ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയിലതോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയായിരിക്കും പകരുന്നത്.
ഞാന്‍ കുറേ തവണ മൂന്നാറില്‍ പോയിട്ടുണ്ടെങ്കിലും എന്‍റെ അനിയനായ അഭിജിത്ത് ഇതുവരെ മൂന്നാര്‍ എന്‍റെ വീഡിയോകളിലൂടെ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തവണത്തെ യാത്ര മൂന്നാറിലേക്ക് ആകാമെന്ന് ഞാന്‍ വിചാരിച്ചു.
അങ്ങനെ ഞങ്ങള്‍ കാറില്‍ പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നിന്നും മൂന്നാറിലേക്ക് യാത്രയാരംഭിച്ചു. കോട്ടയം ഭാഗത്ത് എത്തിയപ്പോള്‍ ഏകദേശം ഉച്ചയായി. നല്ല വിശപ്പ്. ‘നെടുവേലില്‍’ എന്നു പേരുള്ള ഒരു നാടന്‍ ഭക്ഷണ ഹോട്ടലിലാണ് ഞങ്ങള്‍ കയറിയത്. നല്ല മീന്‍ കറിയൊക്കെ കൂട്ടിയുള്ള കിടിലന്‍ ഊണ്. ചെമ്പല്ലി, കൊഴുവ തുടങ്ങിയ മീനൊക്കെ ഞങ്ങള്‍ ആസ്വദിച്ചു കഴിച്ചു. ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.
പോകുന്ന വഴിക്ക് വഴിയരികില്‍ കുറേ കടകള്‍ കാണാമായിരുന്നു. തേന്‍, ഉപ്പിലിട്ട വിഭവങ്ങള്‍, കൂള്‍ഡ്രിങ്ക്സ് മുതലായാല വില്‍ക്കുന്നവയാണ് ഈ കടകള്‍. ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി ഞങ്ങള്‍ ഉപ്പിലിട്ട മാങ്ങ വാങ്ങി കഴിച്ചു. പോകുന്ന വഴിക്ക് രണ്ടു കെഎസ്ആര്‍ടിസി ബസ്സുകള്‍ വളവില്‍ ഒരുമിച്ചു വന്നത് കാരണം കുറചു സമയം ബ്ലോക്ക് ആയി. തേനിയിലേക്ക് പോകുന്ന ഒരു ആനവണ്ടിക്കാരന്‍ കുത്തിക്കേറ്റിയത് മൂലമാണ് ഇത്രയും ബ്ലോക്ക് ഉണ്ടായത്. എന്താല്ലേ? അങ്ങനെ ബ്ലോക്ക് മാറിയതിനു ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
മൂന്നാര്‍ എത്തുന്നതിനു മുന്‍പായി ആനച്ചാല്‍ ഭാഗത്ത് പലതരം ചായകള്‍ ലഭിക്കുന്ന ‘ചായക്കോപ്പ’ എന്നു പേരുള്ള ഒരു കട കണ്ടു. കണ്ടപാടെ ഞങ്ങള്‍ കാര്‍ നിര്‍ത്തി ചായക്കോപ്പയിലേക്ക് കയറി. ഇതുവരെ കേട്ടിട്ടില്ലാത്ത ഉഗ്രന്‍ ‘മുന്തിരിച്ചായ’ ഓര്‍ഡര്‍ ചെയ്തു. ചായ സൂപ്പറാണ് കേട്ടോ… ഇതുവഴി പോകുകയാണെങ്കില്‍ ഒന്നു ട്രൈ ചെയ്തോളൂ. ചായയും കുടിച്ചു വൈകീട്ട് ആറുമണിയോടെ ഞങ്ങള്‍ വീണ്ടും യാത്രയായി. ഇത്രയും സമയം വലിയ തണുപ്പ് ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഇതാണോ മൂന്നാര്‍ എന്ന് അനിയന്‍ പുച്ഛഭാഗത്തില്‍ ചോദിച്ചു. ഇപ്പ ശരിയാക്കി തരാം എന്ന ഭാവത്തോടെ ഞാനും ഇരുന്നു.
വൈകുന്നേരം ആയപ്പോള്‍ മഞ്ഞു ഇറങ്ങിത്തുടങ്ങിയിരുന്നു. പതിയെപ്പതിയെ തണുപ്പ് പരന്നു തുടങ്ങി. അനിയന്‍ നേരത്തെ പറഞ്ഞ ഡയലോഗ് തിരിച്ചെടുത്തു എന്ന് സമ്മതിച്ചു. പോകുന്ന വഴിയില്‍ ഒറു തേയിലത്തോട്ടത്തിനു സമീപമായി ഞങ്ങള്‍ കുറച്ചുസമയം നിന്നു. മിനിട്ടുകള്‍ക്കകം ഞങ്ങളെ മഞ്ഞു മൂടി. ചുറ്റും ഉള്ളത് ഒന്നും കാണാന്‍ പറ്റാത്ത അത്രയും മഞ്ഞ്. അപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. കുറച്ചു സമയത്തിനകം ഞങ്ങള്‍ മൂന്നാര്‍ ടൌണില്‍ എത്തി. ഞങ്ങളുടെ കാര്‍ അവിടെ പഞ്ചായത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തു. ഞങ്ങള്‍ താമസിക്കുവാന്‍ പോകുന്നത് നേച്ചര്‍ സോണ്‍ എന്ന റിസോര്‍ട്ടില്‍ ആണ്. അവിടേക്ക് ജീപ്പില്‍ വേണം പോകുവാന്‍.
അടിപൊളി ഓഫ്റോഡ് ജീപ്പ് യാത്രയ്ക്കു ശേഷം ഞങ്ങള്‍ നേച്ചര്‍ സോണ്‍ റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ രാത്രി 7.30 കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഇവിടെ താമസിക്കുവാന്‍ പോകുന്നത് ടെന്റില്‍ ആണ്. ബാക്കി വിശേഷങ്ങള്‍ ഇനി അടുത്ത എപ്പിസോഡില്‍….