എറണാകുളത്തുള്ളൊരു സ്വകാര്യ ദ്വീപിലേക്കൊരു യാത്ര..

കഴിഞ്ഞ ദിവസം ഞങ്ങള്‍ കുറച്ചു ബ്ലോഗര്‍മാര്‍ എറണാകുളത്ത് ഒത്തുകൂടുകയുണ്ടായി. സാധാരണയായി ഇങ്ങനെ ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും കഫെയിലോ പാര്‍ക്കിലോ കൂടുകയാണ് പതിവ്. പക്ഷേ ഇത്തവണ ഞങ്ങള്‍ പോയത് ഒരു സ്വകാര്യ ദ്വീപിലേക്ക് ആയിരുന്നു. താജ് മലബാര്‍ പ്രൈവറ്റ് ഐലന്ഡ് എന്നാണു ആ ദ്വീപിന്‍റെ പേര്. വൈപ്പിന്‍ ഭാഗത്തേക്കുള്ള ബോട്ട് പോകുന്ന ഏരിയയിലാണ് ഈ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. താജ് മലബാര്‍ ഹോട്ടല്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ദ്വീപ്‌. ഇവിടെ നടക്കുന്ന ഒരു ഇവന്‍റ് ഷൂട്ട്‌ ചെയ്യുവാനായാണ് ഞങ്ങള്‍ക്ക് ദ്വീപിലേക്ക് പോകുവാന്‍ അവസരം ഒരുങ്ങിയത്.

താജ് മലബാര്‍ ഹോട്ടലിലെ ജെട്ടിയില്‍ നിന്നും ഞങ്ങളുടെ ബോട്ട് യാത്രയായി. കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങളുടെ ബോട്ട് ദ്വീപില്‍ അടുത്തു. ഊഷ്മളമായ വരവേല്‍പ്പ് ആയിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്. ചെണ്ടമേളവും സ്വീകരണവും ഒക്കെയായി അതങ്ങ് കൊഴുപ്പിച്ചു. കോര്‍പ്പറേറ്റ് മീറ്റുകളും കളയാന റിസപ്ഷനുകളും ഫാമിലി മീറ്റും ഒക്കെ ഇവിടെ ഇവന്‍റ് മാനേജ്മെന്റിന്‍റെ സഹായത്തോടെ നടത്താവുന്നതാണ്. മ്യൂസിക് പ്രോഗ്രാമുകളും ഭക്ഷണവും ഒക്കെയായി ഇവിടെ അടിച്ചുപൊളിക്കാം.

ഒത്തിരി സാഹസിക ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പ്രശസ്ത ബ്ലോഗര്‍ ഇബാദ് റഹ്മാന്‍ ദ്വീപില്‍ എത്തിയപാടെ ഹെല്‍മറ്റും സേഫ്റ്റി ജാക്കറ്റും ഒക്കെ ധരിച്ച് ആക്ടിവിറ്റികള്‍ക്കായി തയ്യാറായി. പിന്നെ കുറേസമയത്തേക്ക് പുള്ളിയെ ആരും കണ്ടിട്ടേയില്ല. പുള്ളിയങ്ങനെ സാഹസിക പരിപാടികളൊക്കെയായി ആര്‍മ്മാദിച്ചു നടക്കുകയാണ്.

ഞങ്ങള്‍ താഴെ കാഴ്ചകള്‍ കണ്ടും രസിച്ചും ഒക്കെ സമയം ചിലവഴിച്ചു. ഏകദേശം സമയം സന്ധ്യയായിരുന്നു അപ്പോള്‍. സൂര്യന്‍ കടലില്‍ താണതോടെ ദ്വീപില്‍ മനോഹരമായ വെളിച്ചങ്ങള്‍ ഓണ്‍ ആയിത്തുടങ്ങി. ഒപ്പം കൊച്ചിയിലെ നല്ല ഉശിരുള്ള പടിഞ്ഞാറന്‍ കാറ്റും കൂടിയായപ്പോള്‍ നല്ലൊരു ഫീല്‍ തന്നെയായിരുന്നു. ഇവിടെ വരുന്നവര്‍ക്ക് നല്ല വിലകൂടിയ മദ്യവും ലഭിക്കും കേട്ടോ. മദ്യപാനം അത്ര ഇഷ്ടമല്ലാത്തതിനാല്‍ പകരം ആപ്പിള്‍ ജ്യൂസ് ആയിരുന്നു ഞാന്‍ കുടിച്ചത്.

അപ്പോഴേക്കും എല്ലാവരെയും രസിപ്പിച്ചുകൊണ്ട് അവിടെ പുലികളി തുടങ്ങി. പുലികളിക്കൊപ്പം ഡാന്‍സ് കളിക്കാനും ഫോട്ടോ എടുക്കാനും പിന്നെ മത്സരമായിരുന്നു. പുലികളിക്കു ശേഷം കേരളത്തിന്‍റെ തനതായ ആയോധനകലയായ കളരിപ്പയറ്റ് ആയിരുന്നു കാഴ്ചക്കാരെ ആകര്‍ഷിച്ചത്. ഇതിനിടയില്‍ മുട്ട ഓംലറ്റ് ഉണ്ടാക്കുവാനും കഴിക്കുവാനും ഒക്കെയുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.

അപ്രതീക്ഷിതമായി മഴ പെയ്തതിനാല്‍ ഞങ്ങളുടെ ഡിന്നര്‍ താജ് മലബാര്‍ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. അങ്ങനെ ഞങ്ങള്‍ ദ്വീപില്‍ നിന്നും വില്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലേക്ക് ബോട്ടില്‍ യാത്രയായി.