മദാമ്മക്കുളത്തിനടുത്തുള്ള വ്യൂ പോയിന്റിൽ നിന്നും ഞങ്ങൾ കട്ടപ്പന ഭാഗത്തേക്ക് നീങ്ങി. ഇടുക്കി ജില്ലയിൽ തേക്കടിക്ക് സമീപം വണ്ടൻമേട് എന്ന സ്ഥലത്തുള്ള സ്‌പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ടിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. നേരത്തെ വന്ന ഓഫ്‌റോഡ് വഴിയെല്ലാം പിന്നിട്ടു ഞങ്ങൾ തിരികെ ആൾത്താമസമുള്ള ഏരിയയിൽ എത്തിച്ചേർന്നു.
മെയിൻ റോഡിൽ നിന്നും വ്യത്യസ്തമായ, തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള വഴികളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. അങ്ങനെ വീടും മെയിൻ റോഡിൽ കയറി ഏലപ്പാറയൊക്കെ പിന്നിട്ട് ഞങ്ങൾ വണ്ടന്മേട്ടിലെ സ്‌പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ടിൽ എത്തിച്ചേർന്നു. റിസോർട്ടിൽ എത്തിയപ്പോൾ അവിടെ ഞങ്ങളെ വരവേൽക്കാൻ ജീവനക്കാർ നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം വെൽക്കം ഡ്രിങ്ക് ആയി ബദാം മിൽക്ക് ഒക്കെ ലഭിച്ചു.
സ്വീകരണത്തിനു ശേഷം റിസോർട്ട് മാനേജർ വിനയ് ഞങ്ങളെ റിസോർട്ട് മൊത്തം കാണിക്കുവാനായി കൂട്ടിക്കൊണ്ടു പോയി. തട്ടു തട്ടുകളായിട്ടുള്ള ഭൂപ്രദേശത്താണ് സ്‌പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ട് പണിതിരിക്കുന്നത്. പഴയകാലത്തെ വീടുകളുടെ രൂപത്തിലാണ് അവിടത്തെ ഹെറിറ്റേജ് വില്ല എന്ന കോട്ടേജ് നിർമ്മിച്ചിരിക്കുന്നത്. ഭൂരിഭാഗവും തടി കൊണ്ട് നിർമ്മിച്ച ആ കോട്ടേജുകളിലെ താമസം വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. ശരിക്കും പഴയകാലത്തെ ഒരു വീട് പൊളിച്ചു കൊണ്ടുവന്നു ഇവിടെ അതേപടി പുനരാവിഷ്കരിച്ചിരിക്കുകയാണ്.
പഴയ വീടുകൾ പോലുള്ള കോട്ടേജുകൾ കൂടാതെ ചൈനീസ് മോഡൽ, ജക്കൂസി വില്ല, ട്രീ ഹൗസ് തുടങ്ങിയവ കൂടി അവിടെയുണ്ട്.
ഹണിമൂൺ കപ്പിൾസിന് സ്വസ്ഥമായി ചെലവഴിക്കുവാൻ പറ്റിയ ഒരു സ്ഥലമാണിത്. കോട്ടേജുകളെല്ലാം ചുറ്റിക്കറങ്ങി അവസാനം ഞങ്ങൾ ഗാർഡൻ വില്ല എന്ന കോട്ടേജ് താമസിക്കുവാനായി തിരഞ്ഞെടുത്തു. കിടിലൻ വ്യൂവും തൊട്ടരികിൽ സ്വിമ്മിംഗ് പൂളും ആയിരുന്നു ഗാർഡൻ വില്ലയുടെ പ്രത്യേകത.
റൂമിൽ കയറി കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ കുളിക്കുവാനായി സ്വിമ്മിംഗ് പൂളിലേക്ക് ഇറങ്ങി. നല്ല തണുത്ത അന്തരീക്ഷം ആയിരുന്നതിനാൽ പൂളിലെ വെള്ളത്തിനും ഐസ് തണുപ്പായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ വിചാരിച്ചത്ര തണുപ്പ് പൂളിലെ വെള്ളത്തിനു ഉണ്ടായിരുന്നില്ല. ഞാനും അഭിയും പൂളിൽ നീന്തിതുടിച്ചും കളിച്ചുമൊക്കെ സമയം കളഞ്ഞു.
തേക്കടിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറിയാണ് സ്‌പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് കുമളി, തേക്കടി തുടങ്ങിയ സ്ഥലത്തെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി സ്വസ്ഥമായി ഇരിക്കാവുന്ന ഒരു സ്ഥലമാണിത്. കൂടാതെ ഇവിടെ താമസിക്കുന്നവർക്ക് തേക്കടിയിലെ ബോട്ടിംഗിനും മറ്റുമൊക്കെ എളുപ്പത്തിൽ പോയിവരാനും പറ്റും.
പൂളിലെ കുളിയ്ക്ക് ശേഷം ഞങ്ങൾ ഒരു ആയുർവേദിക് മസ്സാജ് ആസ്വാദിക്കുവാനായി പോയി. മസ്സാജൊക്കെ കഴിഞ്ഞപ്പോൾ ശരീരത്തിനും മനസ്സിനും നല്ലൊരു ഉന്മേഷം കൈവരിച്ച പോലെ ഒരു ഫീൽ. അതിനു ശേഷം ഞങ്ങൾ ഡിന്നർ കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി.
അപ്പോൾ അവിടെ റെസ്റ്റോറന്റിനു തൊട്ടു പുറത്തായി റിസോർട്ട് മാനേജർ വിനയ് യുടെ നേതൃത്വത്തിൽ കിടിലൻ ഗാനമേളയും ക്യാമ്പ് ഫയറും ഒക്കെ നടക്കുകയായിരുന്നു. നല്ല പാട്ടുകളൊക്കെ ആസ്വദിച്ചു കൊണ്ട് ഗസ്റ്റുകളെല്ലാം ഡിന്നർ കഴിക്കുന്ന തിരക്കിലാണ്. ഞങ്ങളും പാട്ടുകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിച്ചു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ കിടക്കുവാനായി ഞങ്ങളുടെ കോട്ടേജിലേക്ക് നടന്നു. അപ്പോഴും അവിടെ മാനേജരുടെ പാട്ട് തകർക്കുന്നുണ്ടായിരുന്നു.
തിരക്കുകളിൽ നിന്നും മാറി ഒരു അവധി ദിനം ചെലവഴിക്കാൻ നിങ്ങൾക്ക് ധൈര്യമായി ഇവിടേക്ക് വരാം. 4000 രൂപ മുതൽ മുറികൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8592969697 (ടെക് ട്രാവൽ ഈറ്റ് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് ചോദിച്ച് വാങ്ങാൻ മറക്കണ്ട).