പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്. അതുതന്നെയായിരുന്നു ഞങ്ങളുടെ യാത്രാലക്ഷ്യവും. അങ്ങനെ രാവിലെതന്നെ ഞങ്ങൾ ബോട്ട് പുറപ്പെടുന്നയിടത്ത് എത്തിച്ചേർന്നു. ഗ്രീൻ ഓഷ്യൻ എന്നു പേരുള്ള ഒരു ക്രൂയിസിലായിരുന്നു ഞങ്ങളുടെ യാത്ര. നോക്കെത്താ ദൂരത്തു കിടക്കുന്ന കടലിലൂടെ രണ്ടരമണിക്കൂർ സഞ്ചരിച്ചു വേണം ഹാവ്ലോക്ക് ദ്വീപിൽ എത്തുവാൻ.
ഞങ്ങളെപ്പോലെതന്നെ ധാരാളം സഞ്ചാരികൾ ക്രൂയിസ് യാത്രയ്ക്കായി എത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ചെക്കിംഗ് ഒക്കെ കഴിഞ്ഞു ക്രൂയിസിന് ഉള്ളിലേക്ക് പ്രവേശിച്ചു. രണ്ടു ഡെക്കുകളായിരുന്നു ക്രൂയിസിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് താഴത്തെ ഡെക്കിലായിരുന്നു സീറ്റ്. വളരെ വൃത്തിയുള്ളതായിരുന്നു ക്രൂയിസിന്റെ ഉൾവശം മുഴുവൻ. അതിനിടെ ഞാൻ പതിയെ ക്രൂയിസ് മൊത്തത്തിൽ ഒന്ന് കറങ്ങി കാണുവാനായി പോയി. മൊത്തം മൂന്നു കാറ്റഗറി സീറ്റുകളായിരുന്നു ആ ക്രൂയിസിൽ ഉണ്ടായിരുന്നത്. റോയൽ, ലക്ഷ്വറി, ഡീലക്സ് എന്നിങ്ങനെയായിരുന്നു അവ. ഏറ്റവും മുകളിലാണ് റോയൽ കാറ്റഗറി. കടൽക്കാഴ്ചകൾ എല്ലാം നന്നായി അവിടെനിന്നും ആസ്വദിക്കാൻ പറ്റുമായിരുന്നു. പക്ഷെ കടലിന്റെ ഓളവും മറ്റുമൊക്കെ നന്നായി അനുഭവപ്പെടുന്ന ഏറിയ കൂടിയായിരുന്നു അത്. കൂടാതെ സീറ്റുകളും അൽപ്പം പരുക്കനായാണ് എനിക്ക് തോന്നിയത്. പിന്നെയുള്ളത് രണ്ടും താഴെയാണ്.
ലക്ഷ്വറി കാറ്റഗറിയിൽ ട്രെയിനുകളിലെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കാവുന്ന തരത്തിലായിരുന്നു ഇരിപ്പിടങ്ങൾ. നടുവിലായി ടേബിളും ഉണ്ടായിരുന്നു. പിന്നെയുള്ളതാണ് ഡീലക്സ് കാറ്റഗറി. ചാരിയിരിക്കാവുന്ന ടൈപ്പ് സീറ്റുകളായിരുന്നു ഡീലക്സ് കാറ്റഗറിയിൽ. ഞങ്ങൾ യാത്ര ചെയ്തത് ഡീലക്സ് കാറ്റഗറിയിൽ ആയിരുന്നു. കാറ്റഗറി മാറുന്നതനുസരിച്ച ടിക്കറ്റ് ചാർജ്ജിൽ വ്യത്യാസങ്ങൾ വരും. രണ്ടര മണിക്കൂറോളം നീളുന്ന ഈ യാത്രയിൽ സമയം തള്ളി നീക്കുവാനായി ക്രൂയിസിൽ ടിവിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. യാത്ര തുടങ്ങുന്നതിനു മുൻപായി വിമാനത്തിലൊക്കെ കാണുന്നതു പോലെ സുരക്ഷാ കാര്യങ്ങളൊക്കെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. അങ്ങനെ ഞങ്ങൾ കടലിലൂടെ യാത്ര തുടങ്ങി. മഴക്കാർ മൂടിയ അന്തരീക്ഷമായിരുന്നു ആ സമയത്ത്. എങ്കിലും കടൽ പൊതുവെ ശാന്തമായിരുന്നു. സഞ്ചാരികൾ എല്ലാവരുംതന്നെ കാഴ്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു. മിക്കവർക്കും ഇത് ആദ്യത്തെ തവണയാണ് കടൽയാത്രയെന്നു മുഖഭാവത്തിലൂടെ വ്യക്തമാണ്.
അങ്ങനെ രണ്ടരമണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഹാവ്ലോക്ക് ദ്വീപിൽ എത്തിച്ചേർന്നു. BSNL, വൊഡാഫോൺ എന്നിവയ്ക്ക് അവിടെ റേഞ്ച് ഉണ്ടായിരുന്നു. രാധാനാഗർ ബീച്ച് ആണ് ഇവിടത്തെ പ്രധാന ആകർഷണം. ക്രൂയിസ് അടുക്കുന്ന പോർട്ടിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്. അല്ലെങ്കിൽ ഓട്ടോയോ ടാക്സിയോ വിളിക്കേണ്ടി വരും. ഓട്ടോ ചാർജ്ജും ടാക്സി ചാർജ്ജും ഒക്കെ നല്ല കത്തിയായിരിക്കും എന്നുകൂടി ഓർക്കിപ്പിക്കട്ടെ. 18 കിലോമീറ്റർ നീളമുള്ള ഈ ദ്വീപിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. സഞ്ചാരികൾക്ക് താമസിക്കുവാനായി ധാരാളം റിസോർട്ടുകളും ഉണ്ട്. പക്ഷേ നല്ല റേറ്റ് ആയിരിക്കും. എന്നിരുന്നാലും ഇവിടെ വന്നു താമസിച്ചാൽ ദ്വീപ് മുഴുവനും കണ്ടാസ്വദിച്ച് തൃപ്തിയായി മടങ്ങാം.
ഞങ്ങൾക്കായുള്ള ടാക്സി പോർട്ടിന്റെ കവാടത്തിൽ കാത്തുകിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആദ്യമായി പോയത് കാലാപാന്തർ ബീച്ചിലേക്ക് ആയിരുന്നു. പോകുന്ന വഴി ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. മസാലദോശയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ഒരു ആവറേജ് രുചി. അല്ലാതെ വലിയ സംഭവമായി ഒന്നും തോന്നിയില്ല. ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അങ്ങനെ കാലാപാന്തർ ബീച്ച് എത്തിച്ചേർന്നു. ഹാവ്ലോക്ക് ദ്വീപിലെ നാല് ബീച്ചുകളിൽ ഒന്നാണിത്. നോൺ പ്ലാസ്റ്റിക് സോൺ ആയിരുന്നു ഈ ബീച്ച്. പ്ലാസ്റ്റിക് സാധനങ്ങൾ കയ്യിൽ കൊണ്ടുവരാമെങ്കിലും ഒന്നുംതന്നെ അവിടെ ഉപേക്ഷിച്ചിട്ട് പോരാൻ പാടില്ല. ഞങ്ങൾ പോയത് ഓഫ് സീസൺ സമയമായതിനാൽ അവിടെ തിരക്ക് വളരെ കുറവായിരുന്നു. ഒക്ടോബർ മുതൽ ഏപ്രിൽ വരെയായിരിക്കും ഇവിടത്തെ സീസൺ സമയം.
വളരെ ശാന്തമായിരുന്നു കാലാപാന്തർ ബീച്ച്. നല്ല നീല നിറം…സിനിമാ ഷൂട്ടിംഗിനൊക്കെ പറ്റിയ നല്ലൊരു സ്ഥലം. എന്തായാലും നല്ല കുടുക്കാൻ സ്ഥലം തന്നെയായിരുന്നു. ബീച്ചിൽ ആരുമില്ലാതിരുന്നതിനാൽ കടൽത്തിരയുടെ ശബ്ദം മാത്രമേ അവിടെ കേൾക്കുമായിരുന്നുള്ളൂ. കടൽത്തീരത്ത് ചിപ്പികൾ പോലെയുള്ള വസ്തുക്കൾ അടിഞ്ഞുകൂടിയിട്ടുണ്ടായിരുന്നു. അങ്ങനെ കുറെ സമയം ഞങ്ങൾ അവിടെ ചിലവഴിച്ചശേഷം ഗോവിന്ദ് നഗർ എന്ന മറ്റൊരു ബീച്ചിലേക്ക് യാത്രയായി. ഒരു ലോക്കൽ ബീച്ച് ആയിരുന്നു ഗോവിന്ദ് നഗർ ബീച്ച്. മൽസ്യബന്ധനത്തിനായുള്ള ധാരാളം വള്ളങ്ങളും ബോട്ടുകളും അവിടെയുണ്ടായിരുന്നു. ഇത് അവിടത്തെ ഒരു ഹാർബർ ബീച്ച് ആയിരിക്കണം. നല്ല തെളിഞ്ഞ വെള്ളമായിരുന്നു അവിടെ. തിര ഒട്ടും ഇല്ലാതിരുന്നതിനാൽ ഒരു കടൽ ആണെന്ന് ഇത് തോന്നിക്കുമായിരുന്നില്ല. നല്ല ചൂട് കാലാവസ്ഥയായിരുന്നു ആ സമയത്ത് അവിടെ അനുഭവപ്പെട്ടത്. കുറച്ചു സമയം ഇവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ ലോകപ്രശസ്തമായ രാധനാഗർ ബീച്ചിലേക്ക് യാത്രയായി.
ബീച്ചിൽ എത്തിയപാടെ ദാഹം തീർക്കുവാനായി ഞങ്ങൾ ഓരോ കരിക്ക് വാങ്ങി കുടിച്ചു. എന്നിട്ട് ബീച്ചിലേക്ക് നടന്നു.മുൻപ് കണ്ട ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ആവിടെ കുറച്ചു സഞ്ചാരികൾ ഉണ്ടായിരുന്നു. അതുപോലെതന്നെ നല്ല തിരയും അവിടെ അനുഭവപ്പെട്ടു. നല്ല അടിപൊളി ബീച്ച്… ആളുകൾ ആൺ-പെൺ വ്യത്യാസമില്ലാതെ ബീച്ചിൽ കുളിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഇന്ത്യക്കാരായ സഞ്ചാരികളാണ്. ഞങ്ങളും ബീച്ചിലിറങ്ങി കുളിച്ചു. ഇവിടത്തെ ഗോൾഡൻ നിറത്തിലുള്ള മണലും നീല കളർ ഉള്ള കടലും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. നല്ല ഒന്നാന്തരം കാറ്റും അവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു. കടലിലെ കുളി കഴിഞ്ഞു കാറ്റത്തു കുറച്ചു സമയം നിന്നപ്പോൾ ഞങ്ങളുടെ ദേഹവും വസ്ത്രങ്ങളും എല്ലാം ഉണങ്ങി പഴയതു പോലെയായി മാറി. അങ്ങനെ കുറെ സമയം ഞങ്ങൾ രാധാനാഗർ ബീച്ചിൽ ചിലവഴിക്കുകയുണ്ടായി.
ആൻഡമാനിൽ വരുന്ന ഏതൊരാളും തീർച്ചയായും വന്നിരിക്കേണ്ട ഒരു സ്ഥലമാണ് ഹാവ്ലോക്ക് ദ്വീപ്. പറ്റുമെങ്കിൽ ഇവിടെ ഒരു ദിവസമെങ്കിലും താമസിക്കുവാനും ശ്രമിക്കുക. അടിപൊളി സ്ഥലമാണ്. അങ്ങനെ ഞങ്ങളുടെ ഹാവ്ലോക്ക് ദ്വീപ് പര്യടനമെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി തിരികെ പോർട്ട് ബ്ലെയറിലേക്ക് മടങ്ങണം. തിരികെ പോകുവാനായി രാവിലെ വന്നിറങ്ങിയ പോർട്ടിൽ എത്തി. ഇനി അവിടുന്ന് ക്രൂയിസിൽ കയറി വന്നതുപോലെ മടക്കം. ഇനിയുള്ള രണ്ടരമണിക്കൂർ ഒരൽപം വിശ്രമത്തിനായി മാറ്റിവെക്കാം. ആൻഡമാൻ ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 9387686600.