തമിഴ്‌നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ഇവിടത്തെ പ്രധാന ആകർഷണം മധുരമീനാക്ഷി ക്ഷേത്രമാണ്. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ചതാണ് ലോകപ്രശസ്തമായ ഈ ക്ഷേത്രം. നാലു വലിയ ഗോപുരങ്ങളും എട്ട് ചെറിയ ഗോപുരങ്ങളും ചേർന്നതാണ് ക്ഷേത്രത്തിന്റെ കെട്ടിടം. കൂടാതെ ആയിരംകാൽ മണ്ഡപം, അഷ്‌ടശക്‌തിമണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കൽ മഹൽ എന്നിവവും ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്.
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ. മലയാളികൾ ധാരാളമായി വരുന്ന ഒരു സ്ഥലം കൂടിയാണ് മധുര മീനാക്ഷി ക്ഷേത്രം.നമ്മുടെ നാട്ടിൽ നിന്നും മധുരയിൽ വരുന്നവർ മിക്കവാറും പഴനി കൂടി സന്ദർശിക്കാറുണ്ട്. മിക്കവരും ടൂറിസ്റ്റു വണ്ടികൾക്കോ അല്ലെങ്കിൽ ബസ്സിനോ ഒക്കെയാണ് മധുരയിലേക്ക് വരുന്നത്. എന്നാൽ വ്യത്യസ്തമായ യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ അധികമാരും പോകാത്ത ഒരു റൂട്ട് പറഞ്ഞുതരാം. ആദ്യമേ തന്നെ ഒരു കാര്യം പറയാം. അധികം സുഖസൗകര്യങ്ങൾ (ലക്ഷ്വറി) അടങ്ങിയ യാത്ര പ്രതീക്ഷിക്കരുത്. ബാച്ചിലേഴ്സിനു ആയിരിക്കും ഈ യാത്ര കൂടുതൽ തൃപ്തികരമായി തോന്നുന്നത്. കുറഞ്ഞ കാശു മുടക്കിൽ ഓടിനടന്നു യാത്രചെയ്യുവാൻ താൽപ്പര്യമുള്ളവർക്ക് ഈ യാത്രാമാർഗ്ഗം പരീക്ഷിക്കാം.
ബസ്സിൽ നിന്നു പോകേണ്ടി വരും. സീറ്റുകൾ റിസർവ്വ് ചെയ്യുവാനായി http://www.ksrtconline.com എന്ന ലിങ്കിൽ കയറുക. ഈ ബസ് മൂന്നാർ വഴിയാണ് പോകേണ്ടത്. വെളുപ്പിന് ഇരുട്ടത്ത് പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും തന്നെ കാണുവാൻ കഴിയില്ല എന്നതിനാൽ വേണമെങ്കിൽ നിങ്ങൾക്ക് നേര്യമംഗലം വരെ ഒന്ന് മയങ്ങാം.
നേര്യമംഗലം പാലം കടന്നു കഴിയുമ്പോഴാണ് ഇനി കാഴ്ചകളുടെ പൂരം ആരംഭിക്കുവാൻ പോകുന്നത്. ഹൈറേഞ്ചായ ഇടുക്കി ജില്ലയിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ആസ്വദിക്കുവാൻ ഈ ബസ് സർവ്വീസിനെക്കാൾ നല്ല ഓപ്‌ഷൻ വേറെ ഇല്ല. അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ബസിൽത്തന്നെ കയറുവാൻ നിർദ്ദേശിച്ചത് . ബസ് അടിമാലിയിലെത്തുമ്പോൾ ഏകദേശം ഏഴുമണി ആയിട്ടുണ്ടാകും. മിക്കവാറും ബസ് പ്രഭാതഭക്ഷണം കഴിക്കുവാനായി ഇവിടെ കുറച്ചു സമയം നിർത്തിയിടും. നിങ്ങൾക്ക് ഇവിടെ നിന്നും ഭക്ഷണം കഴിക്കാം. ഹൈറേഞ്ചിൽ ഒഴിഞ്ഞ വയറുമായി യാത്ര ചെയ്യരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. ബ്ലോക്ക് ഒന്നും കിട്ടിയില്ലെങ്കിൽ ഈ ബസ് ഏകദേശം രാവിലെ എട്ടരയോടെ മൂന്നാറിൽ എത്തിച്ചേരും. നമുക്ക് ഇറങ്ങേണ്ട സ്ഥലം മൂന്നാറാണ്. മൂന്നാർ KSRTC സ്റ്റാൻഡിൽ ഇറങ്ങണം. ഇനി നമുക്ക് ഇവിടുന്നു പോകേണ്ടത് ചിന്നാർ വഴിയുള്ള ഉദുമൽപെട്ട് ബസ്സിലാണ്.
രാവിലെ 8.45 നു മൂന്നാറിൽ നിന്നും ഒരു ഉദുമൽപേട്ട് ബസ്സുണ്ട്. നമ്മൾ എറണാകുളത്തു നിന്നും വന്ന ബസ് ഇതിനു മുന്നേ മൂന്നാറിൽ എത്തുകയാണെങ്കിൽ നിങ്ങൾക്ക് ഈ ബസ്സിൽ പോകാം. അല്ലെങ്കിൽ അടുത്ത ബസ് 10.30 നു ആയിരിക്കും. ആദ്യത്തെ ബസ് കിട്ടുകയാണെങ്കിൽ അതിൽക്കയറി ചിന്നാറിലേക്ക് ടിക്കറ്റ് എടുക്കണം. കേരളം – തമിഴ്‌നാട് അതിർത്തിയിലാണ് ഈ സ്ഥലം. അവിടേക്ക് പോകുന്ന വഴിയിൽ ചുറ്റിനും മനോഹരമായ കാഴ്ചകൾ നിങ്ങളെ ആകർഷിച്ചുകൊണ്ടേയിരിക്കും. ചിന്നാർ ചെക്ക്‌പോസ്റ്റിൽ ഇറങ്ങിയിട്ട് കുറച്ചു സമയം അവിടെ നിങ്ങൾക്ക് കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ചിലവഴിക്കാം. താഴെ ചിന്നാർ പുഴയിലൊക്കെ ഒന്ന് ഇറങ്ങുകയും ചെയ്യാം. കേരളത്തിന്റെ ചെക്ക്‌പോസ്റ്റിൽ ഇരിക്കുന്നവരോട് നിങ്ങൾ കാര്യം പറഞ്ഞാൽ മതി. അവരോടു ഉദുമൽപേട്ടിലേക്ക് അടുത്ത ബസ് ചെക്ക് പോസ്റ്റിൽ എത്തുന്ന സമയം (10.20 നു മൂന്നാറിൽ നിന്നും പുറപ്പെടുന്ന ബസ്) ചോദിച്ചു മനസ്സിലാക്കിയിട്ടു വേണം അവിടിവിടെ കാഴ്ചകൾ കാണുവാൻ പോകാൻ. കുരങ്ങന്മാരുടെ ശല്യം കൂടുതലായുള്ള സ്ഥലമാണിത്. അതുകൊണ്ട് സൂക്ഷിക്കുക. ബാഗുകളും മറ്റും നിലത്തു വെച്ച് എങ്ങും പോകരുത്. ബസ് വരുന്ന സമയം നോക്കി തിരികെ ചെക്ക് പോസ്റ്റിൽ വന്ന് അവിടുന്ന് ഈ ബസ്സിൽക്കയറി ഉദുമൽപെട്ടിലേക്ക് പോകാം. ഈ ബസ്സിൽ സീറ്റ് പ്രതീക്ഷിക്കരുത്.
ഇനി അഥവാ രാവിലത്തെ 8.45 ന്റെ ഉദുമൽപേട്ട് ബസ് കിട്ടിയില്ലെങ്കിൽ ചിന്നാറിൽ ചെലവഴിച്ച സമയം മൂന്നാറിൽ ചെലവഴിക്കാം. എന്നിട്ടു നിങ്ങൾക്ക് 10.30 ന്റെ ബസ്സിൽക്കയറി ഉദുമൽപേട്ടിലേക്ക് നേരിട്ട് പോകാം. അപ്പോൾ ചിന്നാറിൽ ഇറങ്ങേണ്ടതില്ല. ഈ ബസ് ഉച്ചയ്ക്ക് രണ്ടരയോടെ ഉദുമൽപേട്ടിൽ എത്തിച്ചേരും. ഊണ് കഴിക്കുവാൻ മറയൂരിൽ ബസ് നിർത്തുന്നതാണ്. ബസ് ജീവനക്കാരുടെ കൂടെ പോയാൽ നല്ല നാടൻ ഊണ് കിട്ടുന്ന കട അവർ കാണിച്ചു തരും. അതിരാവിലെ പോയ ബസ്സാണെങ്കിൽ ഊണ് ഉദുമൽപേട്ടിൽ ചെന്നിട്ടു കഴിക്കേണ്ടി വരും. എന്തായാലും അത് നിങ്ങളുടെ ഇഷ്ടം. ഉദുമൽപേട്ടു ടൗണിൽ പ്രത്യേകിച്ച് കാണുവാൻ ഒന്നും തന്നെയില്ല. ബസ് സ്റ്റാൻഡിൽ ഇറങ്ങിയിട്ടു അവിടുന്ന് തൊട്ടടുത്ത പഴനി ബസ്സിൽ കയറി പഴനിയിലേക്ക് ടിക്കറ്റ് എടുക്കുക. ഏകദേശം ഒരു മണിക്കൂർ കൊണ്ട് നമ്മൾ പഴനി എത്തിച്ചേരും. പഴനി ബസ് സ്റ്റാൻഡിൽ നിന്നും 10-15 മിനിറ്റു നടന്നാൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടുന്ന് വൈകീട്ട് 4.45 നുള്ള മധുര പാസഞ്ചർ ട്രെയിനിന് ടിക്കറ്റ് എടുക്കുക. ട്രെയിൻ അവിടെയുണ്ടാകും മിക്കവാറും. അതിൽക്കയറി വേഗം സീറ്റ് പിടിക്കുക.
പഴനി മുതൽ മധുര വരെയുള്ള ഈ ട്രെയിൻ യാത്ര വളരെ മനോഹരമായിരിക്കും. ഗ്രാമങ്ങളിൽക്കൂടിയായിരിക്കും ഈ തീവണ്ടി കടന്നുപോകുന്നത്. സിനിമകളിൽ കണ്ടു ശീലിച്ച ആ കാഴ്ചകളൊക്കെ എന്നും ഓർത്തിരിക്കുവാൻ പറ്റുന്ന തരത്തിലുള്ളവയായിരിക്കും. ഇതുവരെയുള്ള ബസ് യാത്രകളുടെ ക്ഷീണം നമുക്ക് തീവണ്ടിക്കാഴ്ചകളിൽ മയക്കിക്കളയാം. ഈ ട്രെയിൻ ഏകദേശം രാത്രി 8.15 ഓടെ മധുരയിൽ എത്തിച്ചേരും. ഇനി എവിടെയെങ്കിലും ഒരു നല്ല റൂമെടുത്തു വിശ്രമിക്കാം. റൂം ഓൺലൈനിൽ നേരത്തെ ബുക്ക് ചെയ്തു പോകുകയാണെങ്കിൽ അങ്ങനെയും ചെയ്യാം. ക്ഷേത്ര ദർശനവും കറക്കവും ഒക്കെ പിറ്റേദിവസം നടത്താം. ബാക്കിയെല്ലാം നിങ്ങളുടെ രീതിയനുസരിച്ച് പ്ലാൻ ചെയ്യുക. തിരികെ വരുവാനായി വേണമെങ്കിൽ ഉച്ചയ്ക്ക് 12.30 ന്റെ മധുര – എറണാകുളം സൂപ്പർഫാസ്റ്റ് പിടിക്കാം. മധുര മാട്ടുത്താവണി ബസ് സ്റ്റാൻഡിൽ നിന്നുമായിരിക്കും കേരള ബസ്സുകൾ പുറപ്പെടുന്നത്. അങ്ങനെയാണെങ്കിൽ തേനി – കുമളി – കോട്ടയം വഴി രാത്രി പത്തുമണിയോടെ എറണാകുളത്ത് എത്തിച്ചേരാം. അതല്ല തിരികെ പഴനിയിലെത്തി പഴനിമലയൊക്കെ ഒന്നു കയറിയിട്ടു പോരുവാൻ ആണെങ്കിൽ അങ്ങനെയും ആകാം. പഴനി ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞിട്ട് പഴനിയിൽ നിന്നും പൊള്ളാച്ചി, പാലക്കാട് വഴി തിരിച്ചുപോരാം.
NB : ഒരു തവണ ഞങ്ങൾ ഈ റൂട്ടിൽ യാത്ര പോയതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു വ്യത്യസ്തമായ യാത്ര.. ഇതേ ഈ റൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. കൂടുതൽ സ്ഥലങ്ങൾ കണ്ടുകൊണ്ട് യാത്ര ചെയ്യുന്നവർക്കായിരിക്കും ഈ മോഡൽ യാത്രകൾ ഇഷ്ടപ്പെടുക. കുട്ടികളുമായും മറ്റും പോകുന്നവർ കയറിയിറങ്ങിയുള്ള ഈ റൂട്ട് പരീക്ഷിക്കുന്നത് അവരുടെ സ്വന്തം റിസ്‌ക്കിൽ ആയിരിക്കണം. മൂന്നാറിൽ നിന്നും ഉദുമൽപേട്ടിലേക്കുള്ള ബസ് ജീവനക്കാരോടോ മറ്റാരോടെങ്കിലുമോ ഉദുമൽപെട്ടിൽ നിന്നും മധുരയിലേക്ക് ട്രെയിൻ സർവ്വീസ് ഇപ്പോൾ നടത്തുന്നുണ്ടോ എന്നന്വേഷിക്കുക. ട്രെയിനുണ്ടെങ്കിൽ പഴനിയിൽ നിന്നും കയറുന്നതിനു പകരം ഉദുമൽപെട്ടിൽ നിന്നും തന്നെ ട്രെയിനിൽ കയറാം. ഞങ്ങൾ പോയപ്പോൾ ഇവിടെ നിന്നും ട്രെയിൻ ലഭിച്ചിരുന്നു. പക്ഷെ ഇപ്പോൾ ആ ട്രെയിനിന്റെ സമയം വെബ്സൈറ്റിൽ ഒന്നും തന്നെ കാണിക്കുന്നില്ല. അതുകൊണ്ട് ഒന്നന്വേഷിച്ചിട്ടു പഴനിയിലേക്ക് ബസ് കയറുന്ന കാര്യം ചിന്തിച്ചാൽ മതി.