തെക്കിൻ്റെ കൈലാസമായ വെള്ളിയാംഗിരി മലനിരകളിലേക്ക് കഠിനമായ ഒരു യാത്ര..

വിവരണം – ജിതിൻ ജോഷി.

ശിവരാത്രിയന്നേയ്ക്ക് പാതിവഴിയിൽ ആ യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോളേ മനസിൽ ഉറച്ച ഒരു തീരുമാനം രൂപംകൊണ്ടിരുന്നു.. “ഏറ്റവും അടുത്ത ദിവസങ്ങളിൽ ഞാൻ വീണ്ടും വരും.. ഈ സപ്തഗിരികളുടെ സൗന്ദര്യം മനസിന്റെ കാൻവാസിലേക്ക് ആലേഖനം ചെയ്യാൻ.” ഡ്യൂട്ടി കഴിഞ്ഞു ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ സമയം വൈകുന്നേരം 6 മണി കഴിഞ്ഞിരുന്നു. പാലക്കാടിന്റെ ആകാശത്ത് അന്ന് പതിവില്ലാതെ കാർമേഘങ്ങൾ റോന്തുചുറ്റുന്നു. തിരക്കുപിടിച്ചു അത്യാവശ്യം സാധനങ്ങളുമായി വണ്ടിയുമെടുത്തിറങ്ങുമ്പോൾ മഴ പതിയെ സങ്കടം പറഞ്ഞു തുടങ്ങിയിരുന്നു. ഷൂ, ഗ്ലോവ്സ്, ജാക്കറ്റ് മുതലായവ എടുത്തിട്ടില്ലാത്തതിനാൽ ഇത്തിരി നനയാൻ തന്നെ തീരുമാനിച്ചു. പിന്നീട് പോക്കറ്റിൽ കിടക്കുന്ന ഫോണിന്റെ കാര്യം ആലോചിച്ചപ്പോൾ വണ്ടി പതിയെ അതിർത്തിഗ്രാമമായ വേലന്താവളത്തിലെ ഒരു ചായക്കടയ്ക്കു മുന്നിലൊതുങ്ങി..

അത്യാവശ്യം ഭൂമി തണുക്കാൻ മാത്രമുള്ള മഴ. ഏതാണ്ട് പതിനഞ്ചു മിനുട്ട്. അതിനുശേഷം ഒരു കാറ്റിന്റെ അകമ്പടിയോടെ മഴ പാലക്കാടൻ മലനിരകളിലേക്ക് മറഞ്ഞു. വേലന്താവളം കഴിഞ്ഞാൽ കോയമ്പത്തൂർ ജില്ലയായി. കൂടാതെ നല്ല റോഡും. സംസ്ഥാനം മാറുന്നത് റോഡിൽ കയറുമ്പോൾ അറിയാമെന്നു സാരം. ഇത്തവണ ലക്ഷ്യം തെക്കിന്റെ കൈലാസം എന്നറിയപ്പെടുന്ന വെള്ളിയാംഗിരി മലനിരകളാണ്. ഏഴുമലകൾ സംഗമിക്കുന്നിടം.. വളരെ കഠിനമായ ട്രെക്കിങ്ങ് ആണ് ഈ ഗിരിശ്രിഘം കീഴടക്കുവാൻ. സമുദ്ര നിരപ്പില്‍ നിന്ന് ആറായിരം അടിയോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തെങ്കൈലായം അഥവാ തെക്കിന്റെ കൈലാസം എന്ന പേരിൽ വെള്ളിയാങ്കിരി മലനിരകള്‍ കയറി ഭഗവാനെ കാണാനെത്തുന്നവര്‍ക്ക് കൈലാസത്തിന്റെ ഫലമാണ് നല്കുന്നതെന്ന് ഒരു വിശ്വാസമുണ്ട്.

ശതകോടികൾ ഈ ഏഴുമലകളും ചവിട്ടി കൈലാസനാഥനെ കാണാൻ എത്തുന്നതിനുപിന്നിലെ ഐതിഹ്യം ഇതാണ്.. പുരാണങ്ങളനുസരിച്ച് കന്യാകുമാരിയായി ഭൂമിയില്‍ അവതരിച്ച പരാശക്തി ശിവനില്‍ ആകൃഷ്ടയായി ഭഗവാന്റെ പത്‌നിയാകാന്‍ ആഗ്രഹിച്ചു. ഭഗവാനെ പ്രീതിപ്പെടുത്താനായി കഠിന തപസ് ആരംഭിച്ച കുമാരി നിശ്ചിത സമയത്തിനുള്ളില്‍ ഭഗവാന്‍ തന്നെ വരിച്ചില്ലെങ്കില്‍ പ്രാണന്‍ വെടിയുമെന്ന് തീരുമാനിച്ചിരുന്നു. തപസ്സില്‍ പ്രീതനായ ഭഗവാന്‍ വിവാഹിതനാവാന്‍ ദക്ഷിണ ദിക്കിലേക്ക് യാത്ര ആരംഭിച്ചു. എന്നാല്‍ ഈ വിവാഹത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ചില ഗ്രാമീണര്‍ ചേര്‍ന്ന് വിവാഹം മുടക്കാനൊരു വഴി കണ്ടുപിടിച്ചു. കുമാരി നിശ്ചയിച്ച പ്രഭാതത്തിനു മുന്‍പായി ഗ്രാമീണര്‍ വഴിയില്‍ വലിയൊരു കര്‍പ്പൂരാഴി തീര്‍ക്കുകയും അത് സൂര്യനുദിച്ച ഒരു പ്രതീതി സൃഷ്ടിക്കുകയും ചെയ്തുവത്രേ. ഇത് കണ്ട് പ്രഭാതമായെന്ന് വിശ്വസിച്ച് ശിവഭഗവാന്‍ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ ദുഖിതനായി അവിടെനിന്ന് മടങ്ങി. തിരിച്ചുള്ള യാത്രയില്‍ വിശ്രമത്തിനായി വെള്ളിയങ്കരി മലമുകളില്‍ ഭഗവാന്‍ സമയം ചിലവഴിച്ചു. അതിനാല്‍ ഈ മല തെങ്കൈലായം അഥവാ തെക്കിന്റെ കൈലാസം എന്ന് അറിയപ്പെട്ടുവത്രെ.

സ്വയംഭൂവായ ശിവനെയാണ് വെള്ളിയാങ്കിരിയില്‍ ആരാധിക്കുന്നത്. ശിവനെ പ്രതീക്ഷിച്ച് നിന്ന കന്യാകുമാരിയുടെ പേരിലും ഇവിടെ ഒരു ദേവാലയം ഉണ്ടത്രെ. ഞാൻ ഇഷാ ആശ്രമത്തിൽ എത്തുമ്പോൾ ഇരുട്ട് വീണുതുടങ്ങിയിരുന്നു. ആൽബിൻ അവിടെ എന്നെ കാത്തുനിൽക്കാൻ തുടങ്ങിയിട്ട് ഏറെനേരമായിരിക്കുന്നു. നേരെ പോയി അവനെ വണ്ടിയിൽ കയറ്റി വെള്ളിയാംഗിരി അമ്പലത്തിലേക്ക്. വഴിയിൽ എവിടെയോ നിർത്തി കയ്യിൽ കരുതിയിരുന്ന ഭക്ഷണം പങ്കുവച്ചു കഴിച്ചു.. വഴിയരികിലെ കഴിക്കലിന് ഒരു പ്രിത്യേക സുഖമാണ്.. മഴ പെയ്തതിനാലാവും ചെറിയ തണുപ്പുണ്ട്.. ഭക്ഷണം കഴിഞ്ഞു വീണ്ടും വണ്ടിയെടുത്തു..

വെള്ളിയാംഗിരി അമ്പലത്തിൽ നിന്നുമാണ് മുകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.. നല്ല തിരക്കാണ് അമ്പലത്തിൽ. ഏറിയപങ്കും മല ചവിട്ടാൻ വന്നിരിക്കുന്ന വിശ്വാസികളാണ്. നമ്മുടെ ശബരിമല പോലെ തന്നെയാണ് ഇവിടെയും. മാലയിട്ട്, വ്രതമെടുത്ത് ആയിരങ്ങളാണ് കൈലാസനാഥനെ ദർശിക്കാൻ എത്തിയിരിക്കുന്നത്.. അതുപോലെതന്നെ 12 നും 45 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്കും മലചവിട്ടാൻ അനുവാദമില്ല. ഫെബ്രുവരി മുതൽ മെയ് വരെയാണ് സാധാരണ സീസൺ സമയം. മെയ്‌ മാസത്തിനു ശേഷം മലകയറാൻ അനുവാദം ലഭിക്കുമോ എന്നറിയില്ല. ശിവരാത്രിയാണ് വിശേഷദിവസം ഇവിടെ. അമ്പലത്തിനടുത്തായി ഏതാനും ഹോട്ടലുകൾ ഉണ്ട്. അതിന് മുന്നിൽ അമ്പലത്തിന്റെ മതിലിനോട് ചേർന്നാണ് വണ്ടികൾ പാർക്ക്‌ ചെയ്യേണ്ടത്. ചെരിപ്പ് വയ്ക്കാനൊക്കെ കൗണ്ടർ ലഭ്യമാണ്. (ചെരിപ്പ് ഉപയോഗിക്കാതെ കയറാൻ ആഗ്രഹിക്കുന്നവർക്ക്) മല കയറാനുള്ള മുള വടികളും ഇവിടെനിന്നും ലഭിക്കും. ഒന്നിനു 30/- ആണെന്ന് തോന്നുന്നു.. (ഞങ്ങൾ മേടിച്ചില്ല).

യാത്ര തുടങ്ങുംമുന്നേ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് നടത്തുന്ന ഒരു ചെക്കിങ് ഉണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾ പരമാവധി തടയുക എന്നതാണ് ഉദ്ദേശം. ബാഗും പോക്കറ്റുംഎല്ലാം പരിശോധിക്കും. ബിസ്ക്കറ്റ്, മറ്റു ബേക്കറി സാധനങ്ങൾ മുതലായവ ഉണ്ടെങ്കിൽ പ്ലാസ്റ്റിക് കവർ മാറ്റി അവർ പേപ്പറിൽ പൊതിഞ്ഞു തരും. എന്നാൽ ഇത്തരത്തിൽ ചെക്കിങ് ഒക്കെ ഉണ്ടായിട്ടും കാട്ടിൽ വളരെ വലിയ തോതിൽത്തന്നെ പ്ലാസ്റ്റിക് മലിനീകരണം ഉണ്ട്. ഞങ്ങളും പരിശോധനയ്ക്കു ശേഷം മല കയറാൻ ആരംഭിച്ചു. സാധാരണ ഒരാൾ ശരാശരി 8 മണിക്കൂറാണ് ഈ ഏഴു മലകളും കയറാൻ എടുക്കാറ്. അത്‌ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം. ചിലപ്പോളൊക്കെ കാലാവസ്ഥയിൽ വരുന്ന മാറ്റം അനുസരിച്ചു ഇത് 10 മണിക്കൂറോ അതിൽ കൂടുതലോ എടുക്കാറുണ്ട്. മല ചവിട്ടുന്നവരുടെ ആരോഗ്യവും ഈ സമയത്തെ സ്വാധീനിക്കും.

ഏഴുമലകളിൽ ആദ്യ രണ്ടുമലകൾ മുഴുവൻ പടികളാണ്. എത്രയോ ആയിരം പടികൾ. ഈ യാത്രയിൽ കയറാൻ ഏറ്റവും ബുദ്ധിമുട്ടായി എനിക്ക് തോന്നിയത് ഈ പടിക്കെട്ടുകളാണ്. അതും വടികൾ ഇല്ലാത്തതിനാൽ കഷ്ടപ്പാട് ഇരട്ടിച്ചു. വടി ഒന്ന് വാങ്ങാമായിരുന്നു എന്ന തോന്നൽ ഉണ്ടായപ്പോളേക്കും ഒന്നാംമല പകുതിയിലേറെ പിന്നിട്ടിരുന്നു. ഈ പടികൾ മുഴുവൻ ഉണ്ടാക്കിയത് ഒരു യോഗി തനിയെ ആണെന്ന് കേട്ടപ്പോൾ അതിശയിച്ചുപോയി. ഒരാൾ തനിയെ കയറാൻ മടിക്കുന്ന ഈ മലമടക്കുകളിൽ ആയിരക്കണക്കിന് വരുന്ന കൽപ്പടവുകൾ. അതും ആയിരം വർഷങ്ങൾ മുന്നേ.. മാത്രമല്ല, ഈ പടവുകളിൽ ഇളകിക്കിടക്കുന്ന കല്ലുകൾ വളരെ വളരെ കുറവാണ് അല്ലെങ്കിൽ ഇല്ല എന്നുതന്നെ പറയാം. ഈ പടവുകൾ പണിതു എന്ന് പറയപ്പെടുന്ന സിദ്ധൻ അഞ്ചാം മലയിൽ വച്ചു മരണപ്പെട്ടുവെന്നും ശരീരം താഴെ ഇറക്കാൻ നിവർത്തി ഇല്ലാത്തതിനാൽ അവിടെതന്നെ സംസ്കരിച്ചു എന്നും അറിയാൻ കഴിഞ്ഞു. അഞ്ചാം മലയിൽ ഇദ്ദേഹത്തിന്റെ സമാധി കാണാൻ സാധിക്കും.

ഒന്നാംമലയിലെ പടവുകൾ കയറി ക്ഷീണിച്ചു അവശരായി ചെന്നപ്പോൾ കണ്ടത് നാരങ്ങാവെള്ളം വിൽക്കുന്ന കടയാണ്. ഒന്നും നോക്കിയില്ല ഞാൻ രണ്ടു ഗ്ലാസും ആൽബിൻ ഒരു ഗ്ലാസ്സും കുടിച്ചു. പൈസ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി. 90 രൂപ. അതായത് 30 രൂപ വച്ചു ഒരു ഗ്ളാസിനു. 150 മില്ലി വരുന്ന ചെറിയ പേപ്പർ ഗ്ലാസ്‌ ആണിത്. സാധനങ്ങൾ അവിടെവരെ എത്തിക്കണം എന്ന ന്യായം പറഞ്ഞാലും ഈ വില ഇത്തിരി കൂടുതലായി തോന്നി. ശേഷം അതിനും മുകളിൽ ഇറങ്ങി വരുമ്പോൾ ഒരു തണ്ണിമത്തൻ കഷ്ണം മേടിച്ചപ്പോൾ 10 രൂപയെ ആയുള്ളൂ. എന്തായാലും കുടിച്ചത് കുടിച്ചു. വീണ്ടും മുകളിലേക്ക്. നല്ലവണ്ണം വിശ്രമിച്ചു കയറിയാൽ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നതിനാൽ കാൽ മടുക്കുമ്പോളെല്ലാം പാറപ്പുറങ്ങൾ തേടികണ്ടുപിടിച്ചു.

കാലൊക്കെ ഇല്ലാതായിരിക്കുന്നു. പടികൾ കയറുക എന്നത് അത്യന്തം ക്ലേശകരമാണ്. അതും കുത്തനെയുള്ള ആയിരക്കണക്കിന് കൽപ്പടവുകൾ. ആകെയുള്ള ആശ്വാസം താഴേക്ക് നോക്കുമ്പോൾ അങ്ങ് ദൂരെയായി കാണുന്ന തെരുവുകളിലെ വെളിച്ചമാണ്.. പലപ്പോഴും പല പാറകളിലായി മാനം നോക്കി കിടന്നു.. രണ്ടാം മലയും പടിക്കെട്ടുകൾ തന്നെ.. ഒരുപാട് ആളുകൾ കല്ലുകളിൽ വിശ്രമിക്കുന്നു.. ചെരിപ്പിടാതെ കയറിയവരിൽ ചിലരുടെ പാദങ്ങൾ പൊട്ടിയിട്ടുണ്ട്.. എന്നിട്ടും അവർ തളരുന്നില്ല.. മൂന്നാമത്തെ മല എത്തിയപ്പോളാണ് പടിക്കെട്ടുകളുടെ എണ്ണത്തിൽ ഒരു ശമനം കണ്ടത്. ഇടയ്ക്കിടെ വരുന്ന പടിക്കെട്ടുകൾ അല്ലാത്ത സ്ഥലങ്ങളിൽ കാലുകൾ നീട്ടിവച്ചു നടക്കുമ്പോൾ കിട്ടിയ സുഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. നാലാം മലയും ക്ലേശകരമല്ല.. ഇടയിൽ കുറച്ചു സമതലങ്ങൾ കിട്ടിയതിനാൽ വേഗത്തിൽ തീർക്കാൻ സാധിച്ചു.

അഞ്ചാം മല കയറുമ്പോൾ ചെറിയ രീതിയിൽ വിശപ്പ് തുടങ്ങി.. എങ്കിൽപ്പിന്നെ കയ്യിൽ കരുതിയിരുന്ന അരിമുറുക്കും കഴിച്ചു ഇത്തിരി മയങ്ങിയേക്കാം എന്ന് കരുതി പാതയോരത്തുകണ്ട ഒരു വലിയ പാറപ്പുറത്തേക്ക് ഞങ്ങൾ കയറി. മുറുക്ക് കഴിച്ചു മെല്ലെ പാറപ്പുറത്തേക്ക് ചരിഞ്ഞു. കാലൊക്കെ നല്ല രീതിയിൽ വേദനിക്കുന്നു. ഇടത് കാലിന്റെ നഖം ഒന്നുരണ്ടു വട്ടം പടികളിലെ കല്ലുകളിൽ ഇടിച്ചിരുന്നു. അതിന്റെ വേദനയും അസഹനീയം. വെള്ളത്തുള്ളികൾ മുഖത്ത് പതിച്ചപ്പോളാണ് ചാടി എഴുന്നേറ്റത്. അതേ.. മഴത്തുള്ളികൾ… ക്ഷീണം കൊണ്ട് നന്നായി ഉറങ്ങിയ ആൽബിനെ വേഗം വിളിച്ചുണർത്തി നടക്കാൻ ആരംഭിച്ചു. വേഗത്തിൽ നടന്ന ഞങ്ങൾ ചെന്നെത്തിയത് പാറകൾ നിറഞ്ഞ വലിയൊരു കുഴിയിലേക്കാണ്. ഈ കുഴി താണ്ടിവേണം നമ്മൾ പോകുവാൻ. കുഴിയിലേക്കിറങ്ങാനായി ഉരുളൻ കമ്പുകൾ കൂട്ടിക്കെട്ടി ഒരു ഗോവണി പോലൊന്നു ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിലൂടെ ഓരോരുത്തരായി ഊർന്നിറങ്ങുന്നു.. ഞങ്ങൾ ആ ഗോവണി ഇറങ്ങിയപ്പോളേക്കും മഴ ശക്തി പ്രാപിച്ചു. മലമുകളിലെ മഴ.. അതും ശക്തമായ കാറ്റിന്റെ അകമ്പടിയോടെ.

കയ്യിലെ ബാഗിൽ ഫോൺ, പവർ ബാങ്ക് ഒക്കെയുണ്ട്. നനഞ്ഞാൽ ഇവയെല്ലാം കേടുവരും എന്നുറപ്പാണ്.. ആകെ പെട്ട അവസ്ഥ.. അവസാനം ബാഗ് കൊള്ളില്ലെങ്കിലും ഫോണും പവർബാങ്കും മാത്രം വയ്ക്കാൻ പറ്റിയ ഒരു ചെറിയ പൊത്ത് കിട്ടി. ഫോൺ ടോർച് ഓൺ ചെയ്തുതന്നെ അതിലേക്ക് വച്ചു. അങ്ങനെ അത്‌ സേഫ് ആയി.. മഴ നിന്നുപെയ്യുകയാണ്. കൂടെ നല്ല രീതിയിൽ കാറ്റും. മരങ്ങളില്ലാത്ത മൊട്ടക്കുന്നായതിനാൽ നല്ല കനത്തിലാണ് ഓരോ തുള്ളിയും ദേഹത്ത് പതിക്കുന്നത്. ഏതാണ്ട് പതിനഞ്ചു മിനിട്ടിനു മുകളിൽ മഴ നീണ്ടുനിന്നു. മഴ നിന്നപ്പോളേക്കും തണുപ്പ് തുടങ്ങി. ഇട്ടിരുന്ന ഷർട്ട് ഊരി പിഴിഞ്ഞു. എന്നിട്ടും രക്ഷയില്ല. നനഞ്ഞ ഉടുപ്പിടുന്നതിനേക്കാൾ ഭേദം അതില്ലാതെ പോകുന്നതാണ്. മെല്ലെ ഉടുപ്പൂരി കൈയിൽ പിടിച്ചു.

ഇനിയങ്ങോട്ട് സൂക്ഷിക്കണം. താഴേക്കുള്ള ചെരിവാണ്.. പോരാത്തതിന് മഴ കഴിഞ്ഞ സ്ഥലവും. കാലൊന്ന് തെന്നിയാൽ തീർന്നു. വളരെ സൂക്ഷിച്ചു ഓരോ അടിയും വച്ചു മുന്നോട്ട്. കുറച്ചു നേരത്തെ നടത്തത്തിനു ശേഷം ചെങ്കുത്തായ ഒരു മലയും ഇറങ്ങിച്ചെന്നത് ഒരു വെള്ളക്കെട്ടിലേക്കാണ്. ചെറിയ ഒരു കുളം പോലെ വെള്ളം കെട്ടി നിർത്തിയിരിക്കുന്നു. ഒരു ചെറിയ ഭാഗത്തൂടെ ജലം പുറത്തേക്കും ഒഴുകുന്നുണ്ട്. ആരോ പറയുന്നതു കേട്ടു ഈ കുളത്തിൽ എത്ര പേര് കുളിച്ചാലും വെള്ളം മലിനമാകില്ലത്രേ. പക്ഷേ തിരിച്ചു മലയിറങ്ങിയപ്പോൾ പകൽവെളിച്ചത്തിൽ ഈ വെള്ളം കണ്ടപ്പോൾ സത്യത്തിൽ ചിരിവന്നു. മലിനമാകാത്ത വെള്ളം.. !! വീണ്ടും മുകളിലേക്ക്.. പാതയിങ്ങനെ പാറകൾക്കിടയിലൂടെ മുകളിലോട്ട് നീണ്ടു കിടക്കുന്നു.

ഒരുപാട് മുകളിലും ആളുകൾ കയറിപ്പോകുന്ന വെളിച്ചം കാണാം.. ഏഴാമത്തെ മലയുടെ അടിഭാഗത്തു എത്തിയപ്പോളേക്കും ആകെ തളർന്നിരുന്നു. തണുപ്പും കൂടി. ഒരടിപോലും മുന്നോട്ട് വയ്ക്കാൻ ആവാത്ത അവസ്ഥ.. അടുത്തുകണ്ട ഒരു പാറയിലേക്കിരുന്നു.. തണുപ്പ് കാരണം കിടക്കാനോ ഉറങ്ങാനോ പറ്റാത്ത അവസ്ഥ.. കൂടെയുള്ള ആൽബിൻ അവൻ കരുതിയ ജാക്കറ്റും ഇട്ടു മെല്ലെ കിടന്നു.. നനഞ്ഞ തുണിയെല്ലാം പാറപ്പുറത്ത് വിരിച്ചിട്ടെങ്കിലും ആ മഞ്ഞുപെയ്യുന്ന പുലർകാലത്ത് അവയെല്ലാം ഉണങ്ങിക്കിട്ടുക എന്നത് സ്വപ്നത്തിൽ പോലും സാധ്യമല്ലായിരുന്നു. എങ്ങനെയൊക്കെയോ അവിടെ ഇരുന്ന് സമയം തള്ളിനീക്കി. രാവിലെ 5.30 കഴിഞ്ഞപ്പോൾ എണീറ്റു. വസ്ത്രങ്ങൾ എല്ലാം അതുപോലെ തന്നെയുണ്ട്. അവയെടുത്തു ധരിച്ചു വീണ്ടും മലകയറ്റം. ഏതാണ്ട് ഒരു മണിക്കൂർ നേരം ചെങ്കുത്തായ മല കയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഞങ്ങൾ മുകളിൽ എത്തുമ്പോളും വെളിച്ചം വീണിരുന്നില്ല. ഇരുളിൽ മുങ്ങിനിൽക്കുന്ന വലിയ രണ്ടു പാറകൾ. അതിനടിയിലാണ് പ്രതിഷ്ഠ. കുത്തിനിർത്തിയിരിക്കുന്ന ഒരുപാട് ത്രിശൂലങ്ങൾ. അന്തരീക്ഷത്തിൽ അലയടിക്കുന്ന ഓം നമശിവായ.. ഇടയ്ക്കിടെ മുഴങ്ങുന്ന ശംഘുനാദം. എല്ലാംകൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷം. പതിയെ നേരം വെളുത്തു തുടങ്ങി.. കോടയാണ് ചുറ്റിലും. ഒരുപാട് ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നു. അമ്പലത്തിൽ പൂജകൾ കഴിഞ്ഞു എന്ന് തോന്നുന്നു. ഏതാണ്ട് ഒരു മണിക്കൂർ കൂടി അവിടെ ചിലവഴിച്ചതിനു ശേഷം മലയിറങ്ങാൻ തുടങ്ങി. ശരിക്കും ക്ഷീണിച്ചിരിക്കുന്നു. മനസ് പറയുന്നിടത്ത് കാൽ നിൽക്കാത്ത അവസ്ഥ. എന്നാലും ഇറങ്ങാതെ പറ്റില്ലല്ലോ. കയറിയ അത്രയും ബുദ്ധിമുട്ട് ഇല്ലെങ്കിലും മലയിറക്കവും അത്ര എളുപ്പമല്ല. പ്രത്യേകിച്ച് പടവുകൾ..

എങ്ങിനെയൊക്കെയോ താഴെ അമ്പലത്തിൽ തിരിച്ചെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. പക്ഷേ എത്ര ക്ഷീണിച്ചാലും മനസ്സിൽ കാരണമില്ലാത്ത ആ സന്തോഷം മാത്രം അലയടിച്ചു. എല്ലാ യാത്രയ്ക്കും ശേഷം മനസ്സിൽ തോന്നുന്ന അതേ സന്തോഷം. യാത്രക്കാരുടെ_ശ്രദ്ധയ്ക്ക് : 1. വെള്ളിയാംഗിരി അമ്പത്തിലേക്ക് വരാൻ ഗാന്ധിപുരത്ത് നിന്നും പൂണ്ടിക്കുള്ള ബസിൽ കയറുക. 2.ബൈക്ക് പാർക്ക്‌ ചെയ്യുമ്പോൾ ഹെൽമെറ്റ്‌ ലോക്ക് ചെയ്യുക. കുരങ്ങന്മാർ ഒരുപാടുണ്ട്. 3.വടിയും ആവശ്യത്തിന് വെള്ളവും പഴങ്ങളും കരുതുക. മുകളിൽ ഭയങ്കര വിലയാണ്. 4.ചുരുങ്ങിയ സമയത്തു മലകൾ കയറിയിറങ്ങുന്നവർ ഉണ്ടാകാം.പക്ഷേ നന്നായി റസ്റ്റ്‌ ചെയ്തു പോകുന്നതാവും നല്ലത്. 5.ടോർച് കരുതുക, ഇല്ലെങ്കിൽ താഴെ നിന്നും വാങ്ങുക. 6.നമ്മളാൽ കഴിയുംപോലെ കാട് വൃത്തിയായി സൂക്ഷിക്കുക. 7.വെള്ളം കൊണ്ടുപോയ കുപ്പികൾ കാട്ടിൽ കളയരുത്.