ആനവണ്ടി ഭ്രാന്തൻമാരോടൊപ്പം കുമളിയിൽ ഒരു ദിവസം..

സിനിമാ നടന്മാര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമൊക്കെ ഉള്ളതുപോലെ നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയ്ക്കും ഉണ്ട് ആരാധകര്‍. ആനവണ്ടിപ്രേമികള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ടീം. ആനവണ്ടി അഥവാ കെഎസ്ആര്‍ടിസി ബ്ലോഗ്‌ ആരംഭിച്ചിട്ട് ഇത് പത്താമത്തെ കൊല്ലമാണ്. അങ്ങനെയിരിക്കെയാണ് ആനവണ്ടി ഗ്രൂപ്പ് അഡ്മിനുകള്‍ എല്ലാവര്ക്കും കൂടി ഒത്തുചേരണം എന്ന ഒരു പ്ലാനില്‍ എത്തിയത്. പ്ലാന്‍ ഇട്ടതോടെ ഒന്നും ആലോചിച്ചില്ല സ്ഥലവും പെട്ടെന്നങ്ങ് തീരുമാനിച്ചു.. കുമളി. ഇടുക്കി ജില്ലയിലെ, കേരള അതിര്‍ത്തിയായ കുമളി…

മാര്‍ച്ച് നാലാം തീയതിയായിരുന്നു ആനവണ്ടി മീറ്റ്‌ വെച്ചിരുന്നത്. കുമളി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മുന്‍കൂട്ടി പറഞ്ഞ് അനുമതിയൊക്കെ വാങ്ങിയിരുന്നു പിള്ളേര്‍. അങ്ങനെ രാവിലെ ഏകദേശം പത്തു പത്തരയോടെ എല്ലാവരും കുമളി ഡിപ്പോയില്‍ എത്തിച്ചേര്‍ന്നു. കോട്ടയത്ത് നിന്നും നാല്‍പ്പതോളം ആനവണ്ടി പ്രേമികള്‍ ഫ്ലക്സ് ഒക്കെ കെട്ടി ഒരു ബസ് പിടിച്ചു വന്നിറങ്ങിയത് എല്ലാവരിലും കൌതുകമുണര്‍ത്തി. ബെംഗളൂരുവില്‍ നിന്നും വൈശാഖും ടീമും കാറിലായിരുന്നു എത്തിച്ചേര്‍ന്നത്.

എണ്‍പത്തി അഞ്ചോളം ആളുകളായിരുന്നു പരിപാടിയില്‍ പങ്കെടുക്കുവാനായി എത്തിയത്. വിജനമായി കിടന്നിരുന്ന കുമളി ഡിപ്പോ പെട്ടെന്ന് ഉത്സവപ്പറമ്പ് പോലെയായി. പലനിറങ്ങളില്‍ കുമളിയിലെത്തിയവര്‍ പൊടുന്നനെ ടീം ബനിയനിട്ട് കരിംമ്പുലികളായി. അധികൃതരുമായി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്കായി കമ്പം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഒരു ബസ് വിട്ടുതരാമെന്നു അവര്‍ സമ്മതിച്ചു. 11.45 നു ബസ് പുറപ്പെടണം. ഉടനെ എല്ലാവരും ഭക്ഷണം കഴിക്കുവാനും മറ്റുമായി പല ഗ്രൂപ്പായി തിരിഞ്ഞു പോയി. ഏകദേശം 11.30 യോടെ എല്ലാവരും തിരികെയെത്തി. അപ്പോഴേക്കും ഞങ്ങള്‍ക്ക് പോകാനുള്ള ബസ് റെഡിയായി കിടപ്പുണ്ടായിരുന്നു. പിന്നെ എല്ലാവരും ഭയങ്കര ഫോട്ടോഷൂട്ട്‌ ആയിരുന്നു. ഫേസ്ബുക്കില്‍ ലൈവ് പോകല്‍ തുടങ്ങിയ കലാപരിപാടികളും ഇതിനിടെ അരങ്ങേറി.

ആനവണ്ടിപ്രേമികള്‍ക്കൊപ്പം തന്നെ ജീവനക്കാരായ ചിലരും മീറ്റില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. തിരുവല്ല ഡിപ്പോയിലെ ഡ്രൈവര്‍ സന്തോഷ്‌ കുട്ടന്‍, എടത്വ കണ്ടക്ടര്‍ ഷെഫീക് ഇബ്രാഹിം, പത്തനംതിട്ട ഡിപ്പോയിലെ റോയ് ഇവരൊക്കെയായിരുന്നു പ്രധാനപ്പെട്ട ജീവനക്കാര്‍. കണ്ണൂര്‍ ഭാഗത്തു നിന്ന് പോലും ആളുകള്‍ പങ്കെടുത്തു എന്നത് ഇക്കൊല്ലത്തെ മീറ്റിന്‍റെ വന്‍ വിജയങ്ങളില്‍ ഒരു കാരണമായി. ഇതിനിടെ മനോരമയുടെ ഒരു റിപ്പോര്‍ട്ടര്‍ പരിപാടി കവര്‍ ചെയ്യുവാനായി വന്നിരുന്നു.

അങ്ങനെ 11.50 ഓടെ ഇത്രയും ആളുകളെയുംകൊണ്ട് ഞങ്ങളുടെ ബസ് കമ്പം ലക്ഷ്യമാക്കി യാത്ര തിരിച്ചു. വണ്ടി നേരെ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക്.. ബോര്‍ഡറില്‍ മധുര, തേനി എന്നിവിടങ്ങളിലേക്കുള്ള തമിഴ്നാട് സര്‍ക്കാരിന്‍റെ ബസ്സുകള്‍ കിടപ്പുണ്ട്.  ആട്ടവും പാട്ടും ഒക്കെയായി മൊത്തത്തില്‍ ഒരു ഉത്സവത്തിന്‍റെ പ്രതീതിയായിരുന്നു ബസ്സിനുള്ളില്‍. വളരെ വീതി കുറഞ്ഞ റോഡിലൂടെ നമ്മുടെ ഇരട്ടക്കണ്ണന്‍ ഓര്‍ഡിനറി കുതിച്ചു. ഓരോ ബസ്സിനെ ഓവര്‍ടേക് ചെയ്യുമ്പോഴും അകത്തിരുന്ന പ്രാന്തന്മാരുടെ ആവേശം ഒന്നുകാണേണ്ടതായിരുന്നു. ഒന്നുരണ്ട് വ്യൂ പോയിന്‍റുകളില്‍ നിര്‍ത്തി കാഴ്ചകള്‍ കണ്ടും അത് പകര്‍ത്തിയും ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇത്തവണത്തെ മീറ്റില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് ‘സഹ്യന്‍’ എന്നു പേരുള്ള ആറുമാസം പ്രായമുള്ള ഒരു കുഞ്ഞു ആനവണ്ടിപ്രേമിയായിരുന്നു. റിപ്പോര്‍ട്ടറായ അച്ഛനും അമ്മയ്ക്കും ഒപ്പം മീറ്റില്‍ പങ്കെടുക്കാന്‍ വന്നതാണ് കുഞ്ഞു സഹ്യന്‍.

കാഴ്ചകള്‍ കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി പോകുന്നവഴി ചുരത്തില്‍ ഒരിടത്ത് ബസ് നിര്‍ത്തിത്തരികയുണ്ടായി. ബസ് ജീവനക്കാരും ആനവണ്ടിപ്രേമികളുടെ ഈ കൂട്ടത്തില്‍ അങ്ങുചേര്‍ന്നു. ചുരം ഇറങ്ങിയശേഷം കമ്പം എത്തുന്നതിനു മുന്‍പായി ‘കൂടല്ലൂര്‍’ എന്ന സ്ഥലത്ത് ഞങ്ങളുടെ ബസ് നിര്‍ത്തി. തൊട്ടടുത്ത് മുന്തിരിത്തോട്ടവും മറ്റു കൃഷിത്തോട്ടങ്ങളും ഉണ്ട്. വഴിയരികിലെ തണ്ണിമത്തന്‍ വില്‍പ്പനക്കാരന് ഞങ്ങള്‍ കാരണം അന്ന് നല്ല കച്ചവടം ലഭിച്ചു.

വെള്ളവും തണ്ണിമത്തനുമൊക്കെ കഴിച്ചതോടെ എല്ലാവരും ഒന്നുകൂടി ഉഷാറായി. പിന്നീടങ്ങോട്ട് ക്യാമറയുടെ ഷട്ടര്‍ സൗണ്ടായിരുന്നു അവിടെ മുഴുവന്‍. ബസ് ഏതാണ്ട് ജോസ് പ്രകാശിന്‍റെ കയ്യില്‍ കിട്ടിയ ഉണ്ണിമേരിയുടെ അവസ്ഥ! ഇരുന്നും കിടന്നും ചാഞ്ഞും ചെരിഞ്ഞും പോസിംഗും പടംപിടുത്തവും തകൃതിയായ് നടന്നു. ഏകദേശം അരമണിക്കൂറില്‍ ഞങ്ങള്‍ തിരിച്ചു ചുരംകയറി.. ബസ് മുഴുവന്‍ ടീമംഗങ്ങള്‍ മാത്രം. തിരിച്ച് കുമളിയിലെത്തി എല്ലാവരും ഫ്രണ്ട് ഡോര്‍ വഴി തങ്ങളെക്കുറിച്ച് ഒരു ചെറിയ ഇന്‍ട്രോ ക്യാമറമാന്‍ പ്രശാന്തിന് കൊടുത്ത് ഇറങ്ങി.

ആനവണ്ടി ബ്ലോഗിന്റെ ചരിത്രത്തില്‍ ഇത്രയധികം ആളുകള്‍ പങ്കെടുത്ത ഒരു പരിപാടി വേറെയുണ്ടായിട്ടില്ല. അടുത്ത മീറ്റിനു കാണാം എന്ന ഉറപ്പോടെ എല്ലാ കൂട്ടുകാരും ഓരോരോ സ്ഥലങ്ങളിലേക്ക് വിടപറഞ്ഞു യാത്രയായി.

ആനവണ്ടി പേജ്: https://www.facebook.com/ksrtcblog/ , ആനവണ്ടി ഗ്രൂപ്പ്: https://www.facebook.com/groups/ksrtc… , Website: https://www.aanavandi.com/ .