വിവാഹത്തിനു ശേഷവും വേണമെങ്കിൽ നമുക്ക് കൂട്ടുകാരുമൊത്ത് ബാച്ചിലർ ട്രിപ്പുകൾക്ക് പോകാവുന്നതാണ്. പക്ഷേ അതിനു ഭാര്യയുടെ സമ്മതം വേണമെന്നു മാത്രം.. അങ്ങനെ കുറേക്കാലത്തിനു ശേഷം ഞാൻ സുഹൃത്തുക്കളുമായി ഒരു ട്രിപ്പ് പോകുവാൻ പ്ലാൻ ചെയ്തു. എറണാകുളത്തുള്ള എൻ്റെ സുഹൃത്തായ എമിലും അവൻ്റെ കസിൻ ബ്രദറും ആയിരുന്നു എന്നോടൊപ്പം ട്രിപ്പിൽ പങ്കുചേർന്നത്.
എൻ്റെ വീട്ടിൽ നിന്നും മുണ്ടക്കയം, കുട്ടിക്കാനം വഴി തേക്കടിയിലേക്ക് പോകുവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. ഒപ്പംതന്നെ കുട്ടിക്കാനത്തുള്ള പ്രസിദ്ധമായ അമ്മച്ചിക്കൊട്ടാരത്തിൽ ഒരു സന്ദർശനം നടത്തുകയും ചെയ്യാം.
അങ്ങനെ രാവിലെ തന്നെ ഞങ്ങൾ മൂന്നുപേരും കോഴഞ്ചേരിയിൽ നിന്നും യാത്രയാരംഭിച്ചു. പോകുന്ന വഴി റാന്നി ടൗണിൽ കുറച്ചു സമയം ട്രാഫിക് ബ്ലോക്കിൽ കിടക്കേണ്ടി വന്നു. എമിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ആള് ഡ്രൈവിംഗിൽ പുലിയാണ്. റാന്നിയും പിന്നിട്ട് ഞങ്ങൾ എരുമേലിയിൽ എത്തിച്ചേർന്നു. ശബരിമല സീസൺ ആയതിനാൽ എരുമേലിയിൽ ധാരാളം അയ്യപ്പഭക്തരെ കാണാമായിരുന്നു.
എരുമേലിയിൽ നിന്നും ഞാൻ വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഞങ്ങൾ മുണ്ടക്കയം പിന്നിട്ട് ഹൈറേഞ്ച് ഏരിയയിലേക്ക് കയറി. പിന്നിട്ട് അങ്ങോട്ട് ഒരു വശത്തു കാഴ്ചകളുടെ കലവറ തന്നെയായിരുന്നു. കുട്ടിക്കാനം എത്തുന്നതിനു മുൻപായി മിസ്റ്റി മൗണ്ടൻ എന്നൊരു റിസോർട്ട് കാണാം. അതിനു തൊട്ടു മുൻപുള്ള വഴിയിലൂടെ ഉള്ളിലേക്ക് കയറി വേണം അമ്മച്ചികൊട്ടാരത്തിലേക്ക് പോകുവാൻ.
കാടുകൾക്ക് ഇടയിലൂടെ അവിടേക്കുള്ള വഴി അൽപ്പം ഹൊറർ മൂഡ് നൽകുന്നതാണ്. ഒറ്റയ്ക്ക് ഇവിടേക്ക് വരുന്നവർ പകൽ ആണെങ്കിലും ചിലപ്പോൾ ഒന്നു പേടിക്കും. കുറച്ചു ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ കൊട്ടാരത്തിലേക്കുള്ള കവാടം കാണാം.
അമ്മച്ചിക്കൊട്ടാരം എന്ന പേര് മിക്കയാളുകളും സോഷ്യൽ മീഡിയയിലെ വിവിധ യാത്രാ ഗ്രൂപ്പുകളിൽ നിന്നും കേട്ടിട്ടുണ്ടാകും. എന്നാൽ പലരും ഇത് നേരിൽ കണ്ടുകാണില്ല. പക്ഷേ ചില സിനിമകളിൽക്കൂടി നമ്മൾ ഈ കൊട്ടാരം കണ്ടിട്ടുണ്ട്. അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ഫഹദ് ഫാസിൽ അഭിനയിച്ച ‘കാർബൺ’ സിനിമയാണ്. അതിൽ കാണിച്ചിരിക്കുന്ന ഹൊറർ ബംഗ്ളാവ് ഈ അമ്മച്ചിക്കൊട്ടാരമാണ്.
തിരുവിതാംകൂർ മഹാറാണിയുടെ വേനൽക്കാല വസതിയായിരുന്നു ഈ കൊട്ടാരം. അതുകൊണ്ടാണ് ഇതിനു അമ്മച്ചിക്കൊട്ടാരം എന്ന പേര് വന്നത്. ഏകദേശം 220 ഓളം വർഷങ്ങൾ പഴക്കമുണ്ട് ഈ കൊട്ടാരത്തിന്. പിന്നീട് കാലങ്ങൾ പിന്നിട്ടപ്പോൾ ഈ കൊട്ടാരം ബെംഗളൂരു ആസ്ഥാനമായുള്ള ഏതോ ഒരു ഐടി കമ്പനിയുടെ ഉടമസ്ഥതയിലായി. തിരുവിതാംകൂർ രാജവംശത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും സ്വാതന്ത്ര്യത്തിനു ശേഷം കേരള സർക്കാരിനു കീഴിൽ വരേണ്ടിയിരുന്നതുമായ ഈ കൊട്ടാരം എങ്ങനെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.
ഇന്ന് കൊട്ടാരത്തിൽ തമിഴ്‌നാട് സ്വദേശിയായ ഒരു കാര്യസ്ഥനും കുടുംബവുമാണ് താമസിക്കുന്നത്. അദ്ദേഹത്തിൻ്റെ പേര് ധർമ്മലിംഗം എന്നാണ്. 53 ഓളം വർഷങ്ങളായി ധർമ്മലിംഗം ചേട്ടൻ ഇവിടെ താമസമാക്കിയിട്ട്. കൊട്ടാരം ഐടി കമ്പനിയുടെ ഉടമസ്ഥതയിൽ ആയെങ്കിലും ചേട്ടനും കുടുംബവും ഇന്നും ഇവിടെ താമസിക്കുന്നു. മേൽനോട്ടം നടത്തുന്നതിന് ചേട്ടന് ശമ്പളം ഒന്നും ഇല്ലെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികൾ നൽകുന്ന തുകയാണ് ഒരാശ്വാസം. കൂടാതെ ചേട്ടന്റെ ഭാര്യ ഇവിടെ അടുത്തെവിടെയോ ജോലിയ്ക്ക് പോകുന്നുമുണ്ട്.
ഞാൻ ഇതിനു മുൻപ് കൊട്ടാരത്തിൽ വന്നു വീഡിയോ ഒക്കെ എടുത്തിട്ടുണ്ടായിരുന്നു. ആ പരിചയം ചേട്ടനുമായി ഒന്നു പുതുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ ചേട്ടന് അത്രയ്ക്ക് ഓർമ്മ പോരാ. അകത്തു കയറുന്നതിനായി ചേട്ടന് ഞങ്ങൾ 100 രൂപ നൽകി. അനുഭവ സമ്പത്തുള്ള ഒരു ഗൈഡിനെപ്പോലെ ചേട്ടൻ കൊട്ടാരത്തിന്റെ മുക്കും മൂലയും എല്ലാം ഞങ്ങൾക്ക് കാണിച്ചു തരികയും വിശദമായി അതിനെക്കുറിച്ചു പറഞ്ഞു തരികയും ചെയ്തു.
കൊട്ടാരത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരുവാൻ സാധിക്കുന്ന രഹസ്യ തുരങ്കങ്ങളും ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. എന്നാൽ ഇപ്പോൾ അതിലൂടെ ആരെയും പ്രവേശിപ്പിക്കുന്നില്ല. കുട്ടിക്കാനം വഴി പോകുന്നവർക്ക് കയറിക്കാണുവാൻ സാധിക്കുന്ന ഒരു സ്ഥലം തന്നെയാണ് അമ്മച്ചിക്കൊട്ടാരം.
കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. തേക്കടിയാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. കുമളി ടൗണും പിന്നിട്ട് ഞങ്ങൾ തേക്കടിയിലേക്ക് തിരിയുന്ന സ്ഥലത്ത് എത്തിച്ചേർന്നു. തേക്കടിയിൽ ഞങ്ങളുടെ താമസം തയ്യാറാക്കിയിരുന്നത് 50 ഏക്കറോളം വരുന്ന ഏലക്കാടിന് നടുവിലുള്ള ഒരു പ്ലാന്റേഷൻ വില്ലയിലായിരുന്നു.
‘ഏയ്ഞ്ചൽസ് ട്രംപറ്റ്’ എന്നായിരുന്നു ആ പ്ലാന്റെഷൻ വില്ലയുടെ പേര്.
അവിടേക്കുള്ള വഴി ഇടുങ്ങിയതും അൽപ്പം ഓഫ്റോഡും ആയിരുന്നു. കുറച്ചു സമയത്തെ കിടിലൻ യാത്രയ്ക്കു ശേഷം ഞങ്ങൾ സ്ഥലത്ത് എത്തിച്ചേർന്നു. ഒരു മനോഹരമായ വലിയ കുളവും അതിനടുത്തായി എല്ലാവിധ സൗകര്യങ്ങളോടു കൂടിയതുമായ വില്ലയും. കാടിനു നടുവിൽ ഇതുപോലൊരു അടിപൊളി സെറ്റപ്പ് ഉണ്ടെന്നു ഞാൻ വിചാരിച്ചിരുന്നില്ല.
ഞങ്ങൾ അവിടെ ചെന്നപ്പോൾ വില്ലയുടെ ഉടമസ്ഥനായ സ്റ്റാനി ചേട്ടൻ വന്നു ഞങ്ങളെ സ്വീകരിക്കുകയുണ്ടായി. ഒത്തിരി വ്യത്യസ്തമായ കാര്യങ്ങൾ അവിടെയുണ്ടെന്ന് സ്റ്റാനി ചേട്ടൻറെ വിവരണത്തിൽ നിന്നും മനസ്സിലായി. എന്തായാലും ഞങ്ങളുടെ ഇത്തവണത്തെ ബാച്ചിലർ ട്രിപ്പ് പൊളിക്കും എന്നുറപ്പായി.
ഏയ്ഞ്ചൽസ് ട്രംപറ്റ് വില്ലയിലെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ പറഞ്ഞു തരാം.