വിവരണം – റസാഖ് അത്താണി.
ഒരു യാത്രാവിവരണം എന്നതിലുമുപരി, ഒരുപാട് പ്രതീക്ഷകളോടെ ഇല്ലായ്മയിൽ നിന്നും മകനെ പട്ടണത്തിലെ നല്ല കോളേജിൽവിട്ട് പഠിപ്പിക്കുന്നതിനോടൊപ്പം അവനിലൂടെ നല്ല നാളുകൾ സ്വപ്നംകണ്ട ഒരു അച്ഛൻെറയും അമ്മയുടെയും കണ്ണുനീരിന്റെ കഥകൂടിയാണ് ഈ വട്ടവട യാത്ര വിവരണം.
എല്ലായാത്രകളും ഉണ്ടാകാറുള്ളതുപോലെ കൂട്ടുകാരന്റെ ഒരു ഫോൺകോളിൽ നിന്നും ഉടലെടുത്ത ഒരു മൂന്നാർ ട്രിപ്പ് മാത്രമായിരുന്നു തുടക്കത്തിൽ ഞങ്ങൾക്കീ യാത്ര. അതും രാത്രി 12 മണിക്ക് തോന്നിയ ഒരു പൂതി. കേൾക്കുന്നവർക്കിത് വട്ടായിത്തോന്നിയേക്കാം പക്ഷെ എനിക്ക് നല്ലഅനുഭവങ്ങൾ തന്ന യാത്രകളൊക്കയും ഒരു പ്ലാനിങ്ങുമില്ലാതെ നട്ടപാതിരാക്ക് തട്ടികൂട്ടിയ യാത്രകളായിരുന്നു.
കൂട്ടിനു കിട്ടിയവരെ എല്ലാം ഉൾപ്പെടുത്തി പുലർച്ചെ മൂന്നാർ ടോപ് സ്റ്റേഷൻ കയറിയതും, ഇതുവരെ മുന്നാറിലാനുഭവിക്കാത്തവിധം തണുപ്പും കോടയും കൂടെ വന്ന പലരും ജാക്കറ്റ് പോലുമെടുക്കാതെ വന്നതിന്റെ അമളിമനസിലാക്കി പുറത്തിറങ്ങാൻകഴിയാതെ വണ്ടിക്കുള്ളിൽ ഹീറ്ററുമിട്ട് മൂടിപുതച് ഇരിക്കുന്നകാഴ്ച.
പലവട്ടം മൂന്നാർ കയറിയിട്ടുണ്ടെങ്കിലും തണുപ്പിനോടുപോലും വെറുപ്പു തോന്നുന്ന രീതിയിൽ തണുത്തിരുന്ന നിമിഷമിതാദ്യം. അരുവികളിൽ നിന്നുപോലും തണുപ്പിന്റെ നീരാവി ഉയർന്നു പൊങ്ങുന്ന കാഴ്ച ഇത് ആദ്യമായിട്ടായിരുന്നു കാണുന്നത്.
മൂന്നാറിന്റെ കാഴ്ചകൾക്ക് വിരാമമിട്ട് നേരെ വട്ടവടയെന്ന ഗ്രാമഭംഗി തേടി പോയാലോയെന്ന കൂട്ടത്തിലുള്ളവന്റെ ചോദ്യത്തിന് യെസ് മൂളിയാണ് വട്ടവടയിലേക്ക് വണ്ടിതിരിച്ചത്. വട്ടവടയിലെ ഗ്രാമഭംഗി ആസ്വദിക്കണം, തോട്ടങ്ങൾ കാണണം, പിന്നെ എല്ലാപ്രാവിശ്യവും വീടിലേക്ക് ട്രിപ്പ് കഴിഞ്ഞുവരുമ്പോൾ ഉമ്മയുടെ ഒരു ചോദ്യമുണ്ട് ഒന്നും കൊണ്ടുവന്നില്ലേ നീ എന്ന് ആ ചോദ്യത്തിനുത്തരമായി കൃഷിയിടത്തിൽനിന്നും നല്ല പച്ചക്കറികൾ വാങ്ങി ഉമ്മയെ സന്തോഷിപ്പിക്കണം എന്നുള്ള കൊച്ചുകൊച്ചു ആഗ്രഹത്തോടുകൂടി പുറപ്പെട്ട ഒരു യാത്ര. അതായിരുന്നു വട്ടവട എത്തുന്നതിനുമുന്നെ വരെ മനസ്സിൽ യാത്രകൊണ്ടുള്ള ഉദ്ദേശം.
വട്ടവടയിലേക്കുള്ള വഴിയേ ഒരു കുന്നിൽ ചെരുവിലായി വെള്ള പൈൻറ്റടിച്ചൊരു വാർപ്പ് വീടുകാണാനിടയായി. ആ ഗ്രാമത്തിൽ അതുപോലൊരുവീട് വരുംവഴികളിലൊന്നും കാണാത്തതിനാൽ അൽപ്പം കൗതുകത്തോടെ നോക്കിയപ്പോഴാണ് ചുറ്റുമതിലിലിൽ ചാരിവെച്ചിരിക്കുന്ന ഫ്ലെക്സിലേക്കു കണ്ണ് കൊണ്ടത്.
ഈ യാത്രയുടെ വഴിത്തിരിവും ഈ യാത്രയെ ഇത്രമേൽ എന്റെ പ്രിയ യാത്രയാവാൻ വഴിത്തിരിവായതും ആ ഫ്ലെക്സ് ബോർഡിൽ കണ്ട നിറഞ്ഞപുചിരിയുള്ള ആ മുഖമായിരുന്നു. അതേ സഖാവ് അഭിമന്യു. സഖാവ് അഭിമന്യു എന്ന പേരിനേക്കാൾ ധീര രക്തസാക്ഷി സഖാവ് അഭിമന്യു എന്ന് വിളിക്കാനാണ് എനിക്കിഷ്ട്ടം.
ഒരുപാട് സ്വപ്നങ്ങളാൽ കഴിഞ്ഞ ഒരു ചെറുപ്പകാരൻ തന്റെ കഴിവിനാൽ തന്റെ ഗ്രാമത്തെ വിദ്യാഭ്യാസത്തിലായാലും മറ്റ് പുരോഗമനത്തിലായാലും മുന്നോട്ട് എത്തിക്കണമെന്ന് സ്വപ്നം കണ്ട് അതിന് ഒരുപാടുപരിശ്രമിച്ച കൊച്ചു മിടുക്കൻ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും ചേച്ചിയുടെയും പ്രതീക്ഷയായി വളർന്നുവന്ന മിടുക്കൻ.
കൊലപാതകത്തിന്റെ രാഷ്ട്രീയവശങ്ങളുടെ ശവക്കല്ലറയിലേക്ക് ഞാൻ എത്തിനോക്കുന്നില്ല. കലാലയ രാഷ്ട്രീയത്തിന്റെ ഇര… അതായിരുന്നു അഭിമന്യു. അവന്റെ കുടുംബത്തിന് കേരള സർക്കാർ പണിതു നൽകിയ വീടായിരുന്നു ആ വെള്ള പൂശിയ വീട്.
അതുകണ്ടപ്പോൾ കയറിനോക്കണമെന്ന കൗതുകത്തോടെ വീടിനകത്തേക്ക് കയറി. ചുറ്റിലും പണിക്കാരായിരുന്നു. KSEB ജീവനക്കാർ സൺഡേ ആയിരുന്നിട്ടുപോലും വയറിംഗ് പണികളിൽ മുഴുകിയിരിക്കുന്നു. ചിലർ അവസാന മിനുക്കുപണികളിലും. അവിടെവെച്ചു പരിചയപെട്ട ഒരു ചേട്ടനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഈ വരുന്ന 14 ന് വീടുതാമസമാണെന്നും അതിനുമുന്നെ പണിതീക്കുകയാണെന്നും അറിഞ്ഞു.
വീട് ചുറ്റിനടന്നുകണ്ടശേഷം മനസിലൊരു വല്ലാത്ത വേദന. അവനും ഉണ്ടായിരുന്നിരിക്കില്ലേ അവന്റെ അച്ഛനുമമ്മക്കും കൂടപ്പിറപ്പുകൾക്കും ആ പഴയ ഇടുങ്ങിയ ഒറ്റമുറി കുടുസു വീടിൽനിന്നും അവന്റെ അധ്വാനത്താൽ നല്ലൊരു വീടുവെച്ച് അവരോടൊപ്പം കഴിയണമെന്ന ആഗ്രഹം. ചിന്തിച്ചുനോക്കിയപ്പോൾ ചങ്കുപൊട്ടി ഇന്നിപ്പോൾ അവന്റെ മരണാനന്തരം അവന്റെ വീട്ടുകാർക്ക് നല്കുന്ന ഈ വീട്ടിൽ ഒരു ആണിയിൽ തൂങ്ങിയ ചുമര്ചിത്രമായി അവനും ഈ വീട്ടിൽ ഉണ്ടാവും.
കൂടെ വന്ന എല്ലാം സുഹൃത്തുക്കളുടെ മുഖത്തും കാണാമായിരുന്നു അവനെയോർത്തുള്ള സങ്കടം. ആരും അവനെ നേരിൽ കണ്ടവരല്ല എന്നിരുന്നാലും അവന്റെ മരണവാർത്ത അറിഞ്ഞ് സങ്കടപെടാത്തവരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. ആ നിറപുഞ്ചിരി നിറഞ്ഞ മുഖം ആരുടെ മനസിലും ഒരുകനലായി നീറിയിരുന്നു ആ നാളുകളിൽ.
അവനെയോർത്തു നീറിക്കരഞ്ഞിരുന്ന ആ അച്ഛനെയും അമ്മയെയും നേരില്കാണാനും ആ കൊച്ചുവീട്ടിലേക്ക് ഒന്ന് പോയിനോക്കാനും ആ നിമിഷമാണ് ഞങ്ങൾ തീരുമാനിക്കുന്നത്. കോവിലിന്റെ കവാടം കടന്ന് മുന്നിൽക്കണ്ട ഒരു പ്രായമായ ആളോട് അഭിമന്യുവിന്റെ വീടുചോദിച്ചതും അറിയില്ല എന്ന മറുപടി.
ചുറ്റിലെ ചുവരുകളിൽ തമിഴിൽ അഭിമന്യുവിന്റെ ഫോട്ടോ പതിച്ചുള്ള പോസ്റ്ററുകൾ കാണാമായിരുന്നു. അതിനിടയിൽനിന്നും പൊക്കംകുറഞ്ഞ ഒരു പ്രായമായ ചേട്ടൻ വന്ന് തമിഴ് കലർന്ന മലയാളത്തിൽ എന്തുവേണമെന്നു ചോദിച്ചു. അഭിമന്യുവിന്റെ വീടു കാണണമെന്നുപറഞ്ഞപ്പോൾ “നാൻ താ അഭിമന്യുവിന്റെ അച്ഛൻ” എന്നുംപറഞ്ഞ് വീട്ടിലേക്ക് സ്വീകരിച്ചു.
കേട്ടറിഞ്ഞതിനേക്കാൾ പരിതാപകരമായിരുന്നു ഞാൻ കണ്ട അവന്റെ ഒറ്റമുറിയാലുള്ള ആ കൊച്ചു വീട്. ഒരു മൂലയിലായി കൊച്ചുകട്ടിൽ ചുറ്റിലും പാത്രങ്ങളും മറ്റുസാധനങ്ങളും നമ്മളെകൊണ്ട് ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറമാണ് ആ കൊച്ചുമുറി.
ഇവിടെനിന്നാണ് അങ്ങ് എറണാകുളത്ത് അവൻ മഹാരാജാസിന്റെ മണ്ണിലേക്ക് വിദ്യ തേടി വന്നത്. അവന് അതൊരു യുദ്ധമായിരുന്നു. വറുതിയുടെ നാളുകളിൽനിന്നും കൂടപിറപ്പുകളെ സംരക്ഷിക്കാനും, അച്ഛനമ്മയെ ഇനിയുള്ള കാലം നല്ലരീതിയിൽ നോക്കുവാനും, അവന് വേണ്ട ജോലി നേടിയെടുക്കാൻ അവൻ വിദ്യതേടി വന്നതാണ്.
എല്ലാം സ്വപ്നങ്ങളും ഒരു കടാരയായി നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി എല്ലാം അസ്തമിച്ചിരിക്കുന്നു.
വീട്ടിലേക്ക് കയറിയതും അച്ഛൻ അമ്മയെ പരിചയപ്പെടുത്തിത്തന്നു. “ഇത് അഭിമന്യുവിന്റെ ഫ്രണ്ട്സുകൾ. കേരളത്തിൽനിന്നും വരുന്നു.” നിറചിരിയോടെ അടുത്തിരുന്ന പായ തറയിൽ വിരിച്ച് ഇരിക്കാൻ പറഞ്ഞു. പിന്നീടങ്ങു അവനെക്കുറിച്ചു പറയാൻ നൂറു നാവായിരുന്നു അച്ഛനുമമ്മക്കും. കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ മരിക്കുന്നതിന് മുന്നേ വരെയുള്ള കഥകൾ.
ഇടക്കെപ്പഴോ അവരുടെ ഇരുകണ്ണുകളും നിറഞ്ഞൊഴുകി. മകനെയോർത്തു തേങ്ങിക്കരഞ്ഞ നിമിഷങ്ങളും ചങ്കുപൊട്ടുന്ന വാക്കുകളും കേട്ടിരുന്ന ഞങ്ങളുടെ കണ്ണുകൾ ഈറനണിയിച്ചു. ഒരമ്മക്കും അച്ഛനും സഹിക്കാൻ കഴിയാത്ത നിമിഷങ്ങളിലൂടെ കടന്നുപോയ രണ്ട് ജന്മങ്ങൾ അതാണവർ.
അവന്റെ പഴയ ഫോട്ടോകളുടെയും ചില അവനിഷ്ടപ്പെട്ട ബുക്കുകളുടെയും കളക്ഷനുകളുള്ള സഞ്ചി ഞങ്ങൾക്കു നേരെ നീട്ടി. തുറന്നു നോക്കിയപ്പോൾ രാഷ്ട്രീയപരമായി ഒരുപാട് വികസനങ്ങൾ അവന്റെ വട്ടവടയിൽ അവൻ പ്രതീഷിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പലതും കാണാനിടയായി.
അതെല്ലാത്തിനും അവന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
അവനേറ്റവും ഇഷ്ട്ടപെട്ട ബുക്ക്‌എന്നുംപറഞ്ഞ് അച്ഛൻകാണിച്ചുതന്ന ബുക്കായിരുന്നു “Che Guevara യുടെ ഒരു ബൊളീവിയൻ ഡയറി.”അതിനേക്കാൾ ചങ്കുപിടഞ്ഞതു അവന്റെ മരണത്തിനുതൊട്ടുമുന്നെയായി അവൻ മേടിച്ചെന്നുംപറഞ്ഞു കാണിച്ചുതന്ന ബുക്ക് കണ്ടപ്പോൾ ആയിരുന്നു അതിന്റെ പേര് ഇങ്ങിനേയായിരുന്നു റോബിൻ ശർമയുടെ “നിങ്ങൾ മരിക്കുമ്പോൾ ആര് കരയും” എന്ന തലകെട്ടോടുകൂടിയുള്ള ബുക്ക്. അവന്റെ മരണത്തെ അവൻ മുന്നിൽ കണ്ടിരുന്നോയെന്നു തോന്നിപ്പോവും.
ക്രിക്കറ്റ് ഇഷ്ടപെടുന്നവനാണെന്നും സച്ചിന്റെ ആരാധകനാണെന്നും മനസിലാക്കാൻ സഹായിച്ചത് അവന്റെ മറ്റൊരു നോട്ടുബുക്കിലെ താളുകൾ മറിച്ചപ്പോഴാണ്. സച്ചിന്റെ ആദ്യ സെഞ്ച്വറി മുതൽ വിരമിക്കുന്ന കളിയിലെ ഫോട്ടോവരെ ഹെഡ്‌ലൈൻ മാർകർ കൊണ്ടെഴുതി വെച്ചിരിക്കുന്നു.
പഴയ ഫോട്ടോയുള്ള കൊച്ച് ആൽബം… അതിലെ ഓരോ ഫോട്ടോക്കും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു അച്ഛനുമമ്മക്കും. എന്റെ മകൻ പോയിട്ട് എനിക്ക് വീടു കിട്ടിയിട്ടെന്തിനാണെന്നുള്ള വാക്കുകളൊക്കെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
കേരളത്തിലെ ആളുകളെക്കുറിച്ചു നല്ലതേ ആ അച്ഛന്റെ നാവിലൊള്ളു. അവനെ ഇല്ലാതാക്കിയവരെക്കുറിച്ചു പറയുമ്പോൾ കലങ്ങിയ കണ്ണുകളിൽ സങ്കടത്തിന്റെയും തീർത്താൽ തീരാത്ത പകയുടെയും കനലു കാണാമായിരുന്നു. സ്വന്തം മകൻ നഷ്ടപ്പെട്ടവർക്കല്ലേ അതിന്റെ വേദനയറിയൂ.
പഴയതെല്ലാം ഓർത്തെടുത്ത് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ഞങ്ങളും വീർപ്പുമുട്ടി. ജീവിതത്തിലാദ്യമായി ഒരു യാത്ര പരിപൂർണ്ണമായെന്നുതോന്നിയ നിമിഷങ്ങൾ. ചിലപ്പോഴൊക്കെ അടുത്തുള്ളവർ അവരെ ഒറ്റപെടുത്തുന്നതിന്റെ കഥകളും പറയാനുണ്ടായിരുന്നു അവർക്ക്. നിങ്ങള്ക്ക് നല്ലവീടായില്ലേ മകന് ബാങ്കിൽ ജോലിയായില്ലേയെന്നുള്ള കുത്തുവാക്കുകൾ വേദനിപ്പിക്കുന്നുണ്ടെന്നും പറയുകയുണ്ടായി അച്ഛൻ.
സ്വന്തം മകൻ മരിച്ചതിന്റെ പേരിൽ കിട്ടുന്ന ഒന്നും ഒരച്ഛനുമമ്മക്കും സ്വഭാഗ്യമെല്ലാ എന്ന് പറയാതെ പറയുകയായിരുന്നു ആ ഇടറിയ വാക്കുകൾ. തന്റെ മകനെ കൊലപ്പെടുത്തിയവർ നിയമത്തിന്റെ പരമാവതി ശിക്ഷ ലഭിക്കണമെന്ന ഉള്ളുരുകിയ പ്രാർത്ഥന ആ അമ്മക്കും അച്ഛനുമുണ്ട്.
ഒരുപാട് നൊമ്പരങ്ങൾ ബാക്കിയാക്കി അവന്റെ വീട്ടിൽ നിന്നും പടിയിറങ്ങി അവസാനമായി അവന്റെ അടക്കംചെയ്ത സ്‌ഥലം തിരഞ്ഞുപോയ ഞങ്ങൾക്ക് പ്രളയംവന്ന് കൊണ്ടുപോയ ഒരു ഒഴിഞ്ഞ പറമ്പ് മാത്രമാണ് കാണാനായത്
ഇനിയും ഒരു അഭിമന്യുവും കലാലയത്തിൽ ജീവൻപൊലിയാതിരിക്കട്ടെ പ്രാർഥനയോടെ. ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച ഈ യാത്രയുടെ അവസാനം അവൻ ഉണരാത്ത ഉറക്കമുറങ്ങുന്ന ആ ഒഴിഞ്ഞ പറമ്പിൽ നിന്നും അവസാനിപ്പിച്ചു നേരെ ചുരമിറങ്ങി നാടുപിടിച്ചു.