നാടുകടത്തലിനു പേരുകേട്ട സൈബീരിയയിലേക്ക് ഒരു തണുത്ത യാത്ര

വിവരണം – Rajeesh Mohanan.

റഷ്യയിലെ സൈബീരിയായിലെ ഒരു ഗ്രാമം ആണ് ഓയിമ്യാകോൺ. ലോകത്തു ഏറ്റവും കൂടുതൽ തണുപ്പ് ഉള്ള ജനവാസ നഗരം.ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു,ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകൾ കട്ട പിടിക്കാത്ത വെള്ളത്തിൽ ആണ് ചിലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവൻ ഐസ് പാളികൾക്കിടയിൽ അവ ജീവിച്ചിരിക്കും.

തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി C വരെ ടെംമ്പറേച്ചർ താഴാറുണ്ട്. ഇവിടെ മാർക്കറ്റിൽ സർക്കാർ സ്ഥാപിച്ച ഡിജിറ്റൽ തെർമോമീറ്റർ മൈനസ് 62 ഡിഗ്രി ആയതോടെ അത് പ്രവർത്തനം നിലച്ചു. ജനുവരിയിൽ ശരാശരി താപനില മൈനസ് 50 ഡിഗ്രി C ആണ്.ഇപ്പോഴത്തെ താപനില നാൽപ്പത്തി അഞ്ചിൽ താഴെയാണ്. ഇന്നത്തെ താപനില ആയിരിക്കില്ല നാളെ, കൂടിയും കുറഞ്ഞും ഇരിക്കും. ഇവിടുത്തെ വെള്ളം ഒരിക്കലും ഐസ് ആകില്ല എന്നതാണ് അതിശയം.

റൈൻഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഈ സ്ഥലം. ചൂട് വെള്ളം വരുന്ന ഒരു ഉറവ ഇവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും വെള്ളം ശേഖരിക്കുവാനാണ് ഇടയൻമാർ ഈ ഗ്രാമത്തിൽ എത്തിയിരുന്ന ത്. അവർ പിന്നീട് ഇവിടേക്ക് കുടിയേറി താമസിക്കാൻ ആരംഭിച്ചു. ഇപ്പോൾ 500 ഓളം ആളുകൾ ആണ് ഇവിടെ ഉള്ളത്. വളരെ കരുതലോടെ ആണ് ഇവിടെ ജനങ്ങൾ തണുപ്കാലം അതിജീവിക്കുക.

പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞു മുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക, അതിനാൽ വാഹനങ്ങൾ എഞ്ചിൻ ഓൺ ചെയ്തു വെച്ചിരിക്കും. ചിലർ തണുപ്പ് കാലം വണ്ടിക്കുള്ളിൽ ആണ് താമസം. ഇലക്ട്രോണിക് സാധനങ്ങൾ, മൊബൈൽ ഫോൺ (വീടിനുള്ളിൽ നിന്നും പുറത്തേക്കു വന്നാൽ അധികം സമയം പുറത്തെടുത്തു പ്രവർത്തിപ്പിക്കാൻ കഴിയില്ല) ഒന്നും പ്രവർത്തിക്കില്ല.

ആളുകൾ മരിച്ചാൽ അടക്കം ചെയ്യണമെങ്കിൽ തീകത്തിച്ചു ആദ്യം മഞ്ഞുരുക്കി കളയണം. കുഴിക്കുംതോറും മഞ്ഞു വീണു നിറയും. രണ്ടും മൂന്നും ദിവസങ്ങൾ കൽക്കരി കത്തിച്ചു വേണം കുഴിഎടുക്കുവാൻ. അടക്കം ചെയ്തു കഴിഞ്ഞാലും മൃതദേഹം അഴുകുവാനും താമസം ആണ്. ജനറേറ്ററുകൾ പ്രവർത്തിപിച്ചു വീടിനുള്ളിൽ ആയിരിക്കും ആളുകൾ എപ്പോഴും. ബാത്‌റൂമുകൾ എല്ലാം പുറത്തായിരിക്കും, അല്ലെങ്കിൽ പൈപ്പുകൾ കട്ട പിടിച്ചു പോകും. തണുപ്പ്കാലമായാൽ ദിവസം 21മണിക്കൂർ എങ്കിലും ഈ ഗ്രാമം ഇരുട്ടിൽ ആയിരിക്കും.

താപനില മൈനസ് 40 കടന്നാൽ മാത്രം ഇവിടെ സ്കൂളുകൾ അടക്കും. പോസ്റ്റ്‌ ഓഫീസ്, ബാങ്ക്, എയർപോർട്ട്‌ റൺവേ എന്നിവയും ഇവിടെ ഉണ്ട്. ഇവിടെ ഉള്ളവർക്ക് മാംസാഹാരത്തോടാണ് പ്രിയം. വിവിധതരം മത്സ്യം, ഹിമകലമാൻ ഇവയാണ് ആഹാരം. തണുത്തു മരച്ച ആഹാരം ആണ് കൂടുതൽ ഇഷ്ടം. ചിലരൊക്കെ കുടിക്കുന്നതു കുതിരയുടെ രക്തവും. കടുത്ത തണുപ്പ് ആയതിനാൽ ധാന്യങ്ങളും പച്ചക്കറികളും ഇവിടെ വളരില്ല. പ്രത്യേകതരം തുകൽ സഞ്ചിയിൽ മാനുകളുടെ മാംസം മണ്ണിൽ ആക്കി കുഴിച്ചു മൂടും. അഴുകി പുഴു പുറത്തേക്കു വരുമ്പോൾ ഈ പുഴുക്കളെ ഭക്ഷണം ആകും. ഇങ്ങനെ കഴിക്കുമ്പോൾ അധികം ഊർജം ആണ് ലഭിക്കുക. കൂടുതൽ കലോറി ഉള്ള മാംസം കഴിച്ചാൽ മാത്രമേ തണുപ്കാലം അതിജീവിക്കാൻ കഴിയു.

ഇവിടെ മാർകറ്റിൽ മീനുകൾ വിൽപനക്കായി വെച്ചിരിക്കുന്നു, ഐസ് ആയി അത് കുത്തി ചാരി വെച്ചിരിക്കുന്നു. കനത്ത കമ്പിളി വസ്ത്രം ആണ് പലരും ധരിചിരിക്കുന്നത്. മുഖം കുറച്ചു മാത്രം കാണാം. മുഖം മറചില്ലെങ്കിൽ ഐസ് വീണു കൺപീലികൾ കട്ട പിടിച്ചു അടഞ്ഞു പോകും. അസ്ഥി മരക്കുന്ന തണുപ്പിലും ചിലർ വെള്ളത്തിൽ കുളിക്കുന്നു. കണ്ടപ്പോഴേ ജീവൻ പകുതി പോയ അവസ്ഥ. മഞ്ഞു മൂടിയ നദിയിൽ ഐസ് പാളികൾ വകഞ്ഞു മാറ്റി അതിൽ ചൂണ്ട ഇട്ടു വലിയ മീനുകൾ ചിലർ പിടിച്ചു കൊണ്ടിരിക്കുന്നു. മഞ്ഞു കട്ടകൾ പൊട്ടിച്ചു മാറ്റി അതിൽ നിന്നും മീനുകളെ പുറത്തെടുക്കുന്നു. നായാട്ട് ഇവരുടെ ഇഷ്ട്ട വിനോദം ആണ്. മുയൽ, കൊക്കുകൾ, കരടി, ചെന്നായ മുതലായ മൃഗങ്ങളെ വേട്ടയാടി പിടിക്കുക, ഭക്ഷിക്കുക, വിൽക്കുക. കൂടാതെ മീൻപിടുത്തവും ഇവരുടെ ഹരം ആണ്.

അവശ്യസാധങ്ങൾ എത്തിക്കുന്നതു വലിയ ട്രക്കുകളിൽ ആണ്. മഞ്ഞിലും ചെളിയിലും റോഡിൽ നിന്നും തെന്നി നീങ്ങി വലിയ കുഴികളിൽ വീണ് മിക്കപ്പോഴും വണ്ടികൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. തണുപ്പിനെ ചെറുക്കാൻ ഉള്ള സകല സാമഗ്രികൾ ആയിട്ട് മാത്രമേ പോകാൻ കഴിയു. സന്ദർശകർ ഇവിടെ വരാറുണ്ട്. ആരെയും കാണാൻ കഴിയില്ല. നിസാര കാര്യം അല്ലാ ചെന്നെതുക എന്നത്. തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പോകാം. മോസ്കോയിൽ നിന്നും 7 മണിക്കൂർ ഫ്ലൈറ്റിൽ യാത്ര ചെയ്തു ഈ പറഞ്ഞ സ്ഥലത്തു നിന്നും 500 മൈൽ അകലെ ലാൻഡ് ചെയ്താൽ അവിടുന്നും രണ്ടു ദിവസം വാനിൽ കയറി യാത്ര ചെയ്യണം.

ഇംഗ്ലീഷ് ഭാഷ കൊണ്ടു ഒരു കാര്യവും ഇല്ലാ. ഹലോ എന്ന് പറഞ്ഞാൽ പോലും അവർക്ക് അറിയില്ല. ഒയ്മ്യാകോൺ എന്ന സ്ഥലത്തും നിന്നും 4000 ഓളം കിലോമീറ്റർ മാറി ആണ് ഞാൻ വർക്ക്‌ ചെയുന്ന സ്ഥലം. അവിടെ നിന്നും 900 കിലോമീറ്റർ അകലെ യാക്കുട്സ്ക് എന്ന സ്ഥലത്തുള്ള ഒരു വ്യക്തിയുമായി എനിക്കിവിടെ പരിചയം ഉണ്ട്. ആളുടെ കൂടെ യാക്കുറ്റ്സ് എന്ന നഗരത്തിൽ എത്തുകയും അവിടെ നിന്നും യാത്ര തിരിക്കുകയായിരുന്നു. തണുപ് കാലം ഞാൻ വർക്ക്‌ ചെയ്യുന്നിടതു ശരാശരി മൈനസ് 40, 45 ഡിഗ്രി ആണ് തണുപ്പ്. അതിനാൽ എനിക്ക് അവിടെ ചെന്നാൽ തണുപ്പ് അത്ര കാര്യം ആയിട്ട് ബാധിക്കില്ലെന്ന് തോന്നി. പക്ഷേ ബാഗിൽ കുറച്ചു ആപ്പിൾ, വാഴപ്പഴം മിച്ചം ഉണ്ടായിരുന്നത് ചെന്നപ്പോൾ ഐസ് ആയി. അതെല്ലാം കല്ലിൽ വെച്ച് അടിച്ചു പൊട്ടിക്കുകയായിരുന്നു.

പത്തു മിനിറ്റ് നടന്നപ്പോൾ തന്നെ ശരീരം തളർന്നതു പോലെ.. കൂടെയുള്ള ആളുടെ സഹായം കൊണ്ടു ഭക്ഷണം കിട്ടി. പാതി വേവിച്ച മാംസം, മീൻ രുചി നോക്കാതെ കഴിച്ചു. കുതിരയുടെ രക്തം എനർജി നൽകുമെന്ന് പറഞ്ഞു ഒരു ഗ്ലാസ്‌ തന്നു. ചുണ്ടിലേക്ക് അടുപ്പിച്ചതും മനം മറിഞ്ഞു, നിര്ബന്ധിപിച്ചു കുടിപ്പിച്ചു. അവിടെയുള്ളവരെ സമ്മതിക്കണം… കൺപീലികൾ നനഞ്ഞു കട്ടപിടിക്കുന്നത് ഇടക്കിടക് തുടച്ചു കൊണ്ടിരുന്നു. നെറ്റി മൊത്തമായും കവർ ചെയ്യാത്ത തൊപ്പി ആയിരുന്നു ഞാൻ ഉപയോഗിച്ചത്, അതിനാൽ നെറ്റിത്തടം തണുപ് കാരണം മരച്ചു വിണ്ടു കീറുന്നത് പോലെയും വേദന അനുഭവപെട്ടു.

എങ്ങോട്ടു നോക്കിയാലും കാഴ്ച അവൃക്തമാണ്. ഇടക്ക് വീശിയടിക്കുന്ന കാറ്റിൽ മണൽകാറ്റു പോലെ ആണ് മഞ്ഞു ശരീരത്തിൽ പതിയുന്നതു. സംസാരിക്കാൻ ശ്രെമിച്ചു, പതറിപോകും വാക്കുകൾ. മുഖം കോടി പോകുന്നത് പോലെ.. രണ്ടു ഫോണ് കയ്യിൽ കരുതിയിരുന്നു. ഏകദേശം 30 ഓളം ഫോട്ടോസ് ഫോണിൽ പകർത്തി. അര മിനിറ്റ് വ്യത്യാസത്തിൽ ഫോൺ പുറത്തെടുത്തു ഫോട്ടോസ് എടുത്തു പെട്ടെന്ന് തന്നെ ജാക്കറ്റിൽ ഫോൺ തിരിച്ച് വെച്ചു. മൂന്ന് തവണ ഫോൺ പുറത്തെടുത്തു ഇങ്ങനെ. പീന്നീട് ഓൺ ചെയ്യേണ്ടി വന്നില്ല. രണ്ടും പ്രവർത്തനം നിലച്ചു. സ്ക്രീനിൽ ടച്ച് ചെയ്തു, അപ്ലിക്കേഷൻ ഒന്നും വർക്ക്‌ ആയില്ല. മരച്ച വിരൽ തുമ്പുകൊണ്ട് ഫോണിൽ സ്‌ക്രീനിൽ സ്പര്ശിച്ചാല് എന്താക്കാൻ ആണ്. തന്നെയുമല്ല ഫോൺ ഐസ് പോലെയാണ്.

കയ്യിൽ നിന്നും ഗ്ലൗസ് ഊരി ഫോൺ പ്രവർത്തിപിച്ച സമയം കൊണ്ടു തന്നെ വിരലുകൾ മരച്ചു. നഖത്തിനിടയിൽ സൂചി കയറ്റുന്ന വേദന. കരഞ്ഞു പോകും. തിരിച്ചു കയ്യിൽ ഗ്ലൗസ് ഇടുവാൻ പോലും കൂടെ ഉള്ള ആളുടെ സഹായം വേണ്ടി വന്നു. മരച്ചതിനാൽ കൈകൾ കൊണ്ടു ഒരു വസ്തു എടുത്താൽ പോലും ഊർന്നു പോകും. പ്രത്യേക അവസ്ഥ ആണ് അത്. അവിടെയുള്ളവരുടെ എനർജി എത്രത്തോളം ഉണ്ടെന്നു അവരുടെ ജീവിതം കണ്ടു മണിക്കൂറുകൾ കൊണ്ടു മനസിലാക്കി. നമുക്കൊന്നും ഒരു ദിവസം പോലും അവിടെ ചിലവിടാൻ കഴിയില്ല. കാലാവസ്ഥ, ഭക്ഷണം ഇവയൊന്നും പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ ഉൾകൊള്ളില്ല.

രണ്ടു ഫോണിൽ ഒന്ന് ഇപ്പോഴും ഓൺ ആയാലും അപ്ലിക്കേഷൻ ഒന്നും പ്രവർത്തിക്കുന്നില്ല. ഒയ്മ്യാകോൺ ഗ്രാമത്തിലെ കുറച്ചു ഫോട്ടോസ് നഷ്ടമായി. ഫോട്ടോസ് അതിനു അടുത്തുള്ള ഗ്രാമത്തിലെ (യാക്കുട്സ്ക്) ആണ് കൊടുത്തിരിക്കുന്നതു. ഏകദേശം കുറച്ചൂടി ഭീകരം ആയിരിക്കും നഷ്‌ടമായ ഫോട്ടോസിൽ ഉണ്ടായിരുന്നതു. പക്ഷേ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ തേടി ഞാൻ വീണ്ടും പോകും.

സൈബിരിയ ഒരു അണ്ഡകടാഹമാണ്. സാഖാ റിപ്പബ്ലിക് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയുടെ വിസ്തൃതി കാണും. ഒന്ന് തൊട്ടിട്ടു വരാം പോയെങ്കിൽ. റഷ്യയുടെ 57% ഭൂമിയുടെ 10% സൈബിരിയ ആണ്. കുറെയൊക്കെ കഥകൾ നമ്മുക്ക് അറിയാം, സാർ ചക്രവർത്തിമാരുടെ കാലത്തെ ക്രൂരതകൾ, ഇതിനെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയ സ്റ്റാലിൻ, ലെനിൻ എന്നിവരെ ഇവിടേക്ക് നാട് കടത്തിയിടുണ്ട്. ലെനിൻ മൂന്നു വർഷം സൈബീരിയയിൽ കഴിഞ്ഞിടുണ്ട്. സ്റ്റാലിൻ പലവട്ടം.. ആറു തവണ ആ മനുഷ്യൻ ഇവിടെനിന്നും രക്ഷപെട്ടു.

അന്ന് തടവ്കാരെ നടത്തികൊണ്ടാണ് പോയിരുന്നത്. മൂന്ന് വർഷത്തോളം എടുക്കും നടന്നെതാൻ. അവരിൽ മരിച്ചു വീഴുന്നവർ, അവരെ ചവിട്ടി കടന്നു പോയവർ.. പിന്നിടുള്ള അവരുടെ കഠിന ദുരിതജീവിതവും…ഇവരെയെല്ലാം അടക്കം ചെയ്ത മണ്ണിനുമേലെ നടക്കുമ്പോൾ ഹൃദയം പിടക്കും. ഈ സൈബിരിയ മണ്ണിൽ എനിക്കിനിയും തുടരണം, നിഗുഢതയുടെ അറ്റം തേടി മുന്നോട്ട്…