വിമാനത്തിൻ്റെ ചിറകിലിരുന്ന് ‘ഹിച്ച് ഹൈക്കിംഗ്’ ചെയ്യാൻ ശ്രമം; ഒടുവിൽ പിടിയിൽ…

ഹിച്ച് ഹൈക്കിംഗ് എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായിരിക്കും. ഇനി അത് അറിയാത്തവർക്കായി ഒന്നുകൂടി പറഞ്ഞു തരാം. പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള, ഒട്ടും കാശു മുടക്കാതെയുള്ള ഒരു ഫ്രീ യാത്രാ രീതിയാണ് ഹിച്ച് ഹൈക്കിംഗ്. നമ്മുടെ നാട്ടിൽ ‘ലിഫ്റ്റ് അടിക്കൽ’ എന്നും പറയും. വഴിയരികിൽ നിന്നുകൊണ്ട് വാഹനങ്ങൾക്ക് കൈകാണിച്ചു അതിൽക്കയറി ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഒരു സഞ്ചാര രീതിയാണ് ഹിച്ച് ഹൈക്കിംഗ്. ഇന്ന് നമ്മുടെ നാട്ടിലും ആളുകൾ ഈ രീതി പിന്തുടരുന്നുണ്ട്.

പൊതുവെ ഹിച്ച് ഹൈക്കിംഗ് നടത്തുന്നത് ബൈക്കിലോ, കാറിലോ, ലോറിയിലോ ഒക്കെയായിരിക്കും. ഇന്ത്യൻ റെയിൽവേയിൽ പണ്ടുമുതലേ ‘കള്ളവണ്ടി’ എന്ന പേരിൽ ഹിച്ച് ഹൈക്കിംഗ് വ്യാപകമായിരുന്നു. പക്ഷേ ഇതുപോലെ വിമാനത്തിൽ ഹിച്ച് ഹൈക്കിംഗ് നടത്താൻ പറ്റുമോ? അസംഭവ്യം തന്നെയാണത്. എന്നാൽ കഴിഞ്ഞ ദിവസം നൈജീരിയയിൽ ഒരാൾ ഹിച്ച് ഹൈക്കിംഗിനു തിരഞ്ഞെടുത്തത് വിമാനമായിരുന്നു. രസകരമായ ആ സംഭവം ഇങ്ങനെ…

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ലാഗോസ് എയർപോർട്ടിൽ നിന്നും പോർട്ട് ഹാർകോർട്ട് എന്ന സ്ഥലത്തേക്ക് പറക്കുവാൻ വേണ്ടി റൺവേയിലേക്ക് നീങ്ങുകയായിരുന്നു ‘അസ്മാൻ എയർ’ കമ്പനിയുടെ വിമാനം. അതിനിടെ പെട്ടെന്ന് ഒരാൾ ഒരു പെട്ടിയുമായി വിമാനത്തിന്റെ ചിറകിലേക്ക് എങ്ങനെയോ വലിഞ്ഞു കയറി. തൻ്റെ കൈവശമുള്ള പെട്ടി അയാൾ വിമാനത്തിന്റെ എഞ്ചിന്റെ വശത്ത് ഭദ്രമായി വെക്കുകയും ചെയ്തു.

ഈ കാഴ്ച കണ്ട യാത്രക്കാർ ഉടനെ ബഹളം വെക്കുകയും എയർഹോസ്റ്റസുമാരെ വിവരമറിയിക്കുകയും ചെയ്തു. എയർഹോസ്റ്റസ് ഉടനേ ഈ കാര്യം പൈലറ്റിനെ ധരിപ്പിക്കുകയും, സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൈലറ്റ് ഉടൻ തന്നെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്തു വിമാനം നിർത്തുകയുമായിരുന്നു. ഒപ്പം തന്നെ വിവരം എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു.

വിമാനം നിർത്തിയതോടെ പതറിപ്പോയ ഹിച്ച് ഹൈക്കിംഗുകാരൻ എന്തു ചെയ്യണമെന്നറിയാതെ ചിറകിനോടു ചേർന്നു നിന്നു. സംഭവമറിഞ്ഞ പോലീസ് ഉടൻ തന്നെ വിമാനത്തിനു സമീപം എത്തുകയും ചിറകിൽ കയറിയയാളെ പിടികൂടുകയും ചെയ്‌തു. ഈ സംഭവമെല്ലാം വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ വീഡിയോ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തതോടെയാണ് ഇത് പുറംലോകം അറിയുവാനിടയായത്. അറസ്റ്റു ചെയ്തയാളെ ചോദ്യം ചെയ്ത പൊലീസിന് “ഒരു ‘സൗജന്യ യാത്ര’ നടത്തുന്നതിനായാണ് ഈ പരിപാടി ചെയ്തതെന്ന” മറുപടിയാണ് ലഭിച്ചത്.

ആളെ പിടികൂടി അല്പസമയത്തിനകം വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തതോടെ ഞെട്ടിക്കുന്നതും, രസകരവുമായ ഈ സംഭവത്തിന് തിരശ്ശീല വീണു. എന്തായാലും സംഭവം സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യപ്പെട്ടതോടെ വൈറലായി മാറി.

നമ്മുടെ നാട്ടിലാണെങ്കിൽ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ ഭേദിച്ച് ഒരാൾക്ക് റൺവേയിൽ എത്തുകയെന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ നൈജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥിതി വളരെ മോശമാണ്. ഈ സംഭവം നടന്ന ലാഗോസ് എയർപോർട്ട് ഇതിനു മുൻപും സുരക്ഷാ വീഴ്ചകളാൽ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. എയർപോർട്ട് കാർഗോകളിൽ നിന്നു വരെ പുറമെ നിന്നുള്ള മോഷ്ടാക്കൾ മോഷണം നടത്തിയ നാണംകെട്ട ചരിത്രം വരെയുണ്ട് ഈ എയർപോർട്ടിന്. എന്താല്ലേ?

ഇനി ഇതൊക്കെ കണ്ടിട്ട് വിമാനത്തിൽ ഒരു ഹിച്ച് ഹൈക്കിംഗ് നടത്തണമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി. പണി പാലുംവെള്ളത്തിൽ കിട്ടും.