കടപ്പാട് – ബിജു ഡാനിയേൽ.
ഒരു സൈനികന്റെ അവസ്ഥ… പ്രിയ KSRTC അധികൃതർക്ക്, 07:10ന് പുനലൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന ആര്യങ്കാവ് ഡിപ്പോയുടെ KSRTC Fast Passenger (RPM 285) ബസിലെ യാത്രക്കാരനായ ഒരു സൈനികനാണ് ഞാൻ. ദിവസവും നൂറനാട് ITBP JN. ലേക്കാണ് ടിക്കറ്റ് എടുക്കുന്നതും അവിടെ തന്നെ ആണ് ഇറങ്ങുന്നതും. ഇന്നും (01-04-19) പതിവുപോലെ ടിക്കറ്റ് എടുത്തു. ഇറങ്ങേണ്ട സ്ഥലമായപ്പോൾ കണ്ടക്ടർ ബെല്ലടിച്ചു. പക്ഷെ ഡ്രൈവർ വണ്ടി നിർത്തിയില്ല, സ്റ്റോപ്പില്ലാത്രേ. അര കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ ആ മഹാനുഭാവന്റെ കാൽ ബ്രേക്കിൽ അമർന്നു. ഒരു കുറ്റിക്കാടുളള സ്ഥലത്ത് ഇറങ്ങി. അവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നിരിക്കാം.
ഇതേ ബസ് ഇന്നും വെട്ടിത്തിട്ട, തോട്ടപ്പാലം, നൂറനാട് പള്ളിമുക്ക് എന്നീ സ്ഥലങ്ങളിൽ നിർത്തിയത് Prescribed stoppage ഉണ്ടായിട്ടാണോ? ഈ ബസിൽ നിത്യവും യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും പുനലൂർ, പത്തനാപുരം, അടൂർ മുതൽ കായംകുളം ഭാഗങ്ങളിൽ നിന്നും ആലപ്പുഴ വരെയുള്ള വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരും മറ്റു മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരുമാണ്. 6:20 ന് ആര്യങ്കാവിൽ നിന്ന് പുറപ്പെടുന്ന ബസ് 7:10ന് പുനലൂർ, 8:10ന് അടൂരിൽ ചായകുടി കഴിഞ്ഞു കായംകുളത്തേക്ക് ഇങ്ങനെയായിരുന്നു ഇതിന്റെ കൃത്യമായ ഷെഡ്യൂൾ.
യാത്രക്കാർ ഈ ബസ്സിന് വേണ്ടി കാത്ത് നിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ തോന്നും പോലെ ആണ് സർവ്വീസ്. ഇന്ന് അടൂരിൽ നിന്ന് പുറപ്പെട്ടത് 8 മണിക്ക്. നേരത്തേ അടൂരിൽ പത്ത് മിനിറ്റ് സ്റ്റേ ചെയ്യുമായിരുന്നു, കൊട്ടാരക്കരയിൽ നിന്ന് mc road വഴി കോയമ്പത്തൂർ, ചക്കുളത്തുകാവ് തുടങ്ങിയ ബസുകളിൽ വരുന്ന യാത്രക്കാർക്കും ആലപ്പുഴയിലേക്ക് ഓഫീസ് സമയത്ത് തന്നെ എത്തിചേരാൻ പാകത്തിൽ ഈ ബസ് ഉപകരിച്ചിരുന്നു. ആ സ്റ്റേയാണ് ഇപ്പോൾ കായംകുളത്തേക്ക് മാറ്റിയത്. അതിന്റെ റിസൾട്ട് അറിയാനുമുണ്ട്. അധികൃതർ കളക്ഷൻ ചെക്ക് ചെയ്താൽ മതിയാകും.
1350 ൽപരം സൈനികരും അവരുടെ കുടുംബങ്ങളും താമസിക്കുന്ന നൂറനാട് ITBP Jn. വളർന്നു വരുന്ന ഒരു township ആണ്. എന്നും ഈ ബസിൽ കയറാൻ കുറെ യാത്രക്കാരും ഉണ്ടാകും. ഇതെല്ലാം അവഗണിച്ചു കൊണ്ടാണ് ഇങ്ങനെയുള്ള ജീവനക്കാർ KSRTC യെ പുഷ്ടിപ്പെടുത്തുന്നത്. ഇവിടുന്ന് ഡ്യൂട്ടി സംബന്ധിച്ച് എറണാകുളം, ഗുരുവായൂർ, ചാലക്കുടി, തുടങ്ങി ദൂരെ സ്ഥലങ്ങളിൽ പോകണമെങ്കിൽ വേറേ ബസിൽ കയറി കായംകുളത്തോ, അടൂരോ പോകണം. പ്രൈവറ്റ് ബസുകാർക്ക് (limited stop ആണെങ്കിൽ കൂടി) ഒരു പ്രശ്നവും ഇല്ല.
നാടിനെ സേവിക്കുന്നതിനിടയിൽ മൃതിയടയുകയാണെങ്കിൽ “ധീരജവാൻ സ്മാരക വെയ്റ്റിങ് ഷെഡ്” ഉണ്ടാക്കുന്നതിലും ഭേദമല്ലേ ഞങ്ങൾക്കും നാട്ടുകാർക്കും ഉതകുന്ന രീതിയിൽ ഒരു സ്റ്റോപ്പ് അനുവദിക്കുന്നത്. ഫ്രീ സർവീസ് അല്ല ആവശ്യപ്പെടുന്നത്. എവിടേക്ക് ആണെങ്കിലും ടിക്കറ്റ് എടുത്തു തന്നെ ആണ് യാത്ര ചെയ്യാറുള്ളത്. ഒരു തവണ Himachal RTC യുടെ വെബ്സൈറ്റ് തുറന്ന് നോക്കണേ, അവർ ജവാന്മാർക്ക് എങ്ങനെയുള്ള സേവനമാണ് നൽകുന്നത് എന്ന് മനസ്സിലാകും. ഇപ്പോഴെങ്കിലും കണ്ണ് തുറന്നാൽ നന്നാകാവുന്നതേയുള്ളൂ. BSNL ന്റെ പാഠം മനസ്സിൽ ഓർക്കുന്നത് നന്ന്. അധികാരികൾ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. വിശ്വാസത്തിന് ആരും ഡബിൾ ബെല്ലടിക്കില്ലല്ലോ…