വിവരണം – Jaseer Jasi.
കുരങ്ങിണിയിൽ വാഹനം കാത്തുനിൽക്കുമ്പോൾ തീർത്തും അക്ഷമനായിരുന്നു. വർഷങ്ങൾക്കുമുൻപ് ഏതോ ഒരു യാത്രാ പുസ്തകത്തിൽ വായിച്ചറിഞ്ഞയന്നേ ഉള്ളിൽ മൊട്ടിട്ട മോഹമാണ് വാഹനങ്ങൾ എത്തിപ്പെടാത്ത മലമടക്കുകൾക്കിടയിൽ കാടിനു നടുവിൽ ചെരുപ്പ് ധരിക്കാത്തവരുടെ ഗ്രാമമായ വെള്ളഗവിയിലേക്കുള്ള യാത്ര. തലേന്നത്തെ മൂന്നാർ ടോപ്പ് സ്റ്റേഷനിൽ നിന്ന് കുരങ്ങിണിയിലേക്കുള്ള 12 കിലോമീറ്റർ നടത്തത്തിന്റെ ഫലമായി ശരീരം നന്നേ ക്ഷീണിച്ചിരുന്നു പക്ഷെ വെള്ളഗവിയെന്ന മോഹത്തിന് മുൻപിൽ ക്ഷീണമൊന്നും ഒരു വിഷയമെയായിരുന്നില്ല.
കുമളി ദിണ്ടിഗൽ റോഡിൽ പെരിയകുളത്തു നിന്നാണ് കുമ്പക്കരയിലേക്കു തിരിയുന്നത്. കുമ്പക്കാരെയിൽ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് വെള്ളഗവി വരെ ഏകദേശം 8 കിലോമീറ്റർ ദൂരമുണ്ട് 6 മണിക്കൂറെങ്കിലുമെടുക്കും നടന്നെത്താൻ കൊടൈക്കനാൽ വഴിയാണ് വരുന്നതെങ്കിൽ വട്ടക്കനാലിൽ നിന്ന് 6 കിലോമീറ്ററാണ് ഏകദേശ ദൂരം 4 മണിക്കൂറെങ്കിലും വേണം ഇതുവഴി എത്തിപ്പെടാൻ. തമിഴ്നാടൻ ഗ്രാമ വഴികൾ പിന്നിട്ട് നിരനിരയായി കുള്ളൻ മാവുകളുള്ള തോട്ടത്തിന് നടുവിലാണ് വാൻ ഞങ്ങളെ എത്തിച്ചത് മാമ്പഴം പകമാവുന്നേയുള്ളു. ഇവിടുന്നങ്ങോട്ട് നടത്തമാണ്.
മാവിൻ തോട്ടത്തിൽ നിന്ന് പുറത്തുകടക്കുന്നത് കൊടൈ മലനിരകളുടെ താഴ്‌വരയിലേക്കാണ്, മുൻവശം കാഴ്ച്ചയിൽ മലനിരകളും കാടും മാത്രം. ഒറ്റയടി പാത മാത്രമേയുള്ളു, മുന്നോട്ട് പോകുംതോറും വഴി കയറ്റമായിക്കൊണ്ടിരിക്കുന്നു. ഇരു വശങ്ങളിലും നാരങ്ങകായ്ച്ചു നിൽക്കുന്നു. ചെങ്കുത്തായി മാറിയിരുന്നു വഴി. ഒരാൾക്ക് മാത്രം നടക്കാൻ പാകത്തിൽ ഒരു ചാലുപോലുള്ള വഴിയിൽ സൂക്ഷിച്ചില്ലെങ്കിൽ അടിതെറ്റും. തീർത്തും വിജനമായ വഴിയിൽ യാത്ര തുടരുമ്പോൾ കൂട്ടായി കാട്ടിലെ അന്തേവാസികളുടെ കളകൂജനങ്ങളും ശബ്ദവീചികളും, മാലിന്യമേതുമില്ലാത്ത ശുദ്ധവായുവും മാത്രം. കാമറ കണ്ണുകളിൽ വിസ്മയം തേടുന്നവർക്ക് അനന്തമായ കാഴ്ചകൾ. വല്ലപ്പോഴും മാത്രം എതിരെ വരുന്ന ഗ്രാമീണരെ കണ്ടു കൂടെ ചുമടുമായി കോവർ കഴുതകൾ അല്ലെങ്കിൽ ആട്ടിൻകൂട്ടങ്ങൾ. വഴിയരികിൽ പലയിടത്തും ബലിത്തറകളാണെന്ന് തോന്നുന്നു ശൂലം തറച്ചുവെച്ച ഒരു കമ്പിയിൽ മണി തൂക്കിയിട്ടുള്ള ചെറിയരൂപങ്ങൾ.
വെയിലിന് ശക്തികൂടിവരുന്നു കയറ്റവും. കരുതിയിരുന്ന വെള്ളം തീർന്നു പോവുമെന്ന് കരുതിയപ്പോഴേക്കും വഴിയിൽ ഒരു നീരുറവ മൃതപ്രാണനായി പാറയിലൂടെ ഒലിച്ചിറങ്ങുന്ന ഈ അരുവിയിൽനിന്ന് ആവശ്യത്തിന് വെള്ളം ശേഖരിച്ച് നടത്തം തുടർന്നു. പലപ്പോഴും താഴെ ദൂരെ കണ്ടിരുന്ന ഗ്രാമീണർ തലചുമടുമായി ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയിലൂടെ എത്ര പെട്ടന്നാണ് ഞങ്ങളെയും മറികടന്ന് പോയികൊണ്ടിരിക്കുന്നത്. കാണുന്നവരോടെല്ലാം ഇനിയെത്ര ദൂരമുണ്ടെന്നു ചോദിച്ചപ്പോഴെല്ലാം ഇനി വളരെ കുറച്ചേയുള്ളുവെന്ന മറുപടി മാത്രം. അവർക്കിത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് നമുക്കങ്ങിനെയല്ലല്ലോ.
ഞങ്ങളും മണിക്കൂറുകളും തമ്മിലുള്ള മത്സരത്തിൽ മണിക്കൂർ ഞങ്ങളെ ബഹുദൂരം പിറകിലാക്കി ഓടിപ്പോയികൊണ്ടിരിക്കുന്നു. വഴിയൊട്ട് തീരുന്നുമില്ല ഒരു മലയുടെ ഉച്ചിയിലെത്തിയാൽ അടുത്ത മലഞ്ചെരുവിലേക്കാണ് എത്തിച്ചേരുന്നത്. നെല്ലിക്കയുടെ ഭാരം കൊണ്ട് ചില്ലകൾ താഴ്ന്നൊരു നെല്ലിമരത്തിൽനിന്ന് ആവശ്യത്തിന് പറിച്ച് കുറെ സമയം വിശ്രമിച്ചു. വീണ്ടും ഏറെ സമയത്തെ കയറ്റത്തിന് ശേഷം ഒരു വേലി കടന്നു നടക്കാണം ഒരു ഭാഗത്തു ഓറഞ്ച് കൃഷിയും മറുഭാഗത്ത് കാപ്പിയും ഏലവുമൊക്കെയാണ്.
കൃഷിയിടത്തിനു നടുക്കായി ഒരു ചെറിയ വെള്ളച്ചാട്ടം. ആവശ്യത്തിന് വെള്ളം ശേഖരിച്ച് ഒന്ന് വിശ്രമിക്കാനിരുന്നപ്പോൾ ദൂരെ തോട്ടത്തിൽ രണ്ട് പണിക്കാർ. അടുത്തുപോയി ഗ്രാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇനി ചെറിയൊരു കയറ്റം കൂടി കയറിയാൽ ഗ്രാമം കാണാമെന്ന മറുപടി ലഭിച്ചു . ഈ തോട്ടം കഴിഞ്ഞാൽ പിന്നെ ഉരുളൻകല്ല് കൊണ്ടുണ്ടാക്കിയ പടവുകളാണ്. ഈ പടവുകൾ കയറുമ്പോൾ ഇരുവശത്തും കൂറ്റൻ മരങ്ങളാണ്. പടവുകൾ കയറി അല്പം കൂടി നടന്നാൽ ഒരു വളവിനപ്പുറം വെല്ലഗവിയുടെ കാഴ്ചയായി.
വെല്ലഗവിയിൽ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കോവിലാണ് ഇതിനപ്പുറത്തേക്ക് ഇവിടുത്തുകാർ ആരുംതന്നെ പാദരക്ഷകൾ ഉപയോഗിക്കാറില്ല. ഇതുപോലെ ഇരുപത്തഞ്ചോളം കോവിലുകളുണ്ട് 150 ഓളം പേർ മാത്രം ജീവിക്കുന്ന ഈ ചെറിയ ഗ്രാമത്തിൽ. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ ഗ്രാമത്തെ ഒരു പുണ്യസ്ഥലമായി വിശ്വസിക്കുന്നു പുണ്യസ്ഥലങ്ങളിൽ പാദുകങ്ങൾക്കു സ്ഥാനമില്ലല്ലോ. വിശ്വാസത്തിന്റെ കാര്യത്തിൽ ഇവരോരുത്തരും കർക്കശക്കാരാണ്.
നിരനിരയായാണ് വീടുകൾ ഷീറ്റിട്ടതോ അല്ലെങ്കിൽ ഓടുമേഞ്ഞതോ ആണ് എല്ലാ വീടുകളും ഒരോ വീടുകളും മുട്ടിയുരുമ്മി നിലകൊള്ളുന്നു. പച്ചയും നീലയും ചുവപ്പും നീലയുമോക്കെയായി ബഹുവര്ണങ്ങളിലുള്ള മിക്ക വീടുകൾക്ക് മുന്നിലും ഭംഗിയിൽ കോലമെഴുതിയിട്ടുണ്ട്. ചുമരുകളിൽ ചിത്രപ്പണികളും. മുഖാമുഖം നിലകൊള്ളുന്ന വീടുകൾക്കിടയിലെ നടവഴിയെല്ലാം സിമന്റ്കൊണ്ട് വൃത്തിയാക്കിയിട്ടുണ്ട്. വീടുകൾക്കിടയിലോ വഴിയുടെ അറ്റത്തോ ആയി കോവിലുകൾ തലയുയർത്തി നിൽക്കുന്നു. മിക്ക കോവിലുകൾക്ക് മുന്നിലും ഒന്നോരണ്ടോ പേരെങ്കിലും പ്രാർത്ഥനയോടെ നിൽക്കുന്നത് കാണാമായിരുന്നു. വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവം ഇവർ ആഘോഷപൂർവ്വം കൊണ്ടാടുന്നു .
കഴുതചാണകം മണക്കുന്ന ഗ്രാമ വീഥിയിലൂടെ നടക്കുമ്പോൾ പുഞ്ചിരിയോടെയല്ലാതെ ഒരു മുഖവും ഞങ്ങളെ എതിരേറ്റില്ല. ഞായറാഴ്‌ച്ചയായതിനാൽ കുട്ടികളുടെ ബഹളമാണ് വഴികളിലെല്ലാം. ഒരു വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന മോനോട് ഫോട്ടോയെടുക്കട്ടെയെന്നു ചോദിച്ചതും അവൻ നാണിച്ചു തലതാഴ്ത്തിയപ്പോൾ അവന്റെ അമ്മയുംകൂടെ പറഞ്ഞു ഒരുവിധം സമ്മതിച്ചു പക്ഷെ ഫോട്ടോയെടുത്ത് കാമറയിൽ തന്റെ ഫോട്ടോ കണ്ടപ്പോഴുള്ള സന്തോഷം മറക്കാൻ കഴിയില്ല. എൽ പി. തലത്തിലുള്ള ഒരു സ്കൂൾ മാത്രം വെല്ലഗവിക്കാർക്കു സ്വന്തമായുണ്ട് അവിടെ പഠിപ്പിക്കാൻ അധ്യാപകർ പെരിയകുളത്തുനിന്നും കൊടൈക്കനാലിൽ നിന്നും വരുന്നു. ഉയർന്ന ക്‌ളാസുകളിലേക്ക് പഠിക്കണമെങ്കിൽ ഇവർക്ക് പുറം നാടുകളെ ആശ്രയിക്കണം. വീട്ടുപടിക്കൽ നിന്ന് സ്കൂളിലേക്കും തിരിച്ചും വാഹനത്തിൽ മാത്രം പോയി ശീലിച്ച നമ്മുടെ മക്കൾ ഈ കാടിന്റെ മക്കളുടെ കഥയറിയുന്നുണ്ടോ.
ആശുപത്രിയും മറ്റ് അത്യാവശ്യ സേവനങ്ങളും ഇവർക്കന്യമാണ്. ഒരു രോഗം വന്നാൽ കിലോമീറ്ററുകളോളം നടന്നുപോവുകയോ അല്ലെങ്കിൽ ചുമന്നു കൊണ്ടുപോവേണ്ടി വരുന്ന അവസ്ഥ എത്രമാത്രം ഭീകരമാണ്. ഒരു ചായക്കടയും ചെറിയൊരു പലചരക്ക് കടയുമാണ് ഇവിടെ ആകെയുള്ള കച്ചവടസ്ഥാപനങ്ങൾ ചായക്കടയോടൊപ്പം ഇപ്പോഴൊരു ക്യാമ്പ്സെറ്റപ്പ്കൂടി തുടങ്ങിയിട്ടുണ്ട് നിരവധിസഞ്ചാരികൾ ഗ്രാമത്തിലെത്താൻ തുടങ്ങിയതിനു ശേഷമാണ് ഇത് ആരംഭിക്കുന്നത്. കൃഷിയും ആടുവളർത്തലുമാണ് ഇവിടുത്തുകാരുടെ പ്രധാന ജീവിതമാർഗം ഓറഞ്ചും നാരങ്ങയും കൂടാതെ ഏലവും കാപ്പിയും വിളയിക്കുന്നുണ്ടിവർ. 300 വർഷത്തോളം പഴക്കമുള്ള ഈ ഗ്രാമത്തിലേക്ക് വേണ്ട കുടിവെള്ളം പൈപ്പ് വഴി വട്ടകനാലിൽ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. പ്രായത്തിൽ കൊടൈക്കനാൽ പട്ടണത്തേക്കാൾ മുതിർന്ന വെല്ലഗവിയോട് പക്ഷെ സർക്കാരിനും വല്ല്യ താല്പര്യമില്ലാത്തതു പോലെയാണ്. ഒരുപാട് അസൗകര്യങ്ങൾക്കിടയിലും പരിഭവമേതുമില്ലാതെ പ്രകൃതിയോടിണങ്ങി അല്ലെങ്കിൽ പ്രകൃതിയോട് മല്ലിട്ട് വെല്ലഗവിക്കാർ ജീവിക്കുന്നു.
സമയം വെയിലാറിയിരുന്നു ഇപ്പോഴെങ്കിലും നടത്തം തുടങ്ങിയാലേ ഇരുട്ടും മുൻപ് വട്ടകനാൽ എത്താൻ കഴിയൂ. അവിടെ ചിലവഴിച്ച കുറഞ്ഞ സമയത്തിനുള്ളിൽ പരിചിതരായിക്കഴിഞ്ഞിരുന്ന ഗ്രാമവാസികളോട് യാത്രപറഞ്ഞ് വെല്ലഗവിയോട് വിടപറഞ്ഞു. കോവിൽ കഴിഞ്ഞയുടനെ പടവുകളാണ് പടവുകൾ കയറിയാൽ പിന്നെ ചെമ്മൺ പാതയാണ് കുമ്പക്കരൈയിലേക്കുള്ള വഴിയെക്കാൾ ഉപയോഗം കൂടുതലായതിനാലാവണം താരതമ്യേനെ നല്ല വഴിയാണ് വെല്ലഗവിയിലെ നിരവധിയാളുകൾ കച്ചവടത്തിനായും ജോലിക്കായും സാധനങ്ങൾ വാങ്ങുന്നതിനുമായി കൊടൈക്കനാൽ പട്ടണത്തിലെത്തുന്നുണ്ട്.
വഴിയുടെ ഇരുവശവും ഇടതൂർന്ന കാടുകളാണ്. വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും മാറി മാറി വന്നുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തലയിൽ ചുമടുമായി നഗ്നപാദരായ ഗ്രാമവാസികൾ ഇറങ്ങിവരുന്നു ഒരാൾപോലും കുശലമനേഷിക്കാതെ കടന്നുപോയില്ല അവരെക്കുറിച്ചു കേട്ടറിഞ്ഞതും ഇതുതന്നെയായിരുന്നു സ്നേഹിക്കാൻ മാത്രമറിയാവുന്നവർ. നേരമിരുട്ടാൻ തുടങ്ങിയിരുന്നു വൈകിയാൽ കൊടൈക്കനാൽ നിന്ന് ബസ് കിട്ടില്ലെന്നറിയാവുന്നത്കൊണ്ട് നടത്തത്തിന്റെ ആക്കം കൂട്ടാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.
ഡോൾഫിൻ നോസ് എത്താറായതിന്റെ സൂചനയെന്നോണം യൂക്കാലിപ്സ്റ്റ് മരങ്ങൾ കണ്ടുതുടങ്ങി എന്നിട്ടും ഏറെ നേരത്തിനു ശേഷമാണ് ഡോൾഫിൻനോസ് വ്യൂപോയിന്റിലെത്തുന്നത്. സമയം വൈകിയതിനാൽ സന്ദർശകരുണ്ടായിരുന്നില്ല. പാറയുടെ ഉച്ചിയിൽ നിന്ന് നോക്കുമ്പോൾ ദൂരെ കാടിനു നടുവിലായി വെല്ലഗവിയുടെ പ്രകാശകാഴ്ച ദൃശ്യമായി. കിതപ്പ് മാറ്റി നടത്തം തുടർന്നു വട്ടക്കനാൽ എത്തിയപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു. സംഘാഗങ്ങളോട് യാത്ര ചോദിച്ച്, ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ച നിർവൃതിയോടെ മടക്കം …