ഭീതി നിറഞ്ഞതും രസകരവുമായ ഒരു തമിഴ്‌നാടൻ യാത്ര

വിവരണം – Jubin Kuttiyani.

“അങ്കെ പോകക്കൂടാത് അങ്കെ പേ ഇറുക്കേ” എന്റെ കൈയിലെ ക്യാമറ കണ്ടപ്പോൾ ആ അമ്മ പറഞ്ഞു. ദുരൂഹത നിറഞ്ഞ “കാക്കാമ്പൂച്ചി” എന്ന തമിഴ് ഗ്രാമത്തിലൂടെ നടത്തിയ യാത്ര ഭീതി നിറഞ്ഞതും എന്നാൽ രസകരവുമായ ഒരു യാത്രയായിരുന്നു . മാത്രമല്ല സെങ്കോട്ടെയ് ഫേമസ് ബോഡർ പൊറോട്ടയും സാപ്പിടാൻ ഈ വൺ ഡേ ട്രിപ്പിൽ സാധിച്ചു.

നിങ്ങൾക്ക് ഇങ്ങനെ ഒരു യാത്രയിൽ സംഭവിച്ചിട്ടുണ്ടോ? ഒരു സ്ഥലത്തേയ്ക്ക് യാത്ര പോയിട്ട് ആ സ്ഥലത്ത് എത്താതെ വഴി തെറ്റി കുടുങ്ങിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഒന്ന് ഓർത്തോളൂ നിങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയായിരിക്കും അത്. അത്തരം ഒരു യാത്രയാണ് ഇത്. യാത്രാവിവരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു കഥ പറയാം.

എട്ടാം ക്ലാസിൽ പഠിക്കുന്ന അയൽക്കാരായ രണ്ടു ആൺകുട്ടികളുടെ കഥയാണ്. ഒരാൾ കുഴിമടിയനും മറ്റൊയാൾ വലിയ പഠിപ്പിസ്റ്റും ആണ്. നല്ല മഴയുള്ള സ്കൂൾ തുറക്കുന്ന ദിവസം. രാവിലെ പഠിപ്പിസ്റ്റ് സ്കൂളിൽ പോകുവാൻ തുടങ്ങിയപ്പോൾ കണ്ടത് അയൽവാസിയായ മടിയൻ വീടിൻ്റെ തിണ്ണയിൽ ചാരുകസേരയിൽ പുറത്തേക്ക് നോക്കി കിടക്കുന്നതാണ്. പഠിപ്പിസ്റ്റ് അവനോട് ചോദിച്ചു “നീ സ്കൂളിൽ പോകുന്നില്ലേ?”. ഇല്ല എന്ന് പെട്ടന്ന് മറുപടി വന്നുവെന്ന് മാത്രമല്ല സ്കൂളിൽ പോയിട്ട് എന്തു കാര്യം എന്ന മറുചോദ്യവും വന്നു.

സ്കൂളിൽ പോയി പഠിച്ചു വലിയ ആളായി ജോലി മേടിക്കേണ്ടേ എന്ന പഠിപ്പിസ്റ്റിൻ്റെ അടുത്ത ചോദ്യത്തിന് “എന്നിട്ടോ” എന്ന മറുപടിയാണ് മടിയൻ കൊടുത്തത്. “ജോലി കിട്ടിയിട്ട് സാലറി മേടിച്ച് ഫ്ലാറ്റും, കാറും ഒക്കെ മേടിക്കേണ്ടേ?” – “എന്നിട്ടോ” മടിയൻ പിന്നേയും മറുപടി നൽകി. “സുന്ദരിയായ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണ്ടേ?” “എന്നിട്ടോ ” – കല്യാണം കഴിച്ചു രണ്ടു കുട്ടികളൊക്കെയായി ജീവിക്കണ്ടേ? – “എന്നിട്ടോ ” – കുട്ടികളെ വളർത്തി വലുതാക്കി ഒരു നിലയിലാക്കേണ്ടേ ? – “എന്നിട്ടോ” – ബാദ്ധ്യതയൊക്കെ തീർത്തിട്ട് എനിക്ക് സമാധാനത്തോടെ സ്വസ്തമായി ചാരുകസേരയിൽ ഇരിക്കണം എന്ന് പഠിപ്പിസ്റ്റ് പറഞ്ഞു.

“എടാ മഹാനായ ചങ്ങാതീ@#*.. ഒരു കസേരയിൽ സമാധാനമായി ഇരിക്കുവാൻ നീ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്. ഇതൊന്നും ചെയ്യാതെ തന്നെ ഞാൻ ഇപ്പോൾ സമാധാനത്തോടെ സ്വസ്തമായി ഇരിക്കുകയാണ്” മടിയൻ മറുപടി നൽകി.

ഈ കഥ പറഞ്ഞത് മറ്റൊന്നിനുമല്ല. ഇത്രയും ഇല്ലെങ്കിലും കുറച്ചൊക്കെ മടി ആവാം. മടിപിടിച്ചിരിക്കുന്ന സമയങ്ങളിൽ നല്ലൊരു യാത്ര പോയാൽ മനസ്സിന് നല്ല സന്തോഷം കിട്ടും മാത്രമല്ല നമ്മൾ പഠിച്ചതും കണ്ടതും ഒന്നുമല്ല ലോകം. ഓരോ പുതിയ സ്ഥലത്തേക്കുള്ള യാത്രയും നമുക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നു.

സുന്ദരപാണ്ഡ്യൻ്റെ നാടായിരുന്ന സുന്ദരപാണ്ഡ്യപുരം എന്ന മനോഹരമായ ഗ്രാമത്തിലേക്കാണ് ഈ യാത്ര. മഴക്കാലം ആയതിനാൽ ഇത്തവണ കാറിൽ ആണ് യാത്ര. കൂട്ടിന് ഒരു സുഹൃത്തിനേയും കൂട്ടി. തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ തെങ്കാശിക്കടുത്താണ് സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമം. ആറ് നൂറ്റാണ്ട്കൾക്കു മുൻപ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ച സ്ഥലമാണ് ഇത്.

രാത്രി രണ്ടു മണിയോടെ ഞാനും സുഹൃത്തും യാത്ര തുടങ്ങി. ഒത്തിരി കാലമായുള്ള ആഗ്രഹമായിരുന്നു സുന്ദരപാണ്ഡ്യപുരം ട്രിപ്പ്. പുനലൂരും, തെന്മലയും, ആര്യങ്കാവ് ചുരവും ഇറങ്ങി ചെല്ലുമ്പോൾ കാണുന്നത് പുളിയറ എന്ന മനോഹര തമിഴ് ഗ്രാമമാണ്. ഇനിയങ്ങോടുള്ള ഓരോ കാഴ്ചകളും വേറിട്ടകാഴ്ചകളാണ്. തമിഴ്നാടിന്റെ അതിവിശാലമായ നെൽ പാടങ്ങൾക്കിടയിലൂടെ ചെങ്കോട്ടയിലേക്കുള്ള യാത്ര മനോഹരമാണ്. റോഡിനിരുവശവും തെങ്ങും തോപ്പും കൃഷിയിടങ്ങളുമാണ് .

മണിരത്നത്തിൻ്റെ “റോജ” എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങിയതോടെയാണ് സുന്ദരപാണ്ഡ്യപുരം പ്രശസ്തമായത്. റോജയിൽ മധുബാലയും അരവിന്ദസ്വാമിയും അഭിനയിച്ച പല രംഗങ്ങളും ഷൂട്ട് ചെയ്തത് ഇവിടെയാണ്. 1992 ൽ റോജ ഇറങ്ങിയ ശേഷം പല സിനിമകളുടേയും ഷൂട്ടിങ് ലൊക്കേഷനാണ് ഈ ഗ്രാമം. മലയാള സിനിമകളായ സൂത്രധാരൻ, തെങ്കാശിപ്പട്ടണം എന്നീ സിനിമകളുടെ ഷൂട്ടിങ് നടന്നത് ഈ ഗ്രാമത്തിലാണ്. അഗ്രഹാരങ്ങളും, അമ്പലങ്ങളും, കാറ്റാടിപ്പാടങ്ങളും, വിശാലമായ തടാകങ്ങളും ,നെൽവയലുകളും ഒക്കെയുള്ള സുന്ദരമായ തമിഴ് ഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം.

ചെങ്കോട്ടയിൽ നിന്നും ഇഡ്ഡലിയും ചായയും കഴിച്ച ശേഷം സുന്ദരപാണ്ഡ്യപുരത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ സെറ്റ് ചെയ്തു യാത്ര തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴി സൈഡിൽ ഒരു മയിലിനെ കണ്ടു. വാഹനം നിർത്തി അതിൻ്റെ ചിത്രം പകർത്തുവാൻ തുടങ്ങിയപ്പോൾ വലതു വശത്തുള്ള ഒരു ചെറിയ വഴിയിലൂടെ അത് വേഗത്തിൽ പോയി. ഞാൻ പുറകേയും. സുഹൃത്ത് കാറ് ആ വഴി കയറ്റി പുറകേ വന്നു. കുറച്ചു ദൂരം ചെന്നപ്പോൾ മറ്റൊരു മയിലും അവിടെ ഉണ്ടായിരുന്നു. രണ്ടു പേരുടേയും ഫോട്ടോ എടുത്തു. എന്തോ! കുറച്ചു ദൂരം ഈ വഴി പോയി നോക്കാം എന്നു ഞാൻ പറഞ്ഞു.

വിജനമായ വഴിയുടെ ചുറ്റും മുൾചെടി കാടാണ്. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു ആശ്രമം കണ്ടു. ഓലകൊണ്ടുള്ള കൊച്ചു മൂന്നു കുടിലാണ് ആശ്രമം. മുയലും, മയിലും ഒക്കെ കുടിലിനു സമീപത്തോടെ നടക്കുന്നുണ്ട്. ജഡ പിടിച്ച് നീളത്തിൽ മുടിയുള്ള ഒരു സ്വാമി മുറ്റത്തുള്ള ചിതൽ പുറ്റിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പിന് ചെറിയ പാത്രത്തിൽ എന്തോ കൊടുക്കുന്നു. പിന്നെ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വലതുവശത്ത് വലിയ ഒരു മലയുടെ മുകളിൽ പുരതനമായ പൊളിഞ്ഞ കോട്ട പോലെയെന്തോ കണ്ടു. എന്താണ് അത് എന്നറിയാൻ ഒരു ആഗ്രഹം.

ചുറ്റും നോക്കിയപ്പോൾ കുറച്ചുമാറി ഒരു മാന്തോപ്പ് കണ്ടു.. അവിടെ കാടുവെട്ടുന്ന രണ്ടു സ്ത്രീകളെ കണ്ടു അതിൽ പ്രായം ചെന്ന അമ്മയോട് അവിടെ എന്താണെന്ന് ചോദിച്ചു. എൻ്റെ കൈയ്യിലെ ക്യാമറ കണ്ടതേ ആ അമ്മ പറഞ്ഞു “അങ്കെ പോകക്കൂടാത് അങ്കെ പേ ഇറുക്കേ”… എന്നാൽ വന്നവഴി തിരിച്ചു പോകാം എന്ന് പറഞ്ഞു നോക്കിയപ്പോൾ വാഹനം തിരിക്കുവാൻ സൗകര്യമില്ല.

അങ്ങനെ കുറച്ചുകൂടി മുൻപോട്ട് പോയി അപ്പോഴേക്കും ഗൂഗിൾ ചതിച്ചു ഫുൾ ബ്ലാങ്ക്.(മുൻപ് ഇതുപോലെ വന്നിട്ടുള്ളത് കുട്ടിക്കാനം അമ്മച്ചികൊട്ടാരത്തിൽ പോയപ്പോഴാണ്). ഒരു കാറ് കഷ്ടി പോകുന്ന വഴിയാണ് രണ്ടു വശത്തും തമിഴ് നാട്ടിൽ കാണുന്ന മുള്ളൊള്ള കുറ്റിച്ചെടിയാണ് അതുകൊണ്ട് കാറ് തിരിക്കുവാനായില്ല. തകർന്ന വഴിയിലൂടെ കാറ് തിരിക്കുവാൻ സൗകര്യം നോക്കി മുന്നോട്ടുപോയി.

കാറ്റാടിപ്പാടങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തേക്കാണ് ചെന്നത്. ഭാഗ്യം വഴിസൈഡിൽ നീല പൾസറിൽ ഒരു ന്യൂജൻ പൈയ്യനിരിക്കുന്നു. സുന്ദരപാണ്ഡ്യപുരത്തേക്ക് ഈ വഴി പോകാമോ എന്ന് ചോദിച്ചു. എൻ്റെ കൈയ്യിലുള്ള ക്യാമറയിലേക്കും വെള്ള ലെൻസിലേക്കും സൂക്ഷിച്ചു നോക്കി ആ പയ്യൻ ചോദിച്ചു “നീങ്കേ പത്രികേന്നാ (പത്രത്തീന്നാണോന്ന്) അല്ല സുന്ദരപാണ്ഡ്യപുരം കാണാൻ വന്നതാണ് എന്നു പറഞ്ഞു ആ പൈയ്യനെ പരിചയപ്പെട്ടു. ആനന്ദ് എന്നാണ് പയ്യൻ്റെ പേര്. ഈ സ്ഥലത്തിൻ്റെ പേര് “കാക്കാമ്പൂച്ചി” എന്നാണെന്നും ഒത്തിരി മന്ത്രവാദികളൊക്കെയുള്ള പ്രദേശമാണെന്നും ഈ വഴി പുറത്തു നിന്നും ആരും തന്നെ വരാറില്ലെന്നും തൻ്റെ പുറകെ പോന്നാൽ മെയിൻ റോഡ്‌ കാണിച്ചുതരാമെന്നും പറഞ്ഞു പുള്ളി ബൈക്കെടുത്തു.

അവിടെ മുഴുവനും കാറ്റാടിപ്പാടങ്ങളായിരുന്നു. അതിനിടയിൽ ഒരു മലയുടെ മുകളിൽ മനുഷ്യൻ്റെ തലയോട്ടി പോലുള്ള ഒരു പാറ എൻ്റെ കണ്ണിലുടക്കി. ഓടുന്ന കാറിലിരുന്ന് അതിൻ്റെ ചിത്രവുമെടുത്തു. രണ്ടു മൂന്ന് ഇടവഴിയിലൂടെ കയറ്റി ആ പയ്യൻ ഞങ്ങളെ മെയിൻ റോഡിലെത്തിച്ചു. ആനന്ദിനോട് നന്ദി പറഞ്ഞു. സുന്ദരപാണ്ഡ്യപുരം ലക്ഷ്യമാക്കി യാത്ര തുടർന്നു.

പുലിയൂർപ്പാറയാണ് അടുത്ത ലക്ഷ്യം. സുന്ദരപാണ്ഡ്യപുരം എത്തുന്നതിന് മുൻപ് റോഡിന് വലുതുവശത്തായി വളരെ ഉയരത്തിൽ പരന്നു കിടക്കുന്ന വലുതും ചെറുതുമായ വലിയ പാറക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. രജനീകാന്ത്,എം.ജി.ആർ, ശിവാജി ഗണേശൻ, കമലഹാസൻ തുടങ്ങിയവരുടെ വലിയ പെയിന്റിങ്ങുകൾ പാറയിൽ കാണാം. അന്യൻ സിനിമയിലെ പാട്ടുസീനിന് വേണ്ടി വരച്ചതാണവ. അന്യൻ സിനിമ ഇറങ്ങിയതിൽപിന്നെ ഈ പാറ അന്യൻപാറ എന്നാണ് അറിയപ്പെടുന്നത്.

ഇനിയുള്ള യാത്ര സുന്ദരപാണ്ഡ്യപുരത്തെ അഗ്രഹാരങ്ങളുള്ള സ്ഥലത്തേക്കാണ്. എപ്പോഴും ഇവിടെ ശക്തമായ കാറ്റാണ്. നയൻതാരയും ധനുഷും അഭിനയിച്ച യാരടീ നീ മോഹിനി എന്ന ഹിറ്റ് സിനിമയൊക്കെ ഈ സുന്ദരപാണ്ഡ്യപുരത്ത് ഷൂട്ട് ചെയ്തതാണ്. ജമന്തിപ്പൂക്കളും സൂര്യകാന്തിപ്പൂക്കളും നിറഞ്ഞു നിൽക്കുന്ന ഇവിടെയുള്ള പാടശേഖരങ്ങൾ അതിമനോഹരമാണ്.

വീണ്ടും മഴ തുടങ്ങി ഇനി അടുത്ത ലക്ഷ്യം പുളിയൻകുടി ആണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലെമൺ മാർക്കറ്റാണ് പുളിയൻകുടി . സുന്ദരപാണ്ഡ്യപുരത്ത്നിന്നും മുപ്പത് കിലോമീറ്റർ ദൂരമുണ്ട് പുളിയൻകുടിയിലേക്ക് .നാരകമാണ് ഇവിടുത്തെ പ്രധാന കൃഷി. പുളിയൻകുടിയിലെത്തി ഓരോ ജൂസ് കുടിച്ചു. അപ്പോഴേക്കും ശക്തമായ മഴ തുടങ്ങി. അതുകൊണ്ട് അവിടുന്ന് കാറ് തിരിച്ചു. തിരികെ ചെങ്കോട്ടയിലേക്ക്.

സമയം ഇരുട്ടി തുടങ്ങി .ഇനി ഒറ്റ ലക്ഷ്യം മാത്രം ചെങ്കോട്ടയിലെ ഫേമസ് ബോഡർ പൊറോട്ട കഴിക്കണം. ഇവിടുത്തെ പൊറോട്ട സ്വാദിൻ്റെ കാര്യത്തിൽ പ്രസിദ്ധമാണ്. ഈ പൊറോട്ടയുടെ പ്രത്യേകത മുട്ട ചേർക്കാറില്ല എന്നതാണ്. നമ്മുടെ നാട്ടിലെ ബീവറേജസിലെക്കാളും തിരക്കാണ് ചെങ്കൊട്ടയിലെ പൊറോട്ടകടയിൽ. തമിഴർ ഫാമിലിയായി വന്ന് പൊറോട്ട കഴിക്കുവാനും പാഴ്സൽ വാങ്ങുവാനും തിരക്കു കൂട്ടുന്നു.

ഞങ്ങളും ആ തിരക്കിൻ്റെ ഭാഗമായി പൊറോട്ടയും ചൂടൻ ചിക്കൻ ഫ്രൈയും കഴിച്ചു. ചെറിയ പീസാക്കി കീറിയ പൊറോട്ട വാഴയിലയിലാണ് തന്നത്. സത്യം പറയട്ടെ ഇതൊരു പുതിയ അനുഭവമായിരുന്നു. നല്ല ഭക്ഷണവും കഴിച്ചു, നല്ല കാഴ്ചകളും കണ്ട് ഒരു അടിപൊളി ട്രിപ്പായിരുന്നു ഈ യാത്ര. സുന്ദരപാണ്ഡ്യൻ്റെ സുന്ദരമായ നാട്ടിലേക്ക് ഇനിയും വരുമെന്ന് മനസ്സിലുറപ്പിച്ചു തിരിച്ചുപോന്നു.

രാവിലെ നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തി. പേരു പോലെ സുന്ദരമായ ഒരു സാധാരണ തമിഴ് ഗ്രാമാണ് സുന്ദരപാണ്ഡ്യപുരം. പുതിയ ഒത്തിരി അറിവുകളും അനുഭവങ്ങളും ഈ യാത്രയിൽ ലഭിച്ചു. 100% സന്തോഷം നൽകിയ ട്രിപ്പ് ആയിരുന്നു ഈ യാത്ര. ഓർക്കുക.. യാത്രക്ക് മനസ്സാണ് പ്രധാനം.