വിവരണം – സലു അബ്ദുൽകരീം.
തൃശ്ശൂരിലേക്കുള്ള കാർയാത്രക്കിടയിലാണ് ഇടതടവില്ലാതെ നാവിട്ടടിക്കുന്ന എഫ് എം റേഡിയോയിൽ മറയൂർ ശർക്കരയുടെ പോരിശകൾ വിളിച്ചോതുന്ന ആ പ്രോഗ്രാം കേൾക്കാനിടയായത്. യാത്രകളെ പറ്റി വിവരിക്കുന്ന ആ പ്രോഗ്രാമിൽ മറയൂരിന്റെ മായമില്ലാത്ത ശർക്കരയുടെ വർണ്ണനകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നുണ്ട്….
പാട്ടുരായ്ക്കലിലെ കട്ട ട്രാഫിക്കിലെ വാഹനങ്ങളുടെ കലപില കോപ്രായങ്ങളും ആരവങ്ങളും ചിന്തകളിൽ നിന്നും മനസ്സിലേക്കെത്തി നാവിൻ തുമ്പിലോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന ശർക്കരയുടെ മാധുര്യത്തിൽ അല്പം ചവർപ്പു കലർത്തി ഗതിതിരിച്ചു വിട്ടു..
“നമുക്കൊരു ട്രിപ്പ് പോകണം വീട്ടുകാരുമുണ്ടാകും ” വല്ല അശരീരിയുമാണോ.. ഹേയ് അല്ല… ഉള്ളത് തന്നെയാണ്… ഇപ്പോൾ അടുത്ത ദിവസം കൂട്ടുകാരിൽ ഏതോ ഒരു എമ്പോക്കി ഇങ്ങനെ ഒരു വാചകം എന്നോട് പറഞ്ഞിരുന്നതായി അപ്പോളാണ് ഞാൻ ശർക്കരയുടെ മാധുര്യത്തോടൊപ്പം ചിന്തകളിലേക്ക് ഓടിക്കിതച്ചെത്തിയതറിഞ്ഞത്. അതേ അവൻ തന്നെ തടിയൻ റിംഷാദ് അവനാണത് പറഞ്ഞത്…
മറയൂരെങ്കിൽ മറയൂർ കാട്ടുപാതയിലൂടെ ശർക്കരയും തേടിയൊരു യാത്ര സംഭവം പൊളിക്കും “ശർക്കരയും തേടി ചക്രം പായിച്ചവർ” എന്ന തലക്കെട്ടിൽ ഒരു യാത്രാകുറിപ്പും സഞ്ചാരിയിൽ പൊസ്റ്റാം ഇനി ഒന്നും ആലോചിക്കാനില്ല ജേർണി ഫിക്സട് ഹബീബി എന്നു ഞാൻ റിംഷുവിനോടെന്നപോലെ മനസ്സിൽ മന്ത്രിച്ചു….
റേഡിയോ തരംഗങ്ങളിൽ മറയൂർ വിശേഷങ്ങൾ അവസാനിച്ചെങ്കിലും എന്റെ മനസ്സിൻ തരംഗങ്ങൾ ചോണനുറുമ്പിനെപ്പോലെ കാട്ടുപാതകളും താണ്ടി മറയൂർ ശർക്കരയ്ക്കു മീതെ അപ്പോളും അരിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. മനസ്സ് യാത്രക്കായി പച്ചക്കൊടി വീശി ഇനി ലക്ഷ്യത്തിൽ നിന്നും പിന്മാറുന്ന പ്രശ്നമെയില്ല. റിംഷുവിനോട് പറഞ്ഞ് പോണ ഡേറ്റ് സെറ്റ് ആക്കണം….അവനെ വേഗം കാണണം…ആകപ്പാടെ ഒരു തിടുക്കം…ഹബീബി എന്തായി ട്രിപ്പ് പോകണ്ടേ വളയം പിടിക്കാൻ ഞാനുണ്ട് പോണ ആളുകളും പോകേണ്ട സ്ഥലവും റെഡി ആയാൽ ചക്രം പായിക്കാൻ ഉള്ള സാവകാശം അത്രേ വേണ്ടൂ പോണുണ്ടേൽ വേഗം ആയിക്കോട്ടെ…
ആടാ പോകുന്നുണ്ട് പക്ഷേ സ്ഥലം എവിടാ പോകാ ഊട്ടിയും, കൊടൈക്കനാലും, തേക്കടിയും ഇതൊന്നുമല്ലാ വേറെ ഏതേലും നൈസ് സ്പോട്ട് അറിയുമോ നിനക്ക്…രോഗി കല്പിച്ചതും വൈദ്യൻ ഇച്ചിച്ചതും ശർക്കരവരട്ടി എന്നു പറഞ്ഞതു പോലെ റൂട്ട് എല്ലാം നോക്കി വെച്ച ഞാൻ മൂന്നാറും കടന്ന് കാന്തല്ലൂർ വഴി മറയൂരിലേക്കുള്ള യാത്രയെപ്പറ്റി എന്റെ ഡയഫ്രം തുറന്നു വെച്ചു…സംഗതി ഏറ്റു ഓക്കേ നമുക്ക് പോകാം വീട്ടിൽ ഞാൻ അവതരിപ്പിക്കട്ടെ വേറെ നോ സീൻ….
ടാ എല്ലാം സെറ്റ് ആണ് വീട്ടിൽ എല്ലാരും ഓക്കേ ഞാൻ തിരിച്ചു വീട്ടിൽ കേറുമ്പോളെക്കും അവന്റെ കൺഫേർമെഷൻ കാൾ വന്നു..അങ്ങനെ വല്ലാണ്ട് വലിച്ചു നീട്ടാതെ പോകുന്ന ദിവസം ഞങ്ങൾ അങ്ങട്ട് ഉറപ്പിച്ചു. റിംഷാദിന്റെ കുടുംബത്തോടൊപ്പം വളയം പിടിക്കാൻ മുൻസീറ്റ് എനിക്കായി അവൻ തീറെഴുതിത്തന്നു..
പൂർണ്ണചന്ദ്രൻ ആകാശമൈതാനമിൽ വിധാനിച്ചു നിൽക്കുന്ന ആ നിലാവുള്ള രാത്രി ആ കൊച്ചുകുടുംബത്തോടൊപ്പം എന്റെ ഗ്രാമഭംഗിയേയും ഓവർടേക്ക് ചെയ്തു കൊണ്ട് മറയൂർ ശർക്കരയുടെ മാധുര്യം നുകരാൻ ഞങ്ങൾ മുന്നോട്ടു നീങ്ങി.റിംഷുവിനെ കൂടാതെ അവന്റെ ഉമ്മയും,ഇക്കയും ഇത്തയും കുട്ടികളുമാണ് യാത്രയിലെ സാരഥികൾ.
റോഡിലൂടെയാണ് വാഹനം സഞ്ചരിച്ചിരുന്നതെങ്കിൽ ഞാൻ അതോടൊപ്പം കൂടെയുള്ള ഓരോരുത്തരുടേയും മനസ്സറിഞ്ഞും കൊണ്ട് യാത്ര തുടരാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പിൻസീറ്റിലെ വിൻഡോ സൈഡിൽ വളരെ കാലമായി ആഗ്രഹിച്ച ഒരു ഹൈ റേഞ്ച് യാത്ര പൂവണിഞ്ഞ സന്തോഷ നിർവൃതിയിലാണ് നമ്മുടെ ഇത്ത. ഇക്കയും ഉമ്മയും,കുട്ടികളുടെ കലപിലകൾക്കും കോപ്രായങ്ങൾക്കുമൊത്ത് സ്വഭാവത്തിന്റെ പലവിധ ഗിയറുകൾ മാറ്റുന്ന തിരക്കിലാണ്. വാഹനം ഏകദേശം ഹൈറേഞ്ചിനോട് അടുത്തുകൊണ്ടിരിക്കെ ഉറക്കം അവന്റെ ചുരങ്ങളേറി മറ്റൊരു ഹൈറേഞ്ചിലൂടെ എന്റെ കണ്ണിന്റെ ഉൾത്തടങ്ങളിൽ വന്നു സഡൻ ബ്രേക്കിടുന്നതായി ഞാൻ മനസ്സിലാക്കി….
ഹൈറേഞ്ചിന് മുന്നേ ഒരു സൂയിസൈഡ് പോയിന്റ് സൃഷ്ടിക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഉറക്കത്തോടൊപ്പം ഞാനെന്റെ വണ്ടിയുടെ സഡൻ ബ്രേക്കിനെ ചവിട്ടി അടുത്തു കണ്ട സുലൈമാനി പൊയന്റിൽ ഒതുക്കി….ഹോട്ട് സുലൈമാനിയുടെ ഉയർന്ന താപനിലയിലുള്ള ഇരച്ചു കയറ്റം ഉറക്കിന്റെ സഞ്ചാര പാതകളിൽ ഒരു ലാവയായി ഒലിച്ചിറങ്ങി…. ഉറക്കം ലെഫ്റ്റടിച്ചു പോയതും,ഉറക്കിന്റെ അവശേഷിക്കുന്ന മെമ്പേഴ്സിനെ കൂടി റിമൂവാക്കി അവൻ ക്രിയേറ്റ് ചെയ്ത ആ ഗ്രൂപ്പിനെ അപ്പാടെ ഡിലീറ്റ് ആക്കി എന്ന് ഉറപ്പു വരുത്തി ഞാൻ തിരികെ വണ്ടിയിൽ വന്നിരുന്ന് സീറ്റ് ബെൽറ്റ് മുറുക്കി….
പാതിമയക്കത്തിലായിരുന്ന എല്ലാവരും ഡോർ അടഞ്ഞ ശബ്ദം കേട്ടപ്പോളാണ് തലയുയർത്തി നോക്കുന്നത് കാര്യം പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും വണ്ടിയെടുത്തു….ഉറക്കത്തെ ഒഴിവാക്കി എല്ലാവരും എന്നോടൊപ്പം ഉണർന്നിരിക്കാനുള്ള ശ്രമത്തിൽ സംസാരങ്ങളുമായി വീണ്ടും സജീവമായി കൂടെക്കൂടി….
ചുരങ്ങളെകുറിച്ചൊരു ധാരണയുമില്ലാത്ത നമ്മുടെ ഇത്ത ആകാംക്ഷയുടെ ചുരങ്ങൾ താണ്ടി മറ്റേതോ ലോകത്ത് ചുരങ്ങളെ കുറിച്ചു പല വിധ ചോദ്യങ്ങളും ഉൽപാദിപ്പിക്കുന്ന തിരക്കിലായിരുന്നു. ഞാനും റിംഷുവും കൂടെ അതിനുള്ള ഉത്തരങ്ങൾ നൽകി ഭയങ്കര അനുഭവ സമ്പത്ത് കാഴ്ച വെക്കലിൽ ഒരു കുറവും വരുത്തിയില്ല…ഇത്തയുടെ തീരാ ചോദ്യങ്ങളുടെ കുത്തൊഴുക്കിന് ശക്തി കുറച്ചു കൊണ്ട് ചുരത്തിന്റെ ചെറു തുടക്കം പെട്ടെന്നു ദൃശ്യമായിത്തുടങ്ങി….
തിങ്ങിവളർന്നു നിൽക്കുന്ന പലയിനം വൃക്ഷങ്ങളും സസ്യലതാദികളും ഇരുവശങ്ങളിലും ചീവീടുകളുടെ ചീറലുകൾ കൊണ്ട് ആരവം മുഴക്കി ഞങ്ങൾക്ക് സ്വാഗതമോതി. ഘനീഭവിച്ചു നിൽക്കുന്ന ഇരുട്ടിൻെറ കറുത്ത മൂടുപടങ്ങളിൽ തട്ടിത്തടഞ്ഞ് നിലാവിന്റെ ചെറു കണികകൾ വണ്ടിയുടെ മുൻഗ്ലാസ്സിലൂടെ ഞങ്ങളെ എത്തി നോക്കുന്നുണ്ടായിരുന്നു….
കാടിന്റെ കറുത്തഭാവം നുകരാൻ തുറന്നിട്ട ജനൽ പാളികളിലൂടെ ഇത്തയുടെ കണ്ണുകൾ പരതി നടക്കുന്നുണ്ടെന്ന് ചില ചോദ്യശരങ്ങളുടെ തള്ളിച്ചയിൽ നിന്നും ഞാൻ മനസ്സിലാക്കി. വളവുകളിൽ വെളിവില്ലാതെ വലിഞ്ഞു കയറി ചില വാഹനങ്ങൾ ആക്രോശ ഭാവത്താൽ മുന്നിൽ വന്നു ചാടിയതിൽ ഉമ്മയും ഇത്തയും ചെറുപരിഭ്രാന്തതയുടെ ചെറു നിലവിളികൾ തീർത്തു….
പിന്നെ പതിയേ പതിയേ വളയത്തെ കൈവെള്ളയിൽ സസൂക്ഷമം താലോലിക്കുന്ന എന്നിലും അതിനേക്കാളുപരി പടച്ചവനിലും വിശ്വാസം ഏൽപിച്ചു നിശബ്ദരായി ഉറക്കിന്റെ വളവുകളിൽ ആടിയുലഞ്ഞു കൊണ്ട് മയക്കത്തിന്റെ അഗാധ കൊക്കകളിലേക്ക് തെന്നി വീണു കൂർക്കം വലി തുടങ്ങി….
ഇക്കയും മക്കളും പത്തു മിനിറ്റ് മുന്നേ തന്നെ അതേ കൊക്കയിൽ എപ്പോളെ നിയന്ത്രണം വിട്ട് നിലം പതിച്ചിരുന്നു. ഗ്ലാസ്സുയർത്തി തൊള്ളപ്പൂട്ടി ശ്വാസം നിലച്ചവനായി മരിച്ചു കിടന്നിരുന്ന എസിയുടെ മൂക്കിന് പിടിച്ചു തിരിച്ച് കൊണ്ട് ഞാൻ പുനർജന്മം നൽകി ദൈവമായി.എസിയുടെ ശ്വാസോഛാസത്തിന്റെ കുളിരിൽ ഞാനും റിംഷുവും സംഭാഷണങ്ങളുടെ മുന്നേറ്റം കൊണ്ട് ആദ്യം എത്തുന്ന മൂന്നാറിനെ ലക്ഷ്യം വെച്ച് മുന്നേറിക്കൊണ്ടിരുന്നു.
തലേന്ന് തന്നെ ഡീസൽ കൊണ്ട് ദാഹം തീർത്ത വണ്ടിയുടെ പള്ളയിലെ ദ്രാവക നിലയുടെ സൂചിക ഉച്ചിയിലേക്ക് ഉയർന്നു തന്നെ നിന്നു കൊണ്ട് ഉന്മേഷം കാണിച്ചു.അടിമാലിയും കഴിഞ്ഞ് ഞങ്ങൾ വൈകാതെ തന്നെ മൂന്നാറിന്റെ നഗരപരിസരത്തിലേക്ക് ചേക്കേറി. ആദ്യം കണ്ട ചിലരോട് കാന്തല്ലൂരിലേക്കുള്ള വഴി ചോദിച്ചു കൊണ്ട് വണ്ടിയുടെ സഞ്ചാരമേഖലയെ അങ്ങോട്ടേക്ക് ഗതി തിരിച്ചു വിട്ടു….
ഉറക്കിന്റെ അഗാധ കൊക്കകളിൽ നിന്നും പുതു പിറവിപൂണ്ട് പുതു ലോകം കണ്ട പൈതങ്ങളെ പോലെ പിൻസീറ്റിലുള്ളവർ പടച്ചവൻ പണിതുയർത്തിയ പ്രകൃതിയുടെ പച്ചപ്പിൻ പരവതാനിയെ ആസ്വദിക്കാൻ തിടുക്കം കാണിച്ചു. ആദ്യമായി കാണുന്ന തേയിലത്തോട്ടങ്ങളിൽ അത്ഭുതം കൂറി ഇത്തയും മക്കളും വാചാലരായി.
വഴികൾ പല വിസ്തീർണ്ണതയിൽ വളഞ്ഞു പുളഞ്ഞു അഴിച്ചിട്ട കാർകൂന്തൽ പോലെ നീണ്ടു കിടക്കുന്നതായി വരവറിയിച്ച പുതുപ്രഭാത രശ്മികൾ തെളിമയോടെ കണ്ണിനു കാട്ടിത്തന്നു. തേയിലത്തോട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾക്ക് അറുതി വരുത്തി, കാന്തല്ലൂരിന്റെ പുതിയ മുഖം തെളിയിച്ചു കൊണ്ട് ചന്ദനകാടുകൾ പാതയുടെ ഇരുവശവും അപ്പോൾ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു….
എസിയെ വീണ്ടും മയക്കികിടത്തി ഞാൻ പ്രകൃതിയിലേക്ക് നഗ്നനേത്രങ്ങളേ മേയാൻ വിടാൻ ചില്ലുകൾ താഴ്ത്തി കാഴ്ചകളിൽ കൂടുതൽ സജീവമായി. ചന്ദനക്കാടുകളിൽ ചുറ്റിത്തിരിഞ്ഞ കാറ്റിനു ചന്ദനത്തൈലത്തിന്റെ വാസനയുണ്ടോ എന്നറിയാൻ ഞാൻ ശക്തമായി ശ്വാസത്തെ ഒന്നാഞ്ഞു വലിച്ചു. അതോടൊപ്പം ചന്ദനക്കാറ്റേ കുളിർ കൊണ്ടു വാ എന്ന ഈരടികൾ മൂളി കാറ്റിനെ ആസ്വദിക്കാൻ തിടുക്കം കൂട്ടി….
നയനങ്ങളിൽ ചാരുതയേകിയ കാഴ്ചകളിൽ മനം കുളിർന്നിരുന്നവരെ ശ്രദ്ധ തെറ്റിച്ചു കൊണ്ട് അല്ലാ നമുക്ക് റൂം നോക്കണ്ടേ എന്ന ചോദ്യത്തെ ഞാൻ അവരിലേക്ക് ഏൽപിച്ചു.കാന്തല്ലൂരില്ലേ വാണിജ്യമേഖലയെന്നോണം തോന്നിച്ച ചെറുടൗണിൽ വണ്ടിയൊതുക്കിയ ഞാൻ അവിടെ കണ്ട ഒരു ഹോട്ടലിൽ കയറി റൂമിനേ കുറിച്ചു തിരക്കി. പെരുമാറ്റത്തിൽ അന്തസ്സ് കാണിച്ച അവിടെ കണ്ട വിഷ്ണു എന്ന ചേട്ടൻ മിതമായ നിരക്കിൽ ടൗണിൽ നിന്നും മാറി ചിന്നാർ ഫോറെസ്റ്റ് മേഖലയുടെ തുടക്കത്തിൽ കാടിനുള്ളിലായി പടുത്തുയർത്തിയ വിശാലമായ ഒരു ഗസ്റ്റ് ഹൌസ് തന്നെ ഞങ്ങൾക്കായി തരപ്പെടുത്തിത്തന്നു..
നിമിഷങ്ങൾ നീണ്ട യാത്രയാൽ റോഡിൽ നിന്നും താഴ്ചയിലേക്ക് ഇറങ്ങിചെന്നുള്ള തരത്തിൽ ചുറ്റുഭാഗവും വളർന്നു നിൽക്കുന്ന വന്മരങ്ങൾക്കു നടുവിലായി തലയുയർത്തി നിൽക്കുന്ന മനോഹരമായ ഇരുനിലയുള്ള വീട്ടിലേക്കു ഞങ്ങൾ അദ്ദേഹത്തോടൊപ്പം എത്തിച്ചേർന്നു…
മുറ്റത്തു തന്നെ പച്ചപ്പിന്റെ കടും നിറത്തിൽ നിരന്നു കിടക്കുന്ന ആനപിണ്ഡങ്ങളെ ഒരു അമ്പരപ്പോടെയും അതിലേറെ ഭയത്തോടെയും ഞങ്ങൾ നോക്കി നിന്നു.അതോടൊപ്പം അവയുടെ ചെറു ദുർഗന്ധം മൂക്കിലേക് ഇരച്ചു കയറുന്നുമുണ്ടായിരുന്നു.ആനകൾ ഇറങ്ങാറുണ്ട്, പേടിക്കേണ്ടതില്ല അതിവിടെ ചുറ്റിത്തിരിഞ്ഞു കൊണ്ടു നടന്നകലും അങ്ങനെ ഉപദ്രവകാരികളല്ല എങ്കിലും ചുരുക്കം ചില ആക്രമണങ്ങൾ പതിവാണ് അതിവിടെയല്ല റോഡിലൂടെയുള്ള ബൈക്ക് യാത്രികർക്കാണ് അത്തരം ദുരന്തങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ളത് എന്നും വിഷ്ണു ചേട്ടൻ ആനപ്പിണ്ടത്തിലേക്കുള്ള നോട്ടം കണ്ട് ചെറു വിശദീകരണം നൽകി ഞങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
സാധനങ്ങൾ എല്ലാം വീട്ടിലേക്കു പ്രവേശിപ്പിച്ചു കൊണ്ടു ഞങ്ങൾ അവിടെയുള്ള പല റൂമുകളിൽ ഇഷ്ടാനുസരണം കട്ടിലുകളിൽ ചുരുങ്ങിയ മണിക്കൂറുകൾ വിശ്രമ വേളയിലേക് ചേക്കേറി. മണിക്കൂറുകൾക്കൊടുവിൽ വിഷ്ണുവേട്ടൻ തരപ്പെടുത്തി തന്ന ജീപ്പിൽ ഞങ്ങൾ റെഡിയായി കാന്തല്ലൂരിൻറെ ഇനിയും കാണാ കാഴ്ചകൾ തേടി പുറപ്പെട്ടു….
കേരളത്തിൽ വേറെ എവിടെയും കാണപ്പെടാൻ സാധ്യതയില്ലാത്ത വിവിധ പഴവർഗ്ഗങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാമുകൾ ഞങ്ങൾക്കവിടെ കാണാൻ സാധിച്ചു.ആപ്പിളുകളും, ഓറഞ്ചും, സ്ട്രൗബെറിയും, പ്ലംസും, നെല്ലിക്കയും, പാഷൻ ഫ്രൂട്ടും വളരെ ഭംഗിയിൽ കായ്ച്ചു നിൽക്കുന്നതായി ഞങ്ങൾ കണ്ടു. കൂടാതെ പല വ്യത്യസ്ത പച്ചക്കറി വർഗ്ഗങ്ങളും അവിടെ സുലഭമായിരുന്നു.അവിടെനിന്നും കുതിപ്പിന്ന് യാതൊരു ക്ഷീണവുമില്ലാതെ കുന്നുകൾ കയറാൻ യാതൊരു വിധ വിമുഖതയും കാട്ടാതെ ജീപ്പ് അവൻറെ സഞ്ചാരപഥത്തിൽ കൂടുതൽ ഊറ്റം നൽകിക്കൊണ്ടു മുന്നേറി…
എല്ലാവരും യാത്രയിലുടനീളം ആകാംക്ഷയും, ഊർജ്ജസ്വലതയും കാഴ്ച വെച്ച് കൂടുതൽ സജീവമായി കാണപ്പെട്ടു… അടുത്തത് ഞങ്ങൾ തിരഞ്ഞെടുത്തത് തിങ്ങി നിറഞ്ഞ വനാന്തരങ്ങളിലൂടെ പൊട്ടിച്ചിതറി വികൃതമായ കല്ലുകൾ നിറഞ്ഞ കാട്ടു പാതയിലൂടെ മന്നവൻ ചോല(ആനമുടി ഷോലയ്യ്) എന്ന മനോഹര കാട്ടു ഭംഗിയുടെ ഉയരങ്ങളിലേക്കായിരുന്നു…ഉയരങ്ങളിൽ ചെന്നെത്തിയ ഞങ്ങൾ ആകാശത്തോളം മുട്ടി നിൽക്കുന്ന മലനിരകളെയും…അവയെ ചുംബിച്ചു നിൽക്കുന്ന പാൽമേഘങ്ങളെയും കണ്ടു…കൂടാതെ ഉയരങ്ങളിൽ നിന്നും കൊണ്ട് പ്രകൃതിയെ പുതച്ച പുതപ്പു പോൽ നിവർന്നു മുറ്റി നിൽക്കുന്ന കാടിന്റെ മനോഹാരിതയും ആവോളം നുകർന്നു…..
അവിടെ നിന്നും പിന്നെ മടങ്ങിയ ഞങ്ങൾക്ക് കാടും കാട്ടാറും വിവിധ ജീവികളുടെ ചെറുശബ്ദ കോലാഹലങ്ങളും നയനാനന്ദകരവും,ശബ്‌ദാസ്വാദനവും കൊണ്ട് ഒട്ടും മാറ്റു കുറക്കാതെ യാത്രയയപ്പു നൽകി….അങ്ങനെ പോകുന്ന പോക്കിലാണ് ഡ്രൈവർ പറഞ്ഞു തുടങ്ങിയ മറയൂരിലെ പിൽകാല ചരിത്രങ്ങളിലേക്ക് ഞങ്ങൾ കാതുകൾ കൂർപ്പിക്കുന്നത്…
മറയൂരെന്നാൽ മറഞ്ഞിരിക്കുന്ന ഊരെന്നർത്ഥമെന്നും, പണ്ട് വിവിധ രാജാക്കന്മാരുടെ സേനയിലെ മറവർ എന്ന ഗോത്ര വിഭാഗത്തിൽ പെട്ടവർ കാടുകളിൽ മറഞ്ഞിരുന്നു കൊണ്ട് വഴിയാത്രക്കാരെ കൊള്ളയടിക്കൽ പതിവായിരുന്നെന്നുമുള്ള സംഭവങ്ങൾ…അതു കൂടാതെ മഹാശിലായുഗകാലത്ത് അവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിനു തെളിവാണ് മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളുമെന്നും..
മുതുവാന്മാർ എന്ന ഒരു വിഭാഗം മലയുടെ ചെരുവുകളിലും മറ്റും പാർക്കുന്നുണ്ടായിരുന്നത്രെ അഞ്ചുനാട്ടുകാരായ ഗ്രാമക്കാരായിരുന്നു അവിടെ മുമ്പെയുള്ള താമസക്കാർ.അഞ്ചുനാടിന്റെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന് കൊടൈക്കാടുകൾ കയറി. അവർ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു.
അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട് സത്യം ചെയ്‌ത് ഒറ്റ ജാതിയായി. അവർ അഞ്ച് ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ് ഈ അഞ്ചുനാടുകൾ. അതുകൊണ്ടുതന്നെ അഞ്ചുനാട് എന്നും മറയൂരിനു പേരുണ്ടെന്നും… അവർക്ക് അവരുടേതായ നീതിയും നിയമങ്ങളും ശിക്ഷാരീതികളുമുണ്ടെന്നും അദ്ദേഹം ഞങ്ങൾക്ക് കഥയിൽ ആവേശം നൽകി ക്കൊണ്ട് കൂട്ടി ചേർത്തു….
അപ്പോളേക്കും ഞങ്ങളെയും കൊണ്ട് അദ്ദേഹം മുനിയറകൾ നിലകൊള്ളുന്ന ആ പാറക്കു ചാരെ എത്തിയിരുന്നു. കേട്ടറിഞ്ഞ ചരിത്രം പോലെ എല്ലാം ഞങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടുത്തി. അത്ഭുതം നൽകിയ മുനിയറകളുടെ ദർശനവും അവസാനിപ്പിച്ച്. വീണ്ടും പല ചരിത്ര പ്രദേശങ്ങളുടെ മനോഹാരിതയും ആസ്വദിച്ച ഞങ്ങൾ പിന്നെ ചെന്നെത്തിയത് ആവേശത്തോടെ ഞങ്ങൾ സ്വന്തമാക്കാൻ കാത്തിരുന്ന മറയൂർ ശർക്കരയുടെ ജന്മം നടക്കുന്ന ഓല മേഞ്ഞ ചെറു കുടിലുകളിലേക്കായിരുന്നു….
ഡ്രൈവർ ആവേശത്തോടെ അവിടെ എത്തുന്നതിനു മുന്നേ തന്നെ ശർക്കരയുടെ പോരിശകൾ എ ഫ് എമ്മിൽ കേട്ടതിനേക്കാൾ വിശദമായി വീണ്ടും പറയാൻ തുടങ്ങിയിരുന്നു..കുടിലുകളിൽ എത്തിയ ഞങ്ങൾക്കു കാണാൻ സാധിച്ചത് ഒരു യാഗശാല എന്നു തോന്നിപ്പിക്കും വിധം വളരെ വിസ്തൃതിയിലുള്ള തീ കുണ്ഡത്തിനു മുകളിൽ അതേ വലിപ്പത്തിൽ ഒരുക്കിയ വലിയ ഉരുളിയിൽ തിളച്ചു മറിയുന്ന കട്ടിയിലുള്ള ദ്രാവകത്തെയാണ്…അതിനും ചുറ്റും ഒരുപാടു പേർ കൂടി നിൽക്കുന്നുമുണ്ട് കാഴ്ചക്കാരായി….
തിടുക്കത്തോടെ നടന്നടുത്ത ഞങ്ങൾ തീ കത്താൻ വിറക് കോരിയിടുന്ന(വിറകായി ഉപയോഗിക്കുന്നത് പിഴിഞ്ഞെടുത്ത കരിമ്പിന്റെ ഉണക്കിയ ചണ്ടികൾ ) ജോലിക്കാരി സ്ത്രീയോട് മറയൂർ ശർക്കരയുടെ മാധുര്യം നിറഞ്ഞ പിറവിയുടെ കഥകൾ ആരാഞ്ഞു… ശുദ്ധമായ കരിമ്പിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ശർക്കരയുടെ പിറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് വളരെ വിശദമായിത്തനെ അവർ ഞങ്ങളെയും അവിടെ കൂടി നിൽക്കുന്ന എല്ലാവരെയും ശ്രദ്ധയോടെ കേട്ടു നിൽക്കുന്ന കേൾവിക്കാരായി ക്കൊണ്ട് മടുപ്പില്ലാതെ കൂട്ടിക്കൊണ്ടു പോയി….
ശർക്കരയുടെ ചരിതത്തിനു തുടക്കം കുറിക്കുന്നത് കരിമ്പിന്റെ കൃഷിയോട് കൂടിയാണ്, വിളവെടുപ്പിൽ ലഭിച്ച നല്ല അസ്സൽ കരിമ്പുകൾ, യന്ത്ര സഹായത്തോടെ പിഴിഞ്ഞെടുത്ത്…ആ നീര് മുഴുവൻ ഉയർന്ന താപ നിലയിൽ അവിടെ ഞങ്ങൾ കണ്ട ആ വലിയ ഉരുളിയിൽ കുറച്ചധികം നേരം തിളപ്പിക്കുന്നു…പിന്നീട് അവ ചൂട് മാറി തണുക്കുന്നതിനു മുന്നോടിയായി തന്നെ മണിക്കൂറുകളോളം നന്നായി ഇളക്കുന്നു…പിന്നീട് ഏറ്റവും അവസാനത്തെ പ്രക്രിയയിലേക്കുള്ള പോക്കാണ്…നന്നായി ഇളക്കി കട്ടിയിലായ ദ്രാവകം ചെറിയ ചെറിയ ബോൾ ഷേപ്പിലേക്ക് മാർകെറ്റിൽ കച്ചവടത്തിന് അയക്കാനുള്ള പാകത്തിൽ നിർമിച്ചെടുക്കുന്നു…അങ്ങനെ ശർക്കര നിർമാണം ഇത്തരത്തിൽ തുടർന്നു കൊണ്ടേയിരിക്കുന്നു…
കേട്ടറിഞ്ഞ മധുരം പിറക്കുന്ന കഥയിലെ സന്തതിയെ വാങ്ങാൻ എല്ലാവരും പിന്നെ തിടുക്കം കൂട്ടി അതോടൊപ്പം ഞങ്ങളും….ശുദ്ധമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരമായുള്ള ഒന്നും തന്നെയില്ലെന്ന നേരിട്ടുള്ള ബോധ്യപ്പെടലും,അതിൻറെ മറ്റു ഗുണങ്ങളും തന്നെയായിരുന്നു അവിടെ കണ്ട ആ ആൾ തിരക്കിനു കാരണം …അതോടൊപ്പം തീയും പുകയും കൊണ്ട് കുടുംബങ്ങളിലെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരു കൂട്ടം തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ വിയർപ്പിന്റെ മൂല്ല്യവും,അതേ കുടുംബത്തിന്റെ ഉയിർപ്പിന് വേണ്ടിയുള്ള കഥകളുടെ ചേരുവകളും അവയിൽ അടങ്ങിയിട്ടുണ്ടെന്ന നേരിട്ടുള്ള ബോധ്യപ്പെടലുകളും തന്നെയായിരുന്നു..
അങ്ങനെ ശർക്കരയും തേടി ചക്രം പായിച്ച ഞങ്ങൾ ശർക്കരയും വാങ്ങി അവിടെ തന്നെ കിട്ടുന്ന സ്പെഷ്യൽ ഫ്രഷ് കരിമ്പിൻ ജ്യൂസും ആവോളം നുകർന്ന് മനസ്സിൽ മുഴുക്കെ മധുരം നിറച്ച് തിരികെ വീട്ടിലേക്കു യാത്ര തിരിച്ചു….മധുരം നുകർന്ന ആ യാത്രയുടെ മധുരിക്കുന്ന ഓർമ്മകളുമായി..തിരികെ ഞങ്ങൾ വീട്ടിലേക്ക് ചക്രം പായിച്ചു കൊണ്ട്..
1 comment
ഒരുപാട് സന്തോഷം . എന്റെ വിവരണം തിരഞ്ഞെടുത്തതിന്