വിവരണം – അരുൺ വർഗ്ഗീസ്.
ഡിസംബർ 21 ആം തിയ്യതി ഉക്രൈന്റെ തലസ്ഥാനമായ കീവിൽ വിമാനമിറങ്ങുമ്പോൾ ഇന്ത്യക്കാർക്ക് രണ്ട് വർഷത്തോളമായി ലഭിച്ചിരുന്ന visa on arrival (VOA) പൂർണ്ണമായും നിർത്തിയതായുള്ള അറിയിപ്പ് ഉക്രൈൻ എംബസ്സി പുറപ്പെടുവിച്ചിരുന്നു അതുകൊണ്ട് തന്നെ ആശങ്കകളുണ്ടായിരുന്നു. വിസ ഫോം ഫിൽ ചെയ്ത് നേരത്തേ അപ്പോയിന്റ്‌മന്റ് എടൂത്തതിനാൽ വിസ കിട്ടാതിരിയ്ക്കില്ല എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. 100 ഡോളർ ഫീയും ഇൻഷുറൻസ്, വിസ ഫോം കൊടുത്ത് 10 മിനുട്ടിൽ വിസ സ്റ്റാപ് ചെയ്ത് കിട്ടി. അങ്ങനെ യാത്രയുടെ പ്രധാനലക്ഷ്യമായ ചെർണ്ണൊബെയിലിലേയ്ക്ക്.
2011 മുതലാണ് ഉക്രൈൻ സർക്കാർ ആണവദുരന്തമേഖലയായ ചെർണ്ണോബെയിൽ കർശ്ശന നിയന്ത്രണങ്ങളോടെ ടൂറിസ്റ്റികൾക്ക് പ്രവേശനം അനുവദ്ദിച്ചത്. ഓരോ ദിവസവും നിശ്ച്ചിത എണ്ണം യാത്രകർക്ക് ടൂർ ഓപ്പറേറ്റർമ്മാരുടെ സഹായത്തോടെ പ്രവേശിയ്ക്കാം. സ്വന്തമായി യാത്ര ചെയ്യാൻ അനുവാദമില്ല. അതുകോണ്ട് നേരത്തേതന്നേ ഏജസികളിൽ ബുക്ക് ചെയ്യണം. ഒരു ദിവസം മുതൽ 3 ദിവസം നീണ്ട് നിൽക്കുന്ന പാക്കേജുകൾ ലഭ്യമാണ്. ഒരു ദിവസത്തേയ്ക്ക് 80$ മുതലാണ് നിരക്ക്. സീസണ് അനുസരിച്ച് നിരക്ക് മാറ്റമുണ്ടാകും.
പ്രിപിയാത് നഗരം, ചെർണോബെയിൽ എക്സ്ക്ലൂഷൻ സോൺ, ദുഗ റഡാർ എന്നിയവയാണ് കാണാൻ പറ്റുക.ആണവ വികിരണത്തിന്റെ വ്യാപ്തി അനുസരിച്ച് പല സോണുകളാണ് ചെർണ്ണോബയിൽ. ആണവാവശിഷ്ടങ്ങൾ വലിയ കിടങ്ങുകളിൽ പലയിടത്തും നിക്ഷേപിച്ചത് 30 കിലോമീറ്റർ പരിധിയ്ക്കുള്ളിലാണ് ദുരന്തത്തിനു വർഷത്തിനു കഴിഞ്ഞിട്ടും ഇതു വരെയും മനുഷ്യനോ ജന്തുക്കൾക്കോ വാസയോഗ്യമല്ലാത്തതിനു കാരണങ്ങൾ ഇതൊക്കെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നീർന്നായകളുടെ സാന്നിധ്യം ഉള്ളതായി പറയപ്പെടുന്നു. കീവിൽ നിന്ന് ഒന്നരമണിക്കൂർ ബസ് യാത്രയിൽ ചെർണ്ണോബൈയിൽ ദുരന്തത്തിന്റെ പല വീഡിയോകൾ കാണിയ്ക്കുണ്ടായിരുന്നു. പാസ്സ്പോർട്ടും രേഖകളും പരിശോധിച്ച് റേഡിയേഷൻ ടെസ്റ്റും കഴിഞ്ഞാണ് ഉക്രൈൻ സൈന്യം എല്ലാവർക്കും അനുമതി നൽകിയത്.
റിയാക്ടറുകളുടെ അടുത്തേയ്ക്ക്. ദൂരെ നിന്ന് തന്നെ റിയാക്ടർ 4 ഇന്റെ ഭീമാകാര ആർച്ച് കാണാൻ പറ്റും. 300 മീറ്റർ അടുത്ത് വരെ പോകാം. ഈ ഭാഗത്തേയ്ക്ക് എത്തിയപ്പോൾ തന്നേ ബസ്സിനുള്ളിൽ ഗീഗർ കൗന്ററുകൾ ഒച്ചവെയ്ക്കാൻ തുടങ്ങി. പല റിയാക്ടറുകളും അപകടത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഡിക്കമീഷൻ ചെയ്യുന്നത്. അവസാനത്തേത് റിയാക്ടർ-3 2000 ൽ പ്രവർത്തനം അവസാനിപ്പിച്ചു 2015 ഇൽ ഡിക്കമ്മീഷൻ ചെയ്തു.
ഏറ്റവും അവസാനം സോവിയറ്റുകളുടെ ലോകമറിയാത്ത രഹസ്യ റഡാർ സിസ്റ്റമായ ദുഗ്ഗയിലേയ്ക്ക്. ശീത സമര കാലത്ത് അമേരിയ്ക്കൻ – നാറ്റോ സഖ്യത്തിന്റെ ബാലിസ്റ്റിക് മിസൈലുകളെ മുൻകൂട്ടി കണ്ടുപിടിയ്ക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റുകൾ സ്ഥാപിച്ച ഭീമാകാര റേഡിയോ റിസീവറാണ് ദുഗ (Duga – over the horizon radar system). 1976 മുതൽ പ്രവർത്തനം തുടങ്ങിയ ദുഗ റഡാർ അന്നുമുതൽ ലോകമെമ്പാടുമുള്ള റേഡിയോ തരംഗങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ആരും കണ്ടെത്താത്ത ‘ടിക്ക് ടിക്ക്’ ശബ്ദത്തിന്റെ ഉറവിടം റഷ്യയിലെവിടെയോ ആണെന്ന്മാത്രം സൈന്റിസ്റ്റുകൾ അനുമാനിച്ചു. അങ്ങനെ റഷ്യൻ മരംകൊത്തി (Russian Woodpecker) എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.
ആണവ ദുരന്തത്തിനു ശേഷം പ്രവർത്തനം നിലച്ച ദുഗ റഡാർ പിന്നീട് സോവിയറ്റ് പതനത്തോടെയാണ് പുറം ലോകമറിയുന്നത്. ദുഗ്ഗ ഇന്നൊരു ഇരുമ്പ് അസ്ഥിപങ്ങ്ജരമാണ്. അനുബന്ധ റേഡിയോ കമ്യുണിക്കേഷൻ കെട്ടിടങ്ങളെല്ലാം തകർന്നിരിയ്ക്കുന്നു. കമ്പ്യൂട്ടർ, കേബിളുകളെല്ലാം മോഷ്ടാക്കൾ കൊണ്ടുപോയി.
സന്ധ്യയോടെ എക്സ്ക്ലുഷൻ സോണിൽ ദുരന്തമേഖലയിൽ ജോലിചെയ്തവരുടെ സ്മാരകവും കണ്ട് സൈനിക ഗേറ്റിലെത്തി. ഇനിയാണ് ഓരോരുത്തരുടെയും ശരീരത്തിലെ റേഡിയേഷൻ അളക്കുക. അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാൽ ധരിച്ചിരിയ്ക്കുന വസ്ത്രങ്ങൾ വൃത്തിയാക്കി വീണ്ടും ടെസ്റ്റ് ചെയ്യണം. റേഡിയേഷൻ അളവ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും നൽകും. ചെർണ്ണോബായിൽ നിന്ന് യാതോരുവിധ സാധനങ്ങളും പുറത്തേയ്ക്ക് കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ സൈന്യം ദേഹപരിശോധനയും നടത്തും.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ഉക്രൈൻ യാത്രയ്ക്ക് വിസ മുൻ കൂട്ടി ആവശ്യമാണ്. വിസ – Type C Visa (VFS Global വഴിയാണ് അപേക്ഷ കൊടുക്കേണ്ടത്. Fees – 85$).
കുട്ടികളും ഗർഭിണികളും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. റേഡിയേഷൻ തന്നേ കാരണം. കഴിവതും മഞ്ഞുകാലത്ത് പോവുന്നതാണ് നല്ലത്. എല്ലാം മഞ്ഞു മൂടിക്കിടക്കുന്നതിനാൽ പൊടിയിലൂടെയുള്ള അണുപ്രസരം ഉണ്ടാവില്ല. എക്സ്ക്ലുഷൻ സോണിനുള്ളിൽ യാതൊന്നും തൊടാനൊ, എവിടെയും ഇരിയ്ക്കാനോ പാടില്ല. കെട്ടിടങ്ങളൊക്കെ തകർച്ചയുടെ വക്കിലാണ് വളരെയധികം ശ്രദ്ധിച്ച് മാത്രം അകത്ത് കയറുക. ശരീരഭാഗങ്ങൾ മുഴുവൻ കവറു ചെയ്യുന്ന വസ്ത്രങ്ങൾ ധരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. പുലർച്ചെ കീവിൽ തുടങ്ങുന്ന യാത്ര രാത്രിയോടെ തിരിച്ചെത്തൂ. ആവശ്യം വേണ്ട വെള്ളം, ഭക്ഷണങ്ങൾ കരുതുക. എക്സ്ക്ലുഷൻ സോണിൽ യാതോന്നും കിട്ടില്ല. മുൻ കൂട്ടി ബുക്ക്‌ചെയ്താൽ ഉച്ചഭക്ഷണം ലഭിയ്ക്കുന്ന ഒരു ക്യാന്റീൻ മാത്രമാണ് ഉള്ളത്. Tour company – https://www.chernobyl-tour.com .
ചെർണ്ണോബെയിൽ ദുരന്തത്തേപ്പറ്റി – 1970 കളിലാണ് സോവിയറ്റ് യൂണിയൻ അവരുടെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിയ്ക്കാൻ ചെർണൊബെയിൽ വനപ്രദേശം തിരഞ്ഞെടുക്കുന്നത്. ന്യൂക്ലിയാർ പ്ലാന്റിനോട് ചേർന്ന് ഒരു അത്യാധുനിക നഗരം – പ്രിപിയാത്ത് കൂടെ 1975ഓടെ പൂർതിയായി. ആദ്യ റിയാക്ടർ 1977 ൽ കമ്മീഷൻ ചെയ്തു. പിന്നീട് 2,3 റിയാക്ടറുകളും.1983 ൽ റിയാക്ടർ 4ഉം. റിയാക്ടറുകളോടൊപ്പം സോവിയറ്റ് യൂണിയന്റെ രഹസ്യ സൈനിക മേഖല കൂടെയായിരുന്നു ചെർണ്ണോബെയിൽ.
1986 ഏപ്രിൽ 26 പുലർച്ചെയാണ് ലോകത്തിലെ ആദ്യത്തെ INES – 7 (International Nuclear Event Scale) അപകടം റിയാക്ടർ 4 ഇൽ ഉണ്ടാകുന്നത്. ഇന്നേവരെ രണ്ട് മേജർ INES – 7 ന്യൂക്ലിയർ അപകടങ്ങളേ ഉണ്ടായിട്ടൊള്ളൂ. രണ്ടാമത്തേത് 2011 ഇൽ ജപ്പാനിലെ ഫുകുഷിമയാണ്. നാല് ആണവ റിയാക്ടറുകളാണ് ചെർണ്ണോബയിൽ ഉണ്ടായിരുന്നത് അതിൽ ഏറ്റവും പുതിയ റിയാക്ടറാണ് അപടത്തിൽ പെടുന്നത് – 1983 കമ്മീഷൻ ചെയ്ത റിയാക്ടർ 4. ജൂനിയർ എഞ്ചിനീയർമാരുടെ പരിചയക്കുറവിൽ താപനില നിയന്ത്രണ സംവിധാനം തകരാറിലായതാണ് അപകടകാണമായി പറയപ്പെടുന്നത്. അമിതമായ ആണവ പദാർത്ഥങ്ങളുടെ ഒരു പ്രവാഹമായിരുന്നു പിന്നീട്. ആദ്യമേ തീപിടുത്തമെന്ന് പറയപ്പെട്ട അപകടം പിന്നീട് നിയന്ത്രണാതീതമായി. സ്വീഡൻ, നോർവ്വേ തുടങ്ങിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെ ആണവനിരീക്ഷണ സംവിധാനങ്ങൾ ദുരന്തം കണ്ടുപിടിച്ചതോടെയായിരുന്നു ലോകം ചെർണ്ണോബെയിൽ ദുരന്തം അറിയുന്നത്.
പ്രിപിയത് നിവാസികൾക്ക് അന്ന് ഒരു സാധാരണ ദിവസം മാത്രമായിരുന്നു. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പലരും രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ആണവപ്രസരം പതിയെ വ്യാപിച്ചു തുടങ്ങി എന്ന ഭീകരത മനസ്സിലാക്കിയ സോവിയറ്റ് ഭരണകൂടം പ്രിപിയതിലെ 50,000 വരുന്ന ജനത്തെ താത്കാലികം എന്ന് പറഞ്ഞ് ദുരന്തത്തിനു പിറ്റേന്ന് വൈകുന്നേരത്തോടെ ഒഴിപ്പിച്ചു. എല്ലാം അണുപ്രസരമേറ്റതിനാൽ അത്യാവശ്യമുള്ള കടലാസ് രേഖകൾ ഒഴികെ ഒന്നും എടുക്കാൻ അധികൃതർ അനുവദിച്ചില്ല.
തീയണയ്ക്കാൻ വെള്ളം, ആണവപ്രസരം നിയന്ത്രിയ്ക്കാൻ ലക്ഷക്കണക്കിനു ലിറ്റർ സിമന്റ് റിയാക്ടർ 4 ലേയ്ക്ക് ഹെലിക്കോപ്ടറിൽ സൈന്യം വർഷിച്ചു. അതോടൊപ്പം അനേകായിരം തൊഴിലാളികളെ സോവിയറ്റിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തിച്ച് റിയാക്ടറിന്റെ ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നിയമിച്ചു. ഏതാനം മിനുട്ട് മാത്രമേ ഒരാൾക്ക് ജോലി ചെയ്യാൻ പറ്റൂ. പ്രത്യേക സോവിയറ്റ് ബാഡ്ജും, അന്നത്തെ ഏറ്റവും വലിയ ശമ്പളവുമായിരുന്നു കൂലി. ഇങ്ങനെ എത്തിയ പല ജോലിക്കാരും പിന്നീട് ക്യാൻസർ വന്ന് മരിച്ചു. അപകടം നടന്ന് തൊട്ടടുത്ത ദിവസങ്ങളിൽ നേരിട്ടുള്ള മരണങ്ങൾ 50 ഇൽ താഴെ ഉണ്ടാരുന്നൊള്ളൂ എങ്കിലും ദൂരവ്യാപകമായ വിപത്താണ് ആണവ വികിരണം ഏൽപ്പിച്ചത്. ആയിരക്കണക്കിനു ക്യാൻസർ ബാധിതർ ഇപ്പോഴും ഉണ്ട്. അതുപോലെ ജനിത വൈക്യലങ്ങളോടെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ചെർണോബിൽ സ്ഥിതിചെയ്യുന്ന ഉക്രൈൻ ഗവൺമെന്റ് പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷൻ്റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആ സത്യം അധികം ശ്രദ്ധിക്കപ്പെടാതെ പോയി.
പല രീതിയിൽ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാൻ ശ്രമങ്ങൾ നടന്നെങ്കിലും ലോകത്തിൽ ഇന്നുവരെ കണ്ടെത്തിയ സംവിധാനങ്ങൾകൊണ്ട് അത് അസാധ്യമാണ്. ദുരന്തം നടന്ന് 30 വർഷത്തിനു ശേഷം 2017 ൽ ലോകരാജ്യങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച സ്റ്റീൽ കണ്ടയ്നർ ലോകത്തെ ഏറ്റവും വലിയ നിരക്കി നീക്കാവുന്ന ലോഹ നിർമ്മിയാണ്. അടുത്ത 100 വർഷത്തെയ്ക്ക് അണുവികിരണവും, റിയാക്ടറിൽ ഇപ്പോഴും നടക്കുന്ന റേഡിയോ ആക്ടീവ് റിയാക് ക്ഷൻ അവശിഷ്ടങ്ങളും സുരക്ഷിതമായിരിയ്ക്കും.
ദുരന്തത്തിന്റെ വ്യാപ്തി – റേഡിയേഷൻ ഡോസേജ് അളക്കുന്നത് ഗീഗർ കൗന്റർ (Geiger counter) എന്ന ഉപകരണം വെച്ചാണ്. അതിന്റെ യൂണിറ്റ് – സീവേർറ്റ് (Sievert)
NB – 1000 Millisieverts (mSv) = 1 Sievert. ഒരു ചെസ്റ്റ് എക്സറേയിൽ ലഭിയ്ക്കുന്ന റേഡിയേഷൻ – 0.10mSv, ഫുൾ ബോഡി സിടി സ്കാൻ – 10mSv, ചെർണ്ണോബെയിൽ ജനങ്ങൾക്ക് കിട്ടിയ റേഡിയേഷൻ (ഏറ്റവും കുറഞ അളവ് ) – 100mSv. ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയ ജോലിക്കാർക്ക് ലഭിച്ചത് – 6000mSv (ഒരു മാസത്തിൽ മരണം). അപകടം ഉണ്ടായ സമയത്ത് റേഡിയേഷൻ – 30,000 mSv/hr
ഞങ്ങൾ യാത്രയിൽ ഗീഗർ കൗണ്ടറിൽ കണ്ട ഏറ്റവും കൂടുതൽ റേഡിയേഷൻ – 0.3mSv. ഈ യാത്രയിൽ എനിയ്ക്ക് ലഭിച്ച റേഡിയേഷൻ – 0.002mSv.
ഹിരോഷിമയിലെ അണുബോബ് സ്പോടനത്തിൽ ഉണ്ടായതിനേക്കാൾ 400 മടങ്ങ് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ചെർണ്ണോബൈയിൽ അപകടത്തിൽ അന്തരീക്ഷത്തിൽ എത്തി എന്ന് കരുതപ്പെടുന്നു. അതുപോലെ 20,000 വർഷത്തേയ്ക്ക് ചെർണ്ണോബെയിൽ മനുഷ്യവാസ യോഗ്യമല്ല.
HBO യുടെ ഏറ്റവും പുതിയ ‘ചെർണ്ണോബയിൽ’ സീരീസിൽ ഈ പറഞ്ഞതെല്ലാം കാണാം.