കൊമ്പനെയും സാരഥിയെയും കാണണം; മകൻ്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഒരച്ഛൻ…

മക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോളാണ് അച്ഛനമ്മമാർക്ക് കൂടുതൽ സന്തോഷം ലഭിക്കുക. മക്കളുടെ നല്ല ആഗ്രഹങ്ങൾക്ക് എതിരു നിൽക്കാതെ, അവ സാധിച്ചു കൊടുക്കുവാനായി ഏതറ്റം വരെയും പോകുന്ന മാതാപിതാക്കളുള്ള സമൂഹമാണ് നമ്മളുടേത്. അത്തരത്തിലൊരു അച്ഛൻ – മകൻ ബന്ധത്തിന്റെ കഥയാണ് ഇനി പറയുവാൻ പോകുന്നത്.

ചങ്ങനാശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ സന്തോഷ് കുട്ടനാണ് ആ അച്ഛൻ, മകൻ അപ്പൂസ് എന്നു വിളിപ്പേരുള്ള കൈലാസനാഥനും. മകന്റെ ആഗ്രഹം കേട്ടാൽ കേൾക്കുന്നവർക്കൊക്കെ നിസ്സാരമെന്നു തോന്നുമെങ്കിലും അത് സാധിച്ചു കൊടുത്തതിലൂടെ സോഷ്യൽ മീഡിയയിൽ ഹീറോ ആയിരിക്കുകയാണ് സന്തോഷ് കുട്ടനെന്ന അച്ഛൻ. സംഭവത്തെക്കുറിച്ച് സന്തോഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

“അങ്ങനെ അങ്ങനെ മകൻറെ ഒരു ആഗ്രഹം കൂടെ സാധിച്ചുകൊടുത്തു. അവൻറെ വളരെ നാളത്തെ ആഗ്രഹമായിരുന്നു ‘കൊമ്പൻ’ ടൂറിസ്റ്റ് ബസ് കാണണം എന്നുള്ളത്. ചെങ്ങന്നൂർ കഴിഞ്ഞ കാരക്കാട് എന്ന് പറയുന്ന സ്ഥലത്താണ് ധാരാവി. അവിടെയാണ് കൊമ്പൻ ടൂറിസ്റ്റ് ബസ്സുകൾ വിശ്രമിക്കുന്നത്. രാവിലെ തന്നെ അവനെയും കൂട്ടി ഞങ്ങൾ പുറപ്പെട്ടു ബൈക്കിലായിരുന്നു പോയത്. മഴക്കാലം.. ചെങ്ങന്നൂർ കഴിഞ്ഞു കോരിച്ചൊരിയുന്ന മഴ. ഒരു കടത്തിണ്ണയിൽ കയറി നിന്നു ഒരു ചായയും കടിയും കടിച്ചു മഴ മാറുന്നതും നോക്കി ഞങ്ങൾ നിന്നു.  മഴ മാറിയ ശേഷം ഞങ്ങൾ പുറപ്പെട്ടു.

കൊമ്പന്റെ ഡ്രൈവറായ സുധിയെ ഞാൻ ഫോണിൽ കോൺടാക്ട് ചെയ്തു. ഞങ്ങൾക്കായി സുധി അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ ചെന്ന് യോദ്ധാവിനെ (ബസ്സ്) കണ്ടു കഴിഞ്ഞപ്പോൾ അപ്പുവിനെ മുഖത്ത് ഭാവങ്ങൾ മറഞ്ഞു. സത്യം പറഞ്ഞാൽ ആ ബസ്സിനോടും അതിന്റ് ഡ്രൈവറായ സുധിയോടും അവന് ആരാധനയായിരുന്നു. വളരെ നേരം അവിടെ സംസാരിച്ചിരുന്നു. ബസ്സിന് ഉൾഭാഗം മുഴുവൻ കയറി കണ്ടു. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. അവൻറെ കൊതിതീരെ ആ ബസ്സിന് ഒപ്പം ചെലവഴിച്ചു.

യൂറോപ്പിലേക്ക് പോകാൻ എല്ലാ തയ്യാറെടുപ്പും കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന സുധി, ഞാൻ എൻറെ മകൻറെ ആഗ്രഹം അറിയിച്ചപ്പോൾ തിരക്കുകൾ എല്ലാം മാറ്റിവച്ച് അവൻറെ ആഗ്രഹം പൂർത്തീകരിക്കാൻ എറണാകുളത്തുനിന്നും വന്നതായിരുന്നു. സുധീ… എൻറെ മകനോടുള്ള ആ സ്നേഹത്തിന് ഞാൻ സുധിയോട് നന്ദി പറയുന്നു.

കോരിച്ചൊരിയുന്ന മഴയത്ത് മുഴുവനായി നനഞ്ഞാണ് വീട്ടിൽ തിരികെ എത്തിയത്. എല്ലാവരോടും അവൻറെ സന്തോഷം പങ്കു വെച്ചപ്പോൾ എൻറെ മകൾ കരയുകയായിരുന്നു. ഞാൻ അവൾക്കും വാക്കു കൊടുത്തു, ഒരു ദിവസം നമ്മൾ പോകും. അവിടെയുള്ള കൊമ്പന്മാരെ എല്ലാം നമ്മൾ കാണും. അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി. അവൾ സന്തോഷസൂചകമായി എനിക്ക് ഒരു ഉമ്മയും തന്നു. ഇനി അവൾക്കായി ഒരിക്കൽ കൂടി അവിടെ പോകണം.”

മാതാപിതാക്കൾ ജീവിക്കുന്നതു തന്നെ മക്കൾക്കായാണ്. അതുകൊണ്ട് അവരുടെ ചെറിയ ആഗ്രഹങ്ങൾ നമ്മളാൽ കഴിയുംവിധം സാധിച്ചു കൊടുക്കണം. ഒരിക്കലും അത് പിന്നത്തേയ്ക്ക് മാറ്റിവെക്കരുത്.