ഈ അവസരത്തിൽ നന്ദി പറയാൻ ഉള്ളത് കെ എസ് ആർ ടി സി ഉപയോഗിക്കുന്ന യാത്രക്കാരോട് തന്നെയാണ്. പിന്നെ കൂടെയുള്ള ആനവണ്ടി ബ്ലോഗ് സുഹൃത്തുക്കളോട് നന്ദി പറഞ്ഞാൽ അത് ഫോര്മാലിറ്റി ആയി പോകും. 2014 സമയത്താണ് എനിക്ക് ഓഫിസിൽ നിന്നും ഒരു ആൻഡ്രോയിഡ് ടാബ് തരുന്നത്. അതാണ് ഞാൻ ആദ്യമായി ഉപയോഗിക്കുന്ന ഒരു ആൻഡ്രോയിഡ് ഡിവൈസ്. അതിൽ ഓരോന്നും ചെയ്തു കൊണ്ടിരുന്നപ്പോൾ ആണ് ഒരു ആപ്പ് ഉണ്ടാക്കിയാലോ എന്ന ചിന്ത വരുന്നത്. ബ്ലോഗ് ചാറ്റ് ഗ്രൂപ്പിൽ പറഞ്ഞു. എല്ലവരും പ്രോത്സാഹിപ്പിച്ചു..
ഇത് എങ്ങനെ ഉണ്ടാക്കണം എന്നൊന്നും അപ്പോൾ ഐഡിയ ഇല്ല. ആളുകൾക്ക് സമയം മാത്രം പറഞ്ഞു കൊടുക്കാൻ ഒരു സിമ്പിൾ ആപ്പ് അതായിരുന്നു ഉദ്ദേശം. പിന്നെ ഗൂഗിൾ ചെയ്തു, യുട്യൂബ് എല്ലാം ഉണ്ടല്ലോ. അങ്ങനെ പഠിച്ചു ഒരു തട്ടിക്കൂട്ട് സംഭവം ഉണ്ടാക്കി. ആപ്പിന് പേര് പലരും പലതും നിർദേശിച്ചെങ്കിലും ആനവണ്ടി ആപ്പ് എന്ന് ഞാൻ പറഞ്ഞപ്പോൾ അത് സ്ട്രൈക്ക് ആയി. പിന്നെ വേണ്ടത് ലോഗോ ആണ്.. ജോസ് ആണ് ആദ്യത്തെ ലോഗോ ഉണ്ടാക്കിയത്. നിങ്ങൾ പലരും ആദ്യത്തെ വേർഷനും ലോഗോയും അത് കണ്ടു കാണില്ല. പിന്നെ ആപ്പ് പ്ലെ സ്റ്റോറിൽ അപ്ലോഡ് ചെയ്യണമായിരുന്നു. അതിനു 25 ഡോളർ ആണ് വേണ്ടിയിരുന്നത്. അതിനും ആനവണ്ടി കൂട്ടുക്കാർ സഹായിച്ചു.
അങ്ങനെ ആദ്യത്തെ വേർഷൻ ഇറങ്ങി. ബാംഗ്ലൂർ ബസുകൾ മാത്രം ഉൾപ്പെടുത്തി ഒരു ഫ്രീ ടെക്സ്റ്റ് സെർച്ച് മാത്രം ഉണ്ടായിരുന്ന ഒരു ആപ്പ് ആയിരുന്നു. ഇത് വരെ ഇങ്ങനെ ഒരു സംഭവം ആരും ചെയ്യാതിരുന്നത് മൂലം സംഭവം ക്ലിക്ക് ആയി. ബാംഗ്ലൂർ മാതൃഭൂമി റിപ്പോർട്ടർ ആണ് ബ്ലോഗിൽ പോസ്റ്റ് ആദ്യം കണ്ടു വാർത്ത കൊടുത്തത്. സംഭവം വലിയ ഒരു കാര്യം അല്ലായിരുന്നു എങ്കിലും വലിയ സ്വീകാര്യതയായിരുന്നു കിട്ടിയിരുന്നത്. അത് കൊണ്ട് തന്നെ അത് ഇമ്പ്രൂവ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ ചാറ്റ് ഗ്രൂപ്പിൽ ഉള്ള സന്തോഷ് ആന്റണി പുതിയ ലോഗോയും ആയി രംഗപ്രവേശനം ചെയുന്നത്. സന്തോഷിന്റെ സുഹൃത്ത് ആയിരുന്ന ദിപിൻ ദാസ് എന്ന പ്രൊഫഷണൽ ഡിസൈനർ ഉണ്ടാക്കിയ ലോഗോ ആയിരുന്നു. ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെട്ടു എടുത്തു. പിന്നെ ഇടക്ക് ഇടക്ക് അപ്ഡേറ്റുകൾ കൊടുത്തു തുടങ്ങി. മാധ്യമങ്ങളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് ലഭിച്ചത്.
മനോരമയും മാതൃഭൂമിയും ബാംഗ്ലൂർ എന്റെ ഓഫിസ് ക്യാമ്പസിൽ വന്നു ഇന്റർവ്യൂ എടുത്തു. ഓഫിസിൽ ഉള്ളവരെല്ലാം അന്തം വിട്ടു ഇരിപ്പായിരുന്നു. കാരണം എന്റെ മേഖല ഇതല്ലായിരുന്നു. ക്യാമ്പസിൽ ഷൂട്ടിന് പെർമിഷൻ എടുക്കേണ്ട കാരണം സംഭവം ഏറ്റവും മുകളിൽ വരെ അറിഞ്ഞു.
അങ്ങനെ എല്ലാ മാധ്യമങ്ങളിലും വന്നു ആനവണ്ടി ആപ്പ് ഒരു വൻ ഹിറ്റ് ആയി. ടെക്നിക്കൽ ആയി ഒട്ടും പെഫെക്റ്റ് അല്ലാതിരുന്നിട്ടും ഈ ആപ്പ് വൻ വിജയം ആയത് കെ എസ് ആർ ടി സി യിൽ നിന്നും ഇങ്ങനെ ഒരു സംഭവം നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ്. അന്നൊക്കെ ഞാൻ കരുതിയത് വിവരമുള്ള വേറെ ആരെങ്കിലും നല്ല രീതിയിൽ വേറെ ഒരു ആപ്പ് ഉണ്ടാക്കും എന്നതതാണ്. എന്നാൽ അത് സംഭവിച്ചില്ല.
പിന്നെ ആനവണ്ടി വെബ്സൈറ്റ് ചെയ്യാനായി സുജിത് ആർ ടി ഐ കൊടുത്തു കെ എസ ആർ ടി സിയോട് പടപൊരുതി ഡാറ്റ വാങ്ങിയ കഥകൾ എല്ലാം നിങ്ങൾക്ക് അറിയാമല്ലോ. ആപ്പിനെക്കാളും കൂടുതൽ ഡീറ്റയിൽ ആയ വിവരങ്ങൾ നൽകി ആനവണ്ടി വെബ്സൈറ്റും, ആപ്പും ഒഫീഷ്യൽ ആയി 2015 ന് എറണാകുളത്ത് വച്ച് ഹൈബി ഈഡൻ എം എൽ എ ഉത്ഘാടനം ചെയ്തു.
പിന്നെ കാലാനുസ്രതമായി ഓരോ മാറ്റങ്ങൾ വന്നു. ഫ്രീടെക്സ്റ്റ് മാറ്റി ഫ്രം ടു സെർച്ച് കൊണ്ട് വന്നു. ഡാറ്റ എന്റർ ചെയ്തു സഹായിക്കാം എന്ന് പറഞ്ഞ അജീഷ്, മുരളി എന്നിവർ ചെയ്ത സഹായങ്ങൾ മറക്കാൻ പറ്റില്ല. അതിനിടക്ക് വിൻഡോസ് ആപ്പ് ചെയ്യാം എന്ന വാഗ്ദാനവുമായി ആയി അജിത് വന്നു. വിൻഡോസ് ആപ്പ് വന്നു. ആൻഡ്രോയിഡ് ആപ്പ് കൂടുതൽ ടെക്നിക്കലി നന്നാക്കിയത് അജിത്തിന്റെ സഹായത്തോടു കൂടിയായിരുന്നു. ദിവസം ചെല്ലും തോറും ഡൗൺലോഡുകൾ കൂടി വന്നു. ഇതൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആഗ്രഹിക്കാത്ത കാര്യങ്ങൾ ആയിരുന്നു. ആപ്പിന് റിവ്യൂ കൊടുക്കാം എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഇന്ന് അയ്യായിരത്തോളം പേര് റിവ്യൂ ചെയ്തിരിക്കുന്നു.
വിമര്ശനങ്ങ്ൾക്ക് ഒട്ടും കുറവിലായിരുന്നു. അന്നത്തെ കാലം ബ്ലോഗും എതിർഗ്രൂപ്പും തമ്മിൽ നല്ല അടിയായിരുവല്ലോ. അവരുടെ വിമര്ശനങ്ങളും വെല്ലു വിളികളും മുന്നോട്ട് പോകാൻ നൽകിയ എനർജി ഒരുപാടായിരുന്നു.ആപ്പ് ഓഫ്ലൈൻ ആയിട്ടും, ആഡ് ഇല്ലതായിരുന്നിട്ടും കൂടി ആപ്പ് വച്ച് പൈസ ഉണ്ടാക്കുന്നു എന്ന ആരോപണങ്ങൾ ആയിരുന്നു. എന്തായാലും ആരോപണങ്ങൾ കേൾക്കുന്നു. അപ്പോൾ പിന്നെ ആഡ് തുടങ്ങാം എന്ന് കരുതി. ആപ്പ് ലോഞ്ചു ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് ആഡ് ഇടുന്നത്. അതിൽ നിന്നും വരുന്ന ഡോളറുകൾ കാണുമ്പോൾ ചിരിച്ചു മരിക്കും. അവഹേളിക്കാനും കളിയാക്കാനും നൂറു പേരുണ്ടെങ്കിലും ഇതിനെ സപ്പോർട്ട് ചെയ്യാൻ ലക്ഷങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ഇതിന്റെ വിജയം. ആനവണ്ടി ബ്ലോഗിലെ സുഹൃത്തുക്കളുടെ സഹായത്തോടെ ആനവണ്ടി ഹെൽപ്പ് ലൈനും തുടങ്ങി. ഓരോ ദിവസവും ഒരുപാട് കാളുകൾ വരുന്നു. അറിയുന്ന, കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.
ഇന്ന് അഞ്ചു ലക്ഷം ഡൗൺലോഡിൽ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ സമയങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കെ എസ് ആർ ടി സി യിൽ RTI വിവരാവകാശം കൊടുത്തിട്ടുണ്ട്. വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. എല്ലാം സോർട്ട് ചെയ്തു വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു ഉടൻ പുതിയ ഒരു ആപ്പ് ആയി നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കും എന്ന് ഉറപ്പ് തരുന്നു.
വിവരണം – വൈശാഖ് എം എൽ.