എറണാകുളം തട്ടേക്കാട് ഉള്ള ഒരു റിസോർട്ടിലെ താമസത്തിനു ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷനിലേക്ക് യാത്രയായി. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും 32 ആമത്തെ വിവാഹവാർഷികമായിരുന്നു അന്ന്. ഹോട്ടലിൽ നിന്നും യാത്ര തിരിക്കുന്നതിന് മുൻപായി ഹോട്ടലിൽ വെച്ചു തന്നെ ഗംഭീരമായ കേക്ക് മുറിക്കൽ ചടങ്ങുകളൊക്കെ ഉണ്ടായി. അതെല്ലാം VKJ ഇന്റർനാഷണൽ ആയിരുന്നു ഏർപ്പാടാക്കിയിരുന്നത്. എന്തായാലും ഹോട്ടലും അവിടത്തെ ജീവനക്കാരുമെല്ലാം സൂപ്പർ തന്നെ.
തട്ടേക്കാട് നിന്നും ഞങ്ങൾ പിന്നീട് പോയത് അവിടെയടുത്തു തന്നെയുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലം കാണുവാനായിരുന്നു. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിലൊന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപാലമാണിത്. കോതമംഗലം – തട്ടേക്കാട് വഴിയിൽ പുന്നേക്കാട് കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേര്യമംഗലത്തേക്ക് പോകുന്ന വഴിയിലാണ് ചാരുപ്പാറ. പ്രകൃതിരമണീയമായ സ്ഥലമാണ്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചിട്ട് മൂന്നാർ പോകുന്നവർക്ക് പുന്നേക്കാട് – നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.
തൂക്കുപാലത്തിലൂടെയുള്ള നടത്തം ആസ്വദിക്കുന്നതിനു പുറമെ, താഴെ പുഴയിലൂടെ പെഡൽ ബോട്ട് യാത്രയും ആസ്വദിക്കുവാനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. സമയമില്ലാതിരുന്നതിനാൽ ബോട്ട് യാത്രയ്ക്ക് ഞങ്ങൾ മുതിർന്നില്ല. രാവിലെയായതിനാൽ തൂക്കുപാലത്തിൽ തിരക്ക് നന്നേ കുറവായിരുന്നു. പാലത്തിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ച വളരെ മനോഹരം തന്നെയാണ്. ഒരിക്കലെങ്കിലും നിങ്ങൾ ഇവിടെ വന്ന ഇതെല്ലാം ഒന്നു നേരിട്ട് കണ്ടാസ്വദിക്കണം. ഇതേ എനിക്ക് പറയാനുള്ളൂ.
ഇഞ്ചത്തൊട്ടിയിൽ നിന്നും ഞങ്ങൾ നേര്യമംഗലം വഴി മൂന്നാറിലേക്ക് ആണ് പിന്നീട് യാത്ര തിരിച്ചത്. മൂന്നാറിൽ അല്ല, അതിനുമപ്പുറമുള്ള കാന്തല്ലൂരിലാണ് ഞങ്ങൾ ഇനി പോകുന്നത്. അനിയൻ അഭിജിത്ത് ആയിരുന്നു ഞങ്ങൾ കയറിയ (എംജി ഹെക്ടർ) വണ്ടിയോടിച്ചിരുന്നത്. നേര്യമംഗലം പാലം കഴിഞ്ഞുള്ള മലമ്പാതയിലൂടെ അഭിജിത്ത് വളരെ ശ്രദ്ധയോടെയായിരുന്നു ഡ്രൈവ് ചെയ്തത്. ഞങ്ങളുടെ പിന്നാലെ എക്കോസ്പോർട്ടിൽ അളിയനും ഫാമിലിയും. എവിടെയൊക്കെ പോയാലും, എന്തൊക്കെ ആസ്വദിച്ചാലും മൂന്നാറിന്റെ ഭംഗി ഒന്ന് വേറെതന്നെയാണ്.
മൂന്നാർ ടൗണും പിന്നിട്ട് ഇരവികുളം നാഷണൽ പാർക്കിനു സമീപത്ത് എത്തിച്ചേർന്നപ്പോളാണ് നല്ലൊരു ബ്ലോക്കിൽ ഞങ്ങൾ പെട്ടത്. വീതി കുറഞ്ഞ വഴിയരികിൽ സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലമുണ്ടാകുന്നതാണ് ഇവിടത്തെ ബ്ലോക്കുകൾ. പഴനിയിൽ നിന്നും മൂന്നാർ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കൂടി എതിരെ വന്നതോടെ ബ്ലോക്ക് അൽപ്പം കൂടി ജാമായി. ഒരുകണക്കിന് ബസ് ബ്ലോക്കുകൾ തരണം ചെയ്തു കടന്നുപോയതോടെ ഞങ്ങൾക്കും മുന്നോട്ട് പോകുവാൻ സാധിച്ചു.
കുറച്ചുകൂടി മുന്നോട്ടു ചെന്നതോടെ വഴിയിലാകെ കോടമഞ്ഞു പരന്നു. കാന്തല്ലൂരിലുള്ള ജംഗിൾ ബുക്ക് റിസോർട്ട് ഉടമയും സുഹൃത്തുമായ ജസ്റ്റിൻ ചേട്ടന്റെ മറ്റൊരു റിസോർട്ട് ആയിരുന്നു ഞങ്ങൾ താമസിക്കുവാനായി തിരഞ്ഞെടുത്തത്. യാത്ര കിലോമീറ്ററുകളോളം നീണ്ടപ്പോൾ കൂടെ കൂട്ടിനു കോടമഞ്ഞും ഉണ്ടായിരുന്നു. വഴിയിൽ ഒരിടത്ത് ഞങ്ങൾ കോട ആസ്വദിക്കുവാനായി വണ്ടി നിർത്തിയിറങ്ങി.
കാന്തല്ലൂർ ലക്ഷ്യമാക്കി പോകുന്ന വഴി ഒരു കെഎസ്ആർടിസി ബസ് വഴിയരികിലെ ഗർത്തത്തിലേക്ക് ചരിഞ്ഞ നിലയിൽ കാണപ്പെട്ടു. എതിരെ വളവിലൂടെ ഒരു കാർ വീശിയെടുത്തു വന്നപ്പോൾ ബസ്സിന്റെ നിയന്ത്രണം വിട്ടതാണ്. എന്തായാലും ആർക്കും പരിക്കുകളൊന്നുമില്ലാത്തത് ഭാഗ്യം. അങ്ങനെ ഞങ്ങൾ കാന്തല്ലൂരിന് സമീപത്ത് എത്തിയപ്പോൾ അവിടെ ഞങ്ങളെയും കാത്ത് ജസ്റ്റിൻ ചേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ ജസ്റ്റിൻ ചേട്ടന്റെ പുറകെ ഞങ്ങൾ രണ്ടു വണ്ടികളും യാത്രയായി.
ഒടുവിൽ ആ കിടിലൻ ഹോം സ്റ്റേയിൽ ഞങ്ങൾ എത്തിച്ചേർന്നു. ‘ആപ്പിൾവാലി’ എന്നായിരുന്നു പുതിയ ആ ഹോം സ്റ്റേയുടെ പേര്. ചുറ്റിനും ഓറഞ്ചു തോട്ടങ്ങൾ, തണുത്ത അന്തരീക്ഷം, മിക്കപ്പോഴും കോടമഞ്ഞു മൂടിയ അവസ്ഥ… ഇതിൽക്കൂടുതൽ എന്താ വേണ്ടത്? ഹണിമൂൺ ആഘോഷിക്കുവാൻ പറ്റിയ ഒരു നമ്പർ വൺ റിസോർട്ട് തന്നെയാണ് ഇത്. ആപ്പിൾ വാലി എന്ന ഹോം സ്റ്റേയുടെ കൂടുതൽ വിവരങ്ങൾക്ക് ജസ്റ്റിൻ ചേട്ടനെ വിളിക്കാം: 09495113000.