വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി ചെന്നുകയറിയത് കാക്കാത്തുരുത്ത് ഷാപ്പിലേക്ക്….

വിവരണം – Sooryavarma M D.

കുറച്ചു നാളായി വാസുവേട്ടന്റെ കടയിൽ പോണം പോർക്ക് കഴിക്കണം എന്ന് കരുതിയിട്ട്.. കൂടെയുള്ളവന് താറാവോ കോഴിയോ എന്തായാലും നാടൻ രുചി മതി എന്ന് പറഞ്ഞപ്പോ ഞായറാഴ്ച ഒരു ഉച്ചയോടടുത്ത നേരം നേരെ വണ്ടിയുമെടുത്തു ചാലക്കുടിക്ക് വിട്ടു.. പോകുന്ന വഴി കറികളൊന്നും തീർത്തേക്കല്ലേ ഞങ്ങൾക്ക് കുറച്ചു മാറ്റി വയ്ക്കണെന്നു പറയാൻ ഫോൺ വിളിച്ച ഞങ്ങൾക്ക് ഇടിത്തീ പോലെ ആ വാർത്ത കിട്ടി.. കട ഇന്ന് തുറന്നിട്ടില്ല.. എന്തോ പോയ അണ്ണാനെ പോലെ രണ്ട് തീറ്റ പ്രാന്തന്മാർ വഴിയരികിലെ സർബത്തു കടയിൽ വണ്ടി ഒതുക്കി ഓരോ ഉപ്പുസോഡയും കുടിച്ചു കൊണ്ട് Eat Kochi Eat FB Group മുഴുവൻ മുങ്ങി തപ്പാൻ തുടങ്ങി. ലക്‌ഷ്യം നാടൻ താറാവ്, പോർക്ക്, ഇതുവരെ പോകാത്ത സ്ഥലം.. ചില കടകൾ/ഷാപ്പുകൾ തുറന്നിട്ടില്ല, ചിലേടത് ഫോൺ എടുക്കുന്നില്ല.. തുറക്കാത്ത കൂട്ടത്തിൽ തോപ്പുംപടിയിലെ കുട്ടൻസ് ഷാപ്പുകടയും ഉണ്ടായി.. അങ്ങനെ ആകെപ്പാടെ നഷ്ടബോധം മൂത്ത ശോകമായ ഒരു മുപ്പതു മിനിറ്റ് നേരത്തെ പരിശ്രമത്തിനൊടുവിൽ ഒരു പോസ്റ്റിനടിയിൽ നിന്നും ഈ കൊച്ചു ഷാപ്പ് കിട്ടി..കാക്കാത്തുരുത്ത് ഷാപ്പ്..നല്ല ആംബിയൻസ് ഉള്ള ഫോട്ടം കണ്ടപ്പോഴേ ഇത് മതി എന്നുറപ്പിച്ചു..

വിളിച്ചപ്പോ ഫോൺ എൻഗേജ്ഡ് !! വിട്ടില്ല.. തുടരെ തുടരെ വിളിച്ചു.. ഞാൻ അങ്ങനെയാ വിശന്നാൽ ചെറുതായിട്ട് ഒരു നാഗവല്ലി ലൈനിൽ എത്തും.. അവസാനം അവിടുത്തെ ചേട്ടൻ ഫോൺ എടുത്തു ഷാപ്പ് തുറന്നിട്ടുണ്ട് 9 മണി വരെ ഉണ്ടാകും എന്ന് പറഞ്ഞു.. എന്തൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോ ഇത്രയും പ്രാന്തന്മാരായ നമ്മളോട് ഒരു ലോഡ് ഐറ്റങ്ങളുടെ പേര് പറയാൻ തുടങ്ങി.. അവസാനം ഒന്നും തീർത്തേക്കല്ലേ ചേട്ടാ ഒരു മണിക്കൂറിൽ ഞങ്ങളവിടെ എത്തും എന്ന് പറഞ്ഞു വണ്ടി നേരെ എരമല്ലൂർക്കു വിട്ടു.. വിശപ്പു കൊണ്ട് കണ്ണ് കാണാൻ വയ്യ.. കൂടെ അന്യായ ബ്ലോക്കും !! എങ്ങനെ എങ്കിലും കുത്തിക്കയറ്റി വണ്ടി കുണ്ടന്നൂർ കടത്തി.. ആ ആശ്വാസത്തിൽ പാട്ടും പാടി എരമല്ലൂർ സിഗ്നൽ കഴിഞ്ഞു, മോഹം ഹോസ്പിറ്റലിന്റെ നേരെ എതിരെയുള്ള MK CONVENTION CENTRE ലേക്കുള്ള ലെഫ്റ് എടുത്തു.. ആ വഴി നേരെ ചെന്ന് ചേരുന്നത് ഒരു കടവിലാണ്.. അതിനു അരികിലായി വല്യ ബഹളമൊന്നുമില്ലാതെ നമ്മടെ ഷാപ്പ്..

നട്ടുച്ച ആണേലും എനിക്കപ്പോ അടിവയറ്റിൽ മഞ്ഞു വീഴുന്ന ഫീൽ ഒക്കെ വന്നു കേട്ടോ..കായലിനു തൊട്ടരികിൽ നല്ല വൃത്തിയുള്ള ഷാപ്പ്.. നേരെ കേറി ഇരുന്നു.. സാധാരണ ഷാപ്പിലെ വിഭവങ്ങൾ ഒക്കെ തന്നെ.. പുട്ട്, കപ്പ, കള്ളപ്പം.. അപ്പവും പുട്ടും ചൂട് കുറവാണു എന്ന് പറഞ്ഞത് കൊണ്ട് കപ്പ വാങ്ങി (അല്ല ഷാപ്പിൽ ചൂടുള്ള കള്ളപ്പം വേണം എന്ന് ആഗ്രഹിച്ചത് എന്റെ തെറ്റാണു).. തുടങ്ങി വയ്ക്കാൻ തേടി വന്ന രണ്ടു ഐറ്റംസ് തന്നെ ആദ്യം പറഞ്ഞു.. താറാവ് കറിയും പോർക്ക് കറിയും.. കപ്പ വന്നു പിന്നാലെ ഈ രണ്ടു കറികളും വന്നു.. ആദ്യം രുചിച്ചത് താറാവ് ആയിരുന്നു.. ബിജുക്കുട്ടൻ ചേട്ടനെ പോലെ ഒന്നും പറയാനില്ല !! കൂടെ ഉള്ളവനെ നോക്കി.. ഇതിന്നു ഞാൻ ഇനി തരൂല്ല നീ വേറെ വാങ്ങിക്കോ എന്ന ഭാവം VERDICT : കിടുക്കാച്ചി !!
താറാവ് തീർത്തു പോർക്കിൽ കൈ വെച്ച്.. എടുത്ത് ഒന്ന് രുചിച്ചതേ ഓർമ്മയുള്ളൂ.. പിന്നെ താറാവ് കറി ഇനി തരൂല്ലന്നു പറഞ്ഞവൻ ഡാ അതല്ല കപ്പ ഇതാണ് എന്ന് പറഞ്ഞപ്പോഴാണ് ഞാൻ പോർക്കിന്റെ പ്ലേറ്റിൽ നിന്നും കയ്യെടുത്തത് തന്നെ.. വായിൽ അലിഞ്ഞു പോകുന്ന കിടിലൻ പോർക്ക് കറി.. VERDICT : രണ്ട് വട്ടം കിടുക്കാച്ചി !!

കറി തീർക്കാൻ ഒരു പ്ലേറ്റ് കപ്പ കൂടി പറഞ്ഞു.. കൂടെ ഒരു പൂമീൻ വറുത്തതും.. ഇവിടെ മീൻ വിഭവങ്ങൾ ഒക്കെ അപ്പോൾ തന്നെ ചെയ്യുന്നതാണ്.. അതു കൊണ്ട്തന്നെ സാധനം ഒന്ന് റെഡി ആയി ഇങ്ങെത്താൻ കുറച്ചു സമയമെടുക്കും.. അതു തന്നെ കറി ആയിട്ട് വേണോ, പൊള്ളിച്ചത് വേണോ, അതോ വറുത്ത വേണോ എന്ന് നമുക്ക് പറയാം എല്ലാം LIVE ആണ്.. പിന്നെ ഇവിടുത്തെ പൊള്ളിച്ചത് എന്ന് പറഞ്ഞാൽ അത് വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നത് അല്ല കേട്ടോ.. കറി തന്നെ ഒന്ന് കൂടി വറ്റിച്ചെടുക്കുന്ന രീതിയാണത്.. ഈ ഭാഗത്തെ പ്രത്യേകത ആണെന്ന് തോന്നുന്നു.. ചേർത്തല മീശയുടെ കടയിലും, പിന്നെ SN കോളേജിനടുത്തുള്ള മീൻപൊള്ളിച്ചത് എന്ന കടയിലുമൊക്കെ പൊള്ളിച്ച മീൻ എനിക്ക് ഇങ്ങനെ ആണ് കിട്ടിയിട്ടുള്ളത്.. വറുത്ത മീനിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഒരു കരിമീൻ പൊള്ളിച്ചതും കൂടി ഞങ്ങൾ പറഞ്ഞു.. രണ്ടും നല്ല ഫ്രഷ് മീനും, രുചിയും ആയിരുന്നു.. പ്രത്യേകിച്ച് ഷാപ്പിനെ മീൻകറി പറ്റിച്ചെടുത്ത പോലത്തെ ആ കരിമീൻ പൊള്ളിച്ചത്.. VERDICT : ഒരു വരവ് കൂടി വരേണ്ടി വരും !!

ആകെ മൊത്തത്തിൽ 3 പ്ലേറ്റ് കപ്പ, ഒരു താറാവ് കറി, ഒരു പോർക്ക് കറി, ഒരു മീഡിയം പൂമീൻ വറുത്തത്, ഒരു നല്ല കരിമീൻ പൊള്ളിച്ചത്, ഒരു കുപ്പി വെള്ളവും ചേർത്തു 610 രൂപ !! മനസ്സും വയറും നിറഞ്ഞു കായലോരത്തെ കാറ്റും കൊണ്ട് ആ കടവിൽ കുറച്ചു നേരം കിടന്നപ്പോൾ പഴയ ഹിറ്റ് ഡയലോഗ് ആയിരുന്നു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒരേ പോലെ പറഞ്ഞത്.. എന്താടാ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ ?? എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ !!