കുറച്ചു നാൾക്ക് ശേഷം വീണ്ടും മൂന്നാറിലേക്ക് ഒരു യാത്ര. ഇത്തവണ ഞങ്ങൾ നാലു പേരുണ്ട്. എൻ്റെ ഭാര്യ ശ്വേത, എമിൽ, എമിലിന്റെ ഭാര്യ അഞ്ചു എന്നിവരാണ് ഇത്തവണത്തെ യാത്രയിൽ എന്നോടൊപ്പം ചേർന്നത്. പത്തനംതിട്ട, കോഴഞ്ചേരിയിലെ വീട്ടിൽ നിന്നും ഞങ്ങൾ രാവിലെ തന്നെ യാത്ര തുടങ്ങി. പതിവ് കാഴ്ചകളെല്ലാം മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. കാഴ്ചകളുടെ വസന്തം ആരംഭിക്കുന്നത് എറണാകുളം – ഇടുക്കി അതിർത്തിയായ നേര്യമംഗലം പാലം മുതലാണ്.
എമിൽ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. നേര്യമംഗലം പാലം കഴിഞ്ഞപ്പോൾ മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസിയുടെ ഒരു മൂന്നാർ FSLS നെ എമിൽ അതിവിദഗ്ദ്ധമായി മറികടന്നു. എന്നാൽ അതിനു മുന്നിലുണ്ടായിരുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സിനെ (വടക്കഞ്ചേരി – മൂന്നാർ) ഓവർടേക്ക് ചെയ്യുവാനുള്ള ശ്രമം അൽപ്പം കടുകട്ടിയായിരുന്നു. വളവുകളെല്ലാം അതിവിദഗ്ധമായിത്തന്നെ സ്പീഡിൽ അതിന്റെ ഡ്രൈവർ വളച്ചെടുത്തുകൊണ്ടു പോകുകയായിരുന്നു. അവസാനം ഒരിടത്ത് ബസ് നിർത്തിയപ്പോഴാണ് ഞങ്ങൾക്ക് അതിനെ കയറിപ്പോകുവാൻ സാധിച്ചത്.
അതിനിടെ എമിലിന്റെ കസിൻ ജിൻസ് ഞങ്ങളെ കാറിൽ പിന്തുടരുന്നുണ്ടായിരുന്നു. പറയാൻ മറന്നു, ജിൻസും മറ്റൊരു കാറിൽ ഞങ്ങളോടൊപ്പം യാത്രയിൽ ചേർന്നിരുന്നു. അങ്ങനെ കാഴ്ചകളെല്ലാം ആസ്വദിച്ചുകൊണ്ട് ഞങ്ങൾ മൂന്നാറിൽ എത്തിച്ചേർന്നു. എംജി ഹെക്ടർ എടുത്തതിൽപ്പിന്നെ മൂന്നാറിൽ ഞങ്ങൾ പോയിരുന്നില്ല. ഹെക്ടറിന്റെ ആദ്യത്തെ മൂന്നാർ യാത്ര കൂടിയായിരുന്നു ഇത്. മൂന്നാറിൽ ഒരിടത്ത് ഞങ്ങൾ വണ്ടി നിർത്തി ചായ കുടിച്ചു. ഉച്ചയ്ക്ക് ഒരുമണി ആയിരുന്നെങ്കിലും ഞങ്ങൾക്കായി ബുക്ക് ചെയ്ത റിസോർട്ടിൽ എത്തിയിട്ട് ഊണ് കഴിക്കുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ.
മൂന്നാറിൽ നിന്നും മറയൂർ വഴി കാന്തല്ലൂരിൽ ആയിരുന്നു ഞങ്ങൾ താമസിക്കുവാനായി റിസോർട്ട് ബുക്ക് ചെയ്തിരുന്നത്. മൂന്നാറിലെ തിരക്കുകളിൽ നിന്ന് ഒഴിവായി ഞങ്ങൾ മറയൂർ റൂട്ടിലേക്ക് വണ്ടിയോടിച്ചു. മനോഹരമായ സ്ഥലങ്ങളിൽ എത്തിയപ്പോൾ ഞാൻ കാറിന്റെ സൺറൂഫ് തുറന്ന് മുകളിലേക്ക് കയറി കാഴ്ചകൾ വൈഡ് ആയിത്തന്നെ ആസ്വദിക്കുവാൻ തുടങ്ങി. വളരെ പതുക്കെയായിരുന്നു എമിൽ വണ്ടിയോടിച്ചിരുന്നത്.
ഇരവികുളം നാഷണൽ പാർക്ക് പരിസരത്തെത്തിയപ്പോൾ അവിടെ തിരക്ക് കുറഞ്ഞ അവസ്ഥയായിരുന്നു. സീസൺ ആരംഭിച്ചാൽ പിന്നെ ഇവിടെ സഞ്ചാരികളുടെ തിരക്കും വാഹനങ്ങൾ കൂടുതലായി വന്നതുകൊണ്ടുള്ള ട്രാഫിക് ബ്ലോക്കും പതിവാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കാറിന്റെ സൺറൂഫിൽക്കൂടി കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയായിരുന്നു. പോകുന്ന വഴിയിൽ കഴിഞ്ഞ പ്രളയകാലത്തിൻ്റെ ശേഷിപ്പുകൾ കാണുവാൻ സാധിച്ചിരുന്നു. എങ്കിലും റോഡുകളൊക്കെ സഞ്ചാരയോഗ്യമായിരുന്നു. റോഡിൽ തിരക്കുകളൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്ക് നല്ല സുഖമായി യാത്ര ചെയ്യുവാൻ സാധിച്ചു.
ഒരു കാര്യം പറയുവാൻ മറന്നു. കാന്തല്ലൂരിലെ ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ടിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അവിടെ രണ്ടു ദിവസം ഇനി അടിച്ചു പൊളിക്കണം. മറയൂരിൽ ചെന്നിട്ട് ഞങ്ങൾ കാന്തല്ലൂരിലേക്ക് യാത്രയായി. കാന്തല്ലൂരിലേക്ക് ആദ്യമായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. അതുകൊണ്ട് അവിടത്തെ കാഴ്ചകളെല്ലാം പുതുമയുള്ളതായി ഞങ്ങൾക്ക് തോന്നി. അത് അല്ലെങ്കിലും അങ്ങനെയാണല്ലോ. വഴിയിൽ പലയിടത്തും യൂക്കാലി മരങ്ങൾ വെട്ടി, അതിന്റെ തടി ലോറിയിൽ കയറ്റുന്ന കാഴ്ചകൾ കാണുവാൻ സാധിച്ചു.
അങ്ങനെ ഒടുവിൽ ഞങ്ങൾ ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ടിൽ എത്തിച്ചേർന്നു. ഒരു മലമടക്കിലായിരുന്നു ആ റിസോർട്ട് സ്ഥിതി ചെയ്തിരുന്നത്. റിസോർട്ടിൽ എത്തിയപ്പോഴേക്കും മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയിരുന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ വേഗം ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റ് ലക്ഷ്യമാക്കി ഓടി. ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ടിലെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ ഇനി അടുത്ത എപ്പിസോഡിൽ… ജങ്കിൾ ബുക്ക് വിന്റേജ് റിസോർട്ട് കാന്തല്ലൂർ: 80788 08912.