വിവരണം – Shijo and Devu, The Travel Tellers.
ട്രിപ്പും റൈഡും എല്ലാം ചുരുട്ടിക്കൂട്ടി ആമയെ പോലെ തോടിനകത്ത് ഒതുങ്ങാൻ തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഈ മടുപ്പിനും മടുക്കാൻ തുടങ്ങിയപ്പോൾ ഉള്ളിന്റ ഉള്ളിലെ ഭ്രാന്തി പെണ്ണ് അകലേയ്ക്ക് ഒളിച്ചോടാൻ കോപ്പ് കൂട്ടാൻ തുടങ്ങി. കൂടെ വിളിച്ചപ്പോൾ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറിയ better half നേം കുത്തിപ്പൊക്കി, കയ്യിൽ കിട്ടിയതും മൂപ്പരുടെ ബർത്ത് ഡേ പ്രമാണിച്ച് കയ്യിൽ കരുതിയതുമെല്ലാം കുത്തിനിറച്ചു ഉറങ്ങിക്കിടക്കുന്ന കട്ട് പീസിനേം (കുഞ്ഞാവ) എടുത്ത് റൈഡിംഗ് ജാക്കറ്റിൽ പൊതിഞ്ഞ് തണുപ്പടിക്കാതെ അടക്കി പിടിച്ച് കൊച്ചീന്ന് നേരെ എൻറെ സ്വന്തം തൃപ്പൂണിത്തുറയിലേക്ക്.
വീടിൻറെ മുമ്പിൽ വണ്ടി ഒതുക്കി അമ്മയെ എണീപ്പിച്ചു. കണ്ണു മിഴിച്ചിരിക്കുന്ന കട്ട് പീസിന് കെട്ടിപ്പിടിച്ച് ഒരു ഉമ്മയും കൊടുത്തു യാത്ര തുടങ്ങുമ്പോൾ ഇരുട്ടുവീണ വഴിയിൽ ചാറ്റൽ മഴ വീണു തുടങ്ങിയിരുന്നു. ആലുവ, അങ്കമാലി കുതിരാൻ വഴി ചൂളംകുത്തി വരുന്ന പാലക്കാടൻ കാറ്റിനൊപ്പം വാളയാർ എത്തുമ്പോൾ നേരം ശരിക്കും വെളുത്തിരുന്നു. തിരക്കിൽ നിന്ന് കട്ടെടുത്ത രണ്ടു ദിവസവും അടക്കിപ്പിടിച്ച് ബൈക്ക് ഓടിക്കുമ്പോൾ ലക്ഷ്യം മലയോര സുന്ദരി കോത്തഗിരി മാത്രം.
ആദിയോഗിയെ കാണാനുള്ള ആഗ്രഹം ആയിരുന്നു പോകുന്ന വഴിയിൽ കോയമ്പത്തൂരിൽ എത്തിച്ചത്. 112 അടി ഉയരത്തിലുള്ള ആദി യോഗിയുടെ തിരുജഡയിലെ ചന്ദ്രക്കലയിലേക്ക് നോക്കാൻ നട്ടുച്ചയുടെ ഉടയോൻ തടസം നിന്നെങ്കിലും, ഇടയ്ക്ക് ഒരു മേഘചുരുൾ സൂര്യൻറെ കണ്ണുപൊത്തി ആ യോഗിവര്യന്റെ ശാന്ത സ്വരൂപം ഞങ്ങൾക്ക് മുന്നിൽ ദൃശ്യമാക്കി. യോഗിയുടെ നിഴൽവീണ ഇരുളിൽ അൽപ നേരം ഇരുന്ന് മണിനാദവും മന്ത്രങ്ങളും ശാന്തമാക്കിയ മനസ്സുമായി ഞങ്ങൾ കോത്തഗിരി യാത്രയായി.
തമിഴ് ചുവയുള്ളൊരു ഊണും കഴിച്ചു മേട്ടുപ്പാളയം പിന്നിട്ട് കാടിൻറെ വഴിയിലേക്ക് കടന്നപ്പോഴേക്കും ദൂരെ മലനിരകൾ കാണാനായി. ഏഴ് ഹെയർ പിന്നുകൾ പിന്നിട്ടാ ഏഴാം സ്വർഗ്ഗത്തിലേക്ക് എത്തുമ്പോൾ കോടമഞ്ഞ് ഇറങ്ങി കണ്ണുപൊത്താൻ തുടങ്ങിയിരുന്നു. പലയിടങ്ങളിലും യാത്ര പോയിട്ടുണ്ടെങ്കിലും ഇത്രയും വൃത്തിയുള്ള വഴികളും വിശാലമായ തോട്ടങ്ങളും, വളരെ വീതിയുള്ളതും സുന്ദരവുമായ റോഡുകളും കാണുന്നത് ആദ്യമായിരുന്നു. മനോഹരമായി സൂക്ഷിക്കുന്ന ഒരിടം.
അധികം തിരക്കില്ലാത്ത വൃത്തിയുള്ള ഒരു ഹിൽസ്റ്റേഷൻ സഞ്ചാരത്തിൽ കണ്ട ഏതോ വിദേശരാജ്യം പോലെ തോന്നിപ്പോയി പല ഭാഗങ്ങളും. ചുറ്റും പച്ചപ്പും പൂക്കളും മാത്രം. ഓരോ തുള്ളി മഞ്ഞും വിരിഞ്ഞുനിൽക്കുന്ന ഓരോ പൂക്കളും ആസ്വദിച്ച് കോത്തഗിരിയെ അറിയുമ്പോൾ ജാക്കറ്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു കൊണ്ടിരുന്നു.
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്ര ആയതുകൊണ്ട് തലചായ്ക്കാൻ ഞങ്ങളുടെത് മാത്രമായി ഒരിടം കണ്ടെത്താൻ ലേശം ബുദ്ധിമുട്ടിയെങ്കിലും കൂനൂർ റൂട്ടിൽ തേയിലത്തോട്ടത്തിനരുകിലൊരു ഹോട്ടലിൽ ഞങ്ങൾക്കും കിട്ടി ഒരിടം. അത്യാവശ്യം സൗകര്യമുള്ള ഒരു മുറിയും തേയിലത്തോട്ടത്തിലെക്ക് കാഴ്ച കിട്ടുന്ന ബാൽക്കണിയും. തേയിലയുടെ മണമുള്ള മഞ്ഞുകൊണ്ട് ആ രാത്രി മുഴുവനും ബാൽക്കണിയിൽ ഇരിക്കാൻ ആഗ്രഹിച്ചെങ്കിലും, ഉമിനീരു പോലും മരവിപ്പിക്കുന്ന തണുപ്പും ബൈക്ക് യാത്രയുടെ ക്ഷീണവും ആ ആഗ്രഹത്തിനെതിരായി.
എല്ലാ രാത്രിയും ഞങ്ങൾക്കിടയിൽ നൂണ്ടു കയറുന്ന കട്ട് പീസ്നെ മിസ്സ് ചെയ്തെങ്കിലും. പ്രണയകാലത്തിന്റെ ഓർമ്മയിൽ ഞങ്ങൾ മാത്രമുള്ള പിറന്നാളാഘോഷം കൊച്ചിയിൽ നിന്ന് ഞാൻ സർപ്രൈസായി വാങ്ങിയ കേക്ക് കട്ടിങ്ങിലൊതുക്കി ആ മരം കോച്ചുന്ന മഞ്ഞിനൊപ്പം ഞങ്ങളും മയങ്ങി. തേയിലത്തോട്ടത്തിൽ വീഴുന്ന സൂര്യവെളിച്ചത്തിനൊപ്പം പ്രിയതമൻ കൊണ്ട് തന്നെ ചൂട് കാപ്പിയും കുടിച്ചാ ബാൽക്കണിയോടും മുറിയോടും വിട പറഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി ഊട്ടി പട്ടണത്തിലേക്ക്.
ഞങ്ങളുടെ യാത്ര കഴിഞ്ഞു. ഇനി പറയാം കൂനൂരിനെ പറ്റിയും കോത്തഗിരിയെ പറ്റിയും. കൂനൂർ:തെന്നിന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു ഹിൽസ്റ്റേഷനാണ് കൂനൂർ. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1850 മീറ്റർ (6070 അടി) ഉയരത്തിലാണ് കൂനൂർ സ്ഥിതി ചെയ്യുന്നത്.
കൂനൂരിനു സമീപത്താണ് നീലഗിരി കുന്നുകളിലെ തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. കുന്നുകളുടെ ഊര് എന്ന വിളിപ്പേരാണ് പിൽകാലത്ത് കൂനൂർ എന്ന് അറിയപ്പെട്ടത്. പേര് സൂചിപ്പിക്കും പോലെ ധാരാളം തേയില കുന്നുകൾ നിറഞ്ഞ ഈ മലയോരം ഏറെ മനോഹരമാണ്. മാത്രമല്ല ജില്ലാ ആസ്ഥാനമായ ഊട്ടിക്ക് ശേഷം നീലഗിരി കുന്നുകളിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്.
ലോവർ കൂനൂർ, അപ്പർ കൂനൂർ എന്നിങ്ങനെ രണ്ട് ഭൂമിശാസ്‌ത്രങ്ങളായി കൂനൂർ പട്ടണം തിരിച്ചിരിക്കുന്നു. ലോവർ കൂനൂരിൽ ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ് കോംപ്ലക്സ് എന്നിവയുണ്ട്. യുപിസിഐ, ബെഡ്‌ഫോർഡ്, സിംസ് പാർക്ക് എന്നിവ പോലുള്ള സ്ഥലങ്ങൾ അപ്പർ കൂനൂർ ഹോസ്റ്റുചെയ്യുന്നു.
കൂനൂരിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ് 12 ഹെക്ടർ വിസ്തൃതിയുള്ള സിംസ് പാർക്ക്. അവിടെ ആയിരത്തിലധികം സസ്യ ഇനങ്ങളുടെ ശേഖരം ഉണ്ട്. ജാപ്പനീസ് ശൈലിയിൽ ഭാഗികമായി വികസിപ്പിച്ചെടുത്ത ബൊട്ടാണിക്കൽ ഗാർഡൻ 1874 ൽ മദ്രാസ് ക്ലബിന്റെ സെക്രട്ടറി ജെ. ഡി. സിമ്മിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. കൂനൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഡോൾഫിന്റെ നോസ് വ്യൂപോയിന്റ്, നീലഗിരി കുന്നുകളുo കാതറിൻ വെള്ളച്ചാട്ടവുമാണ് കൂനൂരിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ.
കൂനൂരിൽ നിന്ന് 5½ കിലോമീറ്റർ അകലെയുള്ള ലാമ്പ്സ് റോക്ക് മറ്റൊരു പ്രധാന ആകർഷണമാണ്. കൂനൂരിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് ഡ്രൂഗ് കോട്ട സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ ഇത് ഉപയോഗിച്ചിരുന്നു. മേട്ടുപാളയത്തിലേക്കുള്ള വഴിയിൽ കൂനൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടമാണ് ലോസ് ഫാൾസ്.
കോത്തഗിരി: ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു താലൂക്കും പഞ്ചായത്ത് പട്ടണവുമാണ് കോട്ടഗിരി അഥവാ കോത്തഗിരി. നീലഗിരി കുന്നുകളിലെ മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷനാണിത്.
ഊട്ടിക്ക് തെക്കുകിഴക്കായി ഏകദേശം 33 കിലോമീറ്ററിലാണ് കോത്തഗിരി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ച കാലാവസ്ഥയാണ് കോത്തഗിരിയിലേത് എന്നും വിശ്വസിക്കപ്പെടുന്നു.ഇന്ത്യയിലെ സ്വിറ്റ്സർലണ്ട് എന്നും ഇവിടം അറിയപ്പെടുന്നു.
ടൂറിസത്തിന്റെ കാര്യത്തിൽ ഊട്ടിക്ക് കിട്ടുന്ന പരിഗണനയും പ്രശസ്തിയും ഇല്ലെങ്കിലും കൊത്തഗിരി ഊട്ടിയേക്കാൽ മനോഹരവും ശാന്തവുo തിരക്ക് ഏറെ കുറഞ്ഞതുമായ പ്രദേശമാണ്. മാത്രമല്ല നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട പട്ടണമാണിത്. കോടനാട് വ്യൂ പോയിൻറ്.John Sullivan’s bungalow,Nehru Park രംഗസ്വാമി വീക്ക്, കാതറിൻ വെള്ളച്ചാട്ടം ഇവയെല്ലാമാണ് കോത്തഗിരിയിലെ പ്രധാന ആകർഷണം.
ഞങ്ങളുടെ യാത്രാവഴി : കൊച്ചി-കോയമ്പത്തൂർ – മേട്ടുപാളയം – കോത്തഗിരി – കൂനൂർ – ഊട്ടി – ഗൂഡല്ലൂർ – നിലമ്പൂർ- കൊച്ചി.