ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്? പറയുന്നത് നിങ്ങളുടെ സ്വന്തം ആനവണ്ടി.. ഫേസ്‌ബുക്കിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്ന ഒരു പോസ്റ്റ്..
ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും. പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ അത് ചോദ്യം ചെയ്‌താൽ തല്ലുകൊടുക്കാറോ ഇല്ല. നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന KSRTC ബസിൽ തന്നെ യാത്ര തുടരാം. ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത്ത് സമയത് എത്തിപെടാൻ പറ്റാതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം). എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല.
പിന്നെ നമ്മളിൽ പലരും കെഎസ്ആർടിസി ജീവനക്കാരോട് തട്ടിക്കയറാറുണ്ട്. പലപ്പോളും അവരും പ്രതികരിക്കും. മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും. അത് സ്വാഭാവികം. പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല. ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുമ്പോൾ അവർ പറയാറുണ്ട്. “ചേട്ടാ ഒന്നും പറയാൻ പോകണ്ട. പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ്” എന്നും പറഞ്ഞു തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്. കെഎസ്ആർടിസി ജനകീയം ആകാൻ ഒരു പരിധിക്ക് അപ്പുറം വരെയും കാരണക്കാർ ജീവനക്കാർ ആണ്. കഴിഞ്ഞു പോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്. വീട്ടുകാർ വരാൻ താമസിച്ച പെൺകുട്ടിയ്ക്ക് കൂട്ടായി ആന വണ്ടിയും ജീവനക്കാരും, യാത്രയ്ക്കിടയിൽ സുഖമില്ലാതായവർക്കായി നഗരമധ്യത്തിലൂടെ ഹെഡ് ലൈറ്റും ഇട്ടു ആംബുലൻസിനെപ്പോലെ ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക്ക് etc …
ഇനി പലരുടെയും Comments ആണ് “കണ്ടക്ടർ കണ്ണുരുട്ടി, ഡ്രൈവർ ആരോടും മിണ്ടില്ല” എന്നൊക്കെ. നിങ്ങൾ ഒന്ന് മനസിലാക്കണം പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട് കെഎസ്ആർടിസി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല എന്നൊക്കെ. പല മാനസിക പിരിമുറുക്കത്തിലും ആകും പല ജീവനക്കാരും. അപ്പോൾ മുഖത്തെ പുഞ്ചിരി ചിലപ്പോൾ മാഞ്ഞു പോകും. ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ഭൂരിഭാഗം ആനവണ്ടി ജീവനക്കാരുടെ മനസ്സും ആന എന്ന പേര് പോലെ വിശാലം ആണെന്ന്.
യാത്രക്കാരെല്ലാം കർണാടക ആർടിസിയെയും പ്രൈവറ്റ് ബസ്സുകളെയും വാനോളം വാഴ്ത്തിപ്പാടുമ്പോൾ തൻ്റെ കുറവുകളും ബാധ്യതകളുമെല്ലാം ഒരുവശത്ത് അടക്കിപ്പിടിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സുകൾ യാത്ര തുടരുകയാണ്. ആരോടും പരിഭവമില്ലാതെ… രാത്രിയിൽ തനിച്ചു യാത്ര ചെയ്യുന്ന നമ്മുടെ അമ്മപെങ്ങന്മാർക്ക് ഒരാങ്ങളയെപ്പോലെ കൂട്ടായി… ഹർത്താലും പ്രാകൃത ദുരന്തങ്ങളും വില്ലനായി കടന്നു വരുമ്പോൾ തൻ്റെ പ്രജയെ രക്ഷിക്കുവാൻ വരുന്ന രാജാവിനെപ്പോലെ… അതെ കെഎസ്ആർടിസി ഒരിക്കലും പൂട്ടിപ്പോകരുത്. തകർക്കാൻ സമ്മതിക്കരുത് നാം ഓരോ മലയാളികളും.
കടപ്പാട് – ഇത് എഴുതിയ ആൾക്ക്. Image – Soni Kurishinkal.