എഴുത്ത് – രാജമോഹൻ രാജൻ
ആദ്യമായി ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്തത് എപ്പോഴായിരുന്നുവെന്ന് ഓർത്തെുടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. മുമ്പ് പലപ്പോഴും മനസ്സിൽ കടന്ന് വന്ന വിഷയമായിരുന്നു ഇതെന്നതിനാൽ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വന്നില്ല. ഓർമ്മയിൽ അടയാളപ്പെടുത്തുന്ന വിധത്തിലുള്ള അത്തരമൊരു യാത്രക്ക് ഒക്കെ വളരെ മുമ്പേ തന്നെ നിശ്ചയമായും അച്ഛനുമമ്മയും എന്നേയും കൊണ്ട് നിരവധി തവണ ട്രാൻസ്പോർട്ട് ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ടാകണം. ഇരുവരും ഇന്ന് കൂടെയില്ലാത്തതിനാൽ അത് എന്നായിരുന്നുവെന്ന് കൃത്യമായി അന്വേഷിച്ച് അറിയുവാൻ നിർവ്വാഹമില്ല. പക്ഷെ അത് ഏകദേശം എന്നായിരിക്കുമെന്നും എവിടെയായിരിക്കുമെന്നും ഉൗഹിച്ചെടുക്കുവാൻ കഴിയും.
അറുപതുകളുടെ ആദ്യപകുതിയിൽ തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് എന്ന കാര്യം ഉറപ്പിച്ച് പറയാം. അതാകട്ടെ ഒരിക്കലും ഒരു ദീർഘദൂരയാത്രയായിരുന്നില്ല. ആലുവയിലെ അച്ഛൻറ വീട്ടിൽ നിന്നും പെരുമ്പാവൂരിലെ അമ്മയുടെ വീട്ടിലേക്കുള്ള അവരുടെ അന്നത്തെ യാത്രകളിൽ കൈക്കുഞ്ഞായി ഞാനുണ്ടായിരുന്നു. പിന്നീട് അനിയത്തിയും ആ യാത്രകളിൽ കടന്ന് വന്നു.
പുറമെ മഞ്ഞയും ചുവപ്പും അകത്ത് ഇളം പച്ചച്ചായവും പൂശിയ ബസ്സിനെ കുറിച്ച് കൃത്യമായി ഓർത്തെടുക്കാനാകുന്നുണ്ട്. അതിന് കാരണം പുതുതായി പെയിൻറ് അടിച്ചതിന് തൊട്ടടുത്ത ഏതോ ഒരു ദിവസം എന്നേയും കൊണ്ട് അച്ഛനും അമ്മയും പോയിട്ടുണ്ടാകണം. പെയിന്റിന്റെ വല്ലാത്ത ഒരു മണം മൂക്കിലേക്ക് തുളച്ച് കയറിയതും ഞാൻ അവശനായതുമൊക്കെ അവ്യക്തമായി മനസ്സിൽ എവിടേയോ കൊളുത്തി കിടപ്പുണ്ട്. പിൽക്കാലത്ത് സമാനമായ അനുഭവങ്ങളുണ്ടായപ്പോൾ അനുഭവപ്പെട്ട നൊസ്താൾജിയ അതിലേക്ക് എന്നെ കൂട്ടികൊണ്ടു പോയിരുന്നു. വേണമെങ്കിൽ മനഃശാസ്ത്രഞ്ജരുടെ സഹായത്താൽ അത് പൂർണ്ണമായും പുറത്ത് കൊണ്ട് വരികയും ചെയ്യാമല്ലോ എന്ന് തമാശയായി ഓർത്തു. കൂടുതൽ രസകരമായ മറ്റ് ധാരാളം ഓർമ്മകൾ മനസ്സിൽ സ്റ്റോക്ക് ഉള്ളതിനാൽ അതിന്റെയൊക്കെ എന്താവശ്യം എന്ന് തോന്നി.
രസകരമായ മറ്റൊരു ഓർമ്മയിലേക്ക് നേരിട്ട് പോകാം. ണിം ണിം എന്ന് ഇടക്കിടെ ശബ്ദം കേൾപ്പിക്കുന്ന ബസ്സിലെ മണി തന്നെയായിരുന്നു പ്രധാന ആകർഷണം. അതിലേക്ക് സൂക്ഷിച്ച് നോക്കിയിരിക്കുകയെന്ന കൗതുകം അക്കാലത്ത് മിക്ക കുട്ടികളിലും ഉണ്ടായിരുന്നിരിക്കണം. അല്ലാതെ അവരെ ആനന്ദിപ്പിക്കുന്ന മറ്റൊരു കാര്യവും അന്ന് ബസ്സുകളിൽ പ്രത്യേകിച്ചും കെ.എസ്.ആർ.ടി.സിയിൽ തീരെ ഉണ്ടായിരുന്നില്ല എന്ന കാര്യം ഉറപ്പാണ്. കണ്ടക്ടർ താഴോട്ട് വലിക്കുേമ്പാൾ നീണ്ട ചരട് വലിയുകയും അതിെൻറ അറ്റത്തുള്ള വസ്തു മണിയിൽ ആഞ്ഞ് അടിക്കും. അപ്പോൾ ഉയരുന്ന ശബ്ദം കുട്ടികൾക്ക് സന്തോഷമാവാതിരിക്കുവതെങ്ങിനെ?. എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഒന്നാണിത്. മണിയുള്ള ഭാഗത്തെ സീറ്റിലിരിക്കുവാനായി ശാണ്ഠ്യം പിടിച്ചിരുന്നതും മറ്റും നേരിയ ഓർമ്മയായി മനസ്സിലുണ്ട്. മണിയെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നുവെന്നതിന് മറ്റൊരു തെളിവ് നിരത്താം.
അക്കാലത്ത് എനിക്ക് നിലത്ത് ഉന്തിക്കൊണ്ട് നടക്കുന്ന ഒരു കളിപ്പാട്ടം ഉണ്ടായിരുന്നു. ആലുവ തോട്ടേക്കാട്ടുകരയിലെ അയൽവീട്ടിലെ പങ്കി വല്യമ്മ എനിക്ക് വാത്സല്യത്തോടെ സമ്മാനിച്ചതാണ്. പങ്കജാക്ഷിയമ്മയെന്നാണ് അവരുടെ യാഥാർത്ഥ പേര്. ഇടക്ക് തോട്ടേക്കാട്ടുകരയിൽ പോകുേമ്പാൾ അവരുടെ മൂത്ത മകൻ രാധാകൃഷ്ണൻ നായരെ കാണുക പതിവാണ്. അക്കാലത്തെ എെൻറ കുസൃതികൾ ചേട്ടൻ ഓർത്തെടുത്ത് പറയുക പതിവാണ്. കളിപ്പാട്ടത്തിലെ ചക്രത്തിൽ ചെറിയ ഒരു മണി ഘടിപ്പിച്ചിട്ടുണ്ട്. ചക്രം നിശ്ചിത ദൂരം കറങ്ങുേമ്പാൾ ഒരു സ്പ്രിങ്ങിൽ ഘടിപ്പിച്ച വസ്തു മണിയിൽ അടിക്കും. ജാനകീ നിവാസിലെ (അച്ഛെൻറ അമ്മ പി.ജാനകി ടീച്ചറുടെ പേരാണ് വീടിന് നൽകിയിരുന്നത്) സകല മുറികളിലും നിരന്തരമായി ഓടിച്ച് ഒരു ദിവസം അതിെൻറ പണിതീർന്നു. പൊട്ടിയ സാധനവുമായി ഞാൻ പങ്കി വല്യമ്മയുടെ അടുത്തേക്ക് കരഞ്ഞ് കൊണ്ട്ഓടി. സാരമില്ല പുതിയ ഒന്ന് എനിക്ക് വാങ്ങി തരാമെന്നും അടുത്ത ശിവരാത്രിയാകട്ടെയെന്നും പറഞ്ഞ് അവർ എന്നെ സമാധാനിപ്പിച്ചത് മനസ്സിലിന്നും പച്ചപിടിച്ച് നിൽക്കുന്നു.
കേടായ ഈ കളിപ്പാട്ടത്തിലെ മണി കണ്ട ഞാൻ അതിന് അറ്റത്ത് ഒരു കയറും കെട്ടി കെ.എസ്.ആർ.ടി.സി ബസ്സിലെ മണിയായി പരിവർത്തന പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചില്ല. ഒടുവിൽ അച്ഛെൻറ അച്ഛൻ എെൻറ പ്രിയപ്പെട്ട അച്ചിച്ചൻ വി.എസ്.കുഞ്ഞൻ മാസ്റ്റാണ് എങ്ങനെയെക്കെയോ അത് യാഥാർത്ഥ്യമാക്കി തരികയുണ്ടായത്. അങ്ങനെ വീട്ടിൽ ഒരിടത്ത് എനിക്കായി ഒരുക്കിയ കെ.എസ്.ആർ.ടി.സി ബസ്സിലെ മണിയുടെ മാതൃക ബാല്യകാല വിനോദങ്ങളിൽ വേറിട്ട് നിൽക്കുന്നു.
ഇന്നത്തെ കുട്ടികൾ യാത്രകളിൽ അങ്ങനെ വല്ലതും രസിക്കുന്നുണ്ടോയെന്ന ആവോ? ഏതായാലും തൊണ്ണൂറുകളുടെ അവസാന കാലത്ത് തിരുവനന്തപുരത്തിനും പെരുമ്പാവൂരിനുമിടയിൽ ഞാനും ഭാര്യയും നടത്തിയ അനവധി യാത്രകളിൽ മകെൻറ കരച്ചിലടക്കാൻ വേണ്ടി ഈ മണിയടിയെ സമർത്ഥമായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞു നാളിലെ യാത്രകളിൽ മനസ്സിൽ പതിഞ്ഞ വടക്കേ വാഴക്കുളം മാറമ്പള്ളി വഴിയുള്ള ആലുവാ-പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിലെ ചില സ്ഥലങ്ങൾ കുഞ്ഞു നാളിൽ മനസ്സിൽ കയറിക്കൂടിയതാണ്.ഇപ്പോഴും ഇത് വഴി പോകുേമ്പാൾ സുഖം പകരുന്ന ഗതകാല സ്മരണകളായി അവ മനസ്സിലേക്ക് കടന്ന് വരുന്നത് പതിവാണ്. കേരളത്തിലെ ട്രാൻസ്പോർട്ട് ബസ്സ് യാത്രകളിലൂടെ അറിഞ്ഞ അപൂർവ്വങ്ങളും (ചിലപ്പോൾ അത്യപൂർവ്വവും) അതീവ രസകരവുമായ ഒട്ടനവധി സ്ഥലങ്ങളുടെ പേരുകൾ ഓർമ്മയിൽ വരുന്നു. അത് വേറൊരു വിഷയമാണ് എന്നതിനാൽ ഇവിടെ പ്രതിപാദിക്കുന്നില്ല.
ബാല്യകാല യാത്രകളിൽ ആദ്യമായി മസ്തിഷ്ക്കത്തിൽ സ്ഥാനം പിടിച്ച സ്ഥലപ്പേര് ഏതായിരിക്കുമെന്ന് ഇന്നലെ ഓർത്ത് നോക്കി. പല സ്ഥലനാമങ്ങളും മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതൊന്നും തന്നെ യഥാർത്ഥത്തിലുള്ളത് ആയിരുന്നില്ലെന്ന് പിന്നീട് മനസ്സിലായി. അവയെല്ലാം കൂടുതൽ മുതിർന്നപ്പോൾ പിന്നീട് പലപ്പോഴായി അറിഞ്ഞതാകാനാണ് സാധ്യത.
പ്രിയപ്പെട്ട അമ്മയോടൊപ്പമുള്ള കുഞ്ഞുനാളുകളിലെ യാത്രകൾ ഓർമ്മയിൽ ഇന്നും തെളിവോടെ തങ്ങി നിൽക്കുന്നുണ്ട്. ആലുവ ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപികയായിരുന്നു അമ്മ എ.കമലം. അതുപോലെ തന്നെ അച്ഛനോടൊപ്പമുള്ള യാത്രാനുഭവങ്ങളും ധാരാളമുണ്ട്.ആലുവയിൽ തന്നെ വിൽപ്പന നികുതി ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ കെ.രാജൻ .എല്ലാ സ്കൂൾ അവധിക്കാലത്തും അമ്മയോടൊപ്പം ഞാനും അനിയത്തിയും പെരുമ്പാവൂരിലേക്ക് വരിക പതിവാണ്. അമ്മയെ പോലെ അവധി കിട്ടാത്തതിനാലകണം പെരുമ്പാവൂരിലേക്കുള്ള യാത്രയിൽ അച്ഛൻ അധികമുണ്ടാകാറില്ല. പക്ഷെ ആലുവ തോട്ടേക്കാട്ടുകരയിലെ വീട്ടിലേക്ക് മടങ്ങുമ്പാൾ അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നു. എനിക്ക് വേണ്ടി ബസ്സിൽ ഹാഫ് ടിക്കറ്റ് (കുട്ടികൾക്കുള്ള അര ടിക്കറ്റ്) എടുക്കുന്നത് നല്ല ഓർമ്മയുണ്ട്. മുതിർന്നവർക്ക് ടിക്കറ്റ് കൊടുത്ത ശേഷം കണ്ടക്ടർ കാർബൺ കോപ്പി ഒക്കെ വെച്ച് പ്രത്യേകമായി എഴുതി പിന്നീട് ആ അരടിക്കറ്റ് കൊണ്ട് വന്ന് തരികയാണ് പതിവ്. ലഗേജിന് ടിക്കറ്റ് നൽകുന്നതും ഇതേ രീതിയിൽ തന്നെയാണ്.
പെരുമ്പാവൂരിലെ അമ്മയുടെ വീട്ടിലെത്തിയാലുള്ള കാര്യങ്ങൾ ഒരിക്കലും മറക്കാനാകാത്ത വിധം മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഓർമ്മകളാണ്.പറഞ്ഞത് പോലെ അതും വേറൊരു വിഷയമാണ് എന്നതിനാൽ അതിലേക്ക് അധികം കടക്കുന്നില്ല.
അമ്മയുമായുള്ള യാത്രകളിൽ തന്നെയാണ് വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള അറിവ് ലഭിച്ചത്. കാരണം എന്നെ മടിയിലിരുത്തി അമ്മ ഓരോ സ്ഥലങ്ങളെ കുറിച്ചും ആളുകളെ കുറിച്ചും മറ്റും ഒരുപാട് പറഞ്ഞ് തന്നിട്ടുണ്ട്. തീരെ ചെറിയ പ്രായത്തിലായിരുന്നതിനാൽ അതിൽ ചിലത് മാത്രമേ മനസ്സിൽ തങ്ങി നിൽക്കുന്നുള്ളൂ. ഒന്നോർത്താൽ അത്രയെങ്കിലുമുണ്ടായത് മഹാഭാഗ്യം.
പറഞ്ഞ് വന്നത് ആലുവക്കും പെരുമ്പാവൂരിനുമിടയിലെ സ്ഥലപ്പേരുകളാണല്ലോ? ആലുവ തോട്ടുംമുഖത്തെ മഹിളാലയം എന്ന ബസ് സ്റ്റോപ്പാണ് ആദ്യമായി മനസ്സിൽ തറച്ചത്. പേരിന്റെ പ്രത്യേകത തന്നെയാണ് അതിന് കാരണം. എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാലയമായ ക്രൈസ്തവ മഹിളാലയം ഹയർസെക്കണ്ടറി സ്കൂൾ ഇവിടെയായതിനാലാണ് ബസ്സ്റ്റോപ്പിന് ആ പേര് വന്നത്. ആ പ്രദേശത്ത് നിന്ന് ഏതോ അധ്യാപിക അമ്മയുടെ സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്നാണ് തോന്നുന്നത്. അതോ മഹിളാലയം സ്കൂളിൽ അമ്മയുടെ കൂട്ടുകാരികൾ ആരെങ്കിലുമുണ്ടായിരുന്നോ.? ഏത് തന്നെയായാലും മഹിളാലയം സ്റ്റോപ്പ് എത്തുമ്പാൾ അമ്മ പലകാര്യങ്ങളും പറഞ്ഞ് തന്നതിൽ ഇങ്ങനെ എന്തോ ഉള്ളതായി നേരിയ ഓർമ്മയുണ്ട്.
ഇതിന് അടുത്തായി ഇപ്പോൾ പെരിയാറിന് കുറുകെ അക്കരെ ദേശം ഭാഗത്തേക്ക് പോകാനായി പുതിയ പാലം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഏറെ പ്രശസ്തമായ അൽ-സാജ് റസ്റ്ററൻറ് ഇതിന് അടുത്താണ്. വൈ.എം.സി.എ ക്യാമ്പ് ഹൗസും തൊട്ടടുത്താണെങ്കിലും എെൻറ ബാല്യ കാല ഓർമ്മകളിൽ അതില്ല. അതേ സമയം ഹൈസ്കൂൾ ക്ളാസിൽ പഠിക്കുന്ന കാലം മുതൽ അത് ശ്രദ്ധയിൽ പെട്ടിരുന്നു. പിൽക്കാലത്ത് പത്ര പ്രവർത്തകനായപ്പോൾ പലതവണ വിവിധ പരിപാടികൾ റിപ്പോർട്ട് ചെയ്യാനായി ഇവിടെ വന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ റസിഡൻഷ്യൽ കാമ്പ് ഇവിടെ നടത്താറുണ്ട്. പല ദേശീയ നേതാക്കളും ഇവിടെ എത്തിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലയിലെ ചരൽകുന്നിൽ മാർത്തോമ സഭയുടെ കീഴിലുള്ള സെൻററിൽ നടക്കുന്ന റസിഡൻഷ്യൽ ക്യാമ്പുകൾ പോലെയാണ് ആലുവ വൈ.എം.സി.എയിലെ ക്യാമ്പുകളും. മഹിളാലയം സ്റ്റോപ്പിന് അടുത്ത് തന്നെയുള്ള തോട്ടുമുഖം കിഴക്കേപ്പള്ളി ജമാഅത്തും നൂറുൽ ഇസ്ലാം മദ്രസ്സയും മറ്റൊരു പ്രധാന ലാൻറ് മാർക്കാണ്.
പെരുമ്പാവൂരിലേക്ക് വരുമ്പോൾ മഹിളാലയം സ്റ്റോപ്പിന് എതിർവശത്ത് തോട്ടുംമുഖത്ത് തന്നെ ഇടത് വശത്തായി പടിപ്പുരയിട്ട ഒരു പഴയ വീട്(ഇന്ന് അത് അവിടെ കാണുന്നില്ല) ഉണ്ടായിരുന്നു. അവിടെ എത്തുേമ്പാളൊക്കൊ അച്ഛൻ അത് ഒരു വല്ലഭമേനോൻ സാറിൻറ(പേര് പൂർണ്ണമായും ശരിയാണോ എന്ന് ഉറപ്പില്ല.ഒരു പാട് ഓർത്ത് നോക്കിയിട്ടാണ് ഇതെങ്കിലും കിട്ടിയത്) വീടാണ് എന്നു പറയാറുള്ളത് ഓർമ്മയിൽ വരുന്നു.എെൻറ മുത്തച്ഛൻ പരേതനായ കെ. അച്യുതൻ വൈദ്യരുമായി സാറിന് അടുത്ത പരിചയമുണ്ടെന്ന് അച്ഛൻ പറഞ്ഞിരുന്നു.നായർ സമുദായചാര്യൻ മന്നത്ത് പത്മനാഭനുമായി വളരെ അടുത്ത ബന്ധമുള്ള വീടാണ് ഇതെന്നും ഞാൻ മനസ്സിലാക്കിയിരുന്നു.
സ്വാതന്ത്ര സമര സേനാനിയും കെ.പി.സി.സി മെമ്പറുമൊക്കെയായിരുന്ന മുത്തച്ഛൻ എസ്.എൻ.ഡി.പി യോഗത്തിന്റെ കുന്നത്ത് നാട് താലൂക്ക് യൂണിയൻ പ്രസിഡണ്ടും രോഗികൾക്ക് പ്രിയങ്കരനായ ഭിഷഗ്വരനുമായിരുന്നു.പാരമ്പര്യ ആയുർവേദ ചികിത്സകനും ഇംഗ്ളീഷ് മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ആലുവക്കും പെരുമ്പാവൂരിനും മധ്യത്തിലായി വടക്കേ വാഴക്കുളത്തെ മാറമ്പള്ളിയിൽ മുത്തച്ഛൻ വൈദ്യശാല നടത്തിയിരുന്നു. പെരുമ്പാവൂരിൽ നിന്നും മാറമ്പള്ളിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ മുത്തച്ഛൻ പോയി വന്നിരുന്നതിന്റെ പല നിറത്തിലുള്ള ടിക്കറ്റുകൾ എനിക്ക് തരുമായിരുന്നു. വളരെ വർഷങ്ങളോളം ഞാൻ അത് സൂക്ഷിച്ച് വെച്ചിരുന്നു. ഇപ്പോഴും അത് വീട്ടിൽ എവിടേയോ ഭദ്രമായി ഇരിപ്പുണ്ട്.
ടിക്കറ്റ് നിരക്ക് പത്ത്പൈസ ആയിരുന്നുവെന്നാണ് ഓർമ്മ. മാറമ്പള്ളി എത്തുേമ്പാളൊക്കെ അമ്മ മുത്തച്ഛന്റെ ചികിത്സാ കേന്ദ്രം കാണിച്ച് തരിക പതിവാണ്. പെരുമ്പാവൂരിൽ മുത്തച്ഛൻ ‘വൈദ്യ സദനം’ എന്ന പേരിൽ നേരത്തെ നടത്തിയിരുന്ന സ്ഥാപനമാണ് മാറമ്പള്ളിയിലേക്ക് മാറ്റിയത്. ഒരിക്കൽ മാത്രം മാറമ്പള്ളിയിലെ വൈദ്യശാലയിൽ പോയത് മങ്ങിയ ഒരോർമ്മയായി മനസ്സിലുണ്ട്.
വല്ലഭമേനോൻ സാറുമായിട്ട് മാത്രമല്ല സാക്ഷാൽ മന്നത്ത് പത്മനാഭനുമായി വ്യക്തിപരമായി മുത്തച്ഛന് വളരെ അടുപ്പമുണ്ടായിരുന്നുവെന്ന് മുത്തശ്ശിയമ്മ പറഞ്ഞ് എനിക്കറിയാം. മുത്തച്ഛെൻറ ഇളയ അനുജത്തി ദിവംഗദയായ പ്രവ്രാജിക ധീരാപ്രാണാ മാതാജി രാമകൃഷ്ണമിഷെൻറ സഹോദര സ്ഥാപനമായ ശാരദാ മഠത്തിെൻറ കേരളത്തിലെ അധ്യക്ഷയായിരുന്നു. ഞങ്ങൾ സ്വാമി മുത്തശ്ശിയമ്മയെന്ന് ബഹുമാനത്തോടെ വിളിക്കുന്ന ധീരാപ്രാണാമാതാജി ആലുവ യു.സി കോളജിൽ നിന്നും സൈക്കോളജിയിൽ ബിരുദമെടുത്ത ശേഷം മന്നത്ത് പത്മനാഭൻ സ്ഥാപിച്ച എൻ.എസ്.എസ് ട്രയിനിങ്ങ് കോളജിൽ നിന്നും ബിരുദമെടുത്ത ശേഷമാണ് തൃശൂർ പുറനാട്ടുകരയിലെ ശാരദാശ്രമത്തിൽ സന്യാസിനിയായി ചേരുന്നത്. മന്നത്ത് പത്മനാഭനും ഭാര്യ തോട്ടേക്കാട്ട് മാധവിയമ്മക്കും തന്നോട് വലിയ വാത്സല്യമായിരുന്നുവെന്ന് സ്വാമി മുത്തശ്ശിയമ്മ (പൂർവ്വാശ്രമത്തിലെ പേര് അംബുജം) ഞങ്ങളോട് പറയാറുണ്ട്.
എന്റെ മുത്തശ്ശിയമ്മ എ.എ.സുഭദ്രയെ കുറിച്ചും രണ്ട് വാക്ക് പറയാതിരിക്കുന്നത് ശരിയല്ല. മുക്കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിലെ ആദ്യത്തെ ക്വാളിഫൈഡ് നഴ്സിങ്ങ് ആൻഡ് മിഡ്വൈഫറി കോഴ്സിലെ വിദ്യാർത്ഥിനിയായിരുന്നു മുത്തശ്ശിയമ്മ. പിൽക്കാലത്ത് സംസ്ഥാന മുനിസിപ്പൽ സർവീസിൽ നിന്നുമാണ് മുത്തശ്ശിയമ്മ വിരമിച്ചത്.നീലീശ്വരം അമ്മുപ്പിള്ളി കുടുംബത്തിലെ അംഗമായ മുത്തശ്ശിയമ്മ അന്നത്തെ കാലത്ത് കന്യാസ്ത്രികൾ നടത്തിയിരുന്ന കാലടി ചെങ്ങൽ സെൻറ് ജോസഫ് കോൺവെൻറ് സ്കൂളിൽ നിന്നും ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയിരുന്നു. മുത്തശ്ശിയമ്മയുടെ ജേഷ്ഠൻ എ.എ.രാഘവൻ മാസ്റ്റർ അന്നേ മികച്ച കർഷകനുളള സംസ്ഥാന പുരസ്ക്കാരം നേടിയിട്ടുണ്ട്. ഇളയ അനുജൻ പൊന്നപ്പൻ ശ്രീരാമകൃഷ്ണാശ്രമത്തിൽ സന്യാസിയായി ചിറാപ്പുഞ്ചിയിലെ ആശ്രമത്തിെൻറ അധിപനായി മാറിയ സ്വാമി ശുദ്ധബോധാനന്ദയാണ്. പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന പൊന്നപ്പ മഹാരാജ് എന്നറിയപ്പെട്ടിരുന്ന സ്വാമിജിയുടെ അതിഥിയായി പണ്ഡിറ്റ് ജി താമസിച്ചിട്ടുണ്ട്.
മാറമ്പള്ളി കഴിഞ്ഞുള്ള പ്രധാന സ്ഥലമായ മുടിക്കല്ലിന് ഇടയിലാണ് മഞ്ഞപ്പെട്ടി എന്ന സ്ഥലം. ഇവിടെ അമ്മയുടെ സ്കൂൾ കാലം മുതൽക്കുള്ള കൂട്ടുകാരിയും അധ്യാപികയുമായ പി.ആർ.പത്മിനിയുടെ വീട്. അവിടെയെത്തുേമ്പാളെല്ലാം അമ്മ ടീച്ചറുടെ വീട് കാണിച്ച് തരിക പതിവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓർമ്മയിൽ തങ്ങി നിൽക്കുന്നത് പത്മിനി ടീച്ചറുടെ വീട് കഴിഞ്ഞ് തൊട്ടടുത്തുള്ള മുസ്ലീംപള്ളിയുടെ ഒരു നേർച്ചപ്പെട്ടിയാണ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു.‘ദാനം ആഫത്തുക്കളെ തടയും’.‘പ’ എന്നതിന് പകരം ‘ഫ’ എന്ന് എഴുതിയിരുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. വളരെ കാലം അത് അങ്ങിനെ തന്നെയായിരുന്നു. പഴയ ആളുകൾക്ക് ഇത് ഒരുപക്ഷെ ഓർമ്മയുണ്ടാകും.
ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ നിന്നും ബസ്സ് പുറപ്പെട്ട് പമ്പ് കവല കഴിഞ്ഞ് ചെമ്പകശ്ശേരി കടവ് ഭാഗത്ത് എത്തുന്നത് നല്ലപോലെ മനസ്സിലുണ്ട്. അതിനൊരു പ്രത്യേക കാരണമുണ്ട്. അമ്മയുടെ അനുജത്തി ഇന്ദിരാ മാധവൻ അവിടെ ആശാൻ കോളനിയിലായിരുന്നു താമസം. അവിടെയുള്ള രണ്ട് സ്ഥാപനങ്ങളുടെ പേരുകൾ മനസ്സിൽ നിന്നും എത്രമായ്ച്ചാലും പോകാത്തവിധം കേറികൂടിയാതാണ്. ഒന്ന് മാർവർ എഞ്ചിനീയറിങ്ങ് വർക്ക്സ്. മറ്റൊന്ന് റംഗൂൺ ടൈലേഴ്സും. കുഞ്ഞമ്മയുടെ മകൻ രംഗനാഥിനെ വീട്ടിൽ വിളിക്കുന്നത് രങ്കു എന്നാണ്. രങ്കുവിെൻ വീടിന് അടുത്തുള്ള രംഗൂണുമായുള്ള സാദൃശ്യം എനിക്ക് വലിയ കൗതുകമായിരുന്നു.
ഇന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രചെയ്യുേമ്പാൾ ബാല്യ-കൗമാര കാലങ്ങളിലെ യാത്രകൾ അറിയാതെ മനസ്സിൽ ഓടിയെത്തും. പഴയതിൽ നിന്നും റോഡും റോഡിന് ഇരുവശവും നല്ലപോലെ മാറിയിട്ടുണ്ട്. ഒരുപക്ഷെ തിരിച്ചറിയാൻ പറ്റാത്തവിധം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.