മഴ കാരണം ബൈക്കിലെ യാത്ര കെഎസ്ആർടിസി ബസ്സിലാക്കിയപ്പോൾ : യാത്രക്കാരൻ്റെ കുറിപ്പ്…

എഴുത്ത് – ദീപു രാഘവൻ.

മഴ കാരണം ബൈക്കിൽ പോകേണ്ട യാത്ര ബസിൽ ആകേണ്ട വന്നു.ബൈക്ക് പന്തളത്തു വച്ച ശേഷം, മനസില്ലാമനസോടെ മുനിസിപ്പൽ സ്റ്റാന്റിൽ കയറി ആഹാ വിജനം. ദാണ്ടെ വന്നുകയറി കോട്ടയത്തിനുള്ള ഡ്രൈവറോട് ചോദിച്ചു “ചേട്ടായിയെ ഹരിപ്പാടിന് ബസില്ലെ ഇപ്പോൾ?” “5.30 ഒന്നുണ്ടാരുന്നല്ലോ. അത് പോയി. ഇപ്പോൾ ഒരു വേണാട് വരും.” പെട്ടന്ന് മനസ്സിൽ ഉണ്ടായിരുന്ന ആ വൈക്ളഭ്യം അങ്ങ് മാറിക്കിട്ടി.സ്റ്റാന്റിനു വെളിയിൽ നിന്നോളാൻ ചേട്ടൻ പറഞ്ഞു.

അവിടെ നിന്ന് ആരോടോ ആരാഞ്ഞു “ഹരിപ്പാട് വണ്ടി വരാറായോ.” അപ്പോൾ മുനിസിപ്പാലിറ്റിൽ ജോലി ചെയുന്ന ഒരു ചേച്ചി പറഞ്ഞു മോനെ ഇപ്പോൾ വരും. പറഞ്ഞു നാവെടുത്തപ്പോൾ സിഗ്നൽ തിരിഞ്ഞു ദാ വരുന്നു ഒരു RT സീരീസ് ഗജം. ചുവന്ന കളറിൽ പെരുമ്പറ മുഴക്കും പോലത്തെ സൗണ്ടിൽ അവൻ മുന്പോട് വന്നു. ചേച്ചി ദാ വരുന്ന വേണ്ടിയാണോ? അല്ല മോനെ വേണാട് ആണ് പന്തളത്തെ വണ്ടിയാണ്. ഓഹ് മനസ്സിൽ അപ്പോൾ തെളിഞ്ഞ രൂപം ഏതോ പഴയ tata സുന്ദരി ആരിക്കും. പെട്ടെന്ന് ചേച്ചി പറഞ്ഞു മോനെ ദാ ആ വരുന്ന വണ്ടിയാണ്.

ങേ ഇതെപ്പോൾ സ്റ്റാന്റിൽ കയറി എന്ന് ചിന്തിച്ചു നിന്ന എന്റെ മുൻപിലേക് ആ ലെയ്ലാന്റ് സുന്ദരൻ വന്നു നിന്നു (RAK846). 8 പേരോളം അവന്റെ വരവിനായി കാത്തു നില്പുണ്ടാരുന്നു. Hot seat കാലിയാരുന്നു മഴയും തണുപ്പും ഉള്ള കാരണം ആനവണ്ടിപ്രാന്തന്മാരുടെ ഉയിരിനെ തത്കാലം വേണ്ടെന്നു വച്ചു നടുക്കുള്ള ഏതോ ഒരു സീറ്റിൽ ഇരുന്നു.

ആന കുലുങ്ങി മുൻപോട്ട് നീങ്ങി മഴകാരണം ഷട്ടറുകൾ എല്ലാം താഴ്ന്നു കിടക്കുവാരുന്നു. കണ്ടക്ടർ വന്നു ടിക്കറ്റ് എടുത്ത് പോയി. ഞാൻ ആണേൽ ഹെഡ് set എടുക്കാനും മറന്നു. ബോർ അടി കൂടിയപ്പോൾ ഒരു കൗതുകം തോന്നി മെല്ലെ ഷട്ടർ പൊക്കി നോക്കി. ചാറ്റമഴതുള്ളികൾ മുഖത്തെക്ക് വീണു. അല്പം കൂടെ പൊക്കി ഒടുക്കം ചാറ്റമഴ ആസ്വദിക്കാൻ ഞാൻ അറിയാതെ മൊത്തം ഷട്ടറും പൊക്കി ക്ലിപ്പും ഇട്ടു.

ആനവണ്ടി, സൈഡ് സീറ്റ്, മഴ… ആഹാ അന്തസ്… പുറകിൽ നിന്നും ആരോ തോണ്ടി. തിരിഞ്ഞു നോക്കിയപ്പോൾ ക്രിസ്മസ് അപ്പൂപ്പനെപോലെ ഒരു അപ്പൂപ്പൻ “മോനെ ഞാൻ കുളിച്ചിട്ട ഇറങ്ങിയേ” മുറുക്കാൻ ചവച്ചു മുറുക്കിയ പല്ലു കാണിച്ചു ആക്കിയ ഒരു സ്മൈലി തന്നു. കൂടുതൽ പറയിക്കാൻ നില്കാതെ ഷട്ടർ താത്തിട്ടു.

‌പിന്നെ ശ്രദ്ധ വണ്ടിക്കുള്ളിൽ ആയി. എല്ലാസീറ്റിലും ആള് നിറഞ്ഞു അപ്പോളും ഹോട് സീറ്റ് കാലി. നെടുവീർപ്പിട്ടു ഉള്ളിൽ സങ്കടം ഒതുക്കി മുൻപിലേക്ക് നോക്കിയിരുന്നു ‌വണ്ടി അടുത്ത സ്റ്റോപ്പിൽ നിന്നു. ആരോ “ഗുഡ് മോർണിംഗ്” പറഞ്ഞു കയറി. പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത് പലയാത്രക്കാരുമായും കണ്ടക്ടർ സംസാരിക്കുന്നത് കണ്ടു. സ്ഥിരം യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച് വായിച്ചു കേട്ടിട്ടുണ്ട് എന്നാൽ ഇന്ന് ദൃക്സാക്ഷിയായി. ഡ്രൈവിങ്ങും നല്ല സ്മൂത്ത് ആയിരുന്നു. നോർമൽ സ്പീഡും. അനാവശ്യമായ ബ്രേക്കിങ്ങോ ഓവർ സ്പീഡോ ഒന്നുമില്ല.

‌വണ്ടി മാവേലിക്കര ഡിപ്പോയിൽ കയറിയപ്പോളാണ് ഞാനും അവളെ തിരഞ്ഞത്. മാവേലിക്കരയുടെ മുത്ത് സീത. പകുതി തുറന്ന ഷട്ടർ വഴി പുറം തിരിഞ്ഞു കിടന്ന അവളെ കണ്ടു. അവിടെ കുറച്ചു യാത്രക്കാർ ക്രൂവിനു ഒരു പുഞ്ചിരി നൽകിപോകുന്നത് കണ്ടു. മാവേലിക്കരയിൽ നിന്നും നമ്മുടെ ലെയ്ലാന്റ് വേണാട് മെല്ലെ വെളിയിൽ ഇറങ്ങി. അപ്പോളും മഴ ചന്നം പിന്നം തുള്ളി പെയ്യുന്നു.

വണ്ടി മെയിൻ റോഡിൽ കയറി അത്യാവശ്യം സ്പീഡിൽ മുൻപോട്ട് പാഞ്ഞു. പോക്കറ്റിൽ കയ്യിട്ട ശേഷം സ്വയം പറഞ്ഞു. പിള്ളേർ ആയാൽ ഉത്തരവാദിത്തം വേണം (ഹെഡ് സെറ്റ്). പിന്നെ നോട്ടം മുൻപിലേക്ക് ആയിരുന്നു. ഗ്ലാസിൽ വീഴുന്ന മഴത്തുള്ളികളെ തഴുകി മാറ്റുന്ന വൈപ്പർ എന്ന കണ്ടു പിടുത്തങ്ങൾ ഒക്കെയാ അല്ലെ.

പിന്നെ നമ്മുടെ പരുപാടി തുടങ്ങി പടം പിടുത്തം തൊട്ടുമുൻപിലെ സീറ്റിൽ ഒരു ചേച്ചി ഇരുപ്പുണ്ട്, ഫോട്ടോ എടുക്കുന്നത് വണ്ടിയുടെ ഗ്ലാസ് ആണേലും എന്റെ പിന്നിൽ ഇരിക്കുന്നവർ എന്ത് കരുതും എന്ന് കരുതി മെല്ലെ പിന്നോട് തിരിഞ്ഞു നോക്കി. ഹേയ് ചിലർ ലോകകാര്യങ്ങൾ പറയുന്നു, ചിലർ ചാരികിടന്നു സുഖ നിദ്ര, കണ്ടക്ടർ ചേട്ടനും വേറെ രണ്ടുപേരും വമ്പൻ കത്തിവെപ്പും.

രണ്ടു ഫോട്ടോ എടുത്തു ശേഷം ചുമ്മാ പിന്നിലോട് നോക്കി നമ്മുടെ ക്രിസ്മസ് അപ്പൂപ്പന്റെ കണ്ണിൽ കണ്ണുടക്കി. പുഞ്ചിരിയോടെ പറഞ്ഞു ഈ പ്രായത്തിൽ ഇതേപോലെ ഞാനും കാണിച്ചിട്ടുണ്ട് കുരുത്തക്കേഡ് (അതിനു ഇയാളുടെ ആയകാലത് ക്യാം മൊബൈൽ ഉണ്ടാരുന്നോ മനസ്സിൽ സ്വയം ഒരു ട്രോൾ പാസ്സാക്കി). തള്ളെ പുല്ലു പെട്ട്.പിന്നെ ഒന്നും നോക്കിയില്ല നേരെ ഓൾഡ്‌ അപ്പച്ചന്റെ അടുത്തേക്ക് ചേക്കേറി. പോന്നപ്പൂപ്പ ഇതു അതല്ല ഞാൻ വണ്ടിയുടെ ഫോട്ടം പിടിച്ചത അപ്പൂപ്പനെ എടുത്ത ഫോട്ടോ എല്ലാം കാണിച്ചു എന്തോ പുള്ളിക് വിശ്വാസമായെന്ന തോന്നിയെ. അല്ലാമോനെ നീ എന്തിനാടാ സർക്കാർ വണ്ടിടെ ഫോട്ടോ എടുക്കുന്നെ.

ആഹ് ഞാൻ നേരെ അപ്പൂപ്പന് അഭിമുഖീകരിച്ചു ഇരുന്നു. ആനവണ്ടി പ്രാന്തിന്റെ കഥകളും. ആനവണ്ടിയെപ്പറ്റിയും. പിന്നെ നമ്മുടെ അടൂർ ഗന്ധർവനെ പറ്റിയും നമ്മൾ ചെയ്തിട്ടുള്ള സ്റിക്കറിങ്ങിനെപ്പറ്റിയും ഒക്കെ പറഞ്ഞു. ആനവണ്ടി വീഡിയോസ് ഒക്കെ കാണിച്ചു. അങ്ങനെ പല വാദപ്രതിവാദങ്ങൾ നടത്തി. അവസാനം ഞങ്ങൾക്കു പിരിയാൻ ഉള്ള സ്ഥലമെത്തി ഇറങ്ങി കഴിഞ്ഞപ്പോൾ അപ്പൂപ്പൻ തോളിൽ തട്ടി പറഞ്ഞു. ഞാൻ ജോലി ചെയ്ത പ്രസ്ഥാനമാണ്. പലരുടെ വായിന്നു ശാപവാക്കുകൾ മാത്രമേ ksrtcയെ പറ്റി കേട്ടിട്ട് ഉള്ളു, ഇതിനെ സ്നേഹിക്കാനും ആളുണ്ടെന്നറിഞ്ഞപ്പോൾ എനിക്കും അഭിമാനം തോനുന്നു. ഇത്രയും പറഞ്ഞപ്പോൾ പുള്ളിയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നടന്നകലുന്ന ആ വാർധിക്യത്തെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു പുലിമടയിൽ ചെന്നിരുന്നായിരുന്നോ വീണവായന.