തോട്ടത്തിൽ ഡോണിനൊപ്പം ചാലക്കുടി – വാൽപ്പാറ റൂട്ടിൽ ഒരു കിടിലൻ യാത്ര !!

വിവരണം – Ajith Kumar Mkv.

തോട്ടത്തിൽ ഡോൺ മലക്കപാറക്കാരുടെ വിശ്വസ്തമായ പേര്. പാണന്റെ പഴംപാട്ട് പോലെ ഇവന്റെ ഇതിഹാസങ്ങൾ പലതും കേട്ടിട്ടുണ്ട് അടുത്തറിയണം എന്ന ആഗ്രഹം മൂത്തപ്പോൾ ഇവന്റെ ഒപ്പം ഒരു ദിവസം ചിലവഴിക്കണം എന്നു തീരുമാനിച്ച് ഒരു യാത്ര പ്ലാൻ ചെയ്തു . സാധാരണ എല്ലാ പ്ലാൻഡ് യാത്രകളെയും പോലെ തന്നെ പല വഴിക്ക് ആളുകൾ കുറഞ്ഞു തുടങ്ങി. ഫൈനൽ റൌണ്ട് ലേക്ക് യാത്രക്കാരുടെ എണ്ണം കൈവിരലിൽ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിയപ്പോളും നിരാശ തോന്നീല്ല. എല്ലാ വിധ സഹായങ്ങളുമായി ഡോൺന്റെ കണ്ടക്ടർ നിഖിൽ ബ്രോ(ആളൊരു കട്ട ഫ്രീക്ക് ആണ് കേട്ടോ) ഒപ്പം ഉണ്ടായിരുന്നു.

യാത്ര ദിവസം രാവിലെ സ്റ്റാൻഡിൽ എത്തുന്നതിനു മുന്നേ ഞങ്ങൾ വണ്ടിയിൽ കയറി സീറ്റ് ഉറപ്പിച്ചു. KL-08-AD-667 അശോക് ലൈലൻഡ് BS II മോഡൽ ബസ്.വൃത്തിയുള്ള സീറ്റുകൾ, ഗ്ലാസ്സ് ബോഡി. വണ്ടി സ്റ്റാൻഡിൽ കൊണ്ട് വന്നു ഇട്ടപ്പോൾ തന്നെ ഡ്രൈവറും കണ്ടക്ടർ ഉം ആയി കൂടുതൽ കമ്പനി ആക്കി. യാത്രയുടെ ഉദ്ദേശവും എല്ലാം പറഞ്ഞു. കൃത്യം 6.47 ന് ചാലക്കുടി സ്റ്റാൻഡിൽ നിന്നും വണ്ടി പുറപ്പെട്ടു. ഏകദേശം സീറ്റ്കൾ എല്ലാം ഫുൾ. 2,3 സ്റ്റോപ്പുകൾ കഴിഞ്ഞതോടു കൂടി വണ്ടിയിൽ മോശമല്ലാത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. നേരെ വാൽപ്പാറക്ക് ടിക്കറ്റ് എടുത്തു (₹ 105). കോണ്ക്രീറ്റ് വനങ്ങൾ താണ്ടി വണ്ടി നാട്ടുപ്രദേശത്തു കൂടി ഓടാൻ തുടങ്ങി. സൂര്യേട്ടൻ പതുക്കെ എത്തിനോക്കി തുടങ്ങി. സൈഡിൽ ചാലക്കുടി പുഴ ദൃശ്യമാവാൻ തുടങ്ങിയതോട് കൂടി പഴയ അതിരപ്പള്ളി യാത്രയുടെ ഓർമകൾ കൂടെ കൂടി.

ചെറിയ ചെറിയ സ്റ്റോപ്പുകളിൽ ആളുകൾ കയറുകയും ഇറങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. ആതിരപ്പള്ളി എത്തിയപ്പോൾ കുറച്ച് ആളുകൾ ഇറങ്ങുകയും ഫോറെസ്റ്റ് വാച്ചർമാർ കയറുകയും ചെയ്തു. ഇടക്കിടക്ക് ഉള്ള സ്റ്റോപ്പുകളിൽ നിന്നെല്ലാം ഉണ്ട് അവരെല്ലാം. അതിനിടക്ക് പ്രളയസമയത്ത് വൈറൽ ആയ ചാർപ്പ വെള്ളച്ചാട്ടം വഴിയിൽ ഡ്രൈവർ കാണിച്ചു തന്നു. വാഴച്ചാൽ എത്തിയപ്പോൾ കണ്ടക്ടർ ചെക്പോസ്റ്റിൽ ഉള്ള ഉദ്യോഗസ്ഥരോട് പരിചയം പുതുക്കുകയും കുശലാന്വേഷണം നടത്തുകയും പത്രംകൊടുക്കുകയും ചെയ്തു. തുടർന്ന് യാത്ര തുടർന്നു.
അത് കഴിഞ്ഞപ്പോൾ ഒന്നു ചെറുതായി മയങ്ങി.

ബസ് പുളിയിലപ്പാറ എത്തിയപ്പോൾ ചായക്ക് നിർത്തി. അവിടെ നിന്നു ചായ കുടിച്ചു വീണ്ടും യാത്ര തുടങ്ങി. കണ്ടക്ടർ ഫ്രണ്ടിൽ പെട്ടി സീറ്റിൽ സീറ്റ് തരപ്പെടുത്തി തന്നു. അപ്പോളാണ് ബോണറ്റിനു മുകളിലായി ചുരുട്ടി വച്ചിരിക്കുന്ന പത്രങ്ങൾ കണ്ടത്. അത് അന്വേഷിച്ചപ്പോൾ ആണ് വാൽപ്പാറയിൽ മലയാള പത്രങ്ങൾ എത്തിക്കുന്നത് ‘തോട്ടത്തിൽ’ ബസ് ആണ് എന്നറിയുന്നത്. തുടർന്നാണ് ഡ്രൈവർ ക്യാബിന് വശങ്ങളിൽ ഉള്ള സാധങ്ങൾ കാണിച്ചു തരുന്നത്. പാൽ, പപ്പടം, പലഹാരങ്ങൾ തുടങ്ങി പലതും ഉണ്ട്. എല്ലാം വാൽപ്പാറക്ക് എത്തുന്ന വഴികളിലെ ആളുകൾക്ക് ഉള്ളതാണ്.

അവിടെ നിന്നും കാഴ്ചകൾ തുടങ്ങുകയായിരുന്നു. ഈറ്റകാടുകൾക്കും ചെറിയ പാലങ്ങൾക്കും ഇടയിലൂടെയും മുന്നോട്ട് കയറ്റം കയറി തുടങ്ങി. പ്രളയസമയത്ത് ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിറയെ കണ്ടു. റോഡിൽ നിറയെ ആനപിണ്ടികൾ അല്ലാതെ ആനകളെ ഒന്നും കണ്ടില്ല. ഒരു സൈഡിൽ ഷോളയാർ ഡാം തെളിഞ്ഞു വന്നു. 10 വർഷത്തിലധികം ആ റൂട്ടിൽ വണ്ടി ഓടിച്ച് പരിചയമുള്ള ഡ്രൈവർ ആയത് കൊണ്ട് ഓരോ തിരിവും വളവുകളും കാണാപാഠം ആണ്. അങ്ങനെ വണ്ടി കാട് കയറാൻ തുടങ്ങി. ഇടക്ക് ഏതോ സ്റ്റോപിൽ നിന്നും കുറെ ആദിവാസികൾ കയറി. ഉരുളിക്കലേക്ക് ആണ് അവരുടെ യാത്ര. റേഷൻ വന്നതറിഞ്ഞു അത് വാങ്ങാൻ വേണ്ടി പോകുന്ന പോക്കാണ്.

കണ്ടക്ടർ എല്ലാരുടെ കയ്യിൽ നിന്നും പൈസ വാങ്ങേണ്ട ജോലിയിൽ തിരക്കിലാണ്. അതിനിടയിലും അവരുമായി കുശലാന്വേഷണത്തിനും വിശേഷങ്ങൾ അറിയുന്നതിനും ഒക്കെ പുള്ളി സമയം കണ്ടെത്തുന്നുണ്ട്. കയറിയ എല്ലാവരെയും ആൾക്ക് പരിചയം ഉള്ളതാണ്. അവരുടെ ഇടയിൽ ഒരാളെ പോലെ ആയിരുന്നു കണ്ടക്ടർ. ആ സമയത്തു ആ വണ്ടിക്കും പണികാർക്കും ആ റൂട്ടിലെ യാത്രക്കാരുടെ ഇടയിലുള്ള സ്വാധീനം ഓർത്തു പോയി. തിരിച്ചുള്ള യാത്രയിലും അവർ ഉണ്ടായിരുന്നു. തുടർന്ന് കാടൊക്കെ തീർന്നു, മലക്കപ്പാറ കടന്നു വാൽപ്പാറക്ക് കയറി തുടങ്ങി.

തേയില കാടുകൾക്കിടയിലൂടെയുള്ള തണുത്ത കാറ്റ് യാത്രക്ക് ഒരു പുതു ജീവൻ ഏകി തുടങ്ങി. ചെക് പോസ്റ്റ് കടന്ന് തമിഴ്‌നാട്ടിലേക്ക് കയറ്റം കയറിക്കൊണ്ടിരിക്കുമ്പോൾ ഉള്ള എൻജിന്റെ ഇരമ്പൽ ഒരു പാട്ട് പോലെ ആസ്വദിച്ചു തുടങ്ങി. ചായതോട്ടങ്ങൾക്ക് ഇടയിലൂടെ വളഞ്ഞും തിരിഞ്ഞും ഉള്ള യാത്ര നയന മനോഹരമായിരുന്നു. ഗ്ലാസിലൂടെ പുറത്തോട്ട് നോക്കി നിന്നിരുന്ന എനിക്ക് കണ്ടക്ടർ എയർഡോർ തുറന്നു തന്നു. ഇടക്കിടക്ക് ചില സ്ഥലങ്ങളിൽ നിന്നും പലവിധ സാധനങ്ങളും (പൈസ മുതൽ ടയർ വരെ) ലഗ്ഗേജ് ആക്കി കയറ്റുന്നുണ്ടായിരുന്നു.

പെട്ടന്നാണ്, ഒരു വളവ് തിരിഞ്ഞു മുന്നോട്ട് വന്നപ്പോൾ അപ്പർ ഷോളയാർ അതാ മുന്നിൽ.. സ്പിൽവേയിലൂടെ 2 ഷട്ടറിലൂടെ അപ്പോളും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയുടെ സൈഡിലൂടെ മുന്നോട്ടുള്ള യാത്ര നയനമനോഹരം ആയിരുന്നു. ചരിഞ്ഞ പ്രദേശത്ത് ചതുരപ്പെട്ടികൾ അടുക്കി വച്ചപോലെ ദൂരെ വാൽപ്പാറ കാണാൻ തുടങ്ങി. അധികം വൈകാതെ 11.45 നോടടുത്ത് ഞങ്ങളുടെ ബസ് വാൽപ്പാറ എത്തി. തിരിച്ച് ചാലക്കുടിക്ക് 12.05 ന് തന്നെ മടങ്ങും എന്നും അത് വരെ കറങ്ങാനും ജീവനക്കാരുടെ നിർദ്ദേശം ലഭിച്ചു.

കിട്ടിയ സമയത്തു ടൗണിൽ ഞങ്ങൾ ഒരു ഓട്ടപ്രദിക്ഷണം നടത്തി വാൽപ്പാറ കണ്ടു. ഉച്ചയ്ക്ക് 12.05 ന് തന്നെ സാമാന്യം എല്ലാ സീറ്റിലും ആളുകളുമായി ബസ് ചാലക്കുടിയിലേക്ക് തിരിച്ചു. ഒരു മണിക്കൂർ ഓട്ടത്തിനു ശേഷം മലക്കപ്പാറയിൽ ഭക്ഷണത്തിനായി നിർത്തി. അവിടെ ഉള്ള ചെറിയ ഹോട്ടലിൽ നിന്നു ഡാമിലെ മീനും കൂടി സ്വാദിഷ്ടമായ ഊണ്. തുടർന്ന് യാത്രക്കാരുമായി ചെറിയ കുശാലന്വേഷണങ്ങളും ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും ഒക്കെ കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു. തിരിച്ചുള്ള യാത്രയിൽ ഡാം മീൻ ഒക്കെ ചാലക്കുടിക്ക് കൊടുത്തയച്ചിരുന്നു.

തിരിച്ചു വരുമ്പോൾ ആനയെ കാണാൻ സാധ്യത ഉണ്ട് എന്ന് കണ്ടക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങളിലും വരുന്ന വഴിയിലും ഒക്കെ മൊത്തം അരിച്ചു പെറുക്കി നോക്കിയെങ്കിലും കാണാനായില്ല. ആന ആ വഴിക്ക് വന്നു പോയതിന്റെ എല്ലാ സൂചനകളും ഡ്രൈവർ കാണിച്ചു തന്നു. ഹോണ് അടിക്കാതെ കയറി വരുന്ന ചെറു കാറുകാർ പലപ്പോഴും അലോസരം ഉണ്ടാക്കിക്കൊണ്ടേയിരുന്നു. അതിരപ്പള്ളി എത്തുന്നത് വരെ ഓർമ്മയുണ്ട്. അത് കഴിഞ്ഞ് എപ്പോളോ മയങ്ങി. പിന്നെ ഉണർന്നത് ചാലക്കുടി ടൗണിലെ ശബ്ദകോലാഹലങ്ങൾ കേട്ടു തുടങ്ങിയപ്പോൾ ആണ്. കൃത്യം 5 മണിക്ക് തന്നെ ചാലക്കുടി തിരിച്ചെത്തി.

വാൽകഷ്ണം: സ്വന്തമായി വാഹനം ഇല്ലാത്തവർക്കും ഒറ്റക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കും ഈ റൂട്ട് സജ്ജസ്റ്റ് ചെയ്യുന്നു. ബസ് ജീവനക്കാർ നമ്മുടെ ആവശ്യപ്രകാരം ഫോട്ടോ എടുക്കാനും കാഴ്ചകൾ കാണുവാനും ഒക്കെ വണ്ടി നിർത്തിത്തരുന്നവരാണ്.