എഴുത്ത് – അർജുൻ വിളയാടിശ്ശേരിൽ.
ഒരോ ഓഗസ്റ്റ് പതിനഞ്ചും കൊഴിഞ്ഞ് വീഴുമ്പോൾ 22 വർഷം മുൻപത്തെ സ്വാതന്ത്ര്യ ദിനവും ഒരു സൈക്കിളുമാണ് ഓർക്കുന്നത്. അന്നാണ് അച്ഛൻ എനിക്ക് ഒരു സൈക്കിൾ വാങ്ങി തന്നത്.രാത്രി വൈകി അച്ഛൻ വീട്ടിലേക്ക് പുതിയ സൈക്കിൾ ചവിട്ടി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലേക്കായിരുന്നു. അത്തരം ഒരു അനുഭൂതി പിന്നിടാവർത്തിച്ചത് എന്റെ മകൾ പിറന്ന ദിവസം മാത്രമാണ്.
വളരെ നാളത്തെ കാത്തിരിപ്പായിരുന്നു ആ സൈക്കിൾ. അച്ഛൻ നടത്തിയിരുന്ന ചെറിയ ട്യൂട്ടോറിയൽ കോളെജിൽ നിന്നും ലഭിക്കുന്ന ചുരുങ്ങിയ വരുമാനമാനത്തെ ആശ്രയിച്ചായിരുന്നു ഞങ്ങൾ ജീവിച്ചത്. അതു കൊണ്ട് സൈക്കിൾ എന്ന എന്റെ ആഗ്രഹത്തെക്കാൾ മുൻപന്തിയിൽ നിന്ന ഒട്ടനവധി ആവശ്യങ്ങൾ അച്ഛന്റെയും അമ്മയുടെയും മുൻഗണയിലുണ്ടായിരുന്നു. നിരന്തരം ആവശ്യപെട്ടിട്ടും എന്റെ ആഗ്രഹം മറ്റു പലതിനുമായി മാറ്റിവക്കപ്പെട്ടു.
ഒടുവിൽ 1997 ജൂലൈ മാസം എന്റെ പിറന്നാളിന് അതു വാങ്ങി തരും എന്ന് അച്ഛൻ ഉറപ്പ് തന്നു. അന്നത്തെ ഏറ്റവും മുന്തിയ മോഡൽ ആയിരുന്ന MTB ഹെർക്കുലീസ് എന്ന സൈക്കിൾ ആയിരുന്നു എന്റെ സ്വപ്നവും ആവശ്യവും. അന്നതിന് 1700 രൂപ വിലയുണ്ട്. അതിലും 300 രൂപ കുറവുള്ള BSA SLR വാങ്ങാനെ തത്കാലം നിവർത്തിയുള്ളു എന്ന് അച്ഛൻ പറഞ്ഞത് ഓർക്കുന്നു. അതെങ്കിൽ അത്, അങ്ങിനെ ഓരോ ദിവസവും ‘സൈക്കിൾ ലബ്ദിക്കായി’ എണ്ണി തിട്ടപ്പെടുത്തി കാത്തിരുന്നു.
എന്നിട്ടും നിരാശയാണ് സംഭവിച്ചത്,അച്ഛന് വാഗ്ദാനം നിറവേറ്റാനായില്ല. “എനിക്കിനി സൈക്കിൾ വേണ്ടാ.. അല്ലങ്കിലും അച്ഛന് പറഞ്ഞ വാക്കിന് വിലയല്ല” ഏറെ സങ്കടത്തോടെ ഞാനങ്ങിനെ പറഞ്ഞത് അച്ഛന് അത്യധികം വിഷമം ഉണ്ടാക്കിയിരുന്നു എന്ന് അന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലാതെ പോയി. എന്റെ സൈക്കിൾ മോഹം ഞാൻ അവിടെ ഉപേക്ഷിച്ചു.
പക്ഷേ അച്ഛന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞത് മൂപ്പരുടെ ഉള്ളിൽ കിടന്ന് എരിഞ്ഞിരിക്കണം. യാതൊരു മുന്നറിയിപ്പും കൂടാതെ 1997 ആഗസ്റ്റ് പതിനാലാം തിയതി രാത്രിയിലെ പെരുമഴ നനഞ്ഞ് പത്ത് കിലോമീറ്റർ അകലെ നിന്നും അച്ഛൻ എന്റെ പുതിയ ഹെർക്കുലീസ് MTB സൈക്കിൾ ചവിട്ടി വീട്ടിലേക്കു വന്നു. ശേഷം രണ്ടു മണിക്കൂറുകൾ കഴിഞ്ഞ് അർദ്ധരാത്രിയിൽ രാഷ്ട്രം അതിന്റെ അൻപതാമത്തെ സ്വാതന്ത്ര്യ ദിനത്തിലേക്ക് ആമോദം ഉണർന്നു. ഈ നിമിഷം മനസിന്റെ അവകാശി അച്ഛൻ മാത്രമാണ്..