിൽ എത്തില്ല.

വെള്ളത്തിനു മുകളിൽ പണിതിരിക്കുന്ന ഈ വില്ലേജിൽ വിയറ്റ്നാമീസ്, മുസ്ലിം, കമ്പോഡിയൻ എന്നീ മൂന്നു വിഭാഗങ്ങളാണ് താമസിക്കുന്നത്. മീൻപിടിത്തവും, തടാകത്തിലെ പാമ്പ് പിടിത്തവും, കക്ക പെറുക്കലുമാണ് ഇവരുടെ പ്രധാന ജീവിതമാർഗ്ഗങ്ങൾ. പള്ളിയും സ്കൂളും മുതല ഫാമും മാർക്കറ്റുമെല്ലാം അടങ്ങിയതാണ് ഈ വില്ലേജ്. തിരിച്ചു വരുമ്പോൾ തോൺ ലെ സാപിലെ മനോഹരമായ സൂര്യാസ്തമയം പകർത്താനായി. ഫിലിയുടെ ഗ്രാമം ഇതിനടുത്താണ്. അവിടെയുള്ള വിനോദ സഞ്ചാരികളൊന്നുമില്ലാത്ത നാടൻ കമ്പോഡിയൻ റസ്റ്റോറന്റിൽ ഫിലിയുടെ കൂടെയാണ് ഇന്നത്തെ അത്താഴം. കമ്പോഡിയയിൽ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണം, വിലയും കുറവ്!

സിയെം റീപിൽ വിനോദസഞ്ചാരികൾക്കായി നിർമ്മിച്ച ഹോട്ടലുകളും ബാറുകളും നിറഞ്ഞ തെരുവാണ് പബ് സ്ട്രീറ്റ്, രാത്രി ആയാൽ തട്ടുകടയിലെ മദ്യവിൽപ്പന സജീവം, തൊട്ടടുത്തതായി നൈറ്റ് മാർക്കറ്റും. ഇതിനടുത്തുള്ള ഹോസ്റ്റലിലെ താമസം നൈറ്റ് മാർക്കറ്റ് ഷോപ്പിംഗ്, നീണ്ട നടത്തത്തിനു ശേഷം ദിവസാവസാനമുള്ള ഫൂട്ട് മസ്സാജ് ഇവയ്‌ക്കെല്ലാം സൗകര്യപ്രദമായിരുന്നു. പൊതുവെ എല്ലാത്തിനും വില കുറവാണ് കംബോഡിയയിൽ. നാലു ദിവസത്തേക്ക് വിമാന നിരക്ക് ഉൾപ്പെടാതെ 350 യു. എസ്. ഡോളർ ചിലവായി. അങ്കോർ വാറ്റും സമീപപ്രദേശങ്ങളും മാത്രം കാണാനാണെങ്കിൽ ഇതിലും കുറയും.