അമേരിക്കയിലെ വാഷിംഗ്‌ടൺ, ഒറിഗൺ സംസ്ഥാനങ്ങളിലേക്ക് 9 ദിവസത്തെ കിടിലൻ ഫാമിലി ടൂർ.

വിവരണം – Jyothi Sanoj.

കഴിഞ്ഞ വർഷം നാട്ടിൽ വന്നു പോയതിനു ശേഷം നീണ്ട യാത്രകൾ ഒന്നും നടത്തിയിട്ടില്ല. യാത്രകൾ ഒന്നുമില്ലാതെ ഒരു കൊല്ലം.. സാധാരണ പതിവില്ലാത്തതാണ്. കുട്ടികൾ വളർന്നു വരുന്നതനുസരിച്ചു മുൻഗണനകൾ മാറുന്നു. ഏതായാലും വേനലവധിക്ക് കുട്ടികളുടെ സ്കൂൾ അടച്ചപ്പോൾ ഒരു ചെറിയ ടൂർ പ്ലാൻ ചെയ്തു.അമേരിക്കയിലെ തന്നെ വാഷിംഗ്‌ടൺ, ഒറിഗൺ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിലേക്ക് 9 ദിവസത്തെ ഒരു ടൂർ.

ആദ്യ ദിവസം പോകുന്നത് വാഷിംഗ്‌ടൺ സംസ്ഥാനത്തിലെ സിയാറ്റിൽ എന്ന സ്ഥലത്തേക്കാണ്. അമേരിക്കയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലുള്ള ഏറ്റവും ഒടുവിലത്തെ ഗ്രാമം ആയ നിയാ ബേ (neah bay) ആണ് ലക്‌ഷ്യം. കാലിഫോർണിയയിലെ ലോസ് ആഞ്ചേലസ് നിന്നുമുള്ള ഞങളുടെ ഫ്‌ളൈറ്റ് വൈകീട്ട് നാലു മണിയോടെ സീയാറ്റിലിൽ എത്തി. എയർപോർട്ടിൽ നിന്നും ഒരു കാർ വാടകക്ക് എടുത്തു ആദ്യ കേന്ദ്രമായ നിയാ ബേയിലേക്ക് .

സീയാറ്റിലിൽ നിന്നും 280 കിലോമീറ്റർ ദൂരമുണ്ട് നിയാ ബേ എത്താൻ. പസഫിക് സമുദ്രം കരയുടെ ഉള്ളിലേക്ക് കയറി Elliott Bay എന്നറിയപ്പെടുന്ന കടലിടുക്കിനു ചേർന്നുള്ള റോഡിലൂടെ ആണ് ഈ യാത്രയുടെ ഭൂരിഭാഗവും.

ഭൂമധ്യ രേഖയിൽനിന്നും ദൂരേക്ക്‌ പോകുന്തോറും രാത്രിയും പകലും തമ്മിലുള്ള അന്തരം കൂടും. ഉത്തരാർദ്ധ ഗോളത്തിൽ ജൂൺ – ജൂലൈ മാസങ്ങൾ ആണ് ഇങ്ങനെ ഏറ്റവും ദൈർഘ്യം എറിയതു. ഞങ്ങൾ യാത്ര പോയ സമയത്തു സൂര്യാസ്തമയ സമയം 9 മണി കഴിഞ്ഞു ആയിരുന്നു. അതായത് ശരിക്കും ഇരുട്ടാകാൻ പത്തു മണി കഴിയും.. അതുകൊണ്ടു തന്നെ നിയാ ബേ എത്തുന്നത് വരെ തന്നെ ആവശ്യത്തിനു വെളിച്ചം ഉണ്ടായിരുന്നു. ഇത് പ്രയോജനപ്പെടുത്തി വഴിയിൽ ചിലയിടങ്ങളിൽ ഇറങ്ങി അല്പം സമയം ചിലവഴിക്കാനും കഴിഞ്ഞു.

പോകുന്നത് ഒരു ഗ്രാമത്തിലേക്കാണെന്നു നേരത്തെ അറിയാമായിരുന്നുവെങ്കിലും ഇത്രമാത്രം ഉൾപ്രദേശം ആണെന്ന് അവിടെ എത്തിയപ്പോൾ മാത്രമാണ് അറിഞ്ഞത്. ശരിക്കും ഒരു കുഗ്രാമം.. അവിടെയും ഇവിടെയുമായി ഏതാനും ചില വീടുകൾ, വല്ലപ്പോഴും വരുന്ന സഞ്ചാരികൾക്കായി രണ്ടു ചെറിയ ചായക്കട, ഒരു പെട്രോൾ പമ്പ്, ഒരു സ്കൂൾ, ഒരു ക്ലിനിക്ക്. ഇതാണ് നിയാ ബേ. ഏറ്റവും അടുത്തുള്ള സാമാന്യം ഭേദപ്പെട്ട ഒരു പട്ടണം എന്ന് പറയാവുന്നത് ഇവിടെ നിന്നും 115 കിലോമീറ്റർ അകലെ ഉള്ള പോർട്ട് ആഞ്ചലസ്‌ ആണ്. 2010 ലെ സെൻസസ് പ്രകാരം ആകെ ജനസംഖ്യ 865 പേർ മാത്രം. ഭൂരിഭാഗവും മൽസ്യബന്ധനത്തിൽ ഉപജീവനം നടത്തുന്നവർ. ബാക്കി ഉള്ളവർ കൃഷിയും ടൂറിസവും ആയി ജീവിക്കുന്നു..

ഒരു ഓൺലൈൻ ടൂർ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത ഒരിടത്താണ് ഞങ്ങളുടെ ഒരു രാത്രി താമസം. മറ്റു ഹോട്ടലുകൾ ഒന്നും ഇല്ലാത്ത ഈ സ്ഥലത്തു രാത്രി തങ്ങണമെങ്കിൽ ഉള്ള ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഒന്നാണ് അല്പം പ്രായമായ ദമ്പതികൾ നടത്തി കൊണ്ട് പോകുന്ന ഈ ഹോം സ്റ്റേ. മുകളിലെ നിലയിൽ ഉള്ള ഒരു ഹാൾ, ഒരു ബെഡ്‌റൂം, ഒരു ചെറിയ സിറ്റ് ഔട്ട്, ബാത്ത് ടബ്ബ്, കടൽക്കരയിലേക്കു നോക്കിയിരിക്കാൻ കഴിയുന്ന ഒരു ബാൽക്കണി. ഇത്രയും ഞങ്ങൾക്ക് ഉപയോഗിക്കാം.

അടുത്ത ദിവസം രാവിലെ കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആ സ്ത്രീയുമായി അല്പം സംസാരിക്കാൻ അവസരം ലഭിച്ചു. ചെറുപ്പകാലത്തു തന്നെ അവിടെ താമസം ആക്കിയവർ ആണ് അവർ. നിയ ബെയിലെ ഭൂരിഭാഗം ആളുകളെപോലെ ഇവരുടെ രണ്ടു മക്കളും മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. പേരക്കുട്ടികൾ അവിടെ തന്നെയുള്ള ഒരേ ഒരു സ്കൂളിൽ പഠിക്കുന്നു. പുറംലോകവുമായുള്ള ബന്ധം വളരെ കുറവാണു. കാപ്പി കുടി കഴിഞ്ഞു അവരോട് ബൈ പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

പടിഞ്ഞാറൻ മുനന്പിൽ ഉള്ള കേപ്പ് ഫ്ളാറ്റെറി എന്ന ദ്വീപിലേക്കാണ് ഇന്നത്തെ യാത്ര. അങ്ങോട്ടുള്ള യാത്രയിൽ മുഴുവനും ആഥിതേയയായ ആ സ്ത്രീയുടെ മുഖമായിരുന്നു മനസ്സിൽ. ലോകത്തിലെ എല്ലാ സുഖ സൗകര്യങ്ങളുടെയും സമ്പത്തിന്റെയും നടുവിൽ, ആർഭാടമായി ജീവിക്കുന്ന രാജ്യത്തിൻറെ മറ്റൊരു ഭാഗത്തു അതിൽ നിന്നെല്ലാം മാറി കുറച്ചു ആളുകൾ. അവരുടെ ജീവിതം വിരസമായി അവർക്കു തോന്നാറുണ്ടാകുമോ അതോ നാഗരിക ജീവിതത്തിൽ ഇല്ലാത്ത ഒരു ശാന്തത അവർ ആസ്വദിക്കുന്നുണ്ടാകുമോ?

അങ്ങനെ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കേപ്പ് ഫ്ലാറ്റെറി എത്തി. കാർ പാർക്ക് ചെയ്തതിനു ശേഷം വനത്തിലൂടെ ഒരു കിലോമീറ്ററോളം നടക്കണം കടൽത്തീരത്ത് എത്താൻ. അമേരിക്കയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ മുനമ്പ് ആണ് ഇത് എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. ജനവാസം ഇല്ലാത്ത കുറെ ചെറിയ ദ്വീപുകൾ ആണ് ഇവിടം. തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസമാണെങ്കിൽ കടലിടുക്കിനു അപ്പുറത്തുള്ള കാനഡയിലെ ബ്രിടീഷ് കൊളമ്പിയ സംസ്ഥാനത്തിന്റെ ഭാഗമായ ദ്വീപുകൾ കാണാം എന്ന് താമസിച്ച വീട്ടിലെ ഗൃഹസ്ഥൻ ഞങ്ങളോട് പറഞ്ഞിരുന്നു.

കാർ നിർത്തിയ സ്ഥലം വരെ നല്ല തെളിഞ്ഞ അന്തരീക്ഷം ആയിരുന്നെങ്കിലും കടൽത്തീരം മേഘാവൃതമായിരുന്നതിനാൽ ദൂരേക്ക്‌ കൂടുതൽ ആയി ഒന്നും കാണാൻ കഴിഞ്ഞില്ല. കാട്ടിലൂടെ അല്പം നടന്നു കണ്ടതിനു ശേഷം ഉച്ചയോടെ അവിടെ നിന്നും തിരിച്ചു. അടുത്ത കേന്ദ്രം 140 കിലോമീറ്റർ ദൂരെയുള്ള hoh rainforest (മഴക്കാടുകൾ) ആണ് .. അതിനെക്കുറിച്ചു അടുത്ത പ്രാവശ്യം.