വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ താമസത്തിനു ശേഷം വർഗീസേട്ടനും ഹൈനാസ് ഇക്കയും ഞങ്ങളെ മറ്റു ചില വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരാമെന്നു പറഞ്ഞു കൊതിപ്പിച്ചു. ഹൈനാസ് ഇക്കയുടെ ഥാർ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും ശ്വേതയും തുറന്ന ജീപ്പിനു പിന്നിലും വർഗ്ഗീസേട്ടനും ഹൈനാസ് ഇക്കയും മുന്നിലും ആയിട്ടാണ് യാത്ര തിരിച്ചത്.
തുറന്ന ജീപ്പിനു പിന്നിലെ യാത്ര വളരെ വ്യത്യസ്തവും ആസ്വാദ്യകരവുമായിരുന്നു. ജീപ്പ് വളരെ മനോഹരമായ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ഓടിക്കൊണ്ടിരുന്നു. പിന്നിൽ ഞാനും ശ്വേതയും നന്നായി എന്ജോയ് ചെയ്യുകയായിരുന്നു. വഴിയിൽ കാണുന്നവരൊക്കെ ഞങ്ങളെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ തേയിലത്തോട്ടത്തിനുള്ളിൽ ഒരിടത്ത് വണ്ടി നിർത്തി. ഒരു ചെറിയൊരു ട്രെക്കിംഗ് സ്പോട്ട് ആണ് അതെന്നു വർഗ്ഗീസേട്ടൻ ഞങ്ങളോട് പറഞ്ഞു. പിന്നീട് അങ്ങോട്ടേക്കുള്ള വഴി ഓഫ് റോഡ് ആയിരുന്നു. ഞാനും വർഗ്ഗീസേട്ടനും വണ്ടിയിൽ നിന്നിറങ്ങി നടന്നു. നടക്കാൻ മടിയായതിനാൽ ശ്വേത ജീപ്പിൽ കയറി ഓഫ് റോഡ് ആസ്വദിക്കുവാൻ തീരുമാനിച്ചു.
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ വഴിയിൽ നിന്നും ഇടത്തേക്ക് വമ്പനൊരു ഇറക്കം കണ്ടു. ആ ഇറക്കം ചെന്നു നിൽക്കുന്നത് ചോലാടി പുഴയിലേക്ക് ആണ്. ഈ പുഴയാണ് പിന്നീട് മീൻമുട്ടി വെള്ളച്ചാട്ടം ആയി മാറുന്നത്. പുഴയുടെ അക്കരെ ഒറിജിനൽ കാട് ആണ്. ഇടയ്ക്കൊക്കെ ആനകൾ വെള്ളം കുടിക്കുന്നതിനായി അവിടെയെത്താറുണ്ടെന്നു വർഗ്ഗീസേട്ടൻ പറഞ്ഞു.
ഇറക്കത്തിന് മുകളിൽ വണ്ടി നിർത്തി ഹൈനാസ് ഇക്കയും ശ്വേതയും ഞങ്ങളോടൊപ്പം താഴേക്ക് നടന്നു. വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നു അത്. നിറയെ പാറക്കെട്ടുകൾ നിറഞ്ഞ ആ ചെറിയ പുഴ കേരള – തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിർത്തി കൂടിയാണ് എന്നത് ഞങ്ങൾക്ക് പുതിയ ഒരു അറിവായിരുന്നു. പ്രത്യക്ഷത്തിൽ ഞങ്ങൾ നിന്നിരുന്നത് തമിഴ്‌നാട്ടിൽ ആയിരുന്നു.
പുഴയിൽ പേടിപ്പിക്കുന്ന തരത്തിലുള്ള വെള്ളമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ പാറക്കെട്ടുകൾക്കിടയിലൂടെ സൂക്ഷിച്ചു നടന്നുകൊണ്ട് അവിടെയെല്ലാം ആസ്വദിച്ചു. മഴക്കാലത്ത് ഇവിടെ ഭയാനകമായ രീതിയിലായിരിക്കും വെള്ളം പോകുന്നത്. ഡിസംബർ മുതൽ മെയ് വരെയുള്ള സമയങ്ങളിലാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യം.
കുറെ സമയം ചോലാടിയിൽ ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു. വളരെ മനോഹരമായ ഈറ്റക്കാടിനു നടുവിലൂടെയായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. കുറച്ചു ദൂരം സഞ്ചരിച്ചു ഞങ്ങൾ ഈറ്റക്കാടുകൾ കൂടുതൽ നിറഞ്ഞ ഒരു സ്ഥലത്തെത്തി. പുഴയുടെ കരയിൽത്തന്നെയായിരുന്നു അവിടം. ഈറ്റ ആനയുടെ ഇഷ്ടഭക്ഷണം ആയതിനാൽ വൈകുന്നേരങ്ങളിൽ ഇവിടെ ആനയിറങ്ങുമെന്ന് വർഗ്ഗീസേട്ടൻ പറഞ്ഞു. ഈ സ്ഥലവും കൊള്ളാമെങ്കിലും ആദ്യം പോയ സ്ഥലം തന്നെയായിരുന്നു കിടിലൻ.
കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ റിപ്പൺ ബംഗ്ളാവിലേക്ക് യാത്രയാരംഭിച്ചു. ഒരു വ്യത്യസ്തമായ യാത്ര സമ്മാനിച്ചതിന് വർഗ്ഗീസേട്ടനോടും ഹൈനാസ് ഇക്കയോടും ഞങ്ങൾ നന്ദി പറഞ്ഞു.