ഇമ്മിണി വല്യ നാണക്കാരിയാണ് നമ്മുടെ പത്തനംതിട്ട, അവൾ അങ്ങനെ ഒന്നും ആരോടും അത്ര മുഖപരിചയം കാട്ടാറില്ല, സ്വാഭാവികമായും നമുക്ക് കരുതാം നമ്മൾ അവളോട് അത്ര അടുക്കാത്ത കാരണം ആകാം ഈ നാണം എന്ന്.
പത്തനംതിട്ട നാണക്കാരി ആണെങ്കിൽ ആ നാണക്കാരിയുടെ നിഗൂഢതകളും സൗന്ദര്യവും നിറഞ്ഞ കണ്ണാണ് ഗവി. ഏകദേശം പകുതിയോളം പ്രദേശം വനത്താൽ ചുറ്റപ്പെട്ട ജില്ല, ആ പച്ചപ്പിനിടയിലെ ചെറിയ മനുഷ്യ തുരുത്ത് എന്നു ഗവിയെ വിശേപ്പിച്ചാൽ കേൾക്കുന്നവർ അതിനെ മനുഷ്യാധിപത്യമായി കരുതും, എന്നാൽ സത്യം എന്തെന്നാൽ മാസ്മരികമായ പ്രകൃതി ശക്തിക്കു മുമ്പിൽ പകച്ച് നിൽക്കുന്ന മനുഷ്യ തുരുത്താണ് ഗവി. അങ്ങമൂഴി മുതൽ വള്ളക്കടവ് വരെയുള്ള യാത്ര കഴിയുമ്പോൾ നമ്മൾ അറിയാതെ പറയും അടുത്തുണ്ടായിട്ടും അറിയാതെ പോയല്ലോ ഈ സുന്ദരിയെ.
അച്ഛന്റെ ഓഫീസിലെ സഹപ്രവർത്തകരോടൊപ്പം ഉള്ള യാത്രയിലാണ് എനിക്കുള്ള ഗവി ടിക്കറ്റ് ഒത്തുകിട്ടുന്നത്. കോട്ടയംകാരനാണെങ്കിലും 2 വർഷം മല്ലപ്പള്ളിയിൽ പഠിക്കാൻ ചെന്നപ്പോൾ തൊട്ടുള്ള ആഗ്രഹമാണ് പത്തനംതിട്ടയുടെ ഉൾപ്രദേശങ്ങൾ താണ്ടി ഒരു യാത്ര. അങ്ങനെ ആ ആഗ്രഹം ഏതായാലും ഈ യാത്രയോട് സഫലമായി. രാവിലെ 7 ഓടെ ഞങ്ങൾ യാത്ര ആരംഭിച്ചു.
2 വാനുകളിലായി ഞങ്ങൾ 30 പേരോളം അടങ്ങുന്ന സംഘം. പുല്ലാട് കോഴഞ്ചേരി വഴി പത്തനംതിട്ട, പിന്നെ വടശ്ശേരിക്കര മണിയാർ വഴി ചിറ്റാർ, ആദ്യ സ്റ്റോപ് ചിറ്റാറിൽ. പ്രാതൽ ആയി ബ്രെഡും ജാമും ഒരു ഞാലിപൂവനും പിന്നെ ഒരു ഗ്ലാസ് ചായയും സമീപത്തുള്ള ഒരു ചെറിയ കടയിൽ നിന്ന് ശേഷം സീതത്തോട് വഴി അങ്ങമൂഴി. ചിറ്റാർ മുതൽ പത്തനംതിട്ടയുടെ മറ്റൊരു മുഖം ആണ് നാം കാണുന്നത്. പമ്പയുടെയും മനിമലയാറിന്റെയും തീരത്ത് കാണുന്ന പത്തനംതിട്ടക്കാരെ ഇവിടെ കാണാൻ കഴിയില്ല, കരിങ്കലുകൾ കെട്ടി ഉണ്ടാക്കിയ ചെറു വീടുകളും തോട്ടം തൊഴിലാളികളായിട്ടുള്ള മനുഷ്യരും.
അങ്ങമൂഴിയിൽ നിന്ന് ഫോറസ്റ്റ് പാസ്സ് നേടിയ ശേഷം മൂഴിയാറിലേക്ക്, പോകുന്ന വഴി ആദ്യ ചെക്ക് പോസ്റ്റ്, അവിടെ ഒരു ബോർഡിൽ കാണാം ഇരു ചക്ര വാഹനങ്ങൾ ഇതിനപ്പുറം അനുവദനീയമല്ല. മൂഴിയാർ വരെ ഉള്ള പ്രദേശങ്ങൾ ഈറ്റ കാടിനാൽ സമൃദ്ധമാണ്, അതിനാൽ തന്നെ ആനകളുടെ വിഹാരകേന്ദ്രവും. വഴിയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഈറ്റകൾ വകഞ്ഞു മാറ്റി ഞങ്ങൾ മൂഴിയാറിൽ ചെന്നു. മൂഴിയാറിൽ കാണാൻ ആയി ഡാം മാത്രമേ ഉള്ളൂ, ഫോട്ടോഗ്രാഫി അനുവധിനീയമല്ല, മൂഴിയാറിൽ നിന്ന് അടുത്ത സ്റ്റോപ് ആയ കക്കി ഡാമിലേക്ക് കുത്തനെയുള്ള ഹെയർ പിൻ നിറഞ്ഞ പാദയാണ്. ജൂണ് മാസം ആയതുകാരണം ചെറിയ ചാറ്റൽ മഴയും കൂടെ ഉള്ളത് യാത്രയുടെ ചാരുത കൂട്ടുന്നതായി തോന്നി. കയറ്റം കയറും തോറും ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭീമാകാരന്മാരായ വൈധ്യുദ ടവറുകൾ അടുത്തുവരുന്നതായി കാണാം.
ഇടക്കിടക്ക് കാണുന്ന കെ എസ് ഈ ബി സ്ഥാപനങ്ങൾ ഒഴിച്ചാൽ കൊടും വനമാണ് ചുറ്റും, എതിരെ ചില കാറുകളും ഇടക്ക് ഒരു കെ എസ് ആർ ടീ സി ബസും വന്നത് ഒഴിച്ചാൽ വഴിയും വിജനം , അങ്ങനെ ചെറിയ ഒരു നീണ്ട യാത്രക്ക് ശേഷം ഇപ്പോൾ മഞ്ഞു മൂടി കിടക്കുന്ന ഒരു ജലാശയം കാണാം, അതേ ഉറപ്പിച്ചു ഇതു തന്നെ കക്കി. അവിടെ ഇറങ്ങി എല്ലാവരും ഒന്നു നടുവ് നിവർത്തി , കുറച്ചു സുരക്ഷാ ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരും അവിടെ ഇല്ല, ശേഷം വീണ്ടും വണ്ടിയിൽ. അടുത്ത ലക്ഷ്യം കൊച്ചുപമ്പ ആണ്. ഊണ് അവിടെയാണ് ഏര്പെടുത്തിയിട്ടുള്ളത്, നീണ്ട യാത്ര ആണെങ്കികും നല്ല കാലാവസ്ഥ ആയതുകാരണം ആർക്കും ക്ഷീണമോ മറ്റ് അസ്വസ്ഥതകളോ ഒന്നും ഇല്ല.
അങ്ങനെ കൊച്ചുപമ്പ എത്തിയിരിക്കുന്നു, പക്ഷെ ഇപ്പോൾ ഇവിടെ ഒന്നും കാണാൻ പറ്റുന്നില്ല കാരണം ചുറ്റും മഞ്ഞാണ്, ഏതായാലും മുൻപേ നടന്നവരുടെ ചുവട് പിടിച്ച് ഞാനും നടന്നു. ഇപ്പോൾ ചെറിയ രണ്ടു മൂന്നു കെട്ടിടങ്ങൾ കാണാം, കുറച്ചു നേരങ്ങൾക്കു ശേഷം മഞ്ഞു മുഴുവൻ മാറിയപ്പോൾ മുമ്പിൽ ഒരു ചെറു ജലാശയവും അവിടെ കുറച്ചു ബോട്ടുകളും കാണാമായിരുന്നു. സമയം പാഴാക്കാൻ ഇല്ലാത്തതുകാരണം നോക്കിനിന്നില്ല, വേഗം ബോട്ടിൽ സ്ഥാനം പിടിച്ചു. സുരക്ഷക്കായി ഒരു ജാക്കറ്റും ഒക്കെ ഇട്ട് യാത്ര തുടങ്ങുകയും ശേഷം ഒപ്പം ഉണ്ടായിരുന്ന ചാറ്റൽ മഴ ഒന്നു കടുത്തു.
പരുപാടി മുടങ്ങുമോ എന്ന് ആദ്യം ഭയന്നെങ്കിലും പ്രകൃതിക്ക് അങ്ങനെ അങ്ങു നമ്മളെ ചതിക്കാൻ പറ്റില്ലല്ലോ കാരണം അവളുടെ ഭംഗി ഏതൊരു പെണ്ണിനേയും പോലെ തന്നെ നാലാളെ കാണിക്കണം എന്ന് അവൾക്കും ഉണ്ട് ആഗ്രഹം. ഏതായാലും ബോട്ടിംഗ് നടന്നു, അത് വിശേഷണങ്ങൾക്ക് ഉയരെ നിൽക്കുന്ന ഒരു അനുഭവമാണ്. ലാറ്റിൻ അമേരിക്കൻ നാടുകളിലെ ഏതോ മഴകാടിനുള്ളിലൂടെയുള്ള യാത്രയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള തീവ്രമായ സൗന്ദര്യം. രാത്രികാലങ്ങളിൽ ഈ പരിസരങ്ങളിൽ കടുവയെ കാണാമെന്നും ഇടയിൽ ബോട്ട് തുഴയുന്ന ചേട്ടൻ എന്നോട് പറഞ്ഞു എന്നിട്ടു അഴുകിയ ഒരു മരകൊമ്പിന് നേരെ വിരൽ ചൂണ്ടി ഒരു മൂർഖൻ പാമ്പിനെയും കാട്ടി തന്നു. ഏകദേശം 20 മിനിറ്റോളം നീണ്ട ബോട്ട് യാത്രക്കു ശേഷം തണുത്തു വിറച്ചിരുന്ന ഞങ്ങൾ ഉച്ചക്കത്തെ ഭക്ഷണം കഴിച്ചു, ശേഷം ഒരു ചെറിയ ഫോട്ടോ സെക്ഷനും അവിടെ വെച്ച് തന്നെ നടത്തി.
കൊച്ചുപമ്പ ആസ്വദിച്ചു, ഇനി ഗവിയാണ് ലക്ഷ്യം, 2014 ഇൽ ഓർഡിനറി എന്ന ചലച്ചിത്രം ഇറങ്ങിയ ശേഷം ആണ് നമ്മൾ മലയാളികളിൽ അധികം പേരും ഈ സ്ഥലത്തെ പറ്റി അറിയുന്നത് എന്നു പറയുമ്പോഴാണ് മലയാളികളുടെ നിരീക്ഷണ ബോധത്തിന്റെ ഒരു പൊതു അവസ്ഥ മനസിലാക്കുന്നത്.
ഗവിയിൽ ചെന്നപ്പോൾ വൈകുന്നേരം ആയിരുന്നു.അവിടെ കാര്യമായി ഒന്നും ആസ്വദിക്കാൻ ഉള്ളതായി തോന്നിയില്ല. ഒരു ചെറിയ ഡാമും കുറെ വീടുകളും അല്ലാതെ ഒന്നും ഇല്ല, അധികം കാഴ്ചകൾ വേണ്ടവർക്ക് വനം വകുപ്പിന്റെ സഫാരി പ്രോഗ്രാം ഒക്കെയുണ്ട് എന്നാൽ ഇനി സമയം അധികം ഇല്ല, ഇരുട്ടുനത്തിനു മുൻപ് വനാപാതയുടെ അപ്പുറം എത്തണം. അപ്പുറം വള്ളക്കടവാണ്, ഇടുക്കി ജില്ലാ .
നാം സഞ്ചരിച്ചതാകട്ടെ ദേശിയ പാത അഥവാ അല്പം ഗമ വേണേൽ NH183A. ഇന്റർനെറ്റിലെ മാപ്പിൽ നോക്കിയാൽ കാണാം ഒരു നേർത്ത വരപോലെ ഈ വനപാത കിടക്കുന്നത്. ഒന്നൂടി സൂക്ഷ്മമായി നോക്കിയാൽ ഒരു ചെറിയ കുത്ത് പോലെ കാണാം ഗവിയെയും. മടക്കയാത്ര ആ യാത്ര പോലെ തന്നെ വായനക്കാർക്കും മുഷിച്ചിൽ ആയതുകാരണം അധികം വിവരിക്കുന്നില്ല. സന്ധ്യയോട് വള്ളക്കടവിലെത്തി. വള്ളക്കടവിന് തൊട്ടു മുൻപ് രണ്ടു മൂന്നു കാട്ടുപോത്തുകളെയും ആനകളെയും കണ്ടതിനാൽ വന്യമൃഗങ്ങളെ കാത്തിരുന്നവരെയും യാത്ര നിരാശപ്പെടുത്തിയില്ല. ശേഷം വണ്ടിപ്പെരിയാർ, പീരുമേട് വഴി വീട്ടിലേക്ക്, മഴ തോർന്നിട്ടില്ല അതി രാവിലെ കൂടെ കൂടിയതാണ് യാത്രയുടെ താളവും ശ്രുതിയും ഒക്കെയായി.
By Sreehari Kollamattam
1 comment
Excellent travelogue, polichu bro