നട്ടുച്ചക്കൊരു നട്ടപ്പിരാന്തിന് മീനുളിയൻപാറയുടെ മുകളിലേക്കൊരു യാത്ര…

വിവരണം – ഷഹീർ അരീക്കോട്.

‘വാമന’ന്റെ തലയിലെ കുടുമ കണക്കെ, ഭീമാകാരമായ ഒരു പാറയുടെ മുകളിൽ ഒരു നിത്യഹരിതവനം അതാണ് ‘മീനുളിയൻപാറ’. അവധി ദിവസമായതിനാലും പ്രത്യേകിച്ചൊരു പരിപാടിയൊന്നുമില്ലാത്തതിനാലും രാവിലത്തെ കസർത്തുകൾ കഴിഞ്ഞു 11 മണിയോടെ അടിമാലി ടൗണിലേക്ക് ഇറങ്ങിയ ഞാൻ കറങ്ങിത്തിരിഞ്ഞ് ആശുപത്രിയിൽ ചെന്നപ്പോഴാണ് സുഹൃത്തായ ജോബിയെ കണ്ടത് “നാട്ടിലൊന്നും പോയില്ലെടാവ്വേ” ആശാന്റെ ചോദ്യം, “ഇല്ലെന്നേ റൂമിൽ ഇരുന്ന് ബോറടിച്ചപ്പോൾ ചുമ്മാ ഇറങ്ങിയതാ” എന്നു ഞാനും പറഞ്ഞു. “എന്നാൽ ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞു ഞാൻ വീട്ടിൽ പോകുമ്പോൾ എന്റെ കൂടെ വാ നമുക്ക് മീനുളിയൻപാറ പോകാം”. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ബാഗ് എടുക്കാനായി റൂമിലേക്ക് ഓടി. പുള്ളിയുടെ നാട്ടിൽ നിന്നും ഏറെ അകലെയല്ല മീനുളിയൻപാറ. സത്യം പറഞ്ഞാൽ കുറെ നാളായി മീനുളിയൻപാറ കാണാൻ പോകാനായി ആശാൻ വിളിക്കുന്നു. അന്നൊക്കെ ഓരോരോ കാരണങ്ങൾ കൊണ്ട് പോകാൻ സാധിച്ചിരുന്നില്ല, ഞങ്ങളുടെ മലപ്പുറം ശൈലിയിൽ പറഞ്ഞാൽ ഇന്നാണ് ‘ഏറുംമോറും’ ഒത്തുവന്നത്.

ജോബി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ഞാൻ ഭക്ഷണവും വെള്ളവും പാർസൽ വാങ്ങിച്ച് റെഡിയായി നിന്നു. ആദ്യം കണ്ട എറണാകുളം ബസ്സിൽ ഞങ്ങൾ കയറി, ഒരാൾക്ക് 33 രൂപ വീതം രണ്ട് ടിക്കറ്റ് എടുത്ത് ഒരു മണിക്കൂർ യാത്ര ചെയ്ത് നേര്യമംഗലം കഴിഞ്ഞ് തലക്കോട് ബസ്റ്റോപ്പിൽ ഞങ്ങൾ ഇറങ്ങി. നിന്നു കത്തുന്ന സൂര്യനെ സാക്ഷിയാക്കി അവന്റെ ഡിയോ സ്കൂട്ടറിലാണ് അവിടന്നങ്ങോട്ടുള്ള യാത്ര, തലക്കോട് നിന്നും മുള്ളരിങ്ങാട് വഴിയാണ് ഞങ്ങൾ പോകുന്നത് വഴിയിൽ പാറപ്പുറത്ത് ഇഞ്ചിയും മഞ്ഞളും ഉണക്കുന്ന കാഴ്ചയും കുറുപ്പംപടിചുക്കിന്റെ ഗന്ധവും ആസ്വദിച്ചു, ചെങ്കീരികളും കാട്ടുപന്നിയും വിഹരിക്കുന്ന കാടുകൾ നിറഞ്ഞ പാതയും പിന്നിട്ട് ഒരു മണിക്കൂറിനുള്ളിൽ പട്ടയക്കുടി ജംഗ്ഷനിലെത്തി. ലക്ഷ്യത്തിലെത്താൻ ഇനി ഏകദേശം 2 കിലോമീറ്ററും കൂടെ.

നാലാം ക്ലാസിൽ പഠിക്കുന്നകാലത്ത് മീനുളിയൻപാറയിൽ പോയ ഓർമ വെച്ചാണ് അവൻ എനിക്ക് വഴി കാണിക്കുന്നത്. ആശ്വാസമായി, അവിടെ നിന്നും നോക്കുമ്പോൾ പാറയിൽ ആളുകൾ നിൽക്കുന്നത് കാണാം, ഇടത്തോട്ട് തിരിഞ്ഞ് മുന്നോട്ടു പോയപ്പോൾ കണ്ട കടയിൽ നിന്നും സോഡാ നാരങ്ങ വെള്ളവും റോബസ്റ്റപഴവും വാങ്ങിക്കഴിച്ചു, പൊരിവെയിലത്ത് ഈ പ്രാന്തന്മാർക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ആ കടക്കാരൻ പറയാതെ പറഞ്ഞോന്നൊരു സംശയം, ഹേയ് എനിക്ക് തോന്നിയതാകും. പാറയുടെ താഴ്വരയിലെത്തി മറ്റു ബൈക്കുകൾ പാർക്കു ചെയ്ത സ്ഥലത്ത് സ്കൂട്ടർ ഒതുക്കി. ഒരു പ്രൈവറ്റ് വഴിയിലൂടെ ചെന്നെത്തിയത് ചെറിയ കടയുടെ മുറ്റത്ത്, അവിടന്ന് ഒരു ബോട്ടിൽ വെള്ളവുംകൂടെ വാങ്ങിച്ച് ആ കടയുടെ വശത്തുകൂടെ പാറയിലേക്ക് പ്രവേശിച്ചു.

ഒരു രക്ഷയുമില്ലാത്ത വെയിൽ വകവെയ്ക്കാതെ ‘ആരോ’ മാർക്കിട്ടത് നോക്കി മുന്നോട്ട് പോകുമ്പോൾ മുനിയറകളെ അനുസ്മരിപ്പിക്കുമാറ് പാറക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കിയ ഒരു വേസ്റ്റ്ബിൻ കൗതുകം ഉളവാക്കി. നല്ല പൊരിവെയിലത്ത് നല്ല ഒന്നാന്തരം കയറ്റം കയറുമ്പോൾ, ഒരു സർക്കാർ ജോലിക്കാരൻ എന്നതിലുപരി നല്ല അധ്വാനിയായ ഒരു കർഷകൻ കൂടിയായ ജോബിയോട് മത്സരിക്കാൻ ‘ബെസർപ്പ്ന്റെ അസുഖമുള്ള ഈ അസർപ്പ് ‘ നന്നേ പാടുപെട്ടു. ഒരുവശത്ത് പെരിയാർ ദർശനം തന്നു തുടങ്ങിയിരിക്കുന്നു. ആ കാഴ്ച കുറച്ച് സമയം നോക്കിനിന്ന് വീണ്ടും മുകളിലേക്ക് കയറാൻ തുടങ്ങി, മുകളിലെത്തിയപ്പോൾ മരുഭൂമിയിലെ മരുപ്പച്ച പോലെ ആ വൻ പാറയുടെ മുകളിൽ രണ്ടേക്കറോളം വിസ്തീർണ്ണത്തിൽ നല്ല ഒന്നാന്തരം കൊടും വനം, അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ‘ഗ്രഹണിപിടിച്ചവൻ ചക്കപ്പുഴുക്ക് ‘ കണ്ട കണക്കെ ഞാനോടി വനത്തിനകത്ത് കയറി തികച്ചും വ്യത്യസ്തമായ ഒരു ആംബിയൻസ്, ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ സസ്യലതാദികളാൽ സമ്പന്നമായ ഒരു നിത്യഹരിതവനം ആ കാടിന്റെ സുഖശീതളിമയിൽ വള്ളിപ്പടർപ്പുകളിൽ കയറിയിരുന്ന് ഞങ്ങൾ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു.

തൊട്ടപ്പുറത്തെ സൂയിസൈഡ് പോയന്റിൽ നിന്ന് ബഹളം കേട്ട് അവിടെ ചെന്ന് നോക്കിയപ്പോൾ പത്തോളം പേരടങ്ങുന്ന ഒരു സംഘം അവിടെയിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് ‘സംകൃത പമഗരി’ ആടിക്കളിക്കുകയാണ്. സൂയിസൈഡ് പോയിന്റിലേക്ക് ചാഞ്ഞു കിടക്കുന്ന അധികം ബലമില്ലാത്ത ശിഖരങ്ങളുള്ള ഒരു മരത്തിന്റെ ചില്ലകളിൽ വാട്ടർബോട്ടിലുകൾ കുത്തിവെച്ചിരിക്കുന്നു. അത്രത്തോളം അപകടം നിറഞ്ഞ ആ സാഹസം ചെയ്തത് ആരായാലും ‘കുപ്പി’യിലെ ഭൂതത്തിന്റെ ശക്തിയിലാണെന്നതിൽ തർക്കമില്ല.

അവിടെനിന്നും മാറി പാറയുടെ മറുവശത്ത് ചെന്ന് കാഴ്ചകൾ കണ്ടു, ഇവിടെ മഴക്കാലങ്ങളിൽ മഞ്ഞു മൂടിക്കിടക്കുമെങ്കിലും നല്ല തെളിച്ചമുള്ള കാലാവസ്ഥയിൽ കൊച്ചിയും തൃശൂരിന്റെ ചില ഭാഗങ്ങളും ഭൂതട്ടാൻകെട്ടും കാണാം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പെരിയാർ കാണേണ്ട കാഴ്ച തന്നെയാണ്. ആ നിത്യഹരിത വനത്തിനകത്തും പാറപ്പുറത്തു മൊക്കെയായി കുറെ സമയം ചിലവഴിച്ചു. ഇവിടെ മഴക്കാലത്ത് നല്ല അട്ട ശല്യമാണ്, അതുപോലെ ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ്. ഈ പാറയിൽ എവിടെയും സേഫ്റ്റിക്കായി ബാരിക്കേഡുകൾ ഒന്നുമില്ല വളരെയധികം സൂക്ഷിക്കുക, കാരണം മഴക്കാലത്ത് നല്ല തെന്നലും വഴുവഴുപ്പുമുള്ള പാറയാണ്. പാറയിൽ നിന്ന് താഴെപ്പോയാൽ പഴയ ‘അനിക്സ്പ്രേ’പാൽപ്പൊടിയുടെ പരസ്യത്തിൽ പറയുന്നതുപോലെ ‘പൊടിപോലുമില്ല കണ്ടു പിടിക്കാൻ’ എന്ന അവസ്ഥയിലാകും.

തിരിച്ചു പോകാനായി താഴേക്കിറങ്ങുമ്പോൾ ഒരുപറ്റം ടീനേജ് പയ്യന്മാർ അങ്ങോട്ട് കയറി വരുന്നത് കണ്ടു താഴെ ചെന്ന് സ്കൂട്ടർ എടുത്ത് പട്ടയക്കുടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വെൺമണിയിലേക്ക് തിരിച്ചു. ബസ്റ്റോപ്പിൽ നിന്നും ചേലച്ചുവടിനുള്ള ട്രാൻസ്പോർട്ട് ബസിൽ എന്നെ കയറ്റിവിട്ട് അവൻ സ്കൂട്ടറുമായി വീട്ടിലേക്ക് പോയി. 21 രൂപയുടെ ടിക്കറ്റ് എടുത്ത് ബസ്സിന്റെ ഹോട്ട് സീറ്റിലിരുന്ന് പുറംകാഴ്ചകൾ കണ്ടുകൊണ്ട് പഴയരിക്കണ്ടം-കഞ്ഞിക്കുഴി വഴി ഞാൻ ചേലച്ചുവട് എത്തി. ഇനി അടിമാലിക്കുള്ള ലാസ്റ്റ് ബസ്സ് മാത്രം ശരണം, അല്പസമയത്തെ കാത്തിരിപ്പിനുശേഷം ബസ് വന്നു അതിൽ കയറി 26 രൂപയുടെ ടിക്കറ്റെടുത്ത് സൈഡ് സീറ്റിൽ ഇരുന്ന് ഇളംകാറ്റേറ്റ് പനംകുട്ടി-കല്ലാർകുട്ടി വഴി യാത്ര ചെയ്ത് ഏഴരമണിയോടെ അടിമാലിയിൽ തിരിച്ചെത്തി.

തൊടുപുഴയിൽ നിന്നും വണ്ണപ്പുറം-വെണ്മണി വഴിയും, കോതമംഗലത്തു നിന്നും തലക്കോട്-മുള്ളരിങ്ങാട് വഴിയും ഏകദേശം 35 കിലോമീറ്റർ അകലത്തായാണ് മീനുളിയൻപാറ സ്ഥിതി ചെയ്യുന്നത്.