പ്രായമുള്ള യാത്രക്കാരും നന്മയുള്ള രണ്ടു കെഎസ്ആർടിസി ജീവനക്കാരും…

വിവരണം – ഷാജിൻ കെ.എസ്.

ധനുഷ്‌ക്കോടി പോയി തിരിച്ചു വീട്ടിലേക്ക് വരുമ്പോഴുണ്ടായ ഒരു അനുഭവം നിങ്ങളോട് പറയാൻ വേണ്ടി ആണ് ഈ പോസ്റ്റ്. ആനവണ്ടി എന്നും എന്റെ ഒരു വീക്നെസ്സ് ആണ്. ചാൻസ് കിട്ടിയാൽ അതിൽ തന്നെയേ കയാറാറുള്ളൂ. ധനുഷ്‌ക്കോടിയിൽ നിന്നും എങ്ങനെയൊക്കെയോ ഞാൻ കോഴിക്കോട് എത്തി. സമയം ഏകദേശം ഒരു 11.15 ആയിട്ടുണ്ട്. കോഴിക്കോട് നിന്ന് ഞാൻ ഒരു സുൽത്താൻ ബത്തേരിക്കുള്ള ഒരു ചുവപ്പ് ആനവണ്ടിയിൽ കയറി. KL 15 A 324 (RSM 863) വേഗം എത്താൻ വേണ്ടി ഒരു ഫാസ്റ്റ് പാസഞ്ചറിൽ ആയിരുന്നു കയറിയത്.

Photo – MK Photography.

കണ്ടക്ടർ വന്നു..”ടിക്കറ്റ് ടിക്കറ്റ് എവിടേക്കാ?” “ചേട്ടാ ഒരു താമരശ്ശേരി” എന്ന് പറഞ്ഞുകൊണ്ട് ഞാൻ 40 രൂപ എടുത്തു കൊടുത്തു. 33 രൂപ ആണ് ടിക്കറ്റ് ചാർജ്. “മോനെ 3 രൂപ ചില്ലറ ഉണ്ടാവുമോ?? ഉണ്ടെങ്കിൽ മതി ഇല്ലെങ്കിൽ നമുക്കു തീരുമാനം ഉണ്ടാക്കാം ” മൂപ്പർ കൂൾ ആയിട്ടായിരുന്നു വർത്തമാനം പറഞ്ഞത്.

അങ്ങനെ ഞാൻ പാട്ടൊക്കെ കേട്ട് അങ്ങു ഇരുന്നു. കൊടുവള്ളി എത്തിയപ്പോ ആണെന്ന് തോന്നുന്നു ഒരു ചേച്ചിയും കുട്ടിയും ഒരു വൃദ്ധയും ബസ്സിൽ കയറി. ദൂരെ ഉള്ള എങ്ങോട്ടോ ആണ് ടിക്കറ്റ് എടുത്തത്. താമരശ്ശേരി പുതിയ സ്റ്റാൻഡിൽ കയറ്റില്ലേ എന്നു കണ്ടക്ടറോടു ചോദിക്കുമ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. അവരുടെ ആരോ അവിടെ നിൽക്കുന്നുണ്ടായിരുന്നത്രെ…!!!

ഈ ബസ്സ് ഫാസ്റ്റ് പാസഞ്ചർ ആണെന്നും ഡിപ്പോയുടെ താഴെ ആരെങ്കിലും കയാറാനോ ഇറങ്ങാനോ ഉണ്ടെങ്കിൽ മാത്രമേ നിർത്തുകയുള്ളൂ എന്നും കണ്ടക്ടർ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രായമായ ആളാണെന്നും കയ്യിൽ ഫോൺ ഇല്ലെന്നും പറ്റുമെങ്കിൽ കാശ് റീഫണ്ട് ചെയ്യാൻ പറ്റുമോ എന്നും ചേച്ചി ചോദിക്കുകയുണ്ടായി. ടിക്കറ്റ് എടുത്താൽ അത് ക്യാൻസൽ ചെയ്യാൻ പറ്റില്ല എന്ന തന്റെ നിസ്സഹായ അവസ്ഥ കണ്ടക്ടർ പറഞ്ഞു. അതും പറഞ്ഞു കണ്ടക്ടർ ഡ്രൈവറുടെ അടുത്തേക്ക് പോയി.

താമരശ്ശേരി ഡിപ്പോ എത്താറായി. “സ്റ്റാൻഡിൽ കയറ്റില്ല അമ്മേ നമുക്കു ഇവിടെ ഇറങ്ങാം” എന്നു ചേച്ചി കൂടെയുള്ള അമ്മയോട് നിസ്സഹായമായി പറയുകയുണ്ടായി. എന്റെ ശ്രദ്ധ മുഴുവൻ ഡ്രൈവറുടെ അടുത്തേക്ക് പോയ കണ്ടക്ടറുടെ നേരെ ആയിരുന്നു. പ്രായമായ ആളുണ്ട് സ്റ്റാൻഡിൽ എന്നും അവരുടെ കയ്യിൽ ഫോൺ ഇല്ലെന്നും ഒക്കെ മൂപ്പർ പതിഞ്ഞ ശബ്ദത്തിൽ പറയുന്നത് കേൾക്കാമായിരുന്നു.

“സ്റ്റാൻഡിൽ കയറ്റണം ല്ലേ…. ടൈം….മ്മ്‌..ഓടി പിടിക്കാല്ലേ ” എന്നു കൂൾ ആയി പറഞ്ഞു ഡ്രൈവർ ഇൻഡിക്കേറ്റർ ഓണ് ആക്കി സ്റ്റാണ്ടിലേക്ക് ബസ് കയറ്റി. KSRTC ഫാസ്റ്റ് പാസഞ്ചർ സ്റ്റാന്റിലേക്ക് കയറ്റുന്നത് കണ്ടു ചായക്കടയിൽ ചായ കുടിക്കുകയായിരുന്ന ഡ്രൈവർമാരും കണ്ടക്ടര്മാരും അന്തം വിട്ടു നോക്കി നിൽക്കുന്നതും ഡ്രൈവർ അവരോട് ഒരു കള്ള ചിരി പാസ് ആക്കുന്നതും ഞാൻ കണ്ടു.ഞാനേ കണ്ടുള്ളൂ..

കണ്ടക്ടർ വേഗം ചേച്ചിയുടെ അരികിൽ വന്നു “വേഗം വിളിക്കണം ട്ടോ” എന്നും പറഞ്ഞു പിന്നിലേക്ക് പോയി. ആ ചേച്ചിയുടെ യും അമ്മയുടെയും മുഖത്തുണ്ടായ സന്തോഷം വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ വയ്യാത്ത അത്ര സുന്ദരമായിരുന്നു. ആ ചേച്ചിയെക്കാളും ടെൻഷൻ എനിക്കായിരുന്നു ആളെ കാണാഞ്ഞിട്ട്. ചേച്ചി ജനലിനു ഉള്ളിലൂടെ പുറത്തേക്ക് നോക്കി മാടി വിളിച്ചു. പ്രായമായ ഒരു അമ്മ ഓടി വന്നു ബസ്സിൽ കയറി. “ഹാവൂ” എന്നു എന്റെ മനസും പറഞ്ഞു.

ഈ കഥ കേൾക്കുമ്പോ നിങ്ങൾക്ക് എന്തെങ്കിലും തോന്നുമോ എന്നൊന്നും എനിക്കറിയില്ല. ശരിക്കും എന്റെ മനസ്സ് നിറഞ്ഞു. സ്റ്റാൻഡിൽ ബസ് കയറ്റേണ്ട ഒരു ആവശ്യവും ജീവനക്കാർക്ക് ഇല്ല. എങ്കിലും ആ വയോധികയുടെ പ്രായം മാനിച്ചു നല്ലൊരു കാര്യം ചെയ്ത പേരറിയാത്ത ആ രണ്ടു ചേട്ടന്മാർക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്…

ഇങ്ങനെ തന്നെ ആയിരിക്കണം ഒരു ബസ് സർവീസ്. കൈ കാണിച്ചാൽ നിർത്താതെ പോവുന്ന, ചില്ലറ ഇല്ലാത്തതിനു ചീത്ത പറയുന്ന, യാത്രക്കാരെ ശത്രുവിനെപോലെ കാണുന്ന ഒരുപാട് കണ്ടക്ടര്മാരെ കണ്ടിട്ടുണ്ട്. അവർക്കൊക്കെ ഇത് ഒരു പാഠം ആയിരിക്കട്ടെ. ഈ അനുഭവക്കുറിപ്പ് മാക്സിമം ഷെയർ ചെയ്തു അവരിൽ എത്തിക്കാൻ എല്ലാവരോടും അപേക്ഷിക്കുന്നു.