വിവരണം – Suresh Narayanan.
മ്മടെ കളക്ടർബ്രോ (പ്രശാന്ത് നായർ) ഒരു കാര്യം പറഞ്ഞാൽ എങ്ങനെയാ നടത്തി കൊടുക്കാതിരിക്കുക? അങ്ങനെ നടത്തിക്കൊടുക്കാൻ പോയി പെട്ടുപോയ ഒരു യാത്രയുടെ വിവരണമാണ് ചുവടെ. ഡൽഹിയിൽ ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ ബ്രോ നേരെ KSINC യുടെ എംഡിയായി എറണാകുളത്ത് ചാർജെടുത്തു. ബാർജ് സർവീസുകൾ മാത്രം നടത്തിയിരുന്ന ഈ സ്ഥാപനം അതിൻറെ മുഖംമിനുക്കാൻ തുടങ്ങിയതിന്റെ ആദ്യ ലക്ഷണമാണ് നെഫർറ്റിറ്റി എന്ന് ലക്ഷ്വറി ക്രൂയിസറിൻ്റെ ലോഞ്ച്. മാർച്ച് പത്താം തീയതിയാണ് ഇതിൻറെ ആദ്യ റൺ നടന്നത്.
ബ്രോയുടെ ഫേസ്ബുക്ക് പേജിൽ ഉള്ള നെഫർറ്റിറ്റിയുടെ ചിത്രങ്ങൾ അത്യധികം പ്രലോഭിപ്പിക്കുന്നതാണ്.. ഈ പ്രതീക്ഷകളുടെ ഒരു ഭാരം ഉണ്ടല്ലോ, അതുകൊണ്ടായിരിക്കും എറണാകുളം ജെട്ടിയിൽ നിന്ന് ഐലൻഡ്ലേക്ക് ഞാൻ കയറിയ ബോട്ട് അടുക്കുമ്പോൾ ദൂരെനിന്നും ഈ ‘യാനം’ കണ്ട ഉടനെ യ്യേ,ഇത്രയും ചെറുതാണോ എന്ന തോന്നൽ ഉണ്ടായത്.ഒന്നും രണ്ടുമല്ല 3000 രൂപയാണേ ഫീസ് എണ്ണിക്കൊടുത്തത്. അഞ്ചു മണിക്കൂർ പുറംകടലിലേക്കുള്ള സഫാരി ആണ് നെഫർറ്റിറ്റി ഓഫർ ചെയ്യുന്നത്. 7- 8 നോട്ടിക്കൽ മൈൽ സ്പീഡിൽ 20 നോട്ടിക്കൽ മൈൽ ദൂരം വരെ പോകും. അതായത് 36 കിലോമീറ്റർ.
എറണാകുളം വാർഫിൽ ചെക്കിൻ ചെയ്യുമ്പോൾ സ്വാഗതം ചെയ്തത് ഊർജ്ജസ്വലനായ ക്രൂയിസ് മാനേജർ ടിനുആണ്. അന്ന് എന്തോ കാരണത്താൽ 60 പേരുടെ bulk ബുക്കിംഗ് ക്യാൻസൽ ആയതുകൊണ്ട് ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ക്രൂയിസിൽ ഉണ്ടെന്ന് ടിനു പറഞ്ഞു. ആ ആവേശത്തിൽ ഓടിയകത്ത് കയറി. അപ്പർ ഡക്ക് -ലോവർ ഡെക്ക് എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട് ഈ യാനത്തെ. മനോഹരമായ ഇൻറീരിയർ വർക്കുകൾ. കോൺഫറൻസ് ഹാൾ ,മിനി തിയേറ്റർ എന്നിവ താഴെയും റസ്റ്റോറൻറ്, ബാർ, ചിൽഡ്രൻസ് ഏരിയ എന്നിവ മുകളിലും. പതിനാറോളം സ്റ്റാഫ് ഉണ്ട് ഇതിനുള്ളിൽ. അപ്പർ ഡെക്കിനു മുകളിൽ സൂര്യാസ്തമനം കാണാനുള്ള സൗകര്യവും ഉണ്ട്.
“ഒരു കൊച്ചി – ബാലി ടിക്കറ്റ് പൈസയാണല്ലോടാ €#&@ നീ തുലച്ചത് ” എന്ന് സുഹൃത്തിൻറെ ശകാരം കേട്ട് വന്നതുകൊണ്ടായിരിക്കും ഒരു മൂഡ് ആവാൻ സമയമെടുത്തു… അപ്പോഴേക്കും ഡിജെ പാട്ട് – ഡാൻസുകാർ ലോവർ ഡെക്കിൽ റെഡി… മോശം പറയരുതല്ലോ ഓഡിയൻസിനെ കയ്യിലെടുക്കാനുള്ള മരുന്നുകൾ എല്ലാം അവരുടെ കയ്യിലുണ്ട്. നാലുമണിക്ക് ചായ, ആറുമണിക്ക് സൺസെറ്റ്, ആറരയ്ക്ക് ഡിന്നർ.. ഇതിനിടയിൽ കൂടെ പാട്ടും ഡാൻസും.. ഡിന്നർ കഴിക്കുമ്പോഴാണ് ഷിപ്പിൻ്റെ ചാഞ്ചാട്ടത്തിൻ്റെ രസം അറിയാനും നുകരാനും പറ്റുക! വെള്ളമടിച്ച് കിക്ക് ആയവരെ പോലെ ആടി പോകും നമ്മൾ. അങ്ങനെ ആണുങ്ങളും പെണ്ണുങ്ങളും ആടിയാടി ഭക്ഷണം എടുത്തിട്ട് വരുന്ന കാഴ്ച ഒരു വെറൈറ്റി തന്നെ!
കടൽ അന്ന് വളരെ ശാന്തമായിരുന്നു. ഡിന്നറിനു ശേഷം വീണ്ടും ഫാസ്റ്റ് നമ്പറുകളോടെ ഡിജെ തകർത്തു കൊണ്ടിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ,ഹാളിൻ്റെ വശങ്ങളിൽ വെച്ചിട്ടുള്ള ഗ്ലാസുകൾ കുറേക്കൂടി വലുത് ആയിരുന്നെങ്കിൽ സൂപ്പറായിരുന്നേനെ എന്ന് എനിക്ക് തോന്നി. അവിടെനിന്നുള്ള views ,പിന്നെ ആട്ടവും കൂടിച്ചേരുമ്പോൾ മികച്ച ഒരു ഫീൽ കിട്ടുമായിരുന്നു. ഡിന്നർ അബാദ് പ്ലാസയിൽ നിന്നാണ് കൊണ്ടു വരുന്നത്. അധികം വെറൈറ്റികൾ ഒന്നുമില്ല ;ആവറേജ് എന്നുപറയാം. ബാറിലെ ഐറ്റംസ് ആണെങ്കിൽ ത്രീസ്റ്റാർ ഹോട്ടലിലെ റേറ്റ് ആണ്. പല്ലുകടിക്കാൻ തോന്നിയെങ്കിലും ബ്രോയോടുള്ള സ്നേഹം വീണ്ടും വഴിഞ്ഞൊഴുകി,എല്ലാം ഉള്ളിലൊതുക്കി!
അങ്ങിനെ ഒരു എട്ടരയോടെ തിരിച്ച് എറണാകുളം വാർഫിൽ എത്തി. ടീനുവിന് ഷേക്ക് ഹാൻഡും കൊടുത്തിട്ട് 8 :40 നുള്ള എറണാകുളം ബോട്ട് പിടിക്കാനായിട്ട് ഒരൊറ്റ ഓട്ടം! എന്തൊക്കെയായാലും സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തത്ര താരിഫ് ആണ് Nefertiti യുടെ. ടിനു തന്നെ പറഞ്ഞപോലെ കോർപ്പറേറ്റ് ഇവൻ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. നാല് ലക്ഷം രൂപയാണത്രെ ഒരു ദിവസത്തെ കോർപ്പറേറ്റ് റെൻ്റ് വരുക.